Image

ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസിന്റെ കബറടക്കം ശനിയാഴ്‌ച

Published on 17 February, 2012
ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസിന്റെ കബറടക്കം ശനിയാഴ്‌ച
തിരുവല്ല: കാലം ചെയ്‌ത മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ സീനിയര്‍ മെത്രാപ്പൊലീത്തയും നിരണം മുന്‍ ഭദ്രാസനാധിപനുമായ ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസിന്റെ കബറടക്കം നാളെ (ശനി) മൂന്നു മണിക്ക്‌ മാവേലിക്കര സെന്റ്‌ പോള്‍സ്‌ മിഷന്‍ ട്രെയിനിങ്‌ സെന്ററില്‍ നടക്കും.

ഇന്ന്‌ 7.30ന്‌ സഖറിയാസ്‌ മാര്‍ തെയോഫിലോസ്‌ കുര്‍ബാന അര്‍പ്പിക്കും. ഉച്ചവരെ പരുമല സെമിനാരിയില്‍ പൊതു ദര്‍ശനത്തിനു വയ്‌ക്കും. 2. 30ന്‌ തിരുവല്ല ബഥനി അരമനയിലേക്ക്‌ വിലാപയാത്ര പുറപ്പെടും. നാലു മുതല്‍ ആറുവരെ അവിടെ പൊതുദര്‍ശനത്തിനു വയ്‌ക്കും.

തുടര്‍ന്ന്‌ നിരണം സെന്റ്‌ മേരീസ്‌ വലിയ പള്ളിയിലേക്ക്‌ പുറപ്പെടും. നിരണം പള്ളിയിലെ പ്രത്യേക പ്രാര്‍ഥനകള്‍ക്കു ശേഷം രാത്രി ഒന്‍പതിന്‌ പരുമല പള്ളിയില്‍ എത്തിച്ചേരും.

നാളെ ആറിന്‌ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന. 12ന്‌ ഭൗതികശരീരം മാര്‍ ഒസ്‌താത്തിയോസിന്റെ മാതൃ ഇടവകയായ മാവേലിക്കര പത്തിച്ചിറ സെന്റ്‌ ജോണ്‍സ്‌ പള്ളിയിലേക്കു കൊണ്ടുപോകും. കബറടക്കത്തിന്റെ എട്ടാം ശുശ്രൂഷ അവിടെ നടക്കും.

രണ്ടിന്‌ വിലാപയാത്രയായി മാവേലിക്കര സെന്റ്‌ പോള്‍സ്‌ മിഷന്‍ ട്രെയിനിങ്‌ സെന്ററിലേക്കു കൊണ്ടുപോകും. മൂന്നിന്‌ പരിശുദ്ധ ബസേലിയോസ്‌ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവായുടെയും പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും കാര്‍മികത്വത്തില്‍ സമാപന ശുശ്രൂഷ നടക്കുമെന്ന്‌ നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ അറിയിച്ചു.

വൃക്ക സംബന്ധമായ രോഗത്തിന്‌ ഒരാഴ്‌ച മുന്‍പ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ഹൃദയാഘാതം ആണ്‌ മരണകാരണമെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക