Image

മോഡിക്കും എസ്.ഐ.ടിക്കുമെതിരെ ആരോപണവുമായി മുന്‍ ഹൈക്കോടതി ജഡ്ജി

Published on 18 February, 2012
മോഡിക്കും എസ്.ഐ.ടിക്കുമെതിരെ ആരോപണവുമായി മുന്‍ ഹൈക്കോടതി ജഡ്ജി
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഹൈക്കോടതിയില്‍നിന്ന് രണ്ടുതവണ വിമര്‍ശനം നേരിടേണ്ടിവന്ന മോഡി സര്‍ക്കാറിനെതിരെ ആരോപണവുമായി മുന്‍ഹൈക്കോടതി ജഡ്ജി. കലാപത്തെക്കുറിച്ച് വസ്തുതാന്വേഷണം നടത്തിയ പീപ്പിള്‍സ് ട്രൈബ്യൂണല്‍ അംഗമായ ബോംബെ ഹൈക്കോടതി മുന്‍ജഡ്ജി എച്ച്. സുരേഷാണ് പുതിയ വെളിപ്പെടുത്തലുമായെത്തിയത്.

കലാപസമയത്ത് മുസ്‌ലിങ്ങള്‍ക്കെതിരെ രോഷം തീര്‍ക്കാന്‍ ഹിന്ദുക്കള്‍ക്ക് അവസരം നല്കണമെന്ന് മോഡി ആവശ്യപ്പെട്ടതായി മുന്‍ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യ പറഞ്ഞിരുന്നുവെന്നാണ് ജസ്റ്റിസ് സുരേഷിന്റെ വെളിപ്പെടുത്തല്‍. ഗോധ്ര കലാപത്തിനുശേഷം മുസ്‌ലിങ്ങളെ പാഠം പഠിപ്പിക്കാന്‍ മോഡി പോലീസിന് നേരിട്ട് നിര്‍ദേശം നല്‍കിയെന്ന കാര്യവും പാണ്ഡ്യ പറഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു.


ഹരേന്‍പാണ്ഡ്യ ഇക്കാര്യം ട്രൈബ്യൂണല്‍ അംഗങ്ങളോട് പറഞ്ഞതിന്റെ ശബ്ദരേഖ എസ്.ഐ.ടിക്ക് കൈമാറിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഗോധ്ര സംഭവത്തിനുശേഷം ഫിബ്രവരി 27ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍, ഹിന്ദുക്കളെ നിയന്ത്രിക്കേണ്ടതില്ലെന്ന് മോഡി നിര്‍ദേശിച്ചതായി പാണ്ഡ്യ പറഞ്ഞിരുന്നുവെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് സുരേഷ് പറഞ്ഞു.


താനും സുപ്രീംകോടതി മുന്‍ജഡ്ജി പി.ബി. സാവന്തും നല്‍കിയ മൊഴി പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി) പരിഗണിച്ചില്ലെന്നും ജസ്റ്റിസ് സുരേഷ് പറയുന്നു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരായിരുന്നു പീപ്പിള്‍സ് ട്രൈബ്യൂണലിന്റെ അധ്യക്ഷന്‍. ഗുജറാത്ത് കലാപത്തെ നേരിടുന്ന കാര്യത്തില്‍ മോഡി സര്‍ക്കാര്‍ വീഴ്ചവരുത്തിയതായും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ ഉത്തരവ് പാലിച്ചില്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക