Image

മാര്‍ ജോര്‍ജ് ആലഞ്ചേരി നാളെ കര്‍ദ്ദിനാളായി സ്ഥാനമേല്‍ക്കും

Published on 17 February, 2012
മാര്‍ ജോര്‍ജ് ആലഞ്ചേരി നാളെ കര്‍ദ്ദിനാളായി സ്ഥാനമേല്‍ക്കും
വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി നാളെ കര്‍ദ്ദിനാളായി സ്ഥാനമേല്‍ക്കും. അദ്ദേഹത്തോടൊപ്പം 21 പേര്‍കൂടി അഭിഷേകം ചെയ്യപ്പെടും. സെന്റ് പീറെഴ്‌സ് ബസലിക്കയില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ബനഡിക്ട് 16 ാമന്‍ മാര്‍പാപ്പ നേതൃത്വം വഹിക്കും. ഇക്കുറി സ്ഥാനാരോഹണ ചടങ്ങുകള്‍ പാരമ്പര്യങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. നേരത്തെ, മൂന്നു ഘട്ടമായിട്ടായിരുന്നു ചടങ്ങുകള്‍ .ഇത്തവണ അത്, ഒരുഘട്ടം മാത്രമാണ്. കര്‍ദ്ദിനാളായി സ്ഥാനമേല്‍ക്കുന്ന ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ് തിമോത്തി എം ഡോലന്‍ തിരുസംഘത്തെ അഭിസംബോധന ചെയ്യും എന്നതാണ് പുതുമ. മാര്‍പാപ്പയുടെ ഇഷ്ട വിഷയമായ നവ സുവിശേഷവല്‍ക്കരണത്തെ ആസ്പദമാക്കിയായിരിക്കും അദ്ദേഹത്തിന്റെ പ്രസംഗം.

കര്‍ദ്ദിനാളായി തിരഞ്ഞെടുക്കപെടുന്നവര്‍ ഇന്നുതന്നെ ഒരു സുപ്രധാന വിഷയത്തില്‍ അവരുടെ വോട്ട് രേഖപ്പെടുത്തും എന്നതും ശ്രദ്ധേയമാണ്. വാഴ്ത്തപ്പെട്ടവരായി സഭ മുന്‍പ് പ്രഖ്യാപിച്ച ചിലരെ വിശുദ്ധരായി പ്രഖ്യാപിക്കാനുള്ള നടപടിയിലൊന്നാണ് കര്‍ദ്ദിനാള്‍മാരുടെ ഈ വോട്ട്. ബനഡിക്ട് 16 ാമന്‍ മാര്‍പാപ്പ ഇത് നാലാം തവണയാണ് കര്‍ദ്ദിനാള്‍മാരുടെ നിയമനം നടത്തുന്നത്. 84 പേരെ ഇതോടെ അദ്ദേഹം കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നു. ഇതില്‍ അഞ്ചുപേര്‍ ജീവിച്ചിരിപ്പില്ല. ഇത്തവണ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടവരില്‍ മൂന്നുപേര്‍ മെത്രാന്മാര്‍ അല്ല. സാധാരണ വൈദികര്‍ മാത്രം. ഇവര്‍ സഭയ്ക്ക് ചെയ്ത സേവനങ്ങള്‍ പരിഗണിച്ചാണ് ഈ അപൂര്‍വ സ്ഥാനലബ്ധി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക