Image

ഹരിവരാസനം വിശ്വമോഹനം: നാലു കോടി തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് അതിവേഗം ട്രെയിന്‍ വരുന്നു (കുര്യന്‍ പാമ്പാടി)

Published on 04 December, 2016
ഹരിവരാസനം വിശ്വമോഹനം: നാലു കോടി തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് അതിവേഗം ട്രെയിന്‍ വരുന്നു (കുര്യന്‍ പാമ്പാടി)
നാലുകോടി അയ്യപ്പന്മാരെത്തുന്ന ലോകത്തിലെ ഏറ്റം വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയിലേക്കുള്ള റെയില്‍പാതയുടെ പണി ഇനി വേഗത്തിലാവും. അങ്കമാലിയില്‍ ആരംഭിച്ച് എരുമേലി വരെയെത്തുന്ന 125 കിലോമീറ്റര്‍ ലൈന്‍ പുനലൂര്‍ക്കും അവിടെനിന്ന് തിരുവനന്തപുരത്തിനടുത്തുള്ള നേമത്തേക്കും നീട്ടാനുള്ള ആലോചനയും ഊര്‍ജിതമായിട്ടുണ്ട്. ഇതോടെ തിരുവനന്തപുരത്തേക്ക് രണ്ടാമതൊരു സമാന്തര റെയില്‍പാത തുറന്നുകിട്ടും.

കേരളത്തിന്റെ മോഹമായ ശബരി റെയില്‍ ലൈനിന് 1998ല്‍ കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചതാണ്. പതിനെട്ടു വര്‍ഷമായി. ലൈനിന്റെ സര്‍വേ തുടങ്ങിയ കാലം മുതല്‍ അലയന്‍മെന്റിന്റെ പേരില്‍ എതിര്‍പ്പായി. ഇനി എതിര്‍പ്പുകളൊക്കെ മറികടന്ന് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പാക്കുകയാണ്. അവശേഷിക്കുന്നത്ശബരിമലയിലേക്കു വിമാനത്താവളം. അതും വരും.

പുതിയ മണ്ഡല വ്രതകാലം സജീവമായിരിക്കുന്ന ഈ മാസം കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകലക്ഷങ്ങള്‍ക്ക് ഏറെ പ്രത്യാശ നല്‍കുന്ന വാര്‍ത്തയാണിത്. പാതയിലെ അങ്കമാലി/കാലടി റെയില്‍വേ സ്റ്റേഷന്‍ സുസജ്ജമാക്കുന്ന പണി ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍തന്നെ ഒരു ശബരി ട്രെയിന്‍ ഓടുന്നുണ്ട് - ഹൈദരാബാദിനും തിരുവനന്തപുരത്തിനും ഇടയില്‍. ഈ ട്രെയിനില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ചെങ്ങന്നൂരില്‍നിന്ന് 82, തിരുവല്ലയില്‍നിന്ന് 92, കോട്ടയത്തുനിന്ന് 120, കൊല്ലത്തുനിന്ന് 125 കിലോമീറ്റര്‍ അകലെയാണ് ശബരിമല.

കോട്ടയത്തെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് പി.ടി. ജോണി. ശബരിമലയിലേക്കൊരു തീര്‍ത്ഥാടനം രണ്ടു പതിറ്റാണ്ടിലേറെയുള്ള അദ്ദേഹത്തിന്റെ സ്വപ്നമാണ്. ഇത്തവണ അതു നിറവേറ്റാനുറച്ചു. വ്രതം നോറ്റ് ഇരുമുടിക്കെട്ടുമേന്തി എരുമേലിയെത്തി ആചാരപ്രകാരം പേട്ടതുള്ളി വാവരുസ്വാമിയെയും തൊഴുത് പമ്പയിലെത്തി. ത്രിവേണിയില്‍ മുങ്ങിക്കുളിച്ച് തെല്ലു വിശ്രമിച്ചശേഷം നാലുമണിയോടെ സാക്ഷാല്‍ ശബരീശ സവിധത്തിലേക്ക് മലകയറാന്‍ ആരംഭിച്ചു.

""നാലര കിലോമീറ്ററേ അകലമുള്ളുവെങ്കിലും കിഴുക്കാംതൂക്കായ മല താണ്ടി സന്നിധാനമണഞ്ഞത് ഏഴുമണിയോടെ. മരക്കൂട്ടം, അപ്പാച്ചിമേട്, ശരംകുത്തി വഴി ശരണമന്ത്രങ്ങളുമായി നീങ്ങി. ഓണ്‍ലൈന്‍ ബുക്കിംഗ് മൂലമുള്ള വെര്‍ച്വല്‍ ക്യൂവിലൂടെ തേങ്ങയുമുടച്ച് പതിനെട്ടാം പടി കയറി. ചുറ്റും തിക്കിത്തിരക്കുന്ന ഭക്തര്‍ക്കു നടുവില്‍ ഒരുനിമിഷമൊരു ദര്‍ശനം. അതേ സാധിക്കൂ, അതിനു മുമ്പേ പോലീസ് തള്ളിമാറ്റി.

""രാവിലെ എട്ടുമണിക്കു പുറപ്പെട്ടതാണ്. നാലുമണിക്ക് പമ്പയിലെത്തി. ഏഴുമണിക്കു ദര്‍ശനം ലഭിച്ചു. സന്നിധാനത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് (ഊണിന് 60 മുതല്‍ 100 രൂപ വരെ) വിരിവച്ചു. ഒരു നിമിഷത്തെ അയ്യപ്പദര്‍ശനം പോരെന്നു തോന്നി. കിടന്നിട്ട് ഉറക്കം വരാതെ വീണ്ടും ക്ഷേത്രത്തിലേക്കു പോയി. പതിനെട്ടാംപടി വഴി അല്ലാതെ ശ്രീകോവിലിനു സമീപമെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും നട അടയ്ക്കുകയായി.

""അയ്യപ്പനുള്ള ഉറക്കുപാട്ടായ "ഹരിവരാസനം' ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സുഖദമായ ശബ്ദത്തില്‍ സന്നിധാനത്ത് അലയടിച്ചു. കണ്ണും കരവും കൂപ്പി ഭക്തര്‍ അതിലലിഞ്ഞു നിന്നു. പാട്ടിനൊടുവില്‍ തിരുനടയുടെ അവസാനത്തെ വാതിലും അടച്ച് മേല്‍ശാന്തി പുറത്തേക്കിറങ്ങി. രാവിലെ നെയ്യഭിഷേകത്തിനുശേഷം ഒരു ശ്രമംകൂടി നടത്തി അയ്യപ്പനെ കാണാന്‍. ഉദ്യോഗസ്ഥന്‍ സഹായിച്ചതിനാല്‍ തൊട്ടടുത്തു നിന്ന് മനംകുളിര്‍ക്കെ കാണാനായി.

""ജീവിതത്തില്‍ ആദ്യമാണ് ശബരിമല കയറുന്നതെങ്കിലും അതൊരു ദിവ്യാനുഭൂതിയായി. രണ്ടു ദിവസത്തെ യാത്ര. ഇന്നോവ കാറില്‍ ഞങ്ങള്‍ ഏഴു പേര്‍. എന്നോടൊപ്പം ജോഷി, പോള്‍, റെജി, അനു, ദാസ്, അര്‍ജുന്‍. യാത്രയും ഭക്ഷണവും അരവണയും അപ്പവുമൊക്കെയായി ഒരാള്‍ക്ക് ചെലവ് 2500 രൂപ. അടുത്ത വര്‍ഷവും പോകാന്‍ മോഹമുണ്ട്'' -ജോണി പറഞ്ഞു.

നാല്പതു തവണ ശബരിമല ചവിട്ടിയിട്ടുള്ള ഒരാളെ കണ്ടു - വിശ്രുത ചലച്ചിത്രകാരന്‍ ശ്രീകുമാരന്‍ തമ്പി. സിവില്‍ എന്‍ജിനീയറായി തുടങ്ങി ഗാനരചനാ വഴിയിലൂടെ സിനിമാരംഗത്ത് പ്രസിദ്ധനായ ആളാണ് 76 എത്തിയ തമ്പി. ഏഴാം വയസില്‍ മല കയറിത്തുടങ്ങിയതാണ്. 1975ല്‍ പി. സുബ്രഹ്മണ്യം നിര്‍മിച്ച "സ്വാമി അയ്യപ്പന്‍' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രൂപകല്പന ചെയ്തത് തമ്പിയായിരുന്നു.

ശ്രീകുമാരന്‍ തമ്പി രചിച്ച് എം.എസ്. വിശ്വനാഥന്‍ സംഗീതം നല്‍കി യേശുദാസ് ആലപിച്ച "ശബരിമലയില്‍ തങ്കസൂര്യോദയം, ഈ സംക്രമപ്പുലരിയില്‍ അഭിഷേകം' എന്ന ഗാനവും ഏറെ പ്രശസ്തമാണല്ലോ."ആറാട്ടിനാനകള്‍ എഴുന്നള്ളി ആഹ്ലാദസമുദ്രം തിരതല്ലി...', "ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ ഉത്രാടരാത്രിയില്‍ പോയിരുന്നു...' തുടങ്ങിയ കാവ്യസുന്ദരമായ വരികള്‍ തമ്പിയിലെ ഭക്തിസാന്ദ്രമായ മനസിന്റെ വിളംബരങ്ങളാണ്. ഓരോ തവണ മല ചവിട്ടുമ്പോഴും തന്റെ ഉള്‍ക്കരുത്ത് വളരുകയാണെന്ന് തമ്പി പറയുന്നു.

ശബരിമല പത്തനംതിട്ട ജില്ലയിലെ പെരുനാട് പഞ്ചായത്തില്‍ പെട്ട വനമേഖലയാണ്. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലാണ് അത് സ്ഥിതിചെയ്യുന്നതും. അയ്യപ്പക്ഷേത്രം നിലകൊള്ളുന്ന നീലിമലയ്ക്ക് സമുദ്രനിരപ്പില്‍നിന്ന് 4133 അടി ഉയരമുണ്ട്. കൊടുംകാട്ടിനുള്ളില്‍ നിരവധി മലകളുടെ നടുവിലാണ് നീലിമല. ക്ഷേത്രപരിസരത്തുള്ള വനമേഖലയ്ക്ക് പേര് പൂങ്കാവനം. ശബരിമലയില്‍ ഏറ്റവും തിരക്കുള്ള സമയം മകരസംക്രമമാണ്. നോക്കെത്താദൂരത്ത് മറ്റൊരു മലയില്‍ തെളിയുന്ന മകരജ്യോതി ദര്‍ശിക്കാന്‍ അന്ന് ലക്ഷങ്ങളാണ് അപ്പാച്ചിമേട്ടിലും പരിസരത്തും ഒഴുകിയെത്തുന്നത്.

ശബരിമലയില്‍ ഇനിയും യുവതികള്‍ക്കു പ്രവേശനം ആയിട്ടില്ല. ക്ഷേത്രദര്‍ശനത്തിന് സ്ത്രീകള്‍ ധരിക്കേണ്ടത് സാരിയോ ചുരിദാറോ എന്നതിന്റെ പേരില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ തര്‍ക്കം കൊടുമ്പിരി കൊള്ളുമ്പോള്‍ കേരളത്തിലെ ഏറ്റം വലിയ തീര്‍ത്ഥാടനകേന്ദ്രത്തില്‍ അവര്‍ക്കു പ്രവേശനമേ ഇല്ലെന്നതാണ് വൈരുദ്ധ്യം. 10-50 പ്രായത്തിനിടയ്ക്ക് (ആര്‍ത്തവകാലം) സ്ത്രീകള്‍ അവിടെ കയറരുത് എന്ന 1991ലെ ഹൈക്കോടതി വിധിക്കെതിരേ വനിതാ സംഘടനകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. കന്നട നടി ജയമാല ഉള്‍പ്പെടെ പലരും അയ്യപ്പനെ തൊട്ടുവന്ദിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴെല്ലാം ക്ഷേത്രത്തില്‍ പരിഹാരക്രിയകള്‍ ചെയ്തു.

"ഹരിവരാസനം' എന്ന ശ്രീ അയ്യപ്പന്റെ ഉറക്കുപാട്ട് സംസ്കൃതത്തില്‍ എഴുതപ്പെട്ടതാണ്. അത് നിരവധി സംഗീത വിദഗ്ധരും വിദുഷികളും പാരായണം ചെയ്തിട്ടുണ്ടെങ്കിലും ജി. ദേവരാജന്റെ സംഗീതത്തില്‍ യേശുദാസിന്റെ വിശ്വമോഹനമായ ആലാപനമാണ് ക്ഷേത്രത്തില്‍ അംഗീകരിച്ചിട്ടുള്ളത്. യേശുദാസ് പതിവായി ശബരിമല ദര്‍ശനത്തിന് എത്തുകയും ചെയ്യുന്നു.

""ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...''

(ചിത്രങ്ങള്‍: പബ്‌ളിക്ക് റിലേഷന്‍സ്, കേരള ഗവര്‍മെന്റ്)

ഹരിവരാസനം വിശ്വമോഹനം: നാലു കോടി തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് അതിവേഗം ട്രെയിന്‍ വരുന്നു (കുര്യന്‍ പാമ്പാടി)
ശബരിമല സന്നിധാനം.
ഹരിവരാസനം വിശ്വമോഹനം: നാലു കോടി തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് അതിവേഗം ട്രെയിന്‍ വരുന്നു (കുര്യന്‍ പാമ്പാടി)
മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍നമ്പൂതിരിയുടെനേതൃത്വത്തില്‍ എഴുന്നള്ളിപ്പ്.
ഹരിവരാസനം വിശ്വമോഹനം: നാലു കോടി തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് അതിവേഗം ട്രെയിന്‍ വരുന്നു (കുര്യന്‍ പാമ്പാടി)
ശ്രീകോവിലിനു മുമ്പിലെ താളമേളം.
ഹരിവരാസനം വിശ്വമോഹനം: നാലു കോടി തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് അതിവേഗം ട്രെയിന്‍ വരുന്നു (കുര്യന്‍ പാമ്പാടി)
വിരിപ്പന്തലിലെ തിരക്ക്.
ഹരിവരാസനം വിശ്വമോഹനം: നാലു കോടി തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് അതിവേഗം ട്രെയിന്‍ വരുന്നു (കുര്യന്‍ പാമ്പാടി)
അയ്യപ്പസ്വാമിക്കു സംഗീതാര്‍ച്ചന.
ഹരിവരാസനം വിശ്വമോഹനം: നാലു കോടി തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് അതിവേഗം ട്രെയിന്‍ വരുന്നു (കുര്യന്‍ പാമ്പാടി)
വിദേശ ഭക്തന്മാര്‍.
ഹരിവരാസനം വിശ്വമോഹനം: നാലു കോടി തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് അതിവേഗം ട്രെയിന്‍ വരുന്നു (കുര്യന്‍ പാമ്പാടി)
ത്രിവേണിയില്‍ മുങ്ങിക്കുളി; ഇന്‍സെറ്റില്‍ കോട്ടയം ടീം
ഹരിവരാസനം വിശ്വമോഹനം: നാലു കോടി തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് അതിവേഗം ട്രെയിന്‍ വരുന്നു (കുര്യന്‍ പാമ്പാടി)
കേന്ദ്ര സേനയില്‍നിന്നുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്.
ഹരിവരാസനം വിശ്വമോഹനം: നാലു കോടി തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് അതിവേഗം ട്രെയിന്‍ വരുന്നു (കുര്യന്‍ പാമ്പാടി)
യേശുദാസ് ശബരിമല സന്നിധാനത്ത്.
ഹരിവരാസനം വിശ്വമോഹനം: നാലു കോടി തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് അതിവേഗം ട്രെയിന്‍ വരുന്നു (കുര്യന്‍ പാമ്പാടി)
ശ്രീപത്മനാഭസ്വാമി ക്ഷേത്രം: അനാര്‍ക്കലി ചുരിദാര്‍ അണിഞ്ഞ് ദീപിക പദുക്കോണ്‍.
Join WhatsApp News
Victor 2016-12-04 08:59:16
Is that Tom concerned about ""ecologically feasible system"" or developments in Sabarimala???
Don't forget this kind of crowd happening in other religious places too in Kerala and Madras too.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക