Image

കുവൈറ്റില്‍ നിയമലംഘനം വെച്ചുപൊറുപ്പിക്കില്ല: അമീര്‍

Published on 16 February, 2012
കുവൈറ്റില്‍ നിയമലംഘനം വെച്ചുപൊറുപ്പിക്കില്ല: അമീര്‍
കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ നിയമാധിഷ്‌ഠിത, ജനാധിപത്യ രാജ്യമാണെന്നും അതുകൊണ്ടുതന്നെ നിയമ ലംഘനവും ജനങ്ങള്‍ നിയമം കൈയിലെടുക്കുന്നതും പൊറുപ്പിക്കാനാവില്‌ളെന്നും അമീര്‍ ശൈഖ്‌ സ്വബാഹ്‌ അല്‍ അഹ്മദ്‌ അസ്വബാഹ്‌. `നിയമ ലംഘനമോ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്നതോ അംഗീകരിനാവില്ല. കുവൈത്ത്‌ നിയമാധിഷ്‌ഠിത, ജനാധിപത്യ രാജ്യമാണ്‌. ഇവിടെ നിയമം നടപ്പാക്കാനും അത്‌ ലംഘിക്കപ്പെട്ടാല്‍ നടപടികളെടുക്കാനും സംവിധാനങ്ങളുണ്ട്‌'.

14ാമത്‌ ദേശീയ അസംബ്‌ളി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ അമീര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ രാജ്യത്തുണ്ടായ സംഘര്‍ഷങ്ങളെ പരാമര്‍ശിച്ച അമീര്‍ അത്തരം ചെയ്‌തികള്‍ രാജ്യത്തെ തകര്‍ക്കുമെന്നും ജനങ്ങളുടെ അഭിമാനത്തെ വ്രണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി. അവ ധൈര്യപ്രകടനങ്ങളല്‌ളെന്നും അംഗീകരിക്കാനാവില്‌ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുക്കപ്പെട്ട എം.പിമാരെ അഭിനന്ദിച്ചുകൊണ്ട്‌ തുടങ്ങിയ അമീര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ നിര്‍വഹിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന്‌ ഓര്‍മിപ്പിച്ചു. നീതിപൂര്‍വകവും സമാധാനപരവുമായി നടന്ന തെരഞ്ഞെടുപ്പിന്‌ അതിന്‍െറ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ കൃതജ്ഞത രേഖപ്പെടുത്തിയ അമീര്‍ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്‌ അറബ്‌ ലോകത്തും അന്താരാഷ്ട്ര തലത്തിലും ലഭിച്ച പ്രശംസ നമ്മുടെ കൂട്ടുത്തരവാദിത്തം വര്‍ധിപ്പിക്കുകണ്‌ ചെയ്യുന്നതെന്ന്‌ ചൂണ്ടിക്കാട്ടി.

കുവൈത്തില്‍ ജനാധിപത്യം പ്രതിസന്ധിയിലാണെന്ന പ്രചാരണത്തില്‍ സത്യമില്‌ളെന്നതിന്‌ ഈ തെരഞ്ഞെടുപ്പ്‌ തന്നെ തെളിവാണെന്നും മുന്‍കാല പിഴവുകളില്‍നിന്ന്‌ പാഠമുള്‍ക്കൊണ്ട്‌ മുന്നോട്ടുപോവാനാണ്‌ ശ്രമം നടത്തേണ്ടതെന്നും അമീര്‍ പറഞ്ഞു. രാജ്യത്തിന്‍െറ വികസന രംഗത്ത്‌ ഏറെ ചെയ്യാനുണ്ടെന്നും അതിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെയും യുവതലമുറയുടെയും വിദ്യാഭ്യാസത്തിന്‌ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. സര്‍വോപരി ലോകത്തിനൊപ്പം നീങ്ങാനും പരിഷ്‌കരണ രംഗത്തെ വെല്ലുവിളികള്‍ വിജയകരമായി അതിജീവിക്കാനും പാര്‍ലമെന്‍റംഗങ്ങള്‍ പ്രതിജ്ഞാബന്ധരായിരിക്കണമെന്ന്‌ അമീര്‍ ഓര്‍മിപ്പിച്ചു.
കുവൈറ്റില്‍ നിയമലംഘനം വെച്ചുപൊറുപ്പിക്കില്ല: അമീര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക