Image

സന്നിധാനത്ത് അഭൂതപൂര്‍വമായ തിരക്ക്

അനിൽ പെണ്ണുക്കര Published on 06 December, 2016
സന്നിധാനത്ത് അഭൂതപൂര്‍വമായ തിരക്ക്
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണവും ഡിസംബര്‍ ആറിന്റെ ജാഗ്രതാ നിര്‍ദേശങ്ങളും ആശങ്കയുയര്‍ത്തിയിട്ടും ഇന്നലെ (ഡിസംബര്‍ 6) സന്നിധാനത്ത് അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് അധികരിച്ചതിനാല്‍ പലപ്പോഴും പൊലീസിന് ഭക്തരെ പമ്പയില്‍ വച്ചുതന്നെ നിയന്ത്രിക്കേണ്ടതായി വന്നു. പുലര്‍ച്ചെ നടതുറന്നുത് മുതല്‍ അയ്യപ്പന്‍മാരുടെ അണമുറിയാത്ത ഒഴുക്ക് കാണാനായി. 

മരക്കൂട്ടം, നടപ്പന്തല്‍ എന്നിവിടങ്ങളില്‍ പലപ്പോഴും പൊലീസുകാര്‍ക്ക് ഭക്തരെ വടം ഉപയോഗിച്ച് നിയന്ത്രിക്കേണ്ടതായി വന്നു. ദേവസ്വം ബോര്‍ഡിന്റെ ചുക്കുകാപ്പി വിതണവും ബിസ്‌ക്കറ്റ് വിതരണവും ഭക്തര്‍ക്ക് തിരക്കിനിടയിലും ആശ്വാസം പകര്‍ന്നു.

ഡിസംബര്‍ ആറിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് അയ്യപ്പന്‍മാരെ പതിനെട്ടാംപടി ചവിട്ടാന്‍ പൊലീസ് അനുവദിച്ചത്. കൂടാതെ കേന്ദ്രസേനയുടെ പ്രത്യേക ബറ്റാലിയനും സന്നിധാനത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ബോംബ് സ്‌ക്വാഡ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി പരശോധന നടത്തിയിരുന്നു.
 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹെലിക്കോപ്റ്ററിലും ശബരിമലയുടെ പരിസര പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തി.  ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ആഴിക്ക് ചുറ്റും വടംകെട്ടിയ ശേഷം ഭക്തരെ നേരിട്ട് ആഴിയിലേക്ക് തേങ്ങയെറിയുന്നതില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്കി. ഭക്തര്‍ക്ക് അര്‍പ്പിക്കേണ്ട തേങ്ങ ദേവസ്വം ജീവനക്കാര്‍ നേരിട്ട് ശേഖരിച്ച് ആഴിയില്‍ സമര്‍പ്പിക്കുകയായിരുന്നു.  

ശബരീശ സന്നിധിയില്‍ നാദവിസ്മയം തീര്‍ത്ത് കുഞ്ഞുമാളികപ്പുറങ്ങള്‍

സ്വരരാഗങ്ങളുടെ നാദവിസ്മയം തീര്‍ത്ത കുഞ്ഞുമാളികപ്പുറങ്ങള്‍ ശബരീശ സന്നിധിയെ ഭക്തിനിര്‍ഭരമാക്കി. കൊല്ലം ജില്ലയിലെ ഭരണിക്കാവ് സ്വദേശിനികളായ അഖിലയും അദ്വൈതയുമാണ് സംഗീതാര്‍ച്ചനയില്‍ അയ്യപ്പന്‍മാരുടെ മനംകവര്‍ന്നത്. ഒന്‍പത് വയസുകാരികളായ ഇവര്‍  പാലക്കുളങ്ങര സഹോദരിമാര്‍ എന്ന് ഇതിനോടകം പേരുകേട്ട  ഇരട്ടകളാണ്.ഇരുവരും 50 ല്‍പ്പരം സ്‌റ്റേജുകളില്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. ആനയടി അനില്‍കുമാറിന്റെ ശിഷ്യത്വത്തിലാണ് ഇവര്‍ സംഗീതം പഠിക്കുന്നത്. വ്രതശുദ്ധിയോടെ മാലയിട്ട് അയ്യപ്പദര്‍ശനം നടത്തിയശേഷമാണ് ഇവര്‍ സംഗീതം അവതരിപ്പിച്ചത്. അടൂര്‍ ബാലന്‍ വയലിന്‍ വായിച്ചു. മൃദംഗം ശ്രീരംഗം കൃഷ്ണകുമാര്‍, ഘടം വേലായുധ കൈമള്‍, ഗഞ്ചിറ അടൂര്‍ സതീശ്, മുഖര്‍ശംഖ് തുവയൂര്‍ വിജയന്‍. നവരാഗം വര്‍ണവും കീര്‍ത്തനാലാപനവും ഉള്‍പ്പെടെ രണ്ട് മണിക്കൂറോളം സംഗീതാര്‍ച്ചന  നടത്തിയ ഇവര്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായാണ് സന്നിധാനത്ത് പരിപാടി നടത്താന്‍ ലഭിച്ച അവസരത്തെ കാണുന്നത്.  

ഹൃദയാഘാതം: രണ്ട് തീര്‍ഥാടകര്‍ മരിച്ചു

അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവേ രണ്ട് തീര്‍ഥാടകര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചെന്നൈ ആവടി സ്വദേശി സി വി മനോജ് (57), ചൈന്നൈ അലമാടി സ്വദേശി തങ്കപാണ്ഡ്യന്‍ (68) എന്നിവരാണ് മരിച്ചത്. മലയിറങ്ങി വരവെ പുലര്‍ച്ചെ 5.50ന് പമ്പക്ക് സമീപം കുഴഞ്ഞുവീണ് മനോജിനെ പമ്പ ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. അപ്പാച്ചിമേടിന് സമീപം കുഴഞ്ഞുവീണ തങ്കസ്വാമിയെ സമീപത്തെ കാര്‍ഡിയോളജി സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ആഴിയിലേക്ക് നെയ്‌ത്തേങ്ങ നിക്ഷേപിക്കാന്‍ പലവകക്കാര്‍ക്ക് നിര്‍ദേശം

ആഴിയിലേക്ക് നെയ്‌ത്തേങ്ങ നിക്ഷേപിക്കാന്‍ പലവകക്കാരെ അടിയന്തരമായി നിയോഗിക്കണമെന്ന് ദേവസ്വം അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍ക്ക് ഡ്യൂട്ടി മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കി.ഭക്തര്‍ എറിഞ്ഞുടയ്ക്കുന്ന നാളീകേരങ്ങള്‍ പലയിടങ്ങളിലായി ചിതറിത്തെറിക്കുന്ന സാഹചര്യത്തിലാണ് ഡ്യൂട്ടി മജിസ്‌ട്രേറ്റ് നേരിട്ടെത്തി പരിശോധിച്ച് നിര്‍ദേശം നല്‍കിയത്. പലവകക്കാരെ 24 മണിക്കൂര്‍ ജോലിക്കായി അടിയന്തരമായി നിയോഗിക്കണം. ഇവരുടെ ഫോണ്‍ നമ്പരുകളും പേരും അടങ്ങിയ ലിസ്റ്റ് പോലീസ് കണ്ട്രോളര്‍ക്കും ഡ്യൂട്ടി മജിസ്‌ട്രേറ്റിനും കൈമാറുന്നതിനും അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യമുള്ളതിനാല്‍ സുരക്ഷയും മുന്‍കരുതലും സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയ ഡ്യൂട്ടി മജിസ്‌ട്രേറ്റ് വിഷയം ജില്ലാ കളക്ടറുടെയും എസ്.പിയുടെയും ശ്രദ്ധയില്‍ പെടുത്തിയതായും അറിയിച്ചു.

ജയലളിതയുടെ നിര്യാണത്തില്‍  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനുശോചിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡംഗങ്ങളും അഗാധമായ ദുഖം രേഖപ്പെടുത്തി.
ജയലളിതയുടെ വേര്‍പാട് കനത്ത നഷ്ടമാണ്. തമിഴ് ജനതയുടെ ദുഖത്തില്‍ തങ്ങളും പങ്കുചേരുന്നുവെന്നും പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി ദേവസ്വം ബോര്‍ഡിന്റെ എല്ലാ ഓഫീസുകള്‍ക്കും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.
സന്നിധാനത്ത് അഭൂതപൂര്‍വമായ തിരക്ക്
Join WhatsApp News
വിക്രമസ്വാമി 2016-12-06 19:53:18
അവിടെന്താ സ്ത്രീകൾ ദർശനത്തിനു വന്നു തുടങ്ങിയോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക