Image

ഓര്‍ത്തഡോക്‌സ്‌ സഭയുടെ `സഭാരത്‌നം' ഇനി ഓര്‍മ്മ

അനില്‍ പെണ്ണുക്കര Published on 16 February, 2012
ഓര്‍ത്തഡോക്‌സ്‌ സഭയുടെ `സഭാരത്‌നം' ഇനി ഓര്‍മ്മ
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ `സഭാരത്‌നം' ഇനി നനുനത്ത ഓര്‍മ്മ. പുരോഗമന ആശയങ്ങളോട്‌ ഏറെ അടുപ്പവും, സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ സ്വയം ഏറ്റെടുത്ത്‌ ക്രിസ്‌തുവിന്റെ വഴിയേ സഞ്ചരിച്ച പരിശുദ്ധ ഒസ്‌താത്തിയോസ്‌ തിരുമേനി ഇനി ഓര്‍മ്മയാകുമ്പോള്‍ മലയാളിക്ക്‌ നഷ്‌ടമാകുന്നത്‌ മറ്റൊരു `വാഗ്‌ഭടഗുരു'വിനെയാണ്‌.

എന്നും തിന്മയ്‌ക്കെതിരേ ശബ്‌ദമുയര്‍ത്തിയ ആദ്ധ്യാത്മിക ചിന്തകന്‍, ധിഷണശാലി, ചിന്തകന്‍, എഴുത്തുകാരന്‍, വാഗ്‌മി നിരവധി വിശേഷങ്ങള്‍ പരിശുദ്ധ തിരുമേനിക്ക്‌ സ്വന്തം.

കായേന്‍ ഹാബേലിനെ കൊന്നതിന്റെ കാരണമാണ്‌ മനുഷ്യബന്ധങ്ങളുടെ താളപ്പിഴകള്‍ക്ക്‌ കാരണം എന്ന്‌ തിരുമേനി ഒരിക്കല്‍ എഴുതി. കൊലവെട്ടിയാല്‍ നാളികേരം ചിതറുംപോലെ ദൈവത്തില്‍ നിന്നകന്നാല്‍ പരസ്‌പരം അകലുമെന്ന്‌ മാത്രമല്ല, ഹിംസിക്കുകയും ചെയ്യും. ദൈവത്തിലേക്ക്‌ തിരിച്ചുവരാതെ രക്ഷയില്ല എന്ന്‌ തിരുമേനി എഴുതുമ്പോള്‍ സാക്ഷാല്‍ ഇ.എം.എസ്‌ നമ്പൂതിരിപ്പാടുപോലും തിരുമേനിയെ മനസ്സുനിറഞ്ഞ്‌ അംഗീകരിച്ചിരുന്നു. അദ്ദേഹം ബഹുമാനിച്ചിരുന്ന തിരുമേനിമാരില്‍ പ്രഥമഗണനീയനായിരുന്നു പരിശുദ്ധ ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്ത.

മദ്യം, മയക്കുമരുന്ന്‌, ആത്മഹത്യ, രാഷ്‌ട്രീയ കൊലപാതകങ്ങള്‍ എന്നിവയാല്‍ നമ്മുടെ കൊച്ചു കേരളം ഭാരതത്തിന്റെ നെറുകയില്‍ ആയിക്കഴിഞ്ഞുവെന്നും, ഇതിന്റെ അര്‍ത്ഥം സഭകള്‍ ദൈവീകശക്തി പരിത്യജിച്ച്‌ ഭൗതീകരിക്കപ്പെട്ടിരിക്കുന്നതിനാല്‍ യുവതലമുറ മറ്റു മാര്‍ഗ്ഗങ്ങളിലേക്ക്‌ തിരിയുന്നതാണെന്നും തുറന്നെഴുതാന്‍ തിരുമേനിക്ക്‌ മടിയുണ്ടായില്ല.

മലങ്കര സഭയുടെ `സഭാരത്‌നം' ബഹുമതി തിരുമേനിക്ക്‌ എന്തുകൊണ്ടും യോജിച്ചതായിരുന്നു. എഴുതിത്തീര്‍ത്ത പുസ്‌തകങ്ങള്‍, ലേഖനങ്ങള്‍, പ്രസംഗിച്ചുതീര്‍ത്ത വാക്കുകള്‍ എല്ലാം നമ്മെ പഠിപ്പിച്ചത്‌ മനുഷ്യമനസ്സില്‍ യഥാര്‍ത്ഥ ആത്മീയതയുടെ വിത്തുകള്‍ പാകുവാനും, അടുത്തു നില്‍ക്കുന്ന സഹോദരന്റെ വ്യഥ കാണാനുമായിരുന്നു.
ഓര്‍ത്തഡോക്‌സ്‌ സഭയുടെ `സഭാരത്‌നം' ഇനി ഓര്‍മ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക