Image

ഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത (91) കാലം ചെയ്തു

Published on 16 February, 2012
ഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത (91) കാലം ചെയ്തു
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും നിരണം ഭദ്രാസനത്തിന്റെ മുന്‍ അധിപനുമായ ഡോ.ഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത (91) കാലം ചെയ്തു.

മാവേലിക്കര മിഷന്‍ സെന്ററില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. പരുമല മാര്‍ ഗ്രിഗോറിയോസ് ആസ്പത്രിയില്‍വെച്ചായിരുന്നു അന്ത്യം.

മാവേലിക്കര മുണ്ടുവേലില്‍ കൊച്ചിട്ടിയുടെയും മറിയാമ്മയുടെയും രണ്ടാമത്തെ മകനായി 1918 ഡിസംബര്‍ ഒന്‍പതിനാണ്‌ ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ ജനിച്ചത്‌. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ശാസ്‌താംകോട്ട റൂറല്‍ ബോയ്‌സ്‌ ട്രെയ്‌നിങ്‌ സ്‌കൂളില്‍ നിന്നു ടിടിസി പാസായി. കുറച്ചുകാലം അധ്യാപകനായി സേവനമനുഷ്‌ഠിച്ച അദ്ദേഹം ജബല്‍പ്പൂര്‍ ലിയോനാര്‍ഡ്‌ തീയോളജിക്കല്‍ കോളജില്‍ നിന്ന്‌ ബിഡി ബിരുദം കരസ്‌ഥമാക്കി. തുടര്‍ന്ന്‌ അമേരിക്കയില്‍ നിന്നു ബിരുദാനന്തര ബിരുദം നേടി.

നാല്‍പതോളം ആതുര സേവന സ്‌ഥാപനങ്ങള്‍ സ്‌ഥാപിച്ച അദ്ദേഹം നിരവധി ജീവകാരുണ്യ പദ്ധതികള്‍ക്കും തുടക്കംകുറിച്ചു. ആന്ധ്രയിലും ഒറീസയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹം കുഷ്‌ഠരോഗികളെയും എയ്‌ഡ്‌സ്‌ രോഗികളെയും ശുശ്രൂഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. സഭയ്‌ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ അദ്ദേഹത്തെ സഭാരത്‌നം എന്ന ബഹുമതി നല്‍കി ആദരിച്ചു.

ക്രിസ്‌തീയ ദൗത്യ ദേശീയ സംഘടന, ഡബ്ല്യുസിസി എന്നീ സംഘടനകളില്‍ അംഗമായി പ്രവര്‍ത്തിച്ചു. കോട്ടയം ഓര്‍ത്തഡോക്‌സ്‌ വൈദിക സെമിനാരിയില്‍ അധ്യാപകനായും വൈസ്‌ പ്രിന്‍സിപ്പലായും സേവനമനുഷ്‌ഠിച്ചു. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉള്‍പ്പെടെ വൈദിക സെമിനാരിയില്‍ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്ന 33 പേര്‍ പിന്നീട്‌മെത്രാപ്പൊലീത്താമാരായി.

ഓര്‍ത്തഡോക്‌സ്‌ സഭയുടെ മിഷന്‍ ബോര്‍ഡിന്റെ അധ്യക്ഷനായ അദ്ദേഹം മാവേലിക്കര സെന്റ്‌ പോള്‍സ്‌ മിഷന്‍ ട്രെയിനിങ്‌ സെന്റര്‍ ഡയറക്‌ടറുമാണ്‌. ഇംഗ്ലീഷിലും മലയാളത്തിലുമായി അറുപതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു.

1956 മേയ്‌ പത്തിന്‌ കോട്ടയം ദേവലോകം അരമനയില്‍ പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവയില്‍ നിന്നു വൈദികപട്ടം സ്വീകരിച്ച അദ്ദേഹം തുടര്‍ന്ന്‌ ഫാ. എം.വി. ജോര്‍ജ്‌ എന്ന പേരില്‍ അറിയപ്പെട്ടു. 1975 ഫെബ്രുവരി 16ന്‌ നിരണം പള്ളിയില്‍ പരിശുദ്ധ ഔഗേന്‍ ബാവ അദ്ദേഹത്തെ മെത്രാപ്പോലീത്തയായി വാഴിച്ചു. തുടര്‍ന്ന്‌ 1975 ഏപ്രില്‍ ഒന്നിന്‌ നിരണം ഭദ്രാസനാധിപനായി. 2007 ജനുവരി 27നു നിരണം ഭദ്രാസനത്തിന്റെ ചുമതലയില്‍ നിന്നും ഒഴിഞ്ഞ മാര്‍ ഒസ്‌താത്തിയോസ്‌ പിന്നീട്‌ ഭദ്രാസനത്തിന്റെ വലിയ മെത്രാപ്പൊലീത്തയായി അറിയപ്പെട്ടു.

ഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത (91) കാലം ചെയ്തുഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത (91) കാലം ചെയ്തുഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത (91) കാലം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക