Image

മാര്‍ ആലഞ്ചേരിക്ക് റോമില്‍ സ്വീകരണം നല്‍കി

Published on 16 February, 2012
മാര്‍ ആലഞ്ചേരിക്ക് റോമില്‍ സ്വീകരണം നല്‍കി
റോം: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയില്‍നിന്നു കര്‍ദിനാള്‍ പദവി സ്വീകരിക്കുന്നതിനു വത്തിക്കാനിലെത്തിയ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു റോമില്‍ സ്വീകരണം നല്‍കി. ലെയനാര്‍ഡോ ഡാവിഞ്ചി വിമാനത്താവളത്തില്‍ എത്തിയ മാര്‍ ആലഞ്ചേരിയെ റോമിലെ സീറോ മലബാര്‍ സഭയുടെ പ്രൊക്യുറേറ്റര്‍ റവ. ഡോ. സ്റ്റീഫന്‍ ചിറപ്പണത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സ്വീകരിച്ചു. സീറോ മലബാര്‍ കൂരിയ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, കൂരിയ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍, സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ തുടങ്ങിയവരും മാര്‍ ആലഞ്ചേരിയെ അനുഗമിക്കുന്നുണ്ട്.

തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവരും ഇറ്റലിയിലെയും വത്തിക്കാനിലെയും ഇന്ത്യന്‍ സ്ഥാനപതികളും ഇന്ത്യയില്‍നിന്നുള്ള കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രതിനിധികളും വിവിധ സ്ഥലങ്ങളില്‍നിന്നുള്ള വൈദിക, സന്യസ്ത പ്രതിനിധികളും മാര്‍ ആലഞ്ചേരിയുടെ കുടുംബാംഗങ്ങളും റോമിലെത്തുന്നുണ്ട്.

ശനിയാഴ്ച രാവിലെ പത്തരയ്ക്കു (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടിന്) വിശുദ്ധ പത്രോസിന്റെ ദേവാലയത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാണു മാര്‍ ആലഞ്ചേരിയടക്കമുള്ള നിയുക്ത കര്‍ദിനാള്‍മാര്‍ മാര്‍പാപ്പയില്‍നിന്നു കര്‍ദിനാള്‍ പദവി സ്വീകരിക്കുന്നത്. സാര്‍വത്രിക സഭയില്‍ കര്‍ദിനാള്‍ സ്ഥാനത്തിന്റെ അടയാളമായ ചുവന്ന തൊപ്പിയും മോതിരവും പുതിയ കര്‍ദിനാള്‍മാരെ മാര്‍പാപ്പ അണിയിക്കും. പിന്നീട് അവര്‍ക്കു സ്ഥാനികദേവാലയം നിശ്ചയിച്ചു കൊടുക്കും. ഇതിനു മുന്നോടിയായി, വെള്ളിയാഴ്ച നിയുക്ത കര്‍ദിനാള്‍മാര്‍ മാര്‍പാപ്പയുമൊന്നിച്ചു പ്രാര്‍ഥന നടത്തും. ന്യൂയോര്‍ക്ക് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. തിമോത്തി ഡോളന്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കും. 

ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്കു മാര്‍പാപ്പ പുതിയ കര്‍ദിനാള്‍മാര്‍ക്കൊപ്പം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആഘോഷമായ സമൂഹബലി അര്‍പ്പിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് അദ്ദേഹം വിശുദ്ധ അനസ്താസിയായുടെ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കും. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ദിവ്യബലിമധ്യേ സന്ദേശം നല്‍കും. തുടര്‍ന്ന് കര്‍ദിനാളിന്റെ ബഹുമാനാര്‍ഥം അത്താഴവിരുന്ന് നല്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക