Image

കേരളത്തില്‍ ഇനി പിറവം പൂരം

ജി.കെ Published on 17 February, 2012
കേരളത്തില്‍ ഇനി പിറവം പൂരം
സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സമ്മേളനങ്ങള്‍ കഴിഞ്ഞതോടെ കാര്യമായ വാര്‍ത്തകളൊന്നും ഇല്ലാതെ മലയാളത്തിലെ മാധ്യമങ്ങള്‍. പ്രത്യേകിച്ച്‌ അന്നന്നത്തെ അന്നത്തിനുള്ള വക കണ്‌ടെത്താന്‍ വിഷമിക്കുന്ന ദൃശ്യമാധ്യമങ്ങള്‍ ആകെ വിഷമവൃത്തത്തിലായിരുന്നു. വല്യേട്ടനും ചെറിയേട്ടനും തമ്മിലുള്ള ചെറിയ പൊട്ടലു ചീറ്റലും ഒഴിച്ചാല്‍ ആഘോഷിക്കാന്‍ വാര്‍ത്തകളൊന്നുമില്ലാതിരുന്ന ദിനത്തിലാണ്‌ അനുഗ്രഹംപോലെ പിറവം ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മാധ്യമങ്ങളെയും ഇരുമുന്നണികളെയും ഒരുപോലെ അനുഗ്രഹിച്ചത്‌. മാര്‍ച്ച്‌ 21ന്‌ വോട്ടെണ്ണല്‍ പൂരം കഴിയുന്നതുവരെ സംസ്ഥാനത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇനി പിറവം എന്ന മൂന്നക്ഷരത്തിലായിരിക്കും.

ഉന്നയിക്കാന്‍ ഒരുപാട്‌ വിഷയങ്ങള്‍ മുന്നിലുള്ളതിനാല്‍ ഇത്തവണ ഇരുമുന്നണികള്‍ക്കും വിഷയദാരിദ്ര്യം അനുഭവപ്പെടില്ലെന്നൊരു സൗകര്യവുമുണ്‌ട്‌. പ്രത്യേകിച്ച്‌ പിറവത്തുണ്‌ടാകുന്ന ചെറിയൊരു ചലനം പോലും അങ്ങ്‌ തിരുവനന്തപുരത്ത്‌ വരെ വലിയ കുലുക്കമുണ്‌ടാക്കിയേക്കാമെന്നത്‌ കണക്കിലെടുക്കുമ്പോള്‍. ടി.എം.ജേക്കബിന്റെ മകന്‍ അനൂപ്‌ ജേക്കബാണ്‌ ഇത്തവണ പിറവത്ത്‌ യുഡിഎഫ്‌ സ്ഥാനാര്‍ഥി. ശക്തമായ ഭരണവിരുദ്ധ വികാരമുണ്‌ടായ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാക്ഷാല്‍ ടി.എം.ജേക്കബിന്‌ പോലും 157 വോട്ടുകളുടെ ഭൂരിപക്ഷം മാത്രം നേടാന്‍ കഴിഞ്ഞ പിറവത്ത്‌ സഹതാപതരംഗമെന്ന യുഡിഎഫ്‌ തന്ത്രം വിലപ്പോവുമോ എന്ന്‌ കണ്‌ടുതന്നെ അറിയേണ്‌ട കാര്യമാണ്‌.

കാരണം ടി.എം.ജേക്കബ്‌ മരിച്ചിട്ട്‌ നാലുമാസം കടന്നു പോയിരിക്കുന്നു. ടി.എം.ജേക്കബ്‌ എന്ന വ്യക്തിയോട്‌ പിറവത്തെ ജനങ്ങളുടെ മനസ്സില്‍ എന്തെങ്കിലും സഹതാപമുണ്‌ടായിരുന്നെങ്കില്‍ അതെല്ലാം വിവാദങ്ങളുടെ കുത്തൊഴുക്കില്‍ കാലത്തിന്റെ പിന്നാമ്പുറത്തേക്ക്‌ മറഞ്ഞിരിക്കുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പോര്‌ അതിന്റെ പാരമ്യത്തിലെത്തി. കെഎസ്‌യു തെരഞ്ഞെടുപ്പില്‍ പോലും `എ'യും `ഐ'യും തമ്മിലുള്ള അടി തെരുവിലേക്ക്‌ നീങ്ങിയിരിക്കുന്നു. എടുത്തു പറയാനുള്ള ഒരേയൊരു ഭരണനേട്ടം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മാത്രമാണ്‌. അഭിമാന പദ്ധതികളായ കൊച്ചി മെട്രോ റെയിലോ കഞ്ചിക്കോട്‌ കോച്ച്‌ ഫാക്‌ടറിയോ ഒന്നും ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങിയിട്ടില്ല. തലസ്ഥാനത്ത്‌ ജനങ്ങള്‍ മാലിന്യം കാരണം മൂക്കുപൊത്തി നടക്കുമ്പോള്‍ അതിവേഗ റെയിലിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌ത്‌ മുഖ്യമന്ത്രിയും മന്ത്രിമാരും സമയംപോക്കുന്നു. മന്ത്രിയായിരിക്കെ ടി.എം.ജേക്കബ്‌ പ്രഖ്യാപിച്ച ബിപിഎല്‍ കുടുംബങ്ങള്‍ക്ക്‌ ഒരു രൂപയ്‌ക്ക്‌ അരി പദ്ധതി നടപ്പാക്കാനായി എന്നത്‌ മാത്രമാണ്‌ പിറവത്തെത്തുമ്പോള്‍ യുഡിഎഫിന്‌ എടുത്തുപറയാവുന്ന ഒരേയൊരു നേട്ടം.

അതുകൊണ്‌ട്‌ ജേക്കബ്‌ മരിച്ച സമയത്തു തന്നെ തെരഞ്ഞെടുപ്പു നടത്തിയിരുന്നെങ്കില്‍ നന്നായേനെ എന്നു കരുതുകയാണ്‌ അനൂപ്‌ ജയിക്കണമെന്നാഗ്രഹിക്കുന്ന യുഡിഎഫ്‌ നേതാക്കള്‍(അവരുടെ എണ്ണം കുറവാണെങ്കിലും). എന്തായാലും വൈകിപ്പോയി. എന്നാല്‍ പിന്നെ കുറച്ചുകൂടി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കാത്തിരിക്കുമെന്നൊരു പ്രതീക്ഷ ബാക്കിയുണ്‌ടായിരുന്നു. ആറുമാസം വരെ സമയമുണ്‌ടെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനും പറഞ്ഞതോടെ പ്രതീക്ഷ വര്‍ധിച്ചതുമാണ്‌. സംസ്ഥാന ബജറ്റില്‍ ചിലപൊടിക്കൈകളൊക്കെ പ്രയോഗിച്ചാല്‍ പിറവം കൂടെ പോരുമെന്നൊരു പ്രതീക്ഷയും ബാക്കിയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം നിലവില്‍ വന്നതോടെ ബജറ്റ്‌ അവതരണം ത്രിശങ്കുവിലായി. ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഫലം വന്നു കഴിയുമ്പോള്‍ ബജറ്റ്‌ അവതരിപ്പിക്കാനാകുമോ എന്നു തന്നെ വലിയ ഉറപ്പുമില്ല. പൊടുന്നനെ ഒരു മുന്നറിയിപ്പുമില്ലാതെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇത്തരമൊരു ചതി ചെയ്യുമെന്ന്‌ കുഞ്ഞൂഞ്ഞും കൂട്ടരും പ്രതീക്ഷിച്ചില്ല. ജയിച്ചാല്‍ മണ്‌ഡലത്തിന്‌ കിട്ടുന്നത്‌ മന്ത്രിയാണെന്നതു മാത്രമാണ്‌ ഇനി പറഞ്ഞു നില്‍ക്കാനുള്ള ഒരേയൊരു കാര്യം. എന്നാല്‍ തോറ്റാലോ. അതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും കുഞ്ഞൂഞ്ഞിനും കൂട്ടര്‍ക്കും ഇപ്പോള്‍ കഴിയില്ല.

ഇതൊക്കെയാണെങ്കിലും ഉറപ്പായ തോല്‍വിയ്‌ക്കു വേണ്‌ടിയൊന്നുമല്ല യുഡിഎഫ്‌ പിറവത്ത്‌ മത്സരിക്കുന്നത്‌. കാരണം മറുവശത്ത്‌ ഇടതുമുന്നണിയിലും കാര്യങ്ങള്‍ അത്ര സുഗമമൊന്നുമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ഭരണവിരുദ്ധ വികാരം നില്‍ക്കുമ്പോള്‍ പോലും 157 വോട്ടുകള്‍ക്ക്‌ മാത്രമാണ്‌ എം.ജെ.ജേക്കബ്‌ പരാജയപ്പെട്ടതെന്നൊരു ആശ്വാസം കൂട്ടിനുണ്‌ടെന്ന്‌ മാത്രം. ഇത്തവണയും എം.ജെ.ജേക്കബ്‌ തന്നെയാണ്‌ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി. എന്നാല്‍ വിജയത്തിന്‌ അതുമാത്രം പോരെന്ന തിരിച്ചറിഞ്ഞ്‌ സംസ്ഥാന സമ്മേളനത്തില്‍ യേശുവിനെ സഖാവാക്കിയതും അന്ത്യഅത്താഴ ചിത്രത്തെ വികലമാക്കിയതുമെല്ലാം തിരിഞ്ഞുകൊത്തുമോ എന്ന ഭയം പിണറായിക്കും കൂട്ടര്‍ക്കുമുണ്‌ട്‌. എങ്കിലും യുഡിഎഫിലേതുപോലെ കുത്തഴിഞ്ഞ നിലയില്ല കാര്യങ്ങളെന്ന ആശ്വാസം മാത്രമാണ്‌ അവരുടെ അത്മവിശ്വാസം. 2006ലെ തെരഞ്ഞെടുപ്പില്‍ ടി.എം. ജേക്കബിനെ എം.ജെ.ജേക്കബ്‌ അയ്യായിരത്തിലേറെ വേട്ടുകള്‍ക്കു തോല്‍പ്പിച്ചിരുന്നുവെന്ന ചരിത്രവും ഇടതുമുന്നണിയുടെ ആത്മവിശ്വാസത്തിന്‌ അല്‍പം ബലമേകുന്നുണ്‌ട്‌. 72-68 എന്ന കുഴപ്പംപിടിച്ച നിലയിലുള്ള യുഡിഎഫ്‌ ഭരണത്തിനു പിറവത്തെ വിജയം അനിവാര്യമാണ്‌. എന്നാല്‍ അതിനുമുന്നില്‍ വെല്ലുവിളിയായി നില്‍ക്കുന്ന കാര്യങ്ങളുടെ കണക്കെടുത്താല്‍ തെരഞ്ഞെടുപ്പിന്‌ മുമ്പേ യുഡിഎഫ്‌ തോറ്റ്‌ സുല്ലിടും.

മുല്ലപ്പെരിയാര്‍ സമരം, തെരുവിലെത്തി നില്‍ക്കുന്ന സഭാ തര്‍ക്കം, ബാലകൃഷ്‌ണപിള്ള-ഗണേഷ്‌ തര്‍ക്കം, വാളകം സംഭവം, പി.സി.ജോര്‍ജ്‌ ഉയര്‍ത്തിയ വിവാദങ്ങള്‍, സീറ്റ്‌ ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന ജോണി നെല്ലൂര്‍ ഒരുക്കാനിടയുള്ള പാരകള്‍, കെ.എം.മാണിയുടെ നിലപാട്‌, ഒടുവിലയി പാമോയില്‍ കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ പിന്‍മാറ്റം വരെ ദിവസവും എണ്ണിയാലൊടുങ്ങാത്ത വിവാദങ്ങള്‍.

ഇതൊക്കെയാണെങ്കിലും സാധ്യതകളുടെ കലയായ രാഷ്‌ട്രീയത്തില്‍ എല്ലാം സാധ്യതകളാണ്‌. അതുകൊണ്‌ടു തന്നെ യുഡിഎഫിനായാലും എല്‍ഡിഎഫിനായാലും പിറവം വെറുമൊരു ജംക്ഷനല്ല. സര്‍ക്കാരിന്റെയും ഭരണ മുന്നണിയുടെയും ഭാവി തന്നെ തീര്‍പ്പാക്കിയേക്കാവുന്ന നിര്‍ണായക വഴിത്തിരിവാണ്‌. ഒരുപക്ഷേ, സംസ്ഥാന രാഷ്ട്രീയം ഇന്നോളം പിന്തുടര്‍ന്ന സകല കീഴ്‌വഴക്കങ്ങളുടെയും പൊളിച്ചെഴുത്താവാം പിറവം ഉപതെരഞ്ഞെടുപ്പു ഫലം. അതുകൊണ്‌ട്‌ കാത്തിരിക്കാം. പിറവം പൂരത്തിനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക