Image

മായാവതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

Published on 17 February, 2012
മായാവതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി
കാണ്‍പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയ്ക്ക് നല്‍കിയ പണം മായാവതി സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്നും നിരവധി അഴിമതി ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്നതെന്നും മന്‍മോഹന്‍സിങ് ആരോപിച്ചു.

ഉത്തര്‍പ്രദേശിലെ നാലാംഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപനയോഗത്തില്‍ കാണ്‍പൂരില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി. സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച പ്രധാനമന്ത്രി കേന്ദ്ര പദ്ധതികള്‍ യു.പി. സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചത് പ്രതിഷേധാര്‍ഹമായ സംഭവമാണെന്നും പറഞ്ഞു.


10,000 കോടിയുടെ പദ്ധതിയാണ് ഉത്തര്‍പ്രദേശില്‍ ഗ്രാമീണ ആരോഗ്യപദ്ധതിയ്ക്കായി അനുവദിച്ചത്. ഇതില്‍ വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആരോപണം ഇപ്പോള്‍ സി.ബി.ഐ. അന്വേഷണത്തിന്റെ പരിധിയിലാണ്.


യു.പിയുടെ വികസനത്തിന് ആവശ്യമായ എന്തു സഹായത്തിനും യു.പി.എ. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെ അവഗണിച്ചെന്നും ഗ്രാമീണ വികസനത്തിന് യാതൊന്നും ചെയ്തില്ലെന്നും വിമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാരിന് ഉത്തര്‍പ്രദേശിലുള്ള താല്‍പര്യം പോലും സംസ്ഥാന സര്‍ക്കാരില്ല. റോഡ് വികസനത്തിനായി അനുവദിച്ച 24,000 കോടി, 9,000 കോടിയുടെ പ്രധാന്‍മന്ത്രി ഗ്രാം സദക് യോജന എന്നിവ പ്രധാനമന്ത്രി ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടി. ഞായറാഴ്ച്ചയാണ് നാലാംഘട്ട തിരഞ്ഞെടുപ്പ്. 56 മണ്ഡലങ്ങളിലാണ് ഞായറാഴ്ച്ച തിരഞ്ഞെടുപ്പ് നടക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക