Image

തര്‍ക്കം തീര്‍പ്പായി; സഹാറ സ്‌പോണ്‍സറായി തുടരും

Published on 16 February, 2012
തര്‍ക്കം തീര്‍പ്പായി; സഹാറ സ്‌പോണ്‍സറായി തുടരും
ന്യൂഡെല്‍ഹി: സഹാറ ഗ്രൂപ്പും ബി.സി.സി.ഐ.യും തമ്മില്‍ നിലനിന്ന തര്‍ക്കത്തിന് ഒടുവില്‍ പരിഹാരമായി. ഒത്തുതീര്‍പ്പ് ധാരണയനുസരിച്ച് ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സറായി സഹാറ ഗ്രൂപ്പ് തുടരും. സഹാറയുടെ ഉടമസ്ഥതയിലുള്ള പുണെ വാരിയേഴ്‌സ് ഐ.പി.എല്‍ അഞ്ചാം പതിപ്പില്‍ കളിക്കുകയും ചെയ്യും. സഹാറയ്ക്കുവേണ്ടി അഞ്ചാം പതിപ്പിന്റെ താരലേലം ഫിബ്രവരി 29 വരെ നീട്ടാനും ബി.സി.സി.ഐ. തയ്യാറായിട്ടുണ്ട്. ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുന്ന ക്യാപ്റ്റന്‍ യുവരാജ്‌സിങിന് പകരം മറ്റൊരു താരത്തെ എടുക്കാനും പുണെ വാരിയേഴ്‌സിന് ബി.സി.സി.ഐ. പച്ചക്കൊടി കാണിച്ചിട്ടുണ്ട്.

ബി.സി.സി.ഐ.യുമായി 2013 ഡിസംബര്‍ 31 വരെയുണ്ടായിരുന്ന 532 കോടി രൂപയുടെ കരാറില്‍ നിന്നാണ് കഴിഞ്ഞ ദിവസം പെട്ടന്ന് സഹാറ ഗ്രൂപ്പ് പിന്‍മാറിയത്. ഈ കരാര്‍ അനുസരിച്ച് ഇന്ത്യന്‍ ടീമിന്റെ ഒരോ മത്സരത്തിനും സഹാറ 3.34 കോടി രൂപയാണ് ബി.സി.സി.ഐ.യ്ക്ക് നല്‍കേണ്ടിയിരുന്നത്. പതിനൊന്ന് വര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ മുഖ്യ സ്‌പോണ്‍സറാണ് സഹാറ.

പുതിയ ധാരണ അനുസരിച്ച് മറ്റ് ടീമുകള്‍ സമ്മതിച്ചാല്‍ പുണെ വാരിയേഴ്‌സിന് അടുത്ത സീസണില്‍ അഞ്ച് വിദേശ താരങ്ങളെ കളിപ്പിക്കാം. ടീമിന് പങ്കാളികളെ തേടാനും സഹാറയ്ക്ക് ബി.സി.സി.ഐ. അനുമതി നല്‍കി. ടീമിനുവേണ്ടി താരലേലം ഫിബ്രവരി 29 വരെ നീട്ടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക