Image

കേരളത്തിന്റെ പരമ്പരാഗത വസ്‌ത്രങ്ങള്‍ അമേരിക്കന്‍ റാംപില്‍

ജോയിച്ചന്‍ പുതുക്കുളം Published on 18 February, 2012
കേരളത്തിന്റെ പരമ്പരാഗത വസ്‌ത്രങ്ങള്‍ അമേരിക്കന്‍ റാംപില്‍
അമേരിക്കന്‍ റാംപില്‍ ചട്ടയും മുണ്ടും കസവു സാരിയും ചുറ്റിയ ഇന്ത്യന്‍ സുന്ദരിമാരുടെ ക്യാറ്റ്‌ വാക്ക്‌. അമേരിക്കയില്‍ നടക്കുന്ന മാജിക്‌ മിക്‌സ്‌ ഓഫ്‌ ഫ്യൂഷന്‍ ആന്‍ഡ്‌ ഫാഷന്‍ സ്റ്റേജ്‌ ഉത്സവത്തിന്റെ ഭാഗമായാണ്‌ പാരമ്പര്യവും തനിമയും കൊണ്ട്‌ ഊടും പാവും നെയ്‌ത പരമ്പരാഗത കേരളീയ വേഷത്തില്‍ ഇന്ത്യന്‍ സുന്ദരിമാര്‍ റാംപില്‍ ചലിക്കുന്നത്‌. ഏപ്രില്‍ 10 മുതല്‍ 30 വരെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി പത്തോളം സ്റ്റേജുകളിലായാണ്‌ ഈ ഉത്സവം.

ചട്ടയും മുണ്ടും കൂടാതെ കാഞ്ചീപുരം പട്ടുസാരിയും പുളിയിലക്കരമുണ്ടും സെറ്റുമുണ്ടും തുടങ്ങി കേരളീയ പൈതൃകം തുടിച്ചുനില്‍ക്കുന്ന പരമ്പരാഗത വേഷങ്ങള്‍ കാണികളില്‍ ആശ്ചര്യം ജനിപ്പിക്കുന്നതിനോടൊപ്പം അവരെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു. പുതിയ കാലഘട്ടത്തിന്റെ വേഷപരിഷ്‌കാരങ്ങളില്‍ പുറംതള്ളപ്പെട്ടുപോയ നമ്മുടെ വസ്‌ത്ര സംസ്‌കാരത്തിന്‌ ഒരു നവജന്മം നല്‍കാന്‍ ഈ ഷോയിലൂടെ ഒരു പരിധിവരെ സാധിക്കുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. റംപിന്റെ യുവത്വ ചടുലങ്ങള്‍ക്കൊപ്പം എത്താനാവാതെ പോയ നമ്മുടെ തനിമയാര്‍ന്ന വസ്‌ത്രങ്ങള്‍ പുതിയ കാലത്തെ സുന്ദരിക്കുട്ടികള്‍ക്കൊപ്പം ഫാഷന്‍ രംഗത്തേക്ക്‌ തനിമയും സംസ്‌കാരവും ചോരാതെ ഈ ഉത്സവത്തിലൂടെ കടന്നുവരുന്നു.

ജാസ്‌, ഡ്രംസ്‌, ഗിത്താര്‍, കീബോര്‍ഡ്‌, തബല തുടങ്ങിയ വാദ്യോപകരണങ്ങളെ സംയോജിപ്പിച്ചുകൊണ്ട്‌ യുവ വയലിന്‍ മാന്ത്രികനായ ബാലഭാസ്‌കര്‍ ഒരുക്കുന്ന ഫ്യൂഷന്‍ മ്യൂസിക്‌ ആണ്‌ ഈ ഷോയുടെ മുഖ്യ ആകര്‍ഷണം. `ബിസ്‌മില്ലാഖാന്‍ യുവ സംഗീത്‌കാര്‍' പുരസ്‌കാരവും, കേന്ദ്ര സംഗീത-നാടക അക്കാഡമി അവാര്‍ഡും കരസ്ഥമാക്കിയ ബാലഭാസ്‌കര്‍ തന്റെ പതിനേഴാമത്തെ വയസ്സില്‍ `മംഗല്യപ്പല്ലക്ക്‌' എന്ന സിനിമയുടെ സംഗീതം സംവിധാനം ചെയ്‌ത്‌ വിസ്‌മയമായി. ഫ്യൂഷന്‍ സംഗീതത്തിലൂടെ പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിയ ബാലഭാസ്‌കര്‍, ഉസ്‌താദ്‌ സക്കീര്‍ ഹുസൈന്‍, ശിവമണി,ലൂയീസ്‌ ബാങ്ക്‌സ്‌, ഹരിഹരന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, രഞ്‌ജിത്ത്‌ ബാരറ്റ്‌, ഫസല്‍ ഖുരേഷി തുടങ്ങി ഭാരതത്തിലും വിദേശത്തും ശ്രദ്ധേയരായ നിരവധി സംഗീതജ്ഞരുടേയും വാദ്യോപകരണ കലാകാരന്മാരുടേയും കൂടെ പ്രവര്‍ത്തിച്ച്‌ യശ്ശസ്സും അനുഭവ സമ്പത്തും ആര്‍ജ്ജിച്ചു. ഇന്ന്‌ ഭാരത്തിലെ ഫ്യൂഷന്‍ സംഗീതത്തിന്റെ വിസ്‌മയശീലുകള്‍ അമേരിക്കന്‍ കലാപ്രേമികളുടെ കാതുകള്‍ക്കായി ഈ ഷോയിലൂടെ ഒരുക്കുന്നു.

ഫ്യൂഷന്‍ സംഗീതത്തേയും, ഫാഷന്‍ രംഗത്തേയും മാന്ത്രികമായ ഒരു അനുഭവത്തില്‍ സംയോജിപ്പിച്ച്‌ ശ്രദ്ധനേടിയ മാജിക്‌ മിക്‌സ്‌ ഓഫ്‌ ഫ്യൂഷന്‍ ആന്‍ഡ്‌ ഫാഷന്‍ ആസ്വദിക്കാന്‍ പതിനായിരങ്ങളാണ്‌ കാത്തിരിക്കുന്നത്‌. സ്റ്റേജ്‌ഷോകളുടെ ചരിത്രത്തില്‍ വേറിട്ടൊരു നാഴികക്കല്ലാവും `ഇവന്റ്‌ ക്യാറ്റ്‌സ്‌' അവതരിപ്പിക്കുന്ന ഈ സ്റ്റേജ്‌ ഉത്സവം. കണ്ടു പരിചയിച്ച കാഴ്‌ചകളുടെ അകമ്പടിയില്ലാതെ തീര്‍ത്തും നവീനമായ രീതിയിലും, കാണികളുടെ ആസ്വാദനക്ഷമതയെ പരിപൂര്‍ണ്ണമായും മാനിക്കുന്ന തരത്തിലുമാണ്‌ പരിപാടി ഒരുക്കിയിരിക്കുന്നത്‌.

ഇന്ററാക്‌ടീവ്‌ മാജിക്‌ ഷോയിലുടെ ലോകശ്രദ്ധ നേടിയ രാജമൂര്‍ത്തിയുടെ മായാജാല പ്രകടങ്ങളാവും ഈ സ്റ്റേജ്‌ ഉത്സവത്തെ വേറിട്ട്‌ നിര്‍ത്തുന്ന മറ്റൊരു ഘടകം.

സംഗീത സംവിധായകനും ഗായകനുമായ ഷാനും ഒപ്പം രശ്‌മി വിജയനും സംഗീത വിരുന്നുമായി ഈ ഉത്സവത്തോടൊപ്പം ചേരുന്നു. വനിതാരത്‌നം വിജയിയായ കൃഷ്‌ണപ്രിയയും ഭര്‍ത്താവ്‌ നസീറും അവതരിപ്പിക്കുന്ന സമകാലിക നൃത്തം തമിഴ്‌ നാടോടി നൃത്തമായ കരകാട്ടം, റോപ്‌ ഡാന്‍സ്‌, ആത്മ അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഡാന്‍സ്‌ എന്നിവയൊക്കെ കാണികള്‍ക്ക്‌ വേറിട്ടൊരു അനുഭവമായിരിക്കും. സുബാഷ്‌ അഞ്ചല്‍ ആണ്‌ ഈ അരങ്ങുത്സവത്തിന്റെ സംവിധായകന്‍. ന്യൂയോര്‍ക്ക്‌ ആസ്ഥാനമായുള്ള ഇവന്റ്‌സ്‌ ആന്‍ഡ്‌ കാറ്റ്‌സിനുവേണ്ടി സഞ്‌ജു, വിജി, ബിജു എന്നിവര്‍ ഒരുക്കുന്ന ഈ ഷോയുടെ സൗണ്ട്‌ എന്‍ജിനീയര്‍ ടെന്നിസനും, ഇവന്റ്‌ കണ്‍സള്‍ട്ടന്റ്‌ ലാലു ജോസഫും ആണ്‌.
കേരളത്തിന്റെ പരമ്പരാഗത വസ്‌ത്രങ്ങള്‍ അമേരിക്കന്‍ റാംപില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക