Image

അരിസോണയില്‍ ഫാമിലി പിക്‌നിക്ക്‌ 2012 നവ്യാനുഭവമായി

ജോയിച്ചന്‍ പുതുക്കുളം Published on 17 February, 2012
അരിസോണയില്‍ ഫാമിലി പിക്‌നിക്ക്‌ 2012 നവ്യാനുഭവമായി
ഫീനിക്‌സ്‌: ഫീനിക്‌സിലെ ഹോളി ഫാമിലി സീറോ മലബാര്‍ മിഷന്‍ ഇടവകാംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഫാമിലി പിക്‌നിക്ക്‌ 2012 ഏവര്‍ക്കും നവ്യാനുഭവമായി. ഇടവകയൊരു കുടുംബം എന്ന സന്ദേശവുമായി ടെമ്പിയിലെ പ്രശസ്‌തമായ കിവാനിസ്‌ പാര്‍ക്കില്‍ നടന്ന പരിപാടികള്‍ക്ക്‌ വികാരി ഫാ. മാത്യു മുഞ്ഞനാട്ട്‌ നേതൃത്വം നല്‍കി. വിനോദ പരിപാടികള്‍ക്കുപുറമെ കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും ദമ്പതികള്‍ക്കുമായി പ്രത്യേകം കായിക മത്സരങ്ങള്‍ ഏര്‍പ്പെടുത്തിയത്‌ പിക്‌നിക്കിനെ ആവേശവും വാശിയേറിയതുമാക്കി.

മലയാളത്തനിമ നിലനിര്‍ത്തുന്ന വടംവലി, കസേരകളി, ലെമണ്‍ സ്‌പൂണ്‍ എന്നിവ മത്സരങ്ങളില്‍ പങ്കെടുത്തവരിലും കാഴ്‌ചക്കാരിലും ഗൃഹാതുരത്വമുണര്‍ത്തി.

സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു, പൗളിനോസ്‌ കടവില്‍ എന്നിവര്‍ അടങ്ങുന്ന കോര്‍ഡിനേറ്റിംഗ്‌ സമിതിയാണ്‌ വ്യക്തിഗത വിഭാഗത്തിലും ഗ്രൂപ്പ്‌ തലത്തിലുമുള്ള മത്സരങ്ങള്‍ നിയന്ത്രിച്ചത്‌. വിജയികള്‍ക്ക്‌ പ്രത്യേക ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

ആരോഗ്യകരമായ മത്സരങ്ങള്‍ സമൂഹത്തില്‍ ഐക്യവും, കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രചോദനവും നല്‍കുമെന്ന്‌ സമ്മാനദാനം നിര്‍വ്വഹിച്ച ഫാ. മാത്യു മുഞ്ഞനാട്ട്‌ അഭിപ്രായപ്പെട്ടു.

റിന്‍സണ്‍ ജോണ്‍, മനോജ്‌ ജോണ്‍, ജോര്‍ജ്‌ പോള്‍, തോമസ്‌ ചാക്കോ, സിബി ജയിംസ്‌ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ നേതൃത്വം നല്‍കിയത്‌. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌.
അരിസോണയില്‍ ഫാമിലി പിക്‌നിക്ക്‌ 2012 നവ്യാനുഭവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക