Image

പുറംജോലി കരാര്‍ നല്‍കുന്ന കമ്പനികള്‍ക്ക് നികുതിയിളവില്ലെന്ന് ഒബാമ; ഇന്ത്യന്‍ ഐടി കമ്പനികളുടെ സംഭവാന വലുതെന്ന് നിരുപമാ റാവു; ഹൂസ്റ്റന്റെ സംസ്കാര ചടങ്ങില്‍ ആരാധകര്‍ക്ക് വിലക്ക്

Published on 18 February, 2012
 പുറംജോലി കരാര്‍ നല്‍കുന്ന കമ്പനികള്‍ക്ക് നികുതിയിളവില്ലെന്ന് ഒബാമ; ഇന്ത്യന്‍ ഐടി കമ്പനികളുടെ സംഭവാന വലുതെന്ന് നിരുപമാ റാവു; ഹൂസ്റ്റന്റെ സംസ്കാര ചടങ്ങില്‍ ആരാധകര്‍ക്ക് വിലക്ക്
വാഷിംഗ്ടണ്‍: പുറംജോലി കരാര്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ് ഇല്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. നിര്‍മാണ ജോലികള്‍ യുഎസിലേക്ക് തിരികെകൊണ്ടുവരേണ്ടതുണ്‌ടെന്നും ഇതുവഴി തൊഴിലില്ലായ്മാ നിരക്ക് കുറച്ചുകൊണ്ടുവരാനാകുമെന്നും പ്രതിവാര റേഡിയോ പ്രസംഗത്തില്‍ ഒബാമ പറഞ്ഞു. രാജ്യത്തിനകത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്കായിരിക്കണം നികുതിയിളവുകള്‍ ലഭ്യമാകേണ്ടതെന്നും ഒബാമ വ്യക്തമാക്കി. ഭാവിയില്‍ കൂടുതല്‍ തൊഴില്‍സാധ്യത ഉറപ്പുവരുത്തുന്ന സംരഭകര്‍ക്ക് വന്‍തോതിലുള്ള നികുതിയിളവ് നല്‍കേണ്ടതുണ്ട്.

ഇത് തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കുന്നതിനൊപ്പം നിര്‍മാണരംഗത്ത് യുഎസിനെ മത്സരക്ഷമമാക്കുമെന്നും ഒബാമ വ്യക്തമാക്കി. പുറംജോലി കരാറുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ് പിന്‍വലിച്ചാല്‍ ഇന്ത്യയെ ആയിരിക്കും അത് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുക. ഇന്ത്യന്‍ ഐടി കമ്പനികളുടെ വരുമാനത്തിന്റെ 60 ശതമാനവും വരുന്നത് അമേരിക്കയില്‍ നിന്നാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ വോട്ട് കൂടി ലക്ഷ്യമിട്ടുള്ളതാണ് ഒബാമയുടെ പ്രഖ്യാപനമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

ഇന്ത്യന്‍ ഐടി കമ്പനികളുടെ സംഭവാന വലുതെന്ന് നിരുപമാ റാവു

വാഷിംഗ്ടണ്‍: യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ ഐടി കമ്പനികള്‍ നല്‍കുന്ന സംഭാവന വലുതാണെന്ന് യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമാ റാവു. യുഎസിലെ ഇന്ത്യന്‍ ഐടി കമ്പനികളില്‍ മാത്രം ഒരു ലക്ഷത്തോളം പേര്‍ തൊഴിലെടുക്കുന്നുണ്‌ടെന്നും യുഎസിലെ 43 സംസ്ഥാനങ്ങളിലായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യന്‍ കമ്പനികള്‍ 26 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്‌ടെന്നും നിരുപമാ റാവു പറഞ്ഞു. ഇതിനുപുറമെ നേരിട്ടല്ലാതെ 2,80000 തൊഴിലവസരങ്ങള്‍ ഇന്ത്യന്‍ ഐടി വ്യവസായം സൃഷ്ടിച്ചിട്ടുണ്‌ടെന്നും ഇതില്‍ രണ്ടു ലക്ഷവും യുഎസിലെ തദ്ദേശീയര്‍ക്കാണെന്നും നിരുപമ വ്യക്തമാക്കി.

ഹൂസ്റ്റന്റെ സംസ്കാര ചടങ്ങില്‍ ആരാധകര്‍ക്ക് വിലക്ക്

ന്യൂജേഴ്‌സി: യുഎസ് പോപ് ഗായിക വിറ്റ്‌നി ഹൂസ്റ്റന്റെ(48) സംസ്കാര ചടങ്ങില്‍ നിന്ന് ആരാധകര്‍ വിട്ടു നില്‍ക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടു. ചടങ്ങില്‍ പങ്കെടുക്കാതെ ടെലിവിഷനില്‍ ചടങ്ങിന്റെ ദൃശ്യങ്ങള്‍ കാണണമെന്നാണു പോലീസ് നിര്‍ദേശം. കുട്ടിയായിരിക്കെ വിറ്റ്‌നി ഗായികയെന്ന നിലയില്‍ ആദ്യമായി പരിപാടി അവതരിപ്പിച്ച നെവാര്‍ക്കിലെ ന്യൂ ഹോപ് ബാപ്പിസ്റ്റ് പള്ളിയിലാണ് ഇന്ന് സംസ്കാരം നടക്കുന്നത്.

സംസ്കാര ചടങ്ങ് സ്വകാര്യമായിരിക്കുമെന്നും പൊതുപരിപാടികള്‍ ഉണ്ടാകില്ലെന്നും കുടുംബാംഗങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കു പുറമെ വിറ്റ്‌നിയുടെ ഏതാനും സുഹൃത്തുക്കള്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുക്കുന്നത്. ഈ മാസം 11ന് ഹില്‍ട്ടണ്‍ ഹോട്ടലിലെ കുളിമുറിയിലെ ബാത്ത് ടബിലാണു വിറ്റ്‌നിയെ മരിച്ചനിലയില്‍ കണെ്ടത്തിയത്.

സ്‌ഫോടനം നടത്താന്‍ ശ്രമം: അമേരിക്കയില്‍ യുവാവ് പിടിയില്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട യുവാവ് പിടിയിലായി. മൊറോക്കോ പൗരനായ അമീന്‍ അല്‍ ഖലീഫി (29) ആണ് എഫ്.ബി.ഐയുടെ പിടിയിലായത്. ഖലീഫിയെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി. ഏറെക്കാലമായി ഖലീഫിയുടെ നീക്കങ്ങള്‍ എഫ്.ബി.ഐ നിരീക്ഷിച്ചു വരികയായിരുന്നു. അല്‍ ഖൈദയുമായി ഇയാള്‍ക്ക് ബന്ധമുണെ്ടന്നാണ് സൂചന.

മൊറോക്കോയില്‍നിന്ന് അമേരിക്കയില്‍ എത്തിയ ഖലീഫി വിര്‍ജിനിയയിലാണ് താമസിച്ചിരുന്നത്. സ്‌ഫോടനം നടത്താന്‍ ആവശ്യമായ വസ്തുക്കള്‍ തീവ്രവാദികളെന്ന വ്യാജേനെ ഖലീഫിയുമായി ബന്ധം പുലര്‍ത്തിയ എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെയാണ് നല്‍കിയത്. സ്‌ഫോടനം നടത്താന്‍ ക്യാപിറ്റോള്‍ മന്ദിരത്തിന് അടുത്തെത്തിയ ഉടനെ അധികൃതര്‍ അറസ്റ്റു ചെയ്തു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇറാന്റെ എണ്ണ ഉപയോഗിക്കരുതെന്ന് യുഎസ്

വാഷിംഗ്ടണ്‍: ഇറാന്‍ ആണവപദ്ധതികള്‍ പരസ്യമാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഇറാന്റെ എണ്ണ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടു. ഈ രാജ്യങ്ങളിലെ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിവരികയാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിക്‌ടോറിയ നുലാന്‍ഡ് പറഞ്ഞു. പല രാജ്യങ്ങളും ഇപ്പോഴും ഇറാനുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ട്. നിര്‍ദിഷ്ട ഇറാന്‍- പാക്കിസ്ഥാന്‍ വാതക പൈപ്പ്‌ലൈന്‍ തെറ്റായ ആശയമാണെന്നും യുഎസ് വ്യക്തമാക്കി. പൈപ്പ്‌ലൈനിനെ യുഎസ് നിരീക്ഷിക്കാന്‍ ഉദ്ദശിക്കുന്നില്ലെന്നും നുലാന്‍ഡ് അറിയിച്ചു. വര്‍ഷം തോറും ഇറാനില്‍ നിന്നു 21.5 ദശലക്ഷം ക്യുബിക് മീറ്റര്‍ വാതകം പാക്കിസ്ഥാനിലെത്തിക്കാനുദ്ദേശിച്ചുള്ളതാണ് പൈപ്പ്‌ലൈന്‍.

ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിളിന്റെ നിരീക്ഷണവലയത്തില്‍

വാഷിംഗ്ടണ്‍: ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന പല വിവരങ്ങളും ചോര്‍ത്തപ്പെട്ടേക്കാം. ഐഫോണ്‍ വഴി ഗൂഗിളാണ് ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നത്. ലക്ഷക്കണക്കിനു ഐഫോണ്‍ ഉപയോക്താക്കള്‍ ഇന്റര്‍നെറ്റില്‍ ചുറ്റിത്തിരിയുന്നതു ഗൂഗിളിന്റെ നിരീക്ഷണവലയത്തിലാണെന്നാണ് പുതിയ ആക്ഷേപം. "ദ വാള്‍സ് സ്ട്രീറ്റ് ജേര്‍ണല്‍' പത്രം ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടു. സാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ജൊനാഥന്‍ മേയറാണ് ഇക്കാര്യം കണ്‌ടെത്തിയത്.

പരസ്യ ഏജന്‍സികളുമായി സഹകരിച്ചാണ് ഗൂഗിള്‍ ഈ ചാരപ്രവര്‍ത്തനം നടത്തുന്നത്. ട്രാക്കര്‍ സംവിധാനത്തോടു സമാനമായ കോഡുകളാണ് ഗൂഗിള്‍ ഐഫോണിലേയ്ക്കു കടത്തിവിടുന്നത്. ഗൂഗിള്‍ വെബ് കുക്കീസിനൊപ്പമാണ് കോഡുകള്‍ ഫോണിലെത്തുന്നത്. ഇതു ഉപയോക്താവിന്റെ അറിവോടെയല്ല. ഇതിനിടെ, ആരോപണം നിഷേധിച്ച ഗൂഗിള്‍, കമ്പനിയുടെ സേവനങ്ങള്‍ ഐഫോണില്‍ ലഭ്യമാക്കുന്നതിനാണ് കോഡുകള്‍ ഇന്റാള്‍ ചെയ്യുന്നതെന്ന് അറിയിച്ചു. അതേസമയം, ഇതിനു ഉപയോക്താവിന്റെ അനുവാദം തേടുന്നില്ലെന്ന കാര്യം ഗൂഗിള്‍ സമ്മതിച്ചിട്ടുണ്ട്. ഇത്തരം കോഡുകള്‍ ഫോണില്‍ ഇന്റാള്‍ ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ ആപ്പിളിന്റെ സഫാരി ബ്രൗസറിനും ഗൂഗിളിന്റെ ചാരപ്രവര്‍ത്തനത്തിനു തടയിടാന്‍ കഴിയില്ല. ഉപയോക്താവ് ഏതൊക്കെ വെബ്‌സൈറ്റില്‍ പോകുന്നു, എന്തൊക്കെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നു തുടങ്ങിയ വിവരങ്ങള്‍ ഗൂഗിളിനു ചോര്‍ത്താന്‍ കഴിയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക