Image

തുടക്കം ഗംഭീരമാക്കി ദുള്‍ക്കര്‍ സല്‍മാന്‍...

Published on 18 February, 2012
തുടക്കം ഗംഭീരമാക്കി ദുള്‍ക്കര്‍ സല്‍മാന്‍...
എന്തായാലും ദുള്‍ക്കര്‍ സല്‍മാന്‍ തുടക്കം മോശമാക്കിയില്ല. മാത്രമല്ല സാമാന്യം ഭേദപ്പെട്ട അഭിപ്രായം നേടുകയും ചെയ്തിരിക്കുന്നു. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വെക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി മകന്‍ ദുള്‍ക്കര്‍ സല്‍മാന്‍ ആദ്യ ചിത്രം വിജയമാക്കിയതില്‍ ഏറെ ആഘോഷിക്കാം. കാരണം താരപ്പകിട്ടുകളില്ലാതെ എന്തിയ ചിത്രം തന്നെയായിരുന്നു സെക്കന്റ് ഷോ.

ഒരു വലിയ ലോഞ്ച് സാധ്യമായിരുന്നിട്ടു കൂടി കൃത്യമായ തിരഞ്ഞെടുപ്പ് തന്നെയായിരുന്നു സെക്കന്‍ഷോ എന്ന ചിത്രം. ഇതു പറയുമ്പോള്‍ സെക്കന്റ് ഷോ എന്ന പുതുമുഖ ചിത്രത്തെക്കൂടി വിലയിരുത്തേണ്ടതുണ്ട്. കേരളത്തില്‍ റിലീസിനെത്തിയ ചിത്രം ഉടന്‍ തന്നെ മറ്റുസ്ഥലങ്ങളിലും റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. അരങ്ങിലും അണിയറയിലും നിറയെ പുതുമുഖങ്ങള്‍ എന്നത് തന്നെയാണ് സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ പ്രത്യേകത.
ചിത്രത്തില്‍ ഹരിലാല്‍ എന്ന കഥാപാത്രത്തെ ദുള്‍ക്കര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നു. നായിക അടക്കം ഒപ്പമുള്ള അഭിനേതാക്കളില്‍ ബഹുഭൂരിപക്ഷവും പുതുമുഖങ്ങള്‍. ചിത്രത്തിന്റെ തിരക്കഥാകൃത്തും, ഛായാഗ്രാഹകനും, സംവിധായകനുമെല്ലാം പുതുമുഖങ്ങള്‍. അങ്ങനെ പുതുമുഖങ്ങളുടെ ഒരു കൂട്ടായ്മയാണ് സെക്കന്റ് ഷോ എന്ന ചിത്രം.

പുതുമുഖങ്ങള്‍ ഒന്നിച്ചൊരുക്കിയപ്പോള്‍ പുതുമകളും ആവോളമുണ്ട് ഈ ചിത്രത്തില്‍. പതിവു മലയാള സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഒരു കോമഡി പാറ്റേണാണ് അതില്‍ പ്രധാനം. ഈ കോമഡിയൊരുക്കിയിരിക്കുന്നത് സണ്ണിവെയിന്‍ എന്ന നടനും. മലയാള സിനിമക്ക് ലഭിച്ച മികച്ച പ്രതീക്ഷയാണ് സണ്ണിവെയിന്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സുരാജ് വെഞ്ഞാറമൂടിന്റെയും സലിംകുമാറിന്റെയും, ഹരിശ്രീ അശോകന്റെയും, ജഗദീഷിന്റെയുമൊക്കെ കോമഡി കേട്ടു മടുത്തവര്‍ക്ക് സണ്ണിവെയിന്റെ ഹാസ്യം ഏറെ പുതുമയുള്ളതായി അനുഭവപ്പെടും.

ഒരു അമച്വര്‍ സ്റ്റൈല്‍ ചിത്രത്തിലുടനീളം എടുത്തു കാണം. എന്നാല്‍ മലയാളത്തിന് മാത്രമേ ഈ അമച്വര്‍ സ്റ്റൈല്‍ അപരിചിതമായിട്ടുള്ളു. ധനുഷിന്റെ കൊലവെറി എന്ന അമച്വര്‍ സോംഗ് ലോകമെങ്ങും ശ്രദ്ധ നേടിയതു പോലെ ഒരു പരീക്ഷണം തന്നെയാണ് സെക്കന്റ് ഷോ എന്ന ചിത്രമെന്നു പറയുന്നതിലും തെറ്റില്ല. അപ്രതീക്ഷിതവും എന്നാല്‍ സാന്ദര്‍ഭീകവുമായി കടന്നു വരുന്ന അമച്വര്‍ സ്റ്റൈല്‍ ഹ്യൂമറുകള്‍...അത് സാമാന്യ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച ചിരി ഉണര്‍ത്തുക തന്നെ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സെക്കന്റ് ഷോയുടെ പുതുസ്റ്റൈല്‍ മലയാളത്തില്‍ ഒരു ട്രെന്‍ഡ് സൃഷ്ടിക്കുമെന്ന് തന്നെ കരുതാം.

തമിഴ് സംവിധായകന്‍ വെങ്കിട് പ്രഭുവിന്റെ ചെന്നൈ 68, സരോജ എന്നീ ചിത്രങ്ങള്‍, ഇമ്രാന്‍ഖാന്‍ നായകനായ ബോളിവുഡ് ചിത്രം ഡെല്‍ഹി ബെല്ലി എന്നിവ ഏറെക്കുറെ സെക്കന്റ് ഷോ സ്റ്റൈല്‍ പ്രകടിപ്പിക്കുന്ന അന്യഭാഷ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളൊക്കെ അവിടെ വിജയം നേടിയ ചിത്രങ്ങളാണെന്നും ഓര്‍ക്കണം. ഈ രീതിയില്‍ നോക്കുകയാണെങ്കില്‍ മലയാളത്തില്‍ ഒരു വ്യത്യസ്തത പ്രകടിപ്പിക്കുന്ന ഫിലിംമേക്കിംഗിന് സെക്കന്റ്‌ഷോ തുടക്കമിട്ടേക്കാം.

 
ദുള്‍ക്കര്‍ സല്‍മാന്‍ ഈ സിനിമയില്‍ എങ്ങനെ പ്രകടനം കാഴ്ചവെച്ചിരിക്കുന്നു എന്നത് തന്നെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. തീര്‍ച്ചയായും മികച്ചൊരു അഭിനയ രീതി തന്നെ ദുള്‍ക്കര്‍ സല്‍മാന്‍
ചിത്രത്തില്‍ നല്‍കിയിരിക്കുന്നു. അണിയറക്കാരും പുതുമുഖങ്ങള്‍ തന്നെയാകുമ്പോള്‍ ഒരു പുതുമുഖ നടന് സ്വാഭാവികമായും സംഭവിക്കാവുന്ന ചില പാളിച്ചകള്‍ ഒഴിച്ചാല്‍ ദുള്‍ക്കര്‍ തന്റെ കഥാപാത്രത്തെ അല്പം പോലും ഒഴിവാക്കിയില്ല. ഒരു ചേരിയിലെ ചെറുപ്പക്കാരന്റെ കഥാപാത്രമായി അഭിനയിക്കുമ്പോഴും കഥാപാത്രത്തിനിണങ്ങാത്ത സംഭാഷണ സ്ഫുടത ദുള്‍ക്കറില്‍ നിന്നുണ്ടായി എന്നതാണ് സിനിമയില്‍ ഈ നടന്‍ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം. ഒരു പക്ഷെ അനുഭവ പരിചയമുള്ള സംവിധായകരിലേക്ക് കടന്നുവരുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ സ്വാഭാവികമായും പരിഹരിക്കപ്പെടും.
 
ഇതൊഴിച്ചു നിര്‍ത്തായാല്‍ സംഘടന രംഗങ്ങളിലടക്കം ദുള്‍ക്കര്‍ മാന്യമായൊരു പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത്. ഇത് വീണ്ടും മികച്ച പ്രോജക്ടുകളിലേക്ക് ദുള്‍ക്കറിനെ എത്തിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഉസ്താദ് ഹോട്ടലിന് പിന്നാലെ മോഹന്‍ലാലും ദുള്‍ക്കറും നായകന്‍മാരാകുന്ന ചിത്രം കൂടി അനൗണ്‍സ് ചെയ്തു കഴിഞ്ഞു.

താരപുത്രന്‍മാര്‍ സിനിമയിലെത്തുന്നത് ഇന്ത്യന്‍ സിനിമാ ലോകത്ത് ഒരു പുതുമയല്ല. പക്ഷെ ഒരു സൂപ്പര്‍താരം സജീവമായി നില്‍ക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മകനും ഇന്‍ഡസ്ട്രിയില്‍ സജീവമാകുന്നത് ഒരു പ്രത്യേക തന്നെയാണ്. ചിരംഞ്ജീവി സിനിമയില്‍ നിന്നും മാറി രാഷ്ട്രീയത്തില്‍ സജീവമായതിനു ശേഷമാണ് അദ്ദേഹത്തിന്റെ മകന്‍ രാം ചരണ്‍ തേജ സിനിമയില്‍ വന്നത്. തെലുങ്കിലെ യുവതാരം നാഗചൈതന്യയുടെ അച്ഛന്‍ നാഗര്‍ജ്ജുനയാവട്ടെ വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയില്‍ കരിയര്‍ പാകപ്പെടുത്തിയിരിക്കുന്നു. കമലഹാസന്റെ മകള്‍ ശ്രൂതി കമലഹാസന്‍ അച്ഛനൊപ്പം തന്നെ ഇപ്പോള്‍ സിനിമയില്‍ സജീവമായി കഴിഞ്ഞിരിക്കുന്നു.

ബോളിവുഡിലാവട്ടെ ഇത്തരം താരകുടുംബങ്ങള്‍ ഒരു പുതുമയേ അല്ല. ജൂനിയര്‍ ബച്ചനും സീനിയര്‍ ബച്ചനും ഒന്നിക്കുന്ന സിനിമകള്‍ ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റുകളായത് ഒരു ചരിത്രം. അതുപോലെ തന്നെ ഋഷി കപൂറും മകന്‍ രണ്‍ബീര്‍ കപൂറും ഒരു പോലെ അഭിനയ രംഗത്ത് ബോളിവുഡില്‍ തിളങ്ങുന്നു. ഇതേ പോലെ തന്നെയാണ് മലയാള സിനിമയില്‍ മമ്മൂട്ടിയുടെ സാമ്രാജ്യത്തിലേക്ക് ദുള്‍ക്കര്‍ സല്‍മാന്‍ കടന്നു വരുന്നത്. മലയാളത്തില്‍ ഇനിയും താരപുത്രന്‍മാരുടെ കടന്നു വരവിന് ഇത് വഴിയൊരുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കാവുന്ന കാര്യം. മോഹന്‍ലാലിന്റെ മകന്‍ പ്രണവും ഉടന്‍ തന്നെ അഭിനയ രംഗത്തേക്ക് എത്തുന്നുവെന്ന് പറയപ്പെടുന്നു. അതുപോലെ തന്നെ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായ മലയാളത്തില്‍ തിളങ്ങിയ ജയറാമിന്റെ മകന്‍ കാളിദാസനും നായക നിരയില്‍ ഒരു മികച്ച തുടക്കത്തിനായി കാത്തു നില്‍ക്കുകയാണ്. താരപുത്രന്‍മാര്‍ എത്തുമ്പോള്‍ മികച്ച സിനിമകളിലൂടെ അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്നതായിരിക്കും പ്രേക്ഷക ലോകം തീര്‍ച്ചയായും ഉറ്റുനോക്കുക. എന്തായാലും ദുള്‍ക്കര്‍ സല്‍മാന്‍ തന്റെ തുടക്കം ഗംഭീരമാക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ മലയാള സിനിമയില്‍ ഇനി ദുള്‍ക്കല്‍ സല്‍മാന്റെ നാളുകള്‍ പ്രതീക്ഷിക്കാം.

കമന്റ് - പ്രായമായി എന്ന് സമ്മതിക്കാന്‍ മടിക്കുന്ന സൂപ്പര്‍താരങ്ങളുള്ള കേരളത്തില്‍, മമ്മൂട്ടിയും മകന്‍ ദുള്‍ക്കറും ഇനി ക്ലാസ്‌മേറ്റ്‌സ് ആയി അഭിനയിക്കുന്ന സിനിമയും മലയാളി കണേണ്ടി വരുമോ?
തുടക്കം ഗംഭീരമാക്കി ദുള്‍ക്കര്‍ സല്‍മാന്‍...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക