Image

കുപ്രസിദ്ധ മോഷ്ടാവ് 'മരിയാര്‍ഭൂതം' പിടിയില്‍

Published on 16 February, 2012
കുപ്രസിദ്ധ മോഷ്ടാവ് 'മരിയാര്‍ഭൂതം' പിടിയില്‍
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് തമിഴ്‌നാട് കന്യാകുമാരി കുളച്ചല്‍ കോണംകാട് പരിവിള വീട്ടില്‍ ജോണ്‍സണ്‍ (മരിയാര്‍ഭൂതം ജോണ്‍സണ്‍-43) എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായി. നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന വിവിധ മോഷണകേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പതിനെട്ടോളം കേസുകളില്‍ 2008 ല്‍ പിടിയിലായ മരിയാര്‍ഭൂതം മൂന്നരവര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് മൂന്നു മാസം മുമ്പാണ് ജയില്‍മോചിതനായത്.

കഴിഞ്ഞ നവംബറില്‍ കലൂര്‍-കതൃക്കടവ് റോഡില്‍ ഷേണായി ക്രോസ്‌റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫണ്ട് മാനേജ്‌മെന്റ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്നു മോഷണം നടത്തിയ കേസില്‍ പ്രതിയാണ്. ലാപ്‌ടോപ്പ്, നെറ്റ്ബുക്ക്, മൊബൈല്‍ ഫോണ്‍, സോണി സൈബര്‍ഷോട്ട് കാമറ എന്നിവയും ഓഫീസിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നു പള്‍സര്‍ ബൈക്കുമാണ് മോഷ്ടിച്ചത്. ബൈക്ക് ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് ട്രെയിനില്‍ പ്രതി തമിഴ്‌നാട്ടിലേക്കു പോയി. പ്രതി വിറ്റ മുതലുകള്‍ തമിഴ്‌നാട്ടിലെ ഹൊസൂര്‍, മേട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നു പോലീസ് കണെ്ടടുത്തിട്ടുണ്ട്.

ഡിസംബറില്‍ കലൂര്‍-കതൃക്കടവ് റോഡിലെ ഫോര്‍ത്ത് ലെയിനില്‍ ഒരു വീടിന്റെ താഴത്തെ നിലയിലെ വാതില്‍ കുത്തിത്തുറന്ന് ലാപ്‌ടോപ്പും, ഏഴു പവന്റെ സ്വര്‍ണാഭരണങ്ങളും കാമറയും വാച്ചും കാഞ്ചീപുരം സാരികളും മോഷ്ടിച്ചിരുന്നു. ഇവ പ്രതിയുടെ കുളച്ചലിലെ വീട്ടില്‍ നിന്നു പോലീസ് കണെ്ടടുത്തു. ആസാദ് റോഡിലെ ചേരാതൃക്കോവില്‍ ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ നിന്നു ജനാലയിലൂടെ മേശപ്പുറത്ത് വച്ചിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായും തെളിഞ്ഞിട്ടുണ്ട്.

കുളച്ചലില്‍ നിന്ന് ആറാമത്തെ വയസില്‍ തൊഴില്‍ അന്വേഷിച്ച് എറണാകുളത്തെത്തിയ മരിയാര്‍ഭൂതം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപം എസ്ആര്‍എം റോഡിലാണ് താമസിച്ചിരുന്നത്. ആക്രി പെറുക്കിയിരുന്ന പ്രതിക്ക് കലൂരിലെ ആസാദ് റോഡ്, എസ്ആര്‍എം റോഡ്, എല്‍എഫ്‌സി റോഡ് എന്നിവയും റെയില്‍വേ ലൈനിനു സമീപത്തെ എല്ലാ റോഡുകളും ഊടുവഴികളും പരിചിതമാണ്. തമിഴ്‌നാട്ടില്‍ നിന്നു മോഷണത്തിനായി പുറപ്പെടുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്ന പ്രതി ട്രെയിനില്‍ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയശേഷം ട്രാക്കിലൂടെ നടന്നു രാത്രി പത്തോടെ മോഷണം നടത്തേണ്ട ഇടങ്ങളില്‍ നിലയുറപ്പിക്കും. മോഷണം നടത്തിയ ശേഷം അവിടെതന്നെ പതിയിരുന്ന് പുലര്‍ച്ചെ അഞ്ചരയോടെ പുറത്തുകടന്ന് രക്ഷപ്പെടുകയാണു പതിവ്. പലപ്പോഴും പോലീസിന്റെ കണ്ണില്‍പ്പെടാതിരിക്കാന്‍ ഈ തന്ത്രം സഹായകമായി.

മോഷ്ടിച്ചെടുക്കുന്ന സാധനങ്ങളില്‍ സ്വര്‍ണാഭരണങ്ങള്‍ കൂടുതലായും തമിഴ്‌നാട്ടില്‍ കൃഷ്ണഗിരി ജില്ലയിലെ അഞ്ചെട്ടി, ഹൊസൂര്‍ എന്നിവിടങ്ങളിലാണ് വിറ്റിരുന്നത്. ഇലക്ട്രോണിക് സാധനങ്ങള്‍ സേലം മേട്ടൂര്‍ സ്വദേശി മാര്‍ക്കോണിക്കും, കൃഷ്ണഗിരി ജില്ല സ്വദേശി അന്തോണിസിനുമാണു പ്രതി വിറ്റിരുന്നത്. ഇവരെ രണ്ടുമാസം മുമ്പുതന്നെ നോര്‍ത്ത് പോലീസ് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റു ചെയ്തിരുന്നു. നോര്‍ത്ത് സ്‌റ്റേഷന്‍ പരിധിയിലെ ആസാദ് റോഡ്, ഷേണായി ക്രോസ്‌റോഡ്, എസ്ആര്‍എം റോഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതി കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിരുന്നത്. 

സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത്കുമാറിന്റെയും ഡപ്യൂട്ടി കമ്മീഷണര്‍ ഗോപാലകൃഷ്ണപിള്ളയുടെയും നിര്‍ദേശാനുസരണം അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍ ജേക്കബ്, സിഐ ബി. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നോര്‍ത്ത് എസ്‌ഐ എസ്. വിജയശങ്കര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജേക്കബ്, ജേക്കബ് മാണി, സലിം, സേവ്യര്‍, ജഗീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിലീപ്, ബിജി, ഗിരീഷ്, അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക