Image

ചൈതന്യവത്തായ കര്‍മ്മ പരിപാടികളുമായി മലങ്കര അതിഭദ്രാസനം

ജോയിച്ചന്‍ പുതുക്കുളം Published on 18 February, 2012
ചൈതന്യവത്തായ കര്‍മ്മ പരിപാടികളുമായി മലങ്കര അതിഭദ്രാസനം
ഡാളസ്‌: ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ വാര്‍ഷിക പള്ളി പ്രതിപുരുഷയോഗം ഈ മാസം പതിനൊന്നാം തീയതി ശനിയാഴ്‌ച ഡാളസ്സില്‍ കരോള്‍ട്ടനിലുള്ള സെന്റ്‌ ഇഗ്‌നേഷ്യസ്‌ യാക്കോബായ സുറിയാനിപ്പള്ളിയില്‍ വച്ച്‌ ഏറ്റവും വിജയകരമായി നടത്തപ്പെട്ടു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള അമ്പതില്‍പ്പരം ദേവാലയങ്ങളില്‍ നിന്ന്‌ , വന്ദ്യ കോറെപ്പിസ്‌കോപ്പമാര്‍, ബഹു. വൈദികര്‍, ശെമ്മാശ്ശന്മാര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ , അത്മായ പ്രതിനിധികള്‍ എന്നിവര്‍ കാലേക്കൂട്ടിത്തന്നെ ഭദ്രാസനത്തിന്റെ ഭരണ ക്രമീകരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട പ്രസ്‌തുത സമ്മേളനത്തില്‍ സംബന്ധിക്കുവാനായി എത്തിചേര്‍ന്നിരുന്നു.

പ്രാര്‍ത്ഥനയ്‌ക്ക്‌ ശേഷം മലങ്കര അതിഭദ്രാസനത്തിന്റെ ആര്‍ച്ച്‌ ബിഷപ്പും പാത്രിയാര്‍ക്കാ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയുടെ മഹനീയാദ്ധ്യക്ഷതയില്‍, രാവിലെ 11 മണിക്ക്‌ ഭദ്രാസനത്തിന്റെ ജോയിന്റ്‌ ട്രഷറാര്‍ ശ്രീ. സാജു പൗലൂസ്‌ മാറോത്തിന്റെ റോള്‍ കോള്‍ വിളിയോടെ സമ്മേളനം ആരംഭിച്ചു. ഭദ്രാസന സെക്രട്ടറി വന്ദ്യ എബ്രഹാം കടവില്‍ കോര്‍ എപ്പിസ്‌കോപ്പയും, സെന്റ്‌ ഇഗ്‌നേഷ്യസ്‌ പള്ളി വികാരി റവ. ഫാ. മാത്യൂസ്‌ കാവുങ്കലും സമ്മേളനത്തിനെത്തിയ ഏവര്‍ക്കും സ്വാഗതമാശംസിച്ചു .
യോഗാരംഭത്തില്‍ തന്നെ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്നു കാലം ചെയ്‌ത പുണ്യശ്ലോകനായ അഭി. യേശു മോര്‍ അത്തനാസ്യോസ്‌ തിരുമേനിയെയും, പിന്നീട്‌ ഭദ്രാസന ചുമതല നിര്‍വഹിച്ചു കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ അഭി.കുര്യാക്കോസ്‌ മോര്‍ യൂലിയോസ്‌ മെത്രാപ്പോലീത്തായെയും സ്‌മരണപ്രാര്‍ത്ഥനയിലോര്‍ക്കുകയുണ്ടായി. നാളിതുവരെ ഈ ഭദ്രാസനത്തിന്മേല്‍ ചൊരിഞ്ഞ കരുണകളെയോര്‍ത്തു ദൈവത്തെ സ്‌തുതിച്ചും, പരിശുദ്ധ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയെ സ്‌മരിച്ചു പ്രാര്‍ഥിച്ചു കൊണ്ടും ആരംഭിച്ച അദ്ധ്യക്ഷ പ്രസംഗത്തില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി സമ്മേളനത്തിനെത്തിയ ഏവരെയും, പ്രത്യേകാല്‍ തോളോട്‌ തോള്‍ ചേര്‍ന്ന്‌ , ഏകോദര സഹോദരരെപ്പോലെ ഭദ്രാസനത്തിന്റെ യശസ്സിനു വേണ്ടി പ്രവര്‍ത്തിയ്‌ക്കുന്ന കൌണ്‍സില്‍ അംഗങ്ങളെയും , സമ്മേളനത്തിന്‌ വേദിയൊരുക്കിയ സെന്റ്‌ ഇഗ്‌നേഷ്യസ്‌ വികാരിയെയും, ഇടവകാംഗങ്ങളെയും അഭിനന്ദിച്ചു.
ആത്മീയ വളര്‍ച്ച, പ്രേഷിത പ്രവര്‍ത്തനം തുടങ്ങിയ സുകൃത വിഷയങ്ങള്‍ക്ക്‌ വളരെ സാദ്ധ്യതകളുള്ള അനുഗ്രഹിക്കപ്പെട്ട ഒരു ഭദ്രാസനമെന്നു അമേരിയ്‌ക്കന്‍ ഭദ്രാസനത്തെ വിശേഷിപ്പിച്ചുകൊണ്ട്‌ ഇതിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ സഹകരിയ്‌ക്കുവാന്‍ ഏവരെയും തിരുമേനി ആഹ്വാനം ചെയ്‌തു.

പ്രതിപുരുഷയോഗത്തില്‍ നിര്‍ണ്ണായകമായ പല തീരുമാനങ്ങളും ഐക്യമത്യേന കൈക്കൊള്ളുവാന്‍ പ്രതിനിധികള്‍ പ്രദര്‍ശിപ്പിച്ച ഉത്സാഹവും നിശ്ചയ ദാര്‍ഡട്യവും വി. സഭയോടുള്ള പ്രതിബദ്ധത വിളിച്ചറിയിക്കുന്നവയും കരണീയങ്ങളുമായിരുന്നു.
ബൃഹത്തായ സമുച്ചയങ്ങളോടു കൂടെയുള്ള ഒരു പാത്രിയാര്‍ക്കല്‍ സെന്റര്‍ ഉടനെ സ്വന്തമാക്കുക എന്ന സുപ്രധാന തീരുമാനം ഈ അതിഭദ്രാസനത്തിന്റെ അനുഗ്രഹീതമായ പുരോഗതിയുടെ പാതയില്‍ ഒരു നാഴികക്കല്ലായി തീരുമെന്നതിനു സംശയമില്ല.
സെമ്മിനാരി , കണ്‍വന്‍ഷന്‍ സെന്റര്‍ , ബിഷപ്പ്‌ ഹൌസ്‌ , കത്തീഡ്രല്‍ ദേവാലയം തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങളുടെ നിവാരണം സമീപ ഭാവിയില്‍ത്തന്നെ സാദ്ധ്യമാക്കുന്നതിനുള്ള രൂപരേഖകള്‍ കൌണ്‍സില്‍ അംഗങ്ങളായ ശ്രീ . സാജു സ്‌കറിയ (Ptariarchal Center Project Director), ശ്രീ. കുര്യന്‍ ജോര്‍ജ്ജ്‌, ശ്രീ സാജു പൗലോസ്‌ മാറോത്ത്‌ എന്നിവര്‍ അവതരിപ്പിയ്‌ക്കുകയും, അവയെ യോഗം അംഗീകരിച്ചു കൊണ്ട്‌ ഭദ്രാസന ഭരണ സമിതിയെ അധികാരപ്പെടുത്തുകയും ചെയ്‌തു.
കൂടാതെ വൈദികരുടെ വേതനപരിഷ്‌കരണം, ഭദ്രാസന റീജിയനുകളുടെ പുന:ക്രമീകരണം , ഭദ്രാസന വിഹിത പരിഷ്‌ക്കരണം , ഭദ്രസനാംഗങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ കമ്പ്യൂട്ടര്‍ ഫയലുകളിലാക്കി ക്രമീകരിയ്‌ക്കുക തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച്‌ ബന്ധപ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍ സംസാരിയ്‌ക്കുകയും പല കാര്യങ്ങളും തീരുമാനിച്ചുറപ്പിയ്‌ക്കയും ചെയ്‌തു.
2012 ജൂലൈ മാസം മെരിലാന്റില്‍ ഭദ്രാസനത്തിന്റെ 27 മത്‌ വാര്‍ഷിക കുടുംബസംഗമവും യൂത്ത്‌ കോണ്‍ഫറന്‍സും നടത്തപ്പെടുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കൗണ്‍സില്‍ മെമ്പറും രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്ററുമായ ശ്രീ. ജിജോ ജോസഫ്‌ പ്രതിനിധികള്‍ക്ക്‌ വിവരിച്ചു. 2011 ലെ കണക്കുകളും ഓഡിറ്റ്‌ റിപ്പോര്‍ട്ടും അവതരിപ്പിച്ചു കൊണ്ട്‌ ഭദ്രാസന ട്രഷറാര്‍ ശ്രീ. സാജു പൌലൂസ്‌ CPA ഭദ്രാസനത്തിന്റെ സാമ്പത്തിക വിവരങ്ങള്‍ വിശദീകരിയ്‌ക്കുകയും, യോഗം അവ പാസ്സാക്കുകയും ചെയ്‌തു. ഭദ്രാസന ജോയിന്റ്‌ സെക്രട്ടറി റവ. ഫാ. പോള്‍ തോട്ടക്കാടിന്റെ നന്ദി പ്രകാശനത്തിനു ശേഷം ഏകദേശം നാലു മണിയോടെ സമ്മേളനത്തിന്‌ ശുഭപര്യവസാനമായി.

പ്രതിനിധി സമ്മേളനത്തിനു മുമ്പായി ഡാളസ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ വച്ച്‌ നടത്തപെട്ട ത്രിദിന വൈദിക ധ്യാന യോഗവും ഏറ്റവും അനുഗ്രഹകരമായിരുന്നു. തുടര്‍ന്ന്‌ നടന്ന കൌണ്‍സില്‍യോഗം ഭദ്രാസന സെക്രട്ടറി വന്ദ്യ എബ്രഹാം കടവില്‍ കോര്‍ എപ്പിസ്‌ക്കൊപ്പായെ ഭദ്രാസനത്തിന്റെ പുതിയ വക്താവായും , ജോയിന്റ്‌ ട്രഷറാര്‍ ശ്രീ സാജു പൗലൂസ്‌ മാറോത്തിനെ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ ആയും, മലങ്കര ദീപം മുന്‍ ചീഫ്‌ എഡിറ്റര്‍ ശ്രീ. ബാബു ജേക്കബ്‌ നടയിലിനെ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍ (P.R.O.) ആയും ഉള്ള ചുമതലകള്‍ ഭരമേല്‍പ്പിച്ചു.
ഭദ്രാസനത്തിന്റെ മുന്‍ വക്താവ്‌ ശ്രീ . ജോബി ജോര്‍ജ്ജിന്റെയും, മുന്‍ P.R.O. ശ്രീ . ബിജു ചെറിയാന്റെയും സ്‌തുത്യര്‍ഹമായ സേവനങ്ങളെ കൗണ്‍സില്‍ യോഗം പ്രശംസിച്ചു.
ചൈതന്യവത്തായ കര്‍മ്മ പരിപാടികളുമായി മലങ്കര അതിഭദ്രാസനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക