Image

ഫിദല്‍:വിപ്ലവത്തിന്റെ വീരേതിഹാസം (അനുസ്മരണം: മുഖ്യമന്ത്രി പിണറായി വിജയന്‍)

Published on 30 November, 2016
ഫിദല്‍:വിപ്ലവത്തിന്റെ വീരേതിഹാസം (അനുസ്മരണം: മുഖ്യമന്ത്രി പിണറായി വിജയന്‍)
വിപ്ലവത്തിന്‍റെ വിരേതിഹാസമായി സ്വന്തം ജീവിതത്തെ മാറ്റിയ ധീരനായകര്‍ ചരിത്രത്തില്‍ അങ്ങിങ്ങായുണ്ട്. ആ ശൃംഖലയിലെ ഇങ്ങേയറ്റത്ത് നമ്മോടേറ്റവും അടുത്തുനിന്ന കണ്ണിയായിരുന്നു ഫിദല്‍ കാസ്‌ട്രോ. ഐതിഹാസിക വ്യക്തിത്വത്തിന്‍റെ കാര്യത്തില്‍ സമാനതയുള്ള മറ്റൊരാള്‍ അതിനിപ്പുറത്ത് ലോകത്തെവിടെയുമില്ല. ഈ വസ്തുതയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോഴാണ് ഫിദല്‍ കാസ്‌ട്രോയുടെ ഉന്നതമായ മഹത്വവും അദ്ദേഹത്തിന്‍റെ വിയോഗം സൃഷ്ടിക്കുന്ന അഗാധമായ നഷ്ടവും നമുക്ക് കൂടുതല്‍ മനസ്സിലാവുക.

സ്വതന്ത്ര രാഷ്ട്രങ്ങളെയും ലോക സോഷ്യലിസ്റ്റ് സമ്പ്രദായങ്ങളെയും സംഹരിക്കാന്‍ വ്യഗ്രതപൂണ്ടു നില്‍ക്കുന്ന സാമ്രാജ്യത്വത്തെ വിറപ്പിക്കാന്‍ പോരുന്ന ആയുധങ്ങളൊന്നും കൈയിലുണ്ടായിരുന്നില്ല. ഒരു ചെറിയ രാഷ്ട്രം. ഒരു ചെറിയ ജനത. സാമ്പത്തികമായി നോക്കിയാലും സൈനികമായി നോക്കിയാലും ഏറ്റുമുട്ടി തോല്‍പിക്കാന്‍ വേണ്ട ശക്തിയില്ല. എന്നിട്ടും വിജയിച്ചു. എന്നിട്ടും അതിജീവിച്ചു. ക്യൂബയുടെ ആ ചരിത്രം ലോക ചരിത്രത്തിലെ മഹാവിസ്മയങ്ങളിലൊന്നാണ്.
ക്യൂബയ്ക്കും കാസ്‌ട്രോയ്ക്കും ഇത് എങ്ങനെ സാധ്യമാക്കാന്‍ കഴിഞ്ഞു. ലോകം അല്‍ഭുതത്തോടെ ചോദിക്കുന്ന ചോദ്യമാണിത്. ആ ചോദ്യത്തിനുള്ള ഉത്തരം ഇതാണ്. ശാസ്ത്രീയതയുള്ള ഒരു രാഷ്ട്രീയ തത്വദര്‍ശനം, അതിനോടുള്ള അചഞ്ചലമായ പ്രതിബദ്ധത, അചഞ്ചലമായ രാഷ്ട്രീയ ഇച്ഛാശക്തി. ഇതിനൊക്കെയുള്ളതിനേക്കാള്‍ ശക്തിയോ മൂര്‍ച്ചയോ ഒരു ആയുധത്തിനുമില്ല. ഇതായിരുന്നു ഫിദലിന്‍റെയും ക്യൂബയുടെയും ഏറ്റവും വലിയ മൂലധനം.

ഒരുവിധ വിഭാഗീയതയ്ക്കും വഴങ്ങാതെ ഒറ്റക്കെട്ടായി നില്‍ക്കുന്ന ഒരു ജനത. അതിനെ വിശ്വാസത്തിലെടുക്കുന്ന ഒരു നേതൃത്വം. ഇതൊക്കെയുണ്ടെങ്കില്‍ ഒരു നാടിന്‍റെ ജയത്തിനും അതിജീവനത്തിനും മറ്റെന്തു വേണം? വളരെ പ്രസക്തമായ ഈ ചോദ്യമാണ് സ്വന്തം ജീവിതം കൊണ്ട് ഫിദല്‍ കാസ്‌ട്രോ തെളിയിച്ചു കാട്ടിയത്. അത് ലോകത്തിനാകെ, പ്രത്യേകിച്ച് ആഗോളവല്‍ക്കരണത്തിനു വിധേയമായി സ്വത്വം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന നാടുകള്‍ക്കാകെ വിലപ്പെട്ട ഒരു പാഠമാണ് നല്‍കുന്നത്. വിധേയമാകാതെ എങ്ങനെ ആത്മാഭിമാനത്തോടെ ഉയര്‍ന്നുനില്‍ക്കാം. കീഴടങ്ങാതെ എങ്ങനെ പൊരുതി അതിജീവിക്കാം? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കാസ്‌ട്രോയും ക്യൂബയും ലോകത്തിനുമുമ്പില്‍ തുറന്നുവെച്ചത്.

ഉദാരവല്‍ക്കരണത്തിനും ആഗോളവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും ബദലില്ല എന്ന നിലയ്ക്കുള്ള ‘ഠവലൃല ശ െിീ മഹലേൃിമശേ്‌ല’ എന്ന മുതലാളിത്തത്തിന്‍റെ മുദ്രാവാക്യത്തിന് ‘ബദലുണ്ട്’ എന്ന നിലയ്ക്കുള്ള ‘ഠവലൃല ശ െമി മഹലേൃിമശേ്‌ല’ എന്ന മുദ്രാവാക്യം കൊണ്ടു മറുപടി നല്‍കി ഫിദല്‍ കാസ്‌ട്രോ. വെറുമൊരു മുദ്രാവാക്യം ഉയര്‍ത്തുകയായിരുന്നില്ല, അതിന്‍റെ പ്രായോഗിക രൂപം മുമ്പോട്ടുവെക്കുക കൂടിയായിരുന്നു അദ്ദേഹം. എല്ലാം ലോകബാങ്കിന്‍റെ അധീനത്തില്‍ ആവട്ടെ എന്ന് സാമ്രാജ്യത്വം കല്‍പിച്ചപ്പോള്‍ ‘ബാങ്കോ സെല്‍ഡോ’ എന്ന പേരില്‍ ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ അടിസ്ഥാനത്തില്‍ ബദല്‍ ലോകബാങ്ക് കാസ്‌ട്രോ മുന്‍കൈ എടുത്തു സ്ഥാപിച്ചു.

സാമ്രാജ്യത്വം അതിന്‍റെ വാര്‍ത്താ ഏജന്‍സികള്‍ വഴി സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രങ്ങള്‍ക്കു മേലേ പോലും അതിന്‍റെ വാര്‍ത്താധിപത്യം അടിച്ചേല്‍പിച്ചപ്പോള്‍ ടെലിസുര്‍
പോലുള്ള സംരംഭങ്ങളിലൂടെ പുത്തന്‍ ബദല്‍ അന്താരാഷ്ട്ര വാര്‍ത്താക്രമം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു അദ്ദേഹം. ‘അല്‍ബാ’ എന്ന രാഷ്ട്രസഖ്യം അടക്കം സാമ്രാജ്യത്വവിരുദ്ധ ബദല്‍ രാഷ്ട്രീയ യോജിപ്പുകളുടെ ദൃഷ്ടാന്തങ്ങള്‍ ഇനിയും ഏറെയുണ്ട്. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കും കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ സോഷ്യലിസ്റ്റ് വ്യവസ്ഥകള്‍ക്കേറ്റ തിരിച്ചടികള്‍ക്കും ശേഷം ‘ഇനി മുതലാളിത്തം; മുതലാളിത്തം മാത്രം’ എന്ന മുദ്രാവാക്യവുമായി അമേരിക്കന്‍ സാമ്രാജ്യത്വം തങ്ങളുടെ ഏകധ്രുവലോക സിദ്ധാന്തവുമായി നീങ്ങിയപ്പോള്‍ ‘സോഷ്യലിസം അല്ലെങ്കില്‍ മരണം’ എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് സോഷ്യലിസത്തിന്‍റെ കരുത്തുറ്റ സംരക്ഷകനായിനിന്നു ഫിദല്‍ കാസ്‌ട്രോ.

തുടര്‍ച്ചയായ സാമ്രാജ്യത്വ ഉപരോധങ്ങളെയും അറുന്നൂറിലേറെ വരുന്ന സിഐഎ നേതൃത്വത്തിലുള്ള വധഭീഷണികളെയും തൃണവല്‍ഗണിച്ചുകൊണ്ട് ക്യൂബയും കാസ്‌ട്രോയും നടത്തിയ അതിജീവനമാണ് പില്‍ക്കാലത്ത് ഒരു ഡസനോളം ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ സോഷ്യലിസ്റ്റ് പതാക പറത്തിക്കൊണ്ട് ഇടതുപക്ഷത്ത് ഉയര്‍ന്നുവരാനുള്ള വഴിതുറന്നത്.ശ്വാസം മുട്ടിക്കുന്ന സാമ്പത്തിക ഉപരോധങ്ങളെയും ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള വധഭീഷണികളെയും സംഹാരാത്മകമായ സൈനിക നീക്കങ്ങളെയും നേരിട്ടുകൊണ്ട് അവയ്ക്കാകെ നേതൃത്വം നല്‍കിയ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ മൂക്കിനു താഴെ ആത്മാഭിമാനത്തിന്‍റെ പതാക പാറിപ്പറത്തിക്കൊണ്ട് കാസ്‌ട്രോയും ക്യൂബയും നടത്തിയ അതിജീവനം സമാനതകളില്ലാത്തതാണ്. സ്വാതന്ത്ര്യത്തിലും സ്വാശ്രയത്വത്തിലും ഉറച്ചുനില്‍ക്കാനാഗ്രഹിക്കുന്ന ഏതു
കാലത്തെ ഏതു രാഷ്ട്രത്തിനും പ്രചോദനം നല്‍കും ആ അതിജീവനം.

ഗറില്ലാ പോരാട്ടങ്ങളിലൂടെ ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യ ഭരണത്തെ തകര്‍ത്തെറിയാനുള്ള ധീരോദാത്തമായ പോരാട്ടങ്ങളുടെ ആദ്യഘട്ടം. അങ്ങനെ മോചിപ്പിച്ചെടുത്ത ക്യൂബയെ കണ്ണിലെ കൃഷ്ണമണിയെപ്പോലെ സാമ്രാജ്യത്വ ആക്രമണങ്ങളില്‍നിന്നു രക്ഷിക്കാന്‍ നടത്തിയ പോരാട്ടങ്ങളുടെ രണ്ടാംഘട്ടം. വിശ്രമം എന്തെന്ന് അറിഞ്ഞിട്ടില്ല ഫിദല്‍. വിശ്രമം ആഗ്രഹിച്ചിട്ടുമില്ല. അനശ്വര വിപ്ലവകാരി ഏണസ്‌റ്റോ ചെഗുവേരയുമൊത്തുള്ള പോരാട്ടങ്ങള്‍, ഗ്രാന്‍മയില്‍ കടല്‍കടന്നു വന്നു നടത്തിയ മുന്നേറ്റം, മോണ്‍കാദാ മിലിറ്ററി ബാരക് ആക്രമണം, സഹോദരന്‍ റൗളുമൊത്തു തോളോടുതോള്‍ ചേര്‍ന്നു നടത്തിയ ഗറില്ലാ പോരാട്ടങ്ങള്‍, ഐസനോവര്‍ മുതല്‍ ബുഷ് വരെയുള്ളവരുടെ സാമ്രാജ്യത്വ ഉപജാപങ്ങളെ നേരിടല്‍, അംഗോള, മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ കോളനിവിരുദ്ധ പോരാട്ടങ്ങള്‍ക്കു നല്‍കിയ സൈന്യസഹായം, ചേരിചേരാ പ്രസ്ഥാനത്തിനു നല്‍കിയ അചഞ്ചലമായ നേതൃത്വം, പശ്ചിമാര്‍ധഗോളത്തിലെ പ്രഥമ സോഷ്യലിസ്റ്റ് വിപ്ലവത്തിന്‍റെ വിജയം കുറിച്ചുകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ വിപ്ലവവിമോചന മുന്നേറ്റങ്ങള്‍ക്ക് നല്‍കിയ പ്രചോദനം.

ഇങ്ങനെ നോക്കിയാല്‍ അവിശ്രമ പരിശ്രമങ്ങളുടെയും പോരാട്ടങ്ങളുടെയും അനന്തമായ ശൃംഖലയായിരുന്നു ഫിദലിന്‍റെ ജീവിതം എന്നു കാണാം. മനുഷ്യരാകെ സമഭാവനയോടെ കഴിയുന്ന ഒരു കാലം ലോകത്താകെ ഉണ്ടായിക്കാണാന്‍ വേണ്ടി സിദ്ധാന്തത്തെ പ്രയോഗവുമായി കൂട്ടിയിണക്കി മുമ്പോട്ടുപോയി അനശ്വരനായ ആ വിപ്ലവകാരി തന്‍റെ ജീവിതത്തിലുടനീളം. അങ്ങനെ, സ്വന്തം നാടായ ക്യൂബയെ ബാറ്റിസ്റ്റാ ഭരണത്തിന്‍റെ കൊടും കെടുതികളില്‍ നിന്ന് മോചിപ്പിച്ച് സാര്‍വത്രിക വിദ്യാഭ്യാസത്തിന്‍റെയും ആരോഗ്യപരിരക്ഷയുടെയും ഭക്ഷ്യസുരക്ഷയുടെയും വര്‍ണസമത്വത്തിന്‍റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെയും സാമൂഹ്യക്ഷേമത്തിന്‍റെയും വികസിതാവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിച്ചുകൊണ്ട് പുത്തന്‍ മാതൃക അദ്ദേഹം മുമ്പോട്ടുവെച്ചു.

ഇന്ത്യയുമായി എന്നും കാസ്‌ട്രോയുടെ ക്യൂബയ്ക്ക് ഒരു സാഹോദര്യബന്ധമുണ്ടായിരുന്നു. അത് എന്നും കൂടുതല്‍ ശക്തിപ്പെടുന്നുവെന്നുറപ്പാക്കുന്ന കാര്യത്തില്‍ വലിയ നിഷ്കര്‍ഷ അദ്ദേഹം കാട്ടുകയും ചെയ്തു. നീണ്ട സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്‍റെ പശ്ചാത്തലമുള്ളതു കൊണ്ടുകൂടിയാവാം ക്യൂബന്‍ വിമോചന പോരാട്ടങ്ങളെ എന്നും അനുഭാവപൂര്‍വമാണ് ഇന്ത്യ കണ്ടത്. 1959ല്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള ഭരണം അവിടെ വന്നപ്പോള്‍ ആദ്യംതന്നെ അതിനെ അംഗീകരിച്ച രാഷ്ട്രങ്ങളുടെ നിരയില്‍ ഇന്ത്യ ഉണ്ടായിരുന്നു. ഫിദല്‍ കാസ്‌ട്രോയുടെ സഖാവും ലോകം കണ്ട അനശ്വര കമ്യൂണിസ്റ്റ് പോരാളിയുമായ ചെഗുവേര വീണ്ടും പോരാട്ടത്തിനായി ബൊളീവിയന്‍ കാടുകളിലേക്ക് മന്ത്രിസ്ഥാനം ഉപേക്ഷിച്ച് ഇറങ്ങുന്നതിനുമുമ്പ് കാസ്‌ട്രോ മന്ത്രിസഭയിലെ അംഗം എന്ന നിലയ്ക്ക് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അത് ന്യൂയോര്‍ക്കില്‍ വെച്ച് നെഹ്‌റുവും കാസ്‌ട്രോയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള കളമൊരുക്കല്‍ കൂടിയായി. പിന്നീടിങ്ങോട്ടെന്നും ചേരിചേരാ പ്രസ്ഥാനത്തിന്‍റെ തലപ്പത്ത് ഒരേ ആശയവും ഒരേ വീക്ഷണവും പങ്കിട്ടുകൊണ്ട് ഇന്ത്യയും ക്യൂബയും ഒരുമിച്ചു നിന്നുവെന്നത് ചരിത്രം. അമേരിക്കന്‍ ഉപരോധത്തില്‍പ്പെട്ട് ക്യൂബ നട്ടം തിരിഞ്ഞ ഘട്ടങ്ങളില്‍ പല സഹായങ്ങളും എത്തിച്ച് ഇന്ത്യ ക്യൂബയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

ചേരിചേരാ പ്രസ്ഥാനത്തെ പൊതുവില്‍ സാമ്രാജ്യത്വ സ്വാധീനങ്ങളില്‍നിന്നു ബഹുദൂരം അകറ്റിനിര്‍ത്തുന്നതില്‍ കാസ്‌ട്രോ വഹിച്ച പങ്ക് ചെറുതല്ല. ഒരു ഘട്ടത്തില്‍ യൂഗോസ്ലാവ്യ, അള്‍ജീരിയ, ഇന്ത്യ, ക്യൂബ എന്നിവ ഉള്‍പ്പെടുന്ന ഒരു രാഷ്ട്രസംഘം തന്നെയായി ഈ കൂട്ടുകെട്ട് വികസിച്ചുവന്നു. അതാകട്ടെ, ചേരിചേരാ പ്രസ്ഥാനത്തിന് വര്‍ധിച്ച സ്വീകാര്യതയുണ്ടാക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു.

കേരളവും എന്നും കാസ്‌ട്രോയോടും ക്യൂബയോടുമുള്ള സ്‌നേഹവായ്പ് മനസ്സില്‍ സൂക്ഷിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ സാമ്പത്തിക ഉപരോധത്തില്‍ വിഷമിക്കുകയായിരുന്ന ക്യൂബയ്ക്കു വസ്ത്രവും ആഹാരവും മരുന്നും ഒക്കെ പിരിച്ചെത്തിക്കുന്നതിനുള്ള ആഹ്വാനം ദേശീയാടിസ്ഥാനത്തില്‍ വന്നപ്പോള്‍ കേരളീയര്‍ അതിനോട് എത്രയോ ആത്മാര്‍ത്ഥമായാണ് പ്രതികരിച്ചത്. ബാറ്റിസ്റ്റ സ്വേച്ഛാധിപത്യത്തെ നേരിടാന്‍ ചേയുമൊത്ത് കാസ്‌ട്രോയും സഖാക്കളും സഞ്ചരിച്ച കപ്പലിന്‍റെ പേര് ‘ഗ്രാന്‍മ’ എന്നാണ്. കേരളീയരാകെ മനസ്സില്‍ കൊണ്ടുനടക്കുന്ന പേരാണത്. കേരളത്തിലെ പല വായനശാലകള്‍ക്കും ക്ലബുകള്‍ക്കും ‘ഗ്രാന്‍മ’ എന്നു പേരിട്ടുകൊണ്ടാണ് നമ്മള്‍ ആദരം പ്രകടിപ്പിച്ചത് എന്ന് ഓര്‍മിക്കണം.

ലോകത്തെ വിറപ്പിക്കുന്നതായി പറയപ്പെടുന്ന അമേരിക്കയ്ക്കു 90 കിലോമീറ്റര്‍ മാത്രം അകലെ അമേരിക്കയ്ക്ക് ഏറ്റവും ഉജ്വലമായ വെല്ലുവിളി ഉയര്‍ത്തി സോഷ്യലിസ്റ്റ് പക്ഷത്ത് ക്യൂബ ഇപ്പോഴും നില്‍ക്കുന്നത് കാസ്‌ട്രോയുടെ ദീര്‍ഘദര്‍ശികത്വമാര്‍ന്ന നയനിലപാടുകള്‍ കൊണ്ടും അജയ്യമായ ഇച്ഛാശക്തി കൊണ്ടുമാണ്. വിപ്ലവവിരേതിഹാസത്തിന്‍റെ ധീര പ്രതീകമായ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്‍റെ ലോകോത്തര മാതൃകയായ, സോഷ്യലിസ്റ്റ് ഭരണാധികാരത്തിന്‍റെ മാതൃകാരൂപമായ ഫിദല്‍ കാസ്‌ട്രോയാണ് സോവിയറ്റ് തകര്‍ച്ചയ്ക്കു ശേഷമുള്ള ഘട്ടത്തില്‍ മാര്‍ക്‌സിസംലെനിനിസത്തിന്‍റെ അതിശക്തനായ പ്രചോദകനും പ്രചാരകനുമായി ലോക രാഷ്ട്രീയത്തില്‍ ഉയര്‍ന്നുനിന്നത്. സമാനതകളില്ലാത്ത ആ അപൂര്‍വ വ്യക്തിത്വത്തിനു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
Join WhatsApp News
Hell with communism 2016-11-30 20:35:30
കമ്മ്യൂണിസം എവിടൊക്കെ വേരൂന്നിയോ 
അവിടൊക്കെ കുട്ടിച്ചോറാക്കി 
മനുഷ്യൻ പട്ടിണിയായി. ക്യൂബ സാമ്പത്തികമായി 
പിച്ചച്ചട്ടി എടുത്തു.  കേരളത്തിലെ കള്ളന്മാര് ഒന്നുമല്ലെങ്കിൽ 
പൊതു ഖജനാവ് കൊള്ളയടിച്ചു പള്ള വീർപ്പിക്കും. കേരളത്തിലെ 
കമ്മ്യൂണിസ്റ്റുക്കാരുടെ ആസ്തി കോടികളാണ്. 
മണിയെപ്പോലെ വിവരം കെട്ടവനെ മന്ത്രിയാക്കി രാജ്യ 
പുരോഗതി കീഴോട്ട്.  ഇനി എത്ര ഐ എ സുകാരെ മണി 
ഇലക്ട്രോക്യൂട്ടു ചെയ്യുമെന്ന് ദൈവത്തിന് മാത്രം അറിയാ 
ട്രംപ് പറഞ്ഞാതാണ് ശരി .  'കാസ്ട്രോ ഈസ് ഡെഡ്'

 
പ്രവാസി 2016-11-30 21:02:56
മാണിയുടെ കയ്യിൽ രണ്ടു ഇലക്ട്രിക് വയർ ലൈവ് ഉണ്ട് . അതികം കളിച്ചാൽ ഷോക്ക് തീർച്ച . എവിടുന്നു പൊക്കി എടുത്തടാ ഇവനെയൊക്ക   എത്ര കൊച്ചു പിള്ളാര് ഇലക്ട്രിക്കൽ എഞ്ചിനീറിങ് കഴിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു . കമ്മ്യൂണിസം മരിച്ചിട്ട് എത്രനാളായി .  പിണറായി കൂട്ടരും അതും പറഞ്ഞു നടക്കുകയാ.  കേരളത്തിന് ഒരിക്കലും മോചനം ഇല്ല.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക