Image

ആസക്‌തികളുടെ കേരളം; മരിക്കുന്ന മലയാള ഭാഷ; വായനയില്ലാത്ത മനുഷ്യന്‍

ഏബ്രഹാം തെക്കേമുറി Published on 19 February, 2012
ആസക്‌തികളുടെ  കേരളം; മരിക്കുന്ന മലയാള ഭാഷ; വായനയില്ലാത്ത മനുഷ്യന്‍
അക്‌ഷരവിവാദം അമേരിക്കയില്‍. അതും അമേരിക്കയുടെ `ക്ക' ഏതുവിധമെന്ന്‌? അമ്മാവന്‍ ആന കയറിയ തഴമ്പിനെ തൊട്ടുണര്‍ത്താന്‍ ശ്രമിക്കാതെ അക്‌ഷരം വന്ന വഴിയല്ല, ഇപ്പോള്‍ ഭാഷ പോകുന്ന വഴി തിരിച്ചറിയാന്‍ സഹൃദയര്‍ സമയം കണ്ടെത്തുക.. മലയാളഭാഷ മരിക്കുന്നു, വായന മനുഷ്യന്‍ ഉപേക്‌ഷിക്കുന്നു' ഇപ്പോള്‍ പല വേദിയിലും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം. ഭാഷ വളരുന്നുവെന്ന്‌ പറഞ്ഞ്‌ അന്‌ധമായി കാടടച്ച്‌ വെടിവയ്‌ക്കുന്ന അബദ്ധലേഖനങ്ങളും ചിലപ്പോള്‍ പ്രത്യക്‌ഷപ്പെടുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടുകളിലൂടെ അപഥസഞ്ചാരം നടത്തി മൂന്നുകോടി വരുന്ന മലയാളിസമൂഹത്തെ ജാരസംസ്‌കാരത്തിനും വികലസാഹിത്യത്തിനും അടിയറവച്ച്‌ മലയാള ഭാഷ ശുഷ്‌കിച്ചുകൊണ്ടിരിക്കുകയാണ്‌. കൊച്ചുകേരളത്തില്‍ മൂന്ന്‌ ഇംഗീഷ്‌ ദിനപത്രങ്ങളും ഇപ്പോള്‍ പിടിമുറുക്കിയിരിക്കുന്നു. ടൈംസ്‌ ഓഫ്‌ ഇന്ത്യ, ഡെക്കാന്‍ ക്രോണിക്കിള്‍, ദ ഹിന്ദു.
പ്രകൃതി, മനുഷ്യന്‍, വിശ്വാസാചാരങ്ങള്‍ ഇവ മൂന്നും സമ്മേളിക്കുന്ന സൈ്വരജീവിതത്തിന്റെ കടയ്‌ക്കല്‍ കത്തിവച്ചുകൊണ്ട്‌ ജാരസംസ്‌കാരത്തിലെ കൃതികളെ പരിഭാഷപ്പെടുത്തിയും കഥകളെ കടമെടുത്തും ഒരു വിധേയസംസ്‌കാരം കേരളത്തിലെ കലാസാംസ്‌കാരിക സാഹിത്യതലങ്ങളില്‍ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നു പിടിക്കുകയും ഇങ്ങനെ കലയിലൂടെ ഉരുത്തിരിഞ്ഞ , മൂല്യശോഷണം സംഭവിച്ച ഒരു സംസ്‌കാരം മലയാളഭാഷയെ പിടിച്ചടക്കിയിരിക്കുന്നു.

സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്‌ഷ ഒരു പരിഷ്‌കൃതസമൂഹത്തിന്റെ സാംസ്‌കാരികനിലവാരത്തിന്റെ അളവുകോലാണ്‌. ഇന്ന്‌ കേരളം ആസക്‌തികളുടെ ലോകത്ത്‌ ആത്‌മസംയമനം ഇല്ലാതെ നിരാംലംബരും നിഷ്‌കളങ്കരുമായ പെണ്‍കുട്ടികളെ നിഷ്‌കരുണം നേതൃത്വവൃന്ദങ്ങള്‍ പീഡനങ്ങള്‍ക്കിരയാക്കി കൊല്ലുന്ന കഥകളാണെവിടെയും.
ജനപ്രതിനിധികള്‍ തമ്മില്‍ സംഘട്ടനം, പോലീസും ജനങ്ങളും തമ്മില്‍ സംഘട്ടനം, നീതിപാലകര്‍ കൈക്കൂലി വാങ്ങി ന്യായം വിധിക്കുന്നു. പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു. ഭീകരവാദത്തിന്റെ തലമുറകള്‍ പിറക്കുന്നു.

എന്താണിതിനു കാരണം?. വായനയില്ലാത്ത മനുഷ്യന്‍ വിവരദോഷികളായി അപ്പന്റെ വാക്കുകേട്ട്‌ അയല്‍ക്കാരെ ഉപദ്രവിക്കുന്ന മക്കളേപ്പോലെ ഓരോരുത്തര്‍ താന്താന്റെ സമൂഹത്തിലേക്ക്‌ ചുരുങ്ങിയിരിക്കുന്നു.

ഏതൊരു ദേശത്തിന്റെയും ഭരണാധികാരികളുടെ ദീര്‍ഘവീക്‌ഷണമാണ്‌ ദേശത്തിന്റെ വളര്‍ച്ച.. എന്നാല്‍ കേരളത്തില്‍ മാറിമാറിവരുന്ന സര്‍ക്കാറുകളുടെ വിദ്യാഭ്യാസ നയം എന്തായിരുന്നു. 80പതുകളുടെ ആരംഭത്തില്‍ കേരളത്തില്‍ കൂണുപോലെ മുളച്ചുപൊങ്ങിയ ഇംഗ്‌ളീഷ്‌ മീഡിയം സ്‌കൂളുകള്‍, പ്രവാസിമലയാളികളുടെ വിദേശപ്പണത്തെ ചൂഷണം ചെയ്‌തുകൊണ്ട്‌, മലയാളത്തെ പുച്‌ഛിക്കുന്ന കുറെ ജീവിതങ്ങളെയാണ്‌ സൃഷ്‌ടിച്ചത്‌. നിരവധി പബ്‌ളിക്‌ സ്‌കൂളുകള്‍ അടച്ചു പൂട്ടി ഈ വിദ്യാഭ്യാസനയം. ഇന്ന്‌്‌ കേരളത്തില്‍ 28 വയസിനുതാഴെയുള്ളവരില്‍ 40 ശതമാനം മലയാള അക്‌ഷരം പഠിച്ചിട്ടേയില്ല.
 കേരള സിലബസില്‍ പഠിച്ചവരും വെറും 10ാം ക്‌ളാസിന്റെ മലയാളികള്‍. ഇതു വായനയെ എങ്ങനെ ബാധിച്ചുവെന്ന്‌ പറയേണ്ടതില്ലല്ലോ. വിദ്യാഭ്യാസത്തെ വില്‍പ്പന ചരക്കാക്കിയ സ്വാശ്രയ കോളജ്‌. ഇന്നിപ്പോള്‍ എല്ലാ പരീക്‌ഷകളിലും കുട്ടികളുടെ പരാജയ ശതമാനം ഏറിവരുന്നു. പരീക്‌ഷയിലെ ക്രമക്കേടും കുട്ടികളുടെ ലഹരി ഉപയോഗവുമാണ്‌ കാരണങ്ങള്‍.
ദൃശ്യ മീഡിയ, ഇന്റര്‍നെറ്റ്‌ എന്നി വയിലൂടെ ആസക്‌തിയുടെ ലോകമാണ്‌ ലഭിക്കുന്നത്‌. ്‌മാദകത്വം തുളുമ്പുന്ന ശരീരങ്ങളും, ലഹരിയുടെ നൈര്‍മല്യസുഖങ്ങളും വിപണി കീഴടക്കിയിരിക്കുന്നു.. ഒപ്പം പ്രാകൃതയുഗത്തിന്റെ പിന്തുടര്‍ച്ചയായി ആള്‍ ദൈവങ്ങളും പിടിമുറുക്കുന്നു.

ലോകം പുരോഗതിയിലേക്ക്‌ കുതിക്കുമ്പോള്‍, പൊതുജനജീവിതം സ്‌തംഭിക്കുന്നതും, മനഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതുമായ ഒരു രാഷ്‌ട്രീയസാഹചര്യത്തിന്റെ ഭീകരവാഴ്‌ചയാണ്‌ മലയാളത്തിലുള്ളത്‌. പരസ്‌പരം പഴിചാരി അനീതികളെ ന്യായീകരിച്ചുകൊണ്ട്‌ പൊതുജനങ്ങളെയും പൊതുസ്വത്തും ചൂഷണം ചെയ്‌ത്‌ ഉപജീവിക്കുന്ന ജനപ്രതിനിധികള്‍.

നിലവിലുള്ള റോഡിന്റെ ശോചനിയാവസ്‌ഥ പരിഹരിക്കാന്‍ കഴിയാത്തവന്‍ സൂപ്പര്‍ഹൈവേയെപ്പറ്റി സംസാരിക്കുന്നു.. ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ ലാഭത്തിലാക്കാന്‍ കഴിയാത്തവര്‍ കേരള എയര്‍വേയ്‌സിനെപ്പറ്റി വാചാലരാകുന്നു.

മുല്ലപ്പെരിയാര്‍ പൊട്ടിത്തകരുമെന്നും, ഇല്ലെന്നും രണ്ട്‌ വാദഗതികള്‍. പൊട്ടിയാല്‍ തുലയുന്നത്‌ മുപ്പതു ലക്‌ഷം ജനങ്ങള്‍. നദികള്‍ ഇല്ലാതാകുന്നു. അപ്പോഴും പമ്പ നമ്മുടെ സമ്പത്ത്‌ എന്ന്‌ ഉളുപ്പില്ലാതെ നേതാക്കള്‍ പ്രസംഗിക്കുന്നു. വെളിംചേമ്പും , തകരയും, കമ്യൂണിസ്‌റ്റ്‌ പച്ചയും മാത്രമാണ്‌ ഇന്ന്‌ പമ്പയുടെ അവശിഷ്‌ടം. ഫ്‌ളാറ്റുകള്‍ മാലിന്യത്തില്‍ മുങ്ങുന്നു.

ഇത്തരമൊരു വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ടാണ്‌ മലയാളഭാഷയെയും സാഹിത്യത്തെയും സംസ്‌കാരത്തെയും വിലയിരുത്തേണ്ടുന്നത്‌. ടെക്‌നോളജിയുടെ വഴിത്തിരിവില്‍ കംപ്യൂട്ടറില്‍ കംപോസ്‌ ചെയ്യുന്ന തൊഴിലാളിയാല്‍ വള്ളിയും പുള്ളിയുമൊക്കെ നഷ്‌ടപ്പെട്ട്‌ ഇവിടെ അക്‌രഷശുദ്‌ധിയില്ലാതെ അക്‌ഷരതെറ്റുകള്‍ മുതല്‍ ശൈലീഭംഗം വരെ ഭവിച്ച്‌ ഭാഷ വികലമാക്കപ്പെടുന്നു. വാചകങ്ങള്‍ തെറ്റിച്ച്‌ വാക്കുകള്‍ അസ്‌ഥാനത്ത്‌ പ്രയോഗിക്കുന്നിടത്ത്‌ എന്തിന്‌ അക്‌ഷരത്തെ ചൊല്ലി നാം പരിതപിക്കണം?

ഇന്ന്‌ കേരളത്തിലെ മലയാളി അണിയുന്ന വേഷവിധാനങ്ങളോടൊപ്പം അവര്‍ ആസ്വദിക്കുന്ന ഭക്‌ഷണരീതികള്‍ക്കനുസരിച്ച്‌ ഒരു സങ്കരഭാഷ വര്‍ത്തമാന കാലത്തിന്റെ സംസാരഭാഷയിലൂടെ ഉദയം ചെയ്‌ത്‌ വളരുകയാണ്‌ ഒപ്പം ശുദ്‌ധമലയാളം മണ്‍മറയുകയാണ്‌. യാഥാത്ഥ്യം തിരിച്ചറിഞ്ഞ്‌, കാലത്തിന്റെ ഗതിയിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളുക.

`പട്ടിണിയായ മനുഷ്യാ നീ, പുസ്‌തകം കൈയിലെടുത്തോളൂ, പുത്തനെരായുധമാണു നിനക്കത്‌, പുസ്‌തകം കൈയ്യിലെടുത്തോളൂ' ജര്‍മ്മന്‍ കവിയായ ബെര്‍തോള്‍ഡിന്റെ വാക്കുകളാണിത്‌.

`ലോകത്തിന്റെ വെളിച്ചമാണ്‌ പുസ്‌തകങ്ങള്‍. ഞാന്‍ പുസ്‌തകങ്ങളെ സ്‌നേഹിക്കുന്നു' വെന്ന്‌ പറഞ്ഞത്‌ ഇന്തൃന്‍ ഭരണഘടന ശില്‍പ്പിയായ ഡോ. ഭീമറാവു അംബേദ്‌കര്‍. മലയാളഭാഷയും പുസ്‌തകങ്ങളും, വായനയും ഇന്നെവിടെ? മലയാള ഭാഷയും സാഹിത്യവും നിര്‍ജ്‌ജീവമായിക്കൊണ്ട്‌ നാശത്തിലേക്ക്‌ ഗമിക്കുന്നു..
ആസക്‌തികളുടെ  കേരളം; മരിക്കുന്ന മലയാള ഭാഷ; വായനയില്ലാത്ത മനുഷ്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക