Image

അമ്പലനടയില്‍ നിന്ന് കുരച്ച ഹൈന്ദവ സംഘടനകള്‍ ഏതാണു സാര്‍? (മനോജ് മനയില്‍)

Published on 30 November, 2016
അമ്പലനടയില്‍ നിന്ന് കുരച്ച ഹൈന്ദവ സംഘടനകള്‍ ഏതാണു സാര്‍? (മനോജ് മനയില്‍)
തീണ്ടാരിയായ പാഞ്ചാലിയെ ഒറ്റച്ചേലയില്‍ മഹാരഥികളായ കൗരവപ്രാധാനികളുടെ മുന്നിലേക്ക് വലിച്ചിഴച്ച് തുണിയുരിഞ്ഞപ്പോള്‍ മാനം രക്ഷിക്കാന്‍ തുണികൊടുത്ത സാക്ഷാല്‍ വൈകുണ്ഠനാഥന്റെ തിരുനടയില്‍ നിന്ന് തുണിയുടുക്കുന്നതിനെച്ചൊല്ലി കുരച്ചു തുള്ളിയ ഹൈന്ദവസംഘടനകള്‍ ആരെന്നറിയാന്‍ സാര്‍, വിശ്വാസികള്‍ക്ക് അവകാശമുണ്ട്. ശ്രീപദ്മനാഭനെ ദര്‍ശിക്കാന്‍ മുഷിഞ്ഞു നാറിയ മുണ്ടുടുത്തു തന്നെ പോകണമെന്ന് ഏതു ശാസ്ത്രത്തിലാണു എഴുതി വെച്ചിരിക്കുന്നത്?

ക്ഷേത്രസന്നിധികള്‍ ഉദരംഭരികളുടേയും കച്ചവട മാഫിയകളുടെയും കൂത്തരങ്ങായി മാറിപ്പോകുന്നതിന്റെ ദുരന്തചിത്രമാണു, ആചരമെന്ന പേരില്‍ ശ്രീപദ്മനാഭന്റെ തിരുനടയില്‍ കുരച്ചു തുള്ളുന്നത്! അഴുക്കായ വസ്ത്രം കഴുകിയുടുക്കാനും കീറിയ വസ്ത്രം തുന്നിയുടുക്കാനുമാണു ഞങ്ങള്‍ പഠിച്ചിരിക്കുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാതെ ഗുഹ്യഭാഗം പോലും മറയ്ക്കാന്‍ അവകാശമില്ലാതെ ഒരു ജനത പണ്ടീക്കേരളനാട്ടില്‍ സവര്‍ണന്റെ കാമവെറിക്ക് ഇരയായ ചരിത്രമുണ്ട.

ഒരു ചാണ്‍ നീളമുള്ള തുണി റൗക്കയായി ഉപയോഗിച്ച് മാറിടത്തിന്റെ നിമ്‌നോന്നതങ്ങള്‍ പൊതിഞ്ഞു വെച്ചത് ഇഷ്ടപ്പെടാത്ത പൗരോഹിത്യം അത് മതില്‍ക്കെട്ടിനു പുറത്ത് ബലമായി അഴിച്ചുവെപ്പിച്ച് മനുഷ്യത്വത്തെ അപമാനിച്ച വീരഗാഥകള്‍ എത്രയെങ്കിലുമുണ്ട് എന്റെ സ്വന്തം ദൈവത്തിന്റെ നാടിനു പറയാന്‍! യൗവനയുക്തകളായവര്‍ റൗക്കയഴിക്കുന്നത് കാണാന്‍ അമ്പലനടയില്‍ കാമാര്‍ത്തികളായ ഉണ്ണി നമ്പൂരിമാര്‍ കാത്തുകെട്ടിക്കിടന്ന ദൃക്‌സാക്ഷി വിവരണങ്ങളുടെ ചോരപൊടിയുന്ന പൂരപ്രബന്ധങ്ങളുമുണ്ട്.

എന്തിനേറെ, തിരുവിതാംകൂര്‍ രാജപ്രഭൃതികള്‍ തങ്ങളുടെ കൊടുംക്രൂരതകളില്‍ നിന്ന് രക്ഷപ്പെടാന്‍ മുറജപമെന്ന മഹാമഹം നടത്തിയപ്പോള്‍ നമ്പൂരിക്കൂട്ടങ്ങള്‍ തിന്നും കുടിച്ചും മദിച്ചും കേളീവിഹാരമാക്കിയത് ഇതേ ശ്രീ പദ്മനാഭന്റെ അങ്കണമായിരുന്നു. അത്തരം ആഭാസമുണ്ടോ ചുരിദാര്‍ ഉടുത്ത് ഹിന്ദു സ്ത്രീകള്‍ ദേവനെ ദര്‍ശിക്കുന്നതില്‍? എന്നിട്ടും അവസാനിച്ച രാജാധിപത്യത്തിന്റെ ഹാങ്ങോവര്‍ വിടാതെ അവശേഷിക്കുന്ന രാജാക്കന്മാര്‍ കല്‍പ്പിക്കുന്നു ചുരിദാര്‍ പാടില്ലെന്ന്! എന്താണു ചുരിദാറിന്റെ പ്രശ്‌നം? കൊടുംക്രൂരതകളില്‍ നിന്നു ജനരോഷം ഭയന്ന് സ്വന്തം രാജ്യം ശ്രീ പദ്മനാഭനു അടിയറവെച്ചതിലപ്പുറം അശ്ലീലമുണ്ടോ ചുരിദാര്‍ ധാരണത്തിനു?

ദേവദാസികള്‍ക്കും കൂത്തിച്ചികള്‍ക്കും തല്പ്പമൊരുക്കി അവരുടെ അംഗവടിവുകളില്‍ ലാസ്യം തേടിയ ഗര്‍ഭശ്രീമാന്മാര്‍ക്ക് സോമരസം പാനം ചെയ്യാന്‍ അരങ്ങൊരുക്കിയതിലും വലിയ തെറ്റാണോ പാവപ്പെട്ട വിശ്വാസികള്‍ ചുരിദാര്‍ ധരിച്ച് ശ്രീകോവിലില്‍ കയറുന്നത്? പദ്മനാഭദാസന്മാരുടെ കൊള്ളയും കൊടിയ പീഡനങ്ങളും തുറന്നെഴുതിയ കുറ്റം കൊണ്ടാണു സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയത്. അതിലും വലിയ കുറ്റമാണോ ചുരിദാര്‍ ധരിക്കുന്നത്?

അമ്പലമുറ്റത്ത് കച്ചവടമെന്ന അറവുശാല നടത്തി ഭക്തന്റെ മടിക്കുത്തില്‍ കൈയിട്ടു വാരുന്ന ഉദരംഭരികളാണോ സാര്‍ ഇന്നു രാവിലെ അവിടെ കുരച്ചാക്രോശിച്ച ഹൈന്ദവ സംഘടനകള്‍? കെട്ടകാലത്തിന്റെ വിഴുപ്പു ചുമക്കുന്ന നികൃഷ്ടരുടെ വായ്‌നാറ്റത്തില്‍ ഇല്ലാതായിപ്പോകേണ്ടതല്ല, നന്മയിലേക്കുള്ള ഒരോ ചുവടുകളും.

ഇന്നലകളുടെ നഗ്‌നമായ ചരിത്രം പുലകുളി കഴിഞ്ഞില്ലെന്ന് ഇന്നത്തെ ചെയ്തികള്‍ നമ്മെ ഭീതിദമായി ഓര്‍മപ്പെടുത്തുന്നുണ്ട്! എന്തുകൊണ്ടാണു ശൗരി കണ്ണുനീരണിഞ്ഞതെന്നതിനു ഇപ്പോള്‍ ഉത്തരം കിട്ടുന്നുണ്ട.!
അമ്പലനടയില്‍ നിന്ന് കുരച്ച ഹൈന്ദവ സംഘടനകള്‍ ഏതാണു സാര്‍? (മനോജ് മനയില്‍)
Join WhatsApp News
Keraleeyan 2016-11-30 08:14:02
കേരളീയര്‍-ആണും പെണ്ണും-ജെട്ടി ഇടാന്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായി? 100 ആയോ?
പല സംഘടനകളും ഗുണ്ടകളെപ്പോലെയാണു പെരുമാറുന്നത്. 
Vayanakkaran 2016-11-30 10:55:17
Dear Manoj Manyail, you said the truth. Your words are powerful. Myself, this poor reader is with you Manoj Manayil Sir. Go ahead. Let us march for justice.
വിദ്യാധരൻ 2016-11-30 11:48:06

നമ്പൂരിമാർ പണ്ടേ കാമാർത്തികളായിരുന്ന. അവർ അമ്പല നടയിൽ മാത്രമല്ല മണ്ഡപത്തിനകത്തു വരെ ഇരുന്ന് സ്ത്രീ കുളിച്ചു ഈറനുടുത്ത് വരുന്നത് കണ്ടു ആസ്വദിച്ചിരുന്നു.  ആരാധന എന്ന വാക്കിന്റെ മൂല പദം രതിയാണോ എന്ന് സംശയം ഇല്ലാതെ ഇല്ല

അപ്പോൾ തോന്നിയെനിക്ക്മാരവിരുതും
     മന്ദസ്മിത പ്രൗഢിയും ഭക്ത്യാ ഞാനെതിരെ കുളിച്ചു ഭഗവൽ-
     പ്പാദാരവിന്ദങ്ങളെ
ച്ചിത്തെ ചേർത്തൊരരക്ഷണം മിഴിയട-
     ച്ചമ്പോടിരിക്കും വിധൗ
പന്തോക്കും മുലയും തണുത്ത തുടയും
     മറ്റേതുമെന്നോമലേ             (ചേലപ്പുറത്തു നമ്പൂതിരി)

ബാല്യകാലൊത്തൊരിക്കൽ ചാളിക്ഷേത്രത്തിന്റ മണ്ഡപത്തിൽ കുളിച്ചൊരുങ്ങി വേദാധ്യധ്യാനത്തിന് ചെന്നിരുന്ന ചേലപ്പറമ്പ് നമ്പൂതിരി സുന്ദരിയായ ഒരു യുവതി കുളിച്ച് ഈറനുടുത്ത് തൊഴാൻ വരുന്നത് കണുവാനിടയായി. കാമർത്തിപൂണ്ട നമ്പൂതിരിയുടെ ചുണ്ടിൽ നിന്നും ഉതിർന്ന കവിതയാണ് മേൽ ഉദ്ധരിച്ചത്.  പക്ഷെ ഇത് മറവിൽ നിന്ന് കേട്ട ഓതിക്കൻ നമ്പൂതിരിക്ക് അത് ഒന്നുകൂടി കേൾക്കണം എന്നായി തന്നെക്കാൾ പ്രായത്തിൽ മൂത്ത നമ്പൂതിരിയുടെ ഉള്ളിലിരിപ്പ് എന്താണെന്ന് മനസിലാകാത്തതുകൊണ്ടു ചേലപ്പറമ്പ് നമ്പൂതിരി അൽപ്പ നേരം ധ്യാനനിമഗ്നനായി ഇരുന്നു, ശ്ലോകത്തിന്റെ പൂർവ്വഭാഗം മുൻരീതിയിലും ഉത്തര ഭാഗം ഭേദഗതി ചെയ്ത് ശിവവർണ്ണനാപരമായും ചൊല്ലുകയുണ്ടായി.

ഭക്ത്യാ ഞാനെതിരെ കുളിച്ചു ഭഗവൽ-
     പ്പാദാരവിന്ദങ്ങളെ
ച്ചിത്തെ ചേർത്തൊരരക്ഷണം മിഴിയട-
     ച്ചമ്പോടിരിക്കും വിധൗ
അപ്പോൾ തോന്നിയെനിക്ക് ബാലശശിയും
     കോടീരവും ഗംഗയും
ബ്ര്ഹമന്റെ തലയും കറുത്ത ഗളവും
     മറ്റുള്ള ഭൂതാക്കളും

പുലർച്ചക്ക് കുളിച്ചു ഭക്തിപൂർവ്വം ഈശ്വരനിൽ മനസ്സുറപ്പിച്ച്‌ കണ്ണുകളടച്ച് ഞാൻ അരനിമിഷം ധ്യാനിച്ചിരിക്കവേ ചന്ദ്രകലയും ജടയും കപാലവും കറുത്ത നിറമുള്ള കഴുത്തും (നീലകണ്ഠൻ) ചുറ്റുമുള്ള ഭൂതാക്കളും എന്റെ ഓർമ്മയിൽ വന്നു.

ചുരിദാർ നിരോധിക്കുകയും ഈറൻ ഉടുത്തു സുന്ദരികളായ സ്ത്രീകൾ തൊഴാൻ വരുന്നതു തുടരുകയും വേണം . നമ്മുടെ പിതാമഹന്മാർ (വേന്ദ്രന്മാർ) തുടങ്ങി വച്ച ഈ സമ്പ്രദായം എന്തിനാണ് നിറുത്തുന്നത്? ചേലക്കര നമ്പൂതിരിയും ഓലിക്കര നമ്പൂതിരിയും ആ-രതിക്കട്ടെ


texan2 2016-11-30 15:09:54
ഇവിടത്തെ ചില ക്രിസ്ത്യാനികളൊക്കെ പണ്ട് നമ്പൂതിരി കുലം ആണെന്ന് പറഞ്ഞു കേട്ടു.  അയ്യേ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക