Image

അനിയന്‍ ജോര്‍ജ്‌ നഴ്‌സുമാര്‍ക്കൊപ്പം നിരാഹാരം അനുഷ്‌ഠിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 18 February, 2012
അനിയന്‍ ജോര്‍ജ്‌ നഴ്‌സുമാര്‍ക്കൊപ്പം നിരാഹാരം അനുഷ്‌ഠിച്ചു
ആതുര സേവനത്തിലേര്‍പ്പെടുന്ന നഴ്‌സുമാര്‍ക്ക്‌ അന്തസ്സും ആദരവും മാന്യമായ ശമ്പളവും ലോക രാജ്യങ്ങളെല്ലാം നല്‍കുമ്പോള്‍ നൂറ്‌ ശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളത്തില്‍ നഴ്‌സുമാര്‍ ചൂഷണത്തിനും അടിമത്വത്തിനും വിധേയരാകുന്നത്‌ വേദനാജനകമാണെന്ന്‌ മുന്‍ ഫോമാ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌ അഭിപ്രായപ്പെട്ടു.

സേവന നിര്‍ഭരമായ പരിചരണത്തിലൂടെ രോഗികള്‍ക്ക്‌ ആശ്വാസവും, ബന്ധുക്കള്‍ക്ക്‌ സാന്ത്വനവും, ഡോക്‌ടര്‍മാരുടെ ചികിത്സാരതി പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന നഴ്‌സുമാര്‍, അന്തസ്സിലും ആഭിജാത്യത്തിലും സമൂഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിക്കേണ്ടവരാണെന്നും, അവര്‍ ഭൂമിയിലെ ജീവിക്കുന്ന മാലാഖമാരാണെന്നും കൊച്ചിയിലെ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ അവകാശ സമരം നടത്തുന്ന നൂറുകണക്കിന്‌ നഴ്‌സുമാരെ അഭിസംബോധന ചെയതുകൊണ്ട്‌ പറഞ്ഞു.

ലേക്ക്‌ഷോര്‍ ഹോസ്‌പിറ്റലില്‍ രണ്ടാഴ്‌ചയായി സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക്‌ അമേരിക്കന്‍ മലയാളികളും, ഫോമയും, ഇന്ത്യന്‍ പ്രവാസി കൗണ്‍സിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ അനിയന്‍ ജോര്‍ജ്‌ നഴ്‌സുമാര്‍ക്കൊപ്പം നിരാഹാരം അനുഷ്‌ഠിച്ചു. പിന്നീട്‌ 4 മണിക്ക്‌ ലേക്ക്‌ഷോര്‍ ഹോസ്‌പിറ്റല്‍ മേധാവി ഡോ. ഫിലിപ്പ്‌ അഗസ്റ്റിനുമായി നേരിട്ടും, ബോര്‍ഡ്‌ ചെയര്‍മാന്‍ എം.എ. യൂസഫലിയുമായി ഫോണിലൂടെയും നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങള്‍, അവകാസങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടുവരണമെന്ന്‌ അഭ്യര്‍ത്ഥിച്ചു.

ജലമാര്‍ഗ്ഗത്തിലൂടെയും റോഡ്‌ മാര്‍ഗ്ഗത്തിലൂടെയും അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക്‌ മിനിറ്റുകള്‍ക്കുള്ളില്‍ എത്തിച്ചേരാവുന്ന ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തിരുകൊച്ചിയുടെ ഹൃദയഭാഗത്ത്‌ ആരംഭിക്കണം എന്ന സ്വപ്‌നവുമായി കേരളത്തിലെ പ്രശസ്‌ത ഡോക്‌ടര്‍ ഫിലിപ്പ്‌ അഗസ്‌റ്റിന്‍ അമേരിക്കയിലെത്തിയപ്പോള്‍, പ്രവാസി മലയാളികള്‍ നിര്‍ലോഭമായി സഹകരണം നല്‍കിയത്‌ അനിയന്‍ ജോര്‍ജ്‌, ഡോ. ഫിലിപ്പ്‌ അഗസ്റ്റിനെ ഓര്‍മ്മിപ്പിക്കുകയും നഴ്‌സുമാരുടെ സമരത്തിനുള്ള അമേരിക്കന്‍ മലയാളികളുടെ ഉത്‌കണ്‌ഠ അറിയിക്കുകയും ചെയ്‌തു. തീര്‍ച്ചയായും ഫെബ്രുവരി 13-ന്‌ തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തില്‍ നഴ്‌സിംഗ്‌ സംഘടനാ ഭാരവാഹികളും, ഹോസ്‌പിറ്റല്‍ അധികാരികളും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാമെന്ന്‌ ഡോ. ഫിലിപ്പ്‌ അഗസ്റ്റിന്‍ ഉറപ്പ്‌ നല്‍കി.

15 ദിവസമായി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന അവകാശ സമരം ചര്‍ച്ചകളിലൂടെ പരിഹരിച്ച ഹോസ്‌പിറ്റല്‍ അധികാരികള്‍ക്കും, തൊഴില്‍മന്ത്രി ഷിബു ബേബി ജോണിനും അനിയന്‍ ജോര്‍ജ്‌ അഭിനന്ദനം അറിയിച്ചു. ഫോമാ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജിനെ കൂടാതെ അരൂര്‍ എം.എല്‍.എ എ.എം. ആരിഫും, മരട്‌ മുനിസിപ്പല്‍ ചെയര്‍മാന്‍ ദേവരാജനും നഴ്‌സുമാരുടെ കൂടെ 5 മണിക്കൂര്‍ നിരാഹാരം അനുഷ്‌ഠിച്ചു.
അനിയന്‍ ജോര്‍ജ്‌ നഴ്‌സുമാര്‍ക്കൊപ്പം നിരാഹാരം അനുഷ്‌ഠിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക