Image

ഒളിമങ്ങാത്ത സാരികഥകള്‍ (പ്രേമ എബ്രഹാം മാന്തുരുത്തില്‍)

പ്രേമ എബ്രഹാം മാന്തുരുത്തില്‍ Published on 03 December, 2016
ഒളിമങ്ങാത്ത സാരികഥകള്‍ (പ്രേമ എബ്രഹാം മാന്തുരുത്തില്‍)
ഏതാണ്ട് 60-68 കാലങ്ങളില്‍, നമ്മുടെ നാട്ടില്‍ പൊതുവായി മുതിര്‍ന്ന പെണ്‍കുട്ടികളുടെ വേഷമായിരുന്നു ഹാഫ്‌സാരിയും, പിന്നീട് സാരിയും, ക്രമേണ അവര്‍ സൗകര്യാര്‍ത്ഥം മറ്റു വേഷങ്ങളിലേക്കു ചുവടു മാറ്റി. ഇന്ന് തികച്ചും ചടങ്ങുകള്‍ക്കുള്ള ഡ്രസ് ആയി സാരി പരിണമിച്ചിരിക്കുന്നു. കാമ്പസുകളിലാകട്ടെ, സാരിയുടുത്തവര്‍ ഉറപ്പായും ടീച്ചര്‍മാര്‍തന്നെ. പഴയ ഒരു കഥ ഓര്‍ത്തുപോകുകയാണ്.

എന്റെ അമ്മയുടെ പ്രിയ ശിഷ്യയായിരുന്നു പ്രഫ.ബി.ഹൃദയകുമാരി. അതുകൊണ്ട്‌
വല്ലപ്പോഴും തങ്ങളുടെ വസതിയില്‍ സന്ദര്‍ശകയുമായിരുന്നു അവര്‍. ഒരിക്കല്‍ അവര്‍ വന്നപ്പോള്‍ ഞങ്ങള്‍ പറഞ്ഞു. 'ടീച്ചറിന്റെ സാരി കേമമായി' ഉത്സാഹവതിയായി, ചിരിച്ചുകൊണ്ട് ആയമ്മ അതിന്റെ പുറകിലെ കഥ പറഞ്ഞു.

എഴുപതുകളില്‍ അവര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിപ്പിക്കുന്ന കാലം. ഒരു ദിവസം ഉച്ചയ്ക്കുള്ള ഇടവേളയില്‍ ഒരു പയ്യന്‍. മുറിയില്‍ കയറി വന്നു. ടീച്ചറിന്റെ ക്ലാസിലുള്ളയാളാണ്. വന്ന കാര്യം ചുരുക്കി പറഞ്ഞു. വീട്ടില്‍ നല്ല ബുദ്ധിമുട്ടാണ്. അടുത്ത ദിവസങ്ങളില്‍ പരീക്ഷയ്ക്കു ഫീസ് കെട്ടണം. ടീച്ചര്‍ സഹായിച്ചാല്‍ മാത്രം പരീക്ഷ എഴുതാന്‍ സാധിക്കും. ഏതാണ്ട് 300 രൂപ.
ടീച്ചര്‍ ഒരു നിമിഷം ആലോചിച്ചു. തട്ടിപ്പായിക്കൂടെ? അക്കാലത്ത് ഇംഗ്ലീഷിന്റെ ക്ലാസുകള്‍ ഒക്കെ കടല്‍പോലെ കുട്ടികള്‍ തിങ്ങിനിറയുന്ന ലെക്ചര്‍ ക്ലാസുകള്‍ മാത്രം. എന്നിരുന്നാലും, ഗുരുമുഖത്തു നിന്നും വരുന്നതൊക്കെ അപ്പാടെ  ഒപ്പിയെടുക്കുന്ന മുഖഭാവമുള്ള വിദ്യാര്‍ത്ഥി എന്ന നിലയില്‍ ടീച്ചര്‍ അവനെ ശ്രദ്ധിച്ചിരുന്നു. ഒരു നല്ല കാര്യത്തിനാണല്ലോ എന്നു സമാധാനിച്ച് പണം കൈമാറി. നല്ലവാക്കു പറഞ്ഞു പയ്യന്‍ കടന്നുപോയി.

സര്‍ക്കാര്‍ സര്‍വ്വീസില്‍ ടീച്ചര്‍ പിന്നെ പല കോളേജുകളും കയറിഇറങ്ങി. വര്‍ഷങ്ങള്‍ക്കുശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ വകുപ്പു മേധാവിയായി തിരിച്ചെത്തി. ഒരു ദിവസം തന്റെ വിശാലമായ മുറിയിലേക്ക് 40 വയസ് തോന്നിക്കുന്ന ഒരാള്‍ കയറിവന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ സഹായിച്ച പയ്യന്‍. കുടുംബസമേതം നല്ല നിലയില്‍ ഗള്‍ഫില്‍ കഴിയുന്നു. ഗള്‍ഫില്‍ അയാളുടെ ജോലിയുടെ അഭിമുഖം നടന്നപ്പോള്‍ ഗ്രാജുവേറ്റാണോ എന്നത് നിര്‍ണ്ണായകഘടകം ആയിരുന്നുപോല്‍.
തക്കസമയത്ത് ഫീസ് കെട്ടാന്‍ സഹായിച്ച ടീച്ചറിന് സന്തോഷസൂചകമായി കൊടുത്ത സില്‍ക്ക് സാരിയണിയാനും അതേപ്പറ്റി പറയാനും ടീച്ചറിനു കുറച്ചല്ലായിരുന്നു അഭിമാനം.

തികച്ചും വ്യത്യസ്തമായ മറ്റൊരു കഥ കൂടി ഓര്‍ത്തു പോവുകയാണ്. പെട്രോ ഡോളറുകളുടെ കാലമായ എഴുപതുകളില്‍ ചാവക്കാട്ടാണ് കഥ അരങ്ങേറുന്നത്. ഗള്‍ഫുകാരനായ ചെറുപ്പക്കാരന്‍ ആണ്ടവധിക്ക് വീട്ടിലെത്തുന്നു. അന്നൊക്കെ വിവിധതരം സ്‌പ്രേ, വാച്ച്, നൈലോണ്‍ ജോര്‍ജറ്റ് സാരി ഒക്കെ ഗള്‍ഫില്‍ നിന്നുള്ള വിശിഷ്ട സമ്മാനങ്ങള്‍ ആയിരുന്നു.

വന്നപാടെ വീട്ടുകാരും കൂട്ടുകാരുമൊക്കെയായി ചെറുപ്പക്കാരന്‍ വിശേഷങ്ങള്‍ കൈമാറി. തിരക്കേറിയ ആദ്യദിവസങ്ങള്‍ കഴിയുമ്പോഴേക്കും അയാളുടെ ഉമ്മ, പെട്ടി തുറന്ന് കൊണ്ടുവന്ന സാധനങ്ങള്‍ എല്ലാം തന്നെ കുടുംബാംഗങ്ങള്‍ക്കായി വീതിച്ചിരുന്നു.

ഒരു ദിവസം കിടക്കാറായപ്പോള്‍, ആകെ വിഷമിച്ചിരിക്കുന്ന ഭര്‍ത്താവിനോട് ഭാര്യകാര്യം തിരക്കി. തന്റെ പിടിപ്പുകേടുകാരണം പെട്ടിയില്‍ വെച്ചിരുന്ന ഒരു പ്രത്യേക കെട്ട് സാരി ഉമ്മയുടെ വിതരണത്തിനിടെ കൈവിട്ടു പോയ കാര്യം അയാള്‍ മടിച്ചു മടിച്ചു പറഞ്ഞു. അത് ഗള്‍ഫിലെ തന്റെ ചങ്ങാതി അയാളുടെ വീട്ടിലേല്‍പിക്കുവാന്‍ കൊടുത്തുവിട്ടതായിരുന്നു.

കാര്യംപിടികിട്ടിയ ആ സാധു സ്ത്രീ, വെറും എട്ടാം ക്ലാസുകാരി, വേറെ ഒന്നും ഓര്‍ത്തില്ല. ഉമ്മയെ കുറ്റപ്പെടുത്തിയുമില്ല. ചങ്ങാതിയുടെ മുമ്പില്‍ സ്വന്തം ഭര്‍ത്താവ് നാണം കെടരുത്. അവള്‍ അയാളെ ആശ്വസിപ്പിച്ചതിങ്ങനെ.

ബേജാറകണ്ട. എനിക്കുള്ള സാരി അവിടെ കൊടുത്തോളൂ. നിങ്ങള്‍ക്ക് പടച്ചോന്‍ കനിഞ്ഞ് ആയുസ്സു തന്നാല്‍ എനിക്കിനിയും സാരികിട്ടാന്‍ തരപ്പെടും.

നന്മയുടെ നറുമലരുകള്‍ മനസ്സില്‍ വിരിയിക്കുന്ന സാരികഥകള്‍!

ഒളിമങ്ങാത്ത സാരികഥകള്‍ (പ്രേമ എബ്രഹാം മാന്തുരുത്തില്‍)
Join WhatsApp News
Sudhir Panikkaveetil 2016-12-03 20:24:41
കൊച്ചു, കൊച്ചു കാര്യങ്ങളുടെ കഥ മെനയുന്ന എഴുത്തുകാരി, ഇപ്പോൾ സാ  രീ  .. ഇനിയുമുണ്ട് ഗ മ പ ..തുടങ്ങി ... സർഗ്ഗ സങ്കല്പങ്ങൾ സപ്ത സ്വരങ്ങളിൽ അലിയുന്ന പോലെ ..സംഭവ ചരിത്രങ്ങൾ (Anecdote ) വരട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക