Image

ആന്‍ഡ്രൂ സൈമണ്ട്‌സ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

Published on 16 February, 2012
ആന്‍ഡ്രൂ സൈമണ്ട്‌സ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
മെല്‍ബണ്‍: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് പ്രഫഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായാണ് ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിക്കുന്നതെന്ന് സൈമണ്ട്‌സ് പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സൈമണ്ട്‌സ് നേരത്തെ വിരമിച്ചിരുന്നു.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന കളിക്കാരന്‍ കൂടിയായിരുന്നു 36-കാരനായ സൈമണ്ട്‌സ്. വംശീയ അധിക്ഷേപത്തിന്റെ പേരില്‍ 2008-ല്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗുമായി സൈമണ്ട്‌സ് കൊമ്പുകോര്‍ത്തത് ക്രിക്കറ്റ് ലോകത്തെ തന്നെ രണ്ടായി വിഭജിച്ചിരുന്നു. പിന്നീട് ഹര്‍ഭജനൊപ്പം മുംബൈ ഇന്ത്യന്‍സില്‍ സൈമണ്ട്‌സ് സഹതാരമായി.

1994-ലാണ് സൈമണ്ട്‌സ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 1998-ല്‍ ലാഹോറില്‍ പാകിസ്ഥാനെതിരായ ഏകദിന മത്സരത്തിലൂടെയാണ് സൈമണ്ട്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. പിന്നീട് 12 വര്‍ഷം നീണ്ട കരിയറില്‍ 198 ഏകദിനങ്ങളില്‍ നിന്നും 5,088 റണ്‍സാണ് സൈമണ്ട്‌സ് അടിച്ചുകൂട്ടിയത്. 

2009-ലാണ് സൈമണ്ട്‌സ് ഏകദിന മത്സരങ്ങളോട് വിടപറഞ്ഞത്. 2004 മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 26 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 1462 റണ്‍സാണ് സൈമണ്ട്‌സിന്റെ സമ്പാദ്യം. 2008ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്. ഏകദിനത്തില്‍ 133 വിക്കറ്റും ടെസ്റ്റില്‍ 24 വിക്കറ്റും സൈമണ്ട്‌സ് നേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക