Image

വേദപുസ്തകവും കേരളനവോത്ഥാനവും(ഡി.ബാബു പോള്‍)

ഡി.ബാബു പോള്‍ Published on 16 November, 2016
 വേദപുസ്തകവും കേരളനവോത്ഥാനവും(ഡി.ബാബു പോള്‍)
വെള്ളക്കാര്‍ തങ്ങളെ എന്നും കീഴാളരും അടിമകളും ആയി നിലനിര്‍ത്താനാണ് മോഹിച്ചതെങ്കിലും അവര്‍ തങ്ങള്‍ക്ക് വേദപുസ്തകം ലഭ്യമാക്കരുതായിരുന്നു എന്ന് പറഞ്ഞത് വര്‍ണ്ണവിവേചനത്തിനെതിരെ പൊരുതിയ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു. നീതിക്കായ് ദാഹിക്കുന്ന ഏത് വിപ്ലവകാരിയുടെയും കൈയ്യില്‍ ചെന്നുപെടാവുന്ന ഏറ്റവും ശക്തമായ ആയുധം ബൈബിളാണ് എന്ന് ടുട്ടുവും കൂട്ടരും കരുതി.
വേദപുസ്തകത്തിന്റെ ഈ പ്രാധാന്യവും രാഷ്ട്രീയമാനവും ശ്രദ്ധിക്കപ്പെട്ടത് സാക്ഷരത വ്യാപകമാവുകയും അച്ചടി പ്രചാരത്തില്‍ വരികയും ചെയ്തതിന് ശേഷം ആയിരുന്നു. നവീകരണത്തിന്റെ പ്രയോക്താക്കളാണ് അധികാരസ്ഥാനങ്ങളെ വെല്ലുവിളിക്കാനുള്ള ധൈര്യം പകരുന്ന മാനിഫെസ്റ്റോ ആയി ബൈബിളിനെ അവതരിപ്പിച്ചത് എന്ന് പറയാറുണ്ട്. ഒപ്പം യാഥാസ്ഥിതികരും തങ്ങളുടെ നിലപാടിന് ബലം പകരാന്‍ ബൈബിളില്‍ തന്നെ വക കണ്ടു.

യൂറോപ്യന്‍ നവോത്ഥാനത്തിന് മുന്‍പ് സാധാരണസായിപ്പിന് ബൈബിള്‍ സുറിയാനി ക്രിസ്ത്യാനികളുടെ പഴയ 'പാല്‍പ്പുസ്തകം' പോലെയോ  മഹാപുരോഹിതന്‍മാരുടെ
ഊറീമുകളുടെയും തുമ്മീമുകളുടെയും ഒരു പരിഷ്‌കൃതരൂപം പോലെയോ അനുഗ്രഹിക്കാനും ശപിക്കാനും ഉപയോഗിക്കാവുന്ന വാക്യങ്ങളുടെ കലവറയും യഹൂദതന്‍മാര്‍ പട്ടയില്‍ എഴുതിയത് പോലെ കോട്ടിന്റെ കീശയില്‍ തുന്നിച്ചേര്‍ക്കാനുള്ള ദൈവവചനവും ഒക്കെ ആയിട്ടല്ലാതെ ബൈബിള്‍ എന്ത് പറയുന്നു എന്നറിയാന്‍ സാധാരണക്കാരനെ ബോധ്യപ്പെടുത്തുന്ന ഗ്രന്ഥമായി കാണാന്‍ കഴിഞ്ഞിരുന്നില്ല. അതായത് ബൈബിള്‍ ആധ്യാത്മിക സന്ദേശം എന്നതിലുപരി മാജിക്കുകാരന്റെയോ മന്ത്രവാദിയുടെയോ ആയുധം മാത്രം ആയിരുന്നു. അങ്ങനെ ഒരു സാധനം ആശാരിയുടെയും മൂശാരിയുടെയും കൈവശം എത്തുന്നതിനെ ഭയന്നവരാണ് പതിനാലാം നൂറ്റാണ്ടില്‍ വൈക്ലിഫിനെ എതിര്‍ത്തത്. പതിനാറാം നൂറ്റാണ്ടിലും ബൈബിള്‍ പരിചയം വ്യാപകമാവുന്നത് 'ആട് ഇടയനെയും ഭാര്യ ഭര്‍ത്താവിനെയും ജനം പട്ടക്കാരനെയും' പഠിപ്പിക്കുന്നതിലേയ്ക്ക് നയിക്കും എന്ന ഭയം ബൈബിള്‍ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്ത ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ പോലും 'ഒരുത്തന്‍ പൊരുള്‍ തിരിച്ചുതരാഞ്ഞാല്‍ എങ്ങനെ ഗ്രഹിക്കും' എന്ന് ചോദിച്ച എത്യോപ്യന്‍ ഷണ്ഡനെ അനുസ്മരിപ്പിക്കുമാറ് അവിദ്യാലംകൃതരായ അല്‍മായക്കാര്‍ക്ക് ബൈബിള്‍ ഗ്രഹിക്കാന്‍ വേദോപദേശം ഒപ്പം ഉണ്ടാവണം എന്ന് കരുതിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് ബൈബിള്‍ ആര്‍ക്കും വാങ്ങി വായിക്കാവുന്ന ഗ്രന്ഥമായി യൂറോപ്പില്‍ അംഗീകരിക്കപ്പെട്ടത്.

ബൗദ്ധികലോകത്ത് ബൈബിള്‍ സ്വാധീനം ചെലുത്തിയതും ഏതാണ്ട് നവോത്ഥാനത്തോട് ചേര്‍ത്തുവായിക്കാവുന്നതാണ്. 'പഠിക്കാന്‍ നമുക്ക് രണ്ട് പുസ്തകങ്ങളുണ്ട്, ദൈവഹിതം വെളിപ്പെടുത്തുന്ന വേദപുസ്തകവും ദൈവശക്തി വെളിപ്പെടുത്തുന്ന സൃഷ്ടിയും. ആദ്യത്തേത് പഠിക്കാന്‍ പരിശോധിക്കേണ്ട പാഠപുസ്തകമാണ് രണ്ടാമത്തേത്' എന്ന് ഫ്രാന്‍സിസ് ബേക്കണ്‍(1561-1626) പറഞ്ഞു. തുടര്‍ന്നുവന്ന രണ്ട നൂറ്റാണ്ടുകളില്‍ ശാസ്ത്രീയജ്ഞാനത്തില്‍ ഉണ്ടായ വര്‍ദ്ധന ഈ പ്രസ്താവനയില്‍ നിന്ന് തുടങ്ങുന്നതായി ക്വീന്‍സ് ലന്റ് സര്‍വ്വകലാശാലയിലെ പീറ്റര്‍ ഹാരിസണ്‍ നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ പ്രകൃതി സൃഷ്ടാവിന്റെ ശക്തിയും വിവേകവും തെളിയിക്കുന്നുണ്ടെങ്കിലും സ്രഷ്ടാവിന്റെ സ്വഭാവം അറിയണമെങ്കില്‍ വേദപുസ്തകം തന്നെയാണ് ശക്തം എന്ന് ബേക്കണ്‍ തന്നെ പറഞ്ഞതും ഇവിടെ ഓര്‍മ്മിക്കണം. ഗലീലിയോ, ബോയ്ല്‍, തുടങ്ങിയവരൊക്കെ പ്രകൃതിയെയും ശാസ്ത്രത്തെയും പഠിച്ചവരാണ്. അവരുടെ അന്വേഷണങ്ങളുടെ വിശദാംശങ്ങളോ അവര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളോ ഈ പ്രകൃതത്തില്‍ പരിശോധിക്കേണ്ടതില്ല. അവരുടെ പ്രചോദനസ്‌ത്രോതസ്സ് വേദപുസ്തകമായിരുന്നു എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. സങ്കീര്‍ത്തനം 19:1, റോമാ ലേഖനം 1:20 എന്നിവ വേലിയുടെ രണ്ട് വശത്ത് നിന്നും വായിക്കാവുന്നതാണെങ്കിലും അറിവിന്റെ പുതിയ അദ്ധ്യായങ്ങള്‍ രചിക്കുവാന്‍ അവ പ്രേരകമായി എന്നതാണ് ഇവിടെ പ്രധാനം.

ബൈബിളിന്റെ പുനര്‍വായകള്‍ ചരിത്രത്തിന്റെ ദര്‍ശനത്തെ രൂപപ്പെടുത്താന്‍ സഹായിച്ചു. ഒറൈത്തായുടെ അഞ്ച് പുസ്തകങ്ങളില്‍ മനുഷ്യരാശിയുടെ ചരിത്രം പരിമിതപ്പെടുത്താവതല്ല എന്ന് കണ്ടെത്താന്‍ സഹായിച്ചതും മറ്റൊന്നല്ല. സാഹിത്യം, സംഗീതം, ചിത്രകല, ശില്പകല എന്നിങ്ങനെ നവോത്ഥാനമുദ്രകള്‍ തെളിഞ്ഞിട്ടുള്ള സമസ്തമേഖലകളെയും വേദപുസ്തകം സ്വാധീനിച്ചു. 

ഭാരതം പോലെ ഒരു ബഹുസ്വരസമൂഹത്തില്‍ ബൈബിള്‍ പുനര്‍വായനയ്ക്ക് വിധേയമാകേണ്ടതുണ്ട്. രാജാറാം മോഹന്‍ റോയിയും ജോഷ്വാ മാര്‍ഷ്മാനും തമ്മില്‍ നടന്ന വാദപ്രതിവാദങ്ങളും കുമരപ്പയും ആര്‍ച്ച് ബിഷപ് വെസ്റ്റ് കോട്ടും തമ്മില്‍ ഉണ്ടായ സംവാദവും യഹൂദസമൂഹത്തില്‍ ഏകെദൈവ വിശ്വാസം ഇന്നത്തെ രൂപം പ്രാപിച്ചത് പ്രവാസാനന്തരമൂണ്ടെന്ന് കിരണന്‍ ആംസ്‌ട്രോംങ് പറയുന്നത് അനുസ്മരിച്ചുകൊണ്ട് ദൈവരൂപങ്ങള്‍ ശ്രദ്ധയ്ക്കായി മത്സരിക്കുന്ന പൗരസ്ത്യദേശത്ത് പുതിയ ഒരു ഹെര്‍മസ്യൂട്ടിക്‌സ് ഉണ്ടാകേണ്ടതുണ്ട് എന്ന് വാദിക്കുന്ന സുകൃതരാജിനെ പോലെ ഉള്ളവരുടെ ചിന്താപദ്ധതികളും ഭാരതത്തില്‍ ബൈബിളിന്റെ സ്വാധീനതയെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ മറന്നുകൂടാ. മലയാളിക്ക് ബൈബിള്‍ ലഭ്യമായ കാലത്തെ ബൗദ്ധികാന്തരീക്ഷമല്ല ഇന്ന് ഈ നാട്ടിലുള്ളത് എന്ന് സൂചിപ്പിക്കുന്നത് ബൈബിള്‍ കഴിഞ്ഞ പത്തിരുന്നൂറ്റന്‍പത് കൊല്ലമായി നമ്മുടെ സമൂഹത്തിലും സാഹിത്യത്തിലും ചെലുത്തുന്ന സദ്‌പ്രേരണകള്‍ തിരിച്ചറിയുന്നതില്‍ നിന്ന് നമ്മെ തടയരുത് എന്ന് പറയാനാണ്. വേദപുസ്തകം രണ്ട് വട്ടം മുറികടക്കാന്‍ കഴിയാത്ത, അനുനിമിഷം പരിണാമവിധേയമായ നദിയെപ്പോലെയാണ് എന്ന് ഓര്‍മ്മിപ്പിക്കാനാണ് ഇത് പറയുന്നത്.

തോമാശ്ലീഹായുടെ കാലത്ത് പുതിയ നിയമം ഇല്ല. ക്‌നായിത്തോമ്മായുടെ കാലത്തും അത് ഇന്നത്തെ രൂപത്തില്‍ ലഭ്യമായിരുന്നിരിക്കാനിടയില്ല. എങ്കിലും സാഞ്ചാര്‍-അഫ്രോത്ത് കാലം ആയപ്പോഴേയ്ക്കും വൈദികര്‍ക്കെങ്കിലും ബൈബിള്‍ ഇന്നത്തെ രൂപത്തില്‍ തന്നെ ലഭ്യമായിരുന്നിരക്കണം. ആ ബൈബിള്‍ പകര്‍ത്തി എഴുതിയിരുന്നിരിക്കണം. അത് കൂടുതല്‍ പ്രതികള്‍ ലഭ്യമാക്കാനുമാവാം, ഒരു ആദ്ധ്യാത്മികാനുഷ്ഠാനം എന്ന നിലയിലും ആവാം. ഇപ്പോഴും വേദപുസ്തകം സ്വന്തം കൈയ്യക്ഷരത്തില്‍ പകര്‍ത്തിയെഴുതി ദൈവത്തെ പ്രസാദിപ്പിക്കുന്ന ശുദ്ധാത്മാക്കള്‍ ഉണ്ടല്ലോ. ക്‌ളോഡിയസ് ബുക്കാനന്‍ വന്ന കാലത്ത് നമ്മുടെ റമ്പാ•ാര്‍ വേദപുസ്തകം മലയാളത്തില്‍ ആക്കിയതും അത് മനസ്സോടെ ആവണം.
അതായത് മലയാളം ബൈബിള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ മലയാളിക്ക് ബൈബിള്‍ ഉണ്ടായിരുന്നു. അത് വൈദികര്‍ക്കും-അവരില്‍ തന്നെ സുറിയാനി അറിയാവുന്നവര്‍ക്കും-മാത്രം ആയിരുന്നു പ്രാപ്തം എന്ന് മാത്രം. അതില്‍ സാമൂഹികമാനങ്ങള്‍ ശ്രദ്ധിക്കുവാന്‍ തക്കവണ്ണം ആരും അത് പഠനത്തിനോ വിമര്‍ശനത്തിനോ വിധേയമാക്കിയിരുന്നുമില്ല.

മണ്‍റോയുടെ കാലം മുതലാണ് കേരളത്തില്‍ നവോത്ഥാനം തുടങ്ങുന്നത് എന്നാണ് എന്റെ പക്ഷം. പോര്‍ച്ചുഗീസുകാരുടെ കാലത്ത് ധനാത്മകമായും ഋണാത്മകമായും സാംസ്‌ക്കാരികഭൂമികയില്‍ ഇടപെടലുകള്‍ ഉണ്ടായി. അര്‍ണാസ് പാതിരി ആദ്യത്തേതിനും മെനെസിസ് രണ്ടാമത്തേതിനും അടയാളങ്ങള്‍. ഡച്ചുകാരാകട്ടെ ഹോര്‍ത്തൂസ് മലബാറിക്കൂസിലും വാന്‍ റീഡിന്റെ കത്തുകളിലും മാത്രം ആണ് അടയാളങ്ങള്‍ അവശേഷിപ്പിച്ചത്. ബ്രിട്ടീഷുകാരും ശീമയില്‍ നിന്ന് വന്ന സുറിയാനി പിതാക്ക•ാരും കേരളീയ സമൂഹത്തെ ഒന്നായി കാണാനൊ അവരുടെ നവോത്ഥാനത്തിലൂടെ ഒരു പുതിയ യുഗം സൃഷ്ടിക്കണം എന്ന ചിന്തയോടെ എന്തെങ്കിലും ചെയ്യാനോ ശ്രമിച്ചു എന്ന് തോന്നുന്നില്ല. ബ്രിട്ടീഷുകാര്‍ക്ക് വ്യാപാരവും അതിന് ആവശ്യമായത്ര രാഷ്ട്രീയാധികാരവും മാത്രം ആയിരുന്നു കൗതുകം. സുറിയാനി പിതാക്ക•ാരാകട്ടെ സ്വന്തം വിശ്വാസം പങ്കിട്ടവരെ ആ വിശ്വാസത്തില്‍ ഉറപ്പിക്കാനാവുന്ന അനുഷ്ഠാനവിധാനങ്ങളിലാണ് ശ്രദ്ധിച്ചത്. അതുകൊണ്ടാണ് മണ്‍റോ മുതലാണ് നമ്മുടെ നവോത്ഥാനചരിത്രം തുടങ്ങുന്നത് എന്ന് നേരത്തെ പറഞ്ഞതും.

മണ്‍റോ ഒരു മിഷണറി ആയിരുന്നു മനസ്സുകൊണ്ട്. വൈദികനാകാന്‍ മോഹിച്ച് സൈനികനായ ആളായിരുന്നുവല്ലോ അദ്ദേഹം. മതപരിവര്‍ത്തനം അദ്ദേഹത്തിന്റെ ലക്ഷ്യം ആയിരുന്നില്ല. എന്നുമാത്രമല്ല ക്ഷേത്രങ്ങളെയും അദ്ദേഹം ആദരിച്ചിരുന്നു താനും. മണ്‍റോയുടെ ശ്രീപത്മനാഭ ഭക്തിയെക്കുറിച്ച് കൊട്ടാരത്തില്‍ ശങ്കുണ്ണി പറഞ്ഞിട്ടുണ്ട്. ആ സംഭവത്തിന് ഭാഷയഭേദം ഉണ്ട്. തിരുവിതാംകൂറിന്റെ ചരിത്രവഴികള്‍ പരാമര്‍ശിക്കുന്ന എന്റെ ലേഖനങ്ങളില്‍ ഒന്നുരണ്ടിടത്ത് ഞാന്‍ അക്കാര്യം പരാമര്‍ശിച്ചിട്ടുമുണ്ട്. എങ്കിലും മണ്‍റോ തിരുവിതാംകൂറിന്റെ കുലദേവതയെ ആദരിച്ചിരുന്നു. പ്രാദേശിക ജന്‍മിമാരില്‍ നിന്ന് ഇതരക്ഷേത്രങ്ങളുടെ സ്വത്ത് വീണ്ടെടുക്കാനായി ദേവസ്വംഭരണം ഏറ്റെടുത്തതും അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസത്തിനും ഹിന്ദുമതത്തോടുള്ള ബഹുമാനത്തിനും തെളിവാണ്. വേണമെങ്കില്‍ ദിവാനായി തുടരാമായിരുന്നിട്ടും നാട്ടാചാരങ്ങള്‍ പാലിക്കുന്ന  ഒരു ഹിന്ദു ദിവാനാകുന്നതാണ് നല്ലത് എന്ന് മദിരാശിയിലെ ഗവര്‍ണറെയും ബ്രിട്ടനിലെ പാര്‍ലമെന്റിനെയും ബോധ്യപ്പെടുത്തിയ വ്യക്തി ആയിരുന്നു മണ്‍റൊ. അതായത് മണ്‍റോ മതം മാറ്റാന്‍ ശ്രമിച്ച മിഷണറി ആയിരുന്നില്ല. അദ്ദേഹം ബൈബിളിലെ സമദര്‍ശനവും ഗിരിപ്രഭാഷണത്തിലെ സുവിശേഷ ചൈതന്യവും ഉള്‍ക്കൊണ്ടുകൊണ്ട് തന്റെ ചുമതലയില്‍ ഏല്പിക്കപ്പെട്ട ജനസമൂഹത്തിന്റെ  പുരോഗതിക്കും ഒപ്പം  അവരിലെ ക്രിസ്ത്യാനികളെ സുവിശേഷദീപ്തിയില്‍ നവീകരിക്കാനും മോഹിച്ച മഹാത്മാവ് ആയിരുന്നു. മണ്‍റോ ഇട്ട അടിത്തറയിലാണ് കേരളത്തിന്റെ നവോത്ഥാനം ഫലം കണ്ടത്. മണ്‍റോ ദിവാനായത് വലിയ സൗഭാഗ്യമായി സി.കേശവന്‍ വിവരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.  മണ്‍റോ റസിഡന്റു ദിവാനും ആയി വന്നില്ലായിരുന്നുവെങ്കില്‍ 'ഏഴജാതികള്‍ക്ക് അന്ന് അഭയം എവിടെ കിട്ടുമായിരുന്നു എന്നും ഈ രാജ്യത്തെ വിദ്യാഭ്യാസനിലവാരം എങ്ങനെ നില്‍ക്കുമായിരുന്നു എന്നും ഊഹിക്കുവാന്‍ സാധ്യമല്ല. ഹിന്ദുദേവസ്വങ്ങള്‍ക്കും അന്നത്തെ ഊര്‍ദ്ധ്വനില്‍ ഒടുങ്ങുകയേ ഗതിയുണ്ടായിരുന്നുള്ളൂ. മണ്‍റോയുടെ ജീവചരിത്രം എഴുതപ്പെടേണ്ട ഒന്നാണ്. തിരു-കൊച്ചിയെ സംബന്ധിച്ചിടത്തോളം, അതിന് തക്ക പ്രാധാന്യമുള്ള ചരിത്രപുരുഷനാണദ്ദേഹം' എന്നാണ് 'ജീവിതസമരം' എന്ന ആത്മകഥയില്‍ കേശവന്‍ പറഞ്ഞിട്ടുള്ളത്.

എന്നാല്‍ മണ്‍റോ തിരുവിതാംകൂറില്‍ വരുമ്പോള്‍ മലയാളത്തില്‍ വേദപുസ്തകം ഉണ്ടായിരുന്നില്ല. അതുകൊണ്ട് മണ്‍റോ വായിച്ച ഇംഗ്ലീഷ് വേദപുസ്തകം ആണ് കേരളത്തിലെ നവോത്ഥാനത്തിന് വഴിതെളിച്ചത് എന്നു വേണം പറയാന്‍. മണ്‍റോ വായിച്ച ബൈബിള്‍ സാമൂഹ്യപരിവര്‍ത്തനത്തിനും വിദ്യാഭ്യാസപുരോഗതിക്കും തദ്വാരാ കേരളീയനവോത്ഥാനത്തിലെ ക്രിസ്തീയസ്വാധീനത അതിന്റെ ഉത്തരഭാഗമായി ചേര്‍ത്തുവായിക്കുകയും ആവാം. ഒരു കമ്മതികണക്കില്‍ പറഞ്ഞാല്‍ നൂറ്റമ്പത് സംവത്സരങ്ങള്‍(1810-1957) കൊണ്ട് ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കായി കേരളത്തെ പരുവപ്പെടുത്തിയതില്‍ ബൈബിളിന് വലിയ പങ്കുണ്ട്.

മണ്‍റോ കണ്ട തിരുവിതാംകൂറില്‍ അടിമകള്‍ ഉണ്ടായിരുന്നു. ദൈവം സൃഷ്ടിച്ച മനുഷ്യര്‍ക്ക് മുഴുവന്‍ ഉടമ ദൈവമുണ്ട് എന്ന് മണ്‍റോ പഠിച്ചത് ബൈബിളില്‍ നിന്നാണ്. ഇംഗ്ലണ്ടിലെ ചര്‍ച്ച് മിഷന്‍ സൊസൈറ്റി വില്യം വില്‍ബര്‍ഫോഴ്‌സിനൊപ്പം നിന്ന ആദര്‍ശശാലികളുടെ സമൂഹമായിരുന്നു എന്നതും ഇവിടെ സമര്‍ത്തവ്യമത്രെ.
തിരുവിതാംകൂറിലും കൊച്ചിയിലും അടിമ സ്വത്തായിരുന്നു. ഭൂമി പോലെ തന്നെ. മൂന്ന് തരം. ജ•ം, പാട്ട്, കാണം. ഉടമയ്ക്ക് പൂര്‍ണ്ണവും സ്ഥിരവും ആയ അവകാശം ഉള്ള അടിമയാണ് ജ•ം. ഒരു നിശ്ചിതകാലത്തേയ്ക്ക് പ്രതിഫലം കൊടുത്ത് ഒപ്പം നിര്‍ത്തുന്നത് പാട്ടം. വിലയുടെ പകുതിയോ മൂന്നില്‍ രണ്ടോ കൊടുത്ത് അനിശ്ചിതകാലത്തേയ്ക്ക് വാങ്ങുകയും ആ തുക തിരികെ കിട്ടുമ്പോള്‍ അടിമയെ പഴയ ഉടമസ്ഥന് മടക്കിക്കൊടുക്കുകയും ചെയ്യുന്നത് കാണാം. മണ്‍റോ ഈ പരിപാടിയിലെ അന്യായം റാണിയുടെ ശ്രദ്ധയില്‍ പെടുത്തി. 1812 ഡിസംബര്‍ 6 അഥവാ 987 വൃഷ്ചികം 21 ആണ് അടിമവ്യാപാരം നിര്‍ത്തലാക്കുന്ന വിളംബരത്തിന്റെ തീയ്യതി. വിളംബരം ഇങ്ങനെ.
പത്മനാഭ വല്ലഭി വഞ്ചിധര്‍മ്മ വര്‍ദ്ധനീ രാജരാജേശ്വരീ റാണി ലക്ഷ്മീ ഭായി മഹാരാജാവ് അവര്‍കള്‍ സകലമാന ജനങ്ങള്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം.

ഈ രാജ്യത്തില്‍ ഉള്ളവരും പിറരാജ്യത്തില്‍ ഒള്ളവരും ഈ സംസ്ഥാനത്ത് പല ജാതികളിലും ഉള്ള കുഞ്ഞുകുട്ടികളെയും പെണ്ണുങ്ങളെയും ലാഭസംഗതിയായിട്ട് ചുരുങ്ങിയ വിലയ്ക്ക് വാങ്ങിക്കയും ഏറിയ വിലയ്ക്ക് വിക്കയും പിറനാട്ടുമെല്‍ കൊണ്ടുപോകയും ആയത് തുറമുഖത്ത് സ്ഥലങ്ങളില്‍ പണ്ടാരവകയില്‍ അറിയുന്നവകക്ക് തീരുവ വാങ്ങിക്കയും, ഇതിന്‍വണ്ണം ആളുകളെ വിക്കുന്ന കാര്യം ഒരു കച്ചോടമര്യാദ പ്രകാരമായിട്ട് തീര്‍ന്നിരിക്കെക്കൊണ്ടും ഇത് എത്രയും മര്യാദകെടും ദുര്യയ്ശ്ശും ആയിട്ടുള്ള കാര്യം നടക്കാതെ ഇരിക്കേണ്ടുന്നതിന് പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍:
കൃഷി മുതലായിട്ടുള്ള വേലകള്‍ക്ക് അതതു ദിക്കുകളിലെ മര്യാദപോലെ കുറവര്‍, പറയര്‍, പുലയര്‍, പള്ളര്‍, മലയര്‍, വേടര്‍ മുതലായ ആളടിയാരെ കുടിയാനവ•ാരെ തമ്മില്‍ ഒറ്റിയും ജ•വും പാട്ടുവുമായിട്ട് നടുവന്‍ മൂത്ത കരക്കറരെക്കൊണ്ട് ആധാരം എഴുതി വാങ്ങിക്കയും കൊടുക്കയും അവര് കൃഷിവേല കാര്യങ്ങള്‍ ചെയ്യിച്ചുവരികയും മാമൂലായിട്ട് എല്ലാ ദിക്കിലും നടന്നുവരുന്ന മര്യാദപ്രകാരം ഒള്ളത് ഒഴികെ ശേഷം ജാതിക്കാരെ അവരവരുടെ വംശത്തില്‍ ഒള്ളവര്‍ എങ്കിലും മറ്റ് ആരെങ്കിലും വിക്കയും വാങ്ങിക്കയും പണ്ടാരവകക്കു തീരുവ വാങ്ങിക്കയും അരുതെന്ന് ഉറപ്പായിട്ട് കല്‍പ്പിച്ചിരിക്കുന്നു. ഈ കല്‍പ്പന ലംഘിച്ച് ആളുകളെ വിക്കയും വാങ്ങിക്കയും ചെയ്താല്‍ അവരിലെ വസ്തുവക സര്‍വ്വസ്വവും പണ്ടാരവകയായിട്ട് ചേര്‍ത്ത് വലുതായിട്ടുള്ള ശിക്ഷയും ചെയ്ത് നാട്ടില്‍ നിന്നും പുറത്തുകളയുകയും ചെയ്യും എന്ന 987-ാമാണ്ട് വൃശ്ചിക മാസം 21-ാം തീയതി.

മണ്‍റോയുടെ ഒരു പ്രധാനപരിപ്പ്ക്കാരം നീതിനിര്‍വ്വഹണമേഖലയില്‍ ആയിരുന്നു. ബൈബിള്‍ വായിച്ച മണ്‍റോയ്ക്ക് മുന്‍പ് ബ്രാഹ്മണന് ഒരു നീതി, ശുദ്രന് മറ്റൊന്ന്, അവര്‍ണ്ണന് വേറൊന്ന ഇങ്ങനെയൊക്കെ ആയിരുന്നു. മണ്‍റോ അവതരിപ്പിച്ച സിദ്ധാന്തം ശിക്ഷ കുറ്റത്തെയാണ് കുറ്റവാളിയെയല്ല ആശ്രയിച്ചിരിക്കേണ്ടത് എന്നതായിരുന്നു. ഒരു കൊലപാതകം നടന്നാല്‍ കൊലപാതമാണ് മുഖ്യഘടകം. ചെയ്തത് ബ്രാഹ്മണനായാലും ചാണ്ഡാളനായാലും കൊല കൊല തന്നെ.
യരുശലേം ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്ന -ജാതിക്കാരന്റെയും വിദേശിയുടെയും പ്രാര്‍ത്ഥന കേള്‍ക്കണം എന്ന് യാഹ് വെയോട് അപേക്ഷിച്ച ശലോമോനെയാണ് ക്ഷേത്രഭരണം ഏറ്റെടുത്ത മണ്‍റോ ഓര്‍മ്മിപ്പിക്കുന്നത്. മണ്‍റോ ക്ഷേത്രങ്ങള്‍ ഇങ്ങനെ ഏറ്റെടുത്തതുകൊണ്ടാണ് പില്‍ക്കാലത്ത് അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം ഉറപ്പ് വരുത്താന്‍ തിരുവിതാംകൂര്‍ മഹാരാജാവിന് കഴിഞ്ഞത്. സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് മാത്രം ആയിരുന്നു വിളംബരം ബാധകം എന്ന് ഓര്‍ക്കുക. തിരുവിതാകൂറിന്റെ സാമൂഹിക നവോത്ഥാനത്തിലെ പ്രധാനപ്പെട്ട ഒരു അടയാളപ്പലകയായിരുന്നു ക്ഷേത്രപ്രവേശനവിളംബരം എന്നോര്‍ക്കുമ്പോഴാണ് ബൈബിളും ക്ഷേത്രപ്രവേശനവും തമ്മിലുള്ള  ബന്ധം തെളിയുന്നത്.

ഇത് പോലെ തന്നെ പ്രധാനമാണ് ആധുനിക വിദ്യാഭ്യാസത്തിന് മിഷണറിമാര്‍ നല്‍കിയ പ്രാധാന്യം. നേരത്തെ പറഞ്ഞത് പോലെ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ പ്രാപ്യമായിരുന്നില്ല. പോര്‍ച്ചുഗീസ് മിഷണറിമാര്‍ കത്തോലിക്കരായിരുന്നു. അവര്‍ തീരദേശങ്ങളില്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തിയെങ്കിലും വിദ്യാഭ്യാസത്തില്‍ അവര്‍ക്കും ശ്രദ്ധ ഉണ്ടായില്ല: പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ ബൈബിള്‍ വായന കത്തോലിക്കാസഭ പ്രോത്സാഹിപ്പിച്ചിരുന്നില്ലല്ലോ. എല്ലെമ്മെസ, സീയെമ്മെസ് മിഷണിമാരാണാ ബൈബിള്‍ പ്രോത്സാഹിപ്പിച്ചത്. അവര്‍ വേദപുസ്തകം മലയാളത്തിലാക്കിയത് അത് സാധാരണക്കാര്‍ക്ക് പ്രാപ്യമാകാന്‍ ആയിരുന്നു. അത് പ്രചരിപ്പിക്കാനാണ് അവര്‍ അച്ചടി ഇവിടെ എത്തിച്ചത്.

ബൈബിള്‍ മലയാളത്തിലാക്കിയത് നവോത്ഥാനത്തിന്റെ രണ്ട് ഘടകങ്ങള്‍ക്ക് കാരണമായി. ഒന്നാമത് മലയാളഗദ്യത്തിന് അതോടെ ഒരു മാനകമാതൃക ഉണ്ടായി. അതിന് മുന്‍പ്തന്നെ നമുക്ക് ഗദ്യം ഉണ്ടായിരുന്നു എന്നത് ശരി. എന്നാല്‍ അത് ജാതി അനുസരിച്ചും ഭൂപ്രദേശം അനുസരിച്ചതും പ്രതിഭിന്നമായിരുന്നു. കോട്ടയം മുതല്‍ കുന്നംകുളം വരെ എന്ന് ഏകദേശമായി നിര്‍വ്വഹിക്കാവുന്ന ഭൂപ്രദേശത്ത് നായ•ാരും കേരളത്തില്‍ എവിടെയെങ്കിലും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന ഗദ്യം എന്ന് ബെയ്‌ലിക്ക് ചാത്തുമേനോന്‍ പറഞ്ഞു കൊടുത്തിടത്താണ് മലയാള ഗദ്യത്തിന്റെ മാനകഭാവം ഉരുത്തിരിയുന്നത്. കായംകുളം ഫിലിപ്പോസ് റമ്പാനും പുലിക്കോട്ടില്‍ ഇട്ടുപ്പ് റമ്പാനും പരിചയം ഉണ്ടായിരുന്ന ഭാഷയാണല്ലോ റമ്പാന്‍ ബൈബിളില്‍. അതില്‍ നിന്ന് കാലഭേദം കൊണ്ട് ന്യായീകരിക്കാവുന്ന മാറ്റം മാത്രമാണ് ചാത്തുമേനോന്‍ ഉപയോഗിച്ച ഭാഷയിലും കാണുന്നത്.

രണ്ടാമത് ബൈബിള്‍ വിവര്‍ത്തനം നവോത്ഥാന വഴിയിലെ നാഴികക്കല്ലായത് ബെയ്‌ലി നാം ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ രൂപപ്പെടുത്തിയതിനാലാണ്. വട്ടെഴുത്തിലും കോലെഴുത്തിലും ചതുരവടിവിലും നിന്നും മുന്നോട്ടുള്ള യാത്രയാണല്ലോ ഈ ഉരുണ്ട അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത്.

വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞു. എന്റെ നാടായ കുറുപ്പംപടിയില്‍ പോലും സായിപ്പ് പള്ളിക്കൂടം തുടങ്ങി. 1821 ല്‍ തോമ്മാ എന്ന വാധ്യാരും പത്തുകുട്ടികളും. പിറകെ അധ്യാപകന്‍ പൗലോസ്, കുട്ടികളുടെ സംഖ്യ 22. ഇതുള്‍പ്പെടെയുള്ള വിവരങ്ങള്‍ സീയെമ്മെസിന്റെ റിപ്പോര്‍ട്ടുകളിലുണ്ട്. എന്നാല്‍ ഞങ്ങളുടേത് പോലെ യാഥാസ്ഥിതികമായ ഇടങ്ങളില്‍ അവര്‍ക്ക് മിഷന്‍സ്‌റ്റേഷനുകള്‍ ഉണ്ടായില്ല. എന്റെ പിതാമഹിയുടെ മാതുലന്‍ പൊയ്ക്കാട്ടില്‍ ചാക്കോ അബ്രഹാം മലപാന്‍-ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണബാസിന്റെ  മാതാമഹന്‍- മിഷണറിമാരോട് അടുപ്പം പുലര്‍ത്തി എന്ന് പറഞ്ഞ് 'ഊരുവിലക്ക്' കല്പിച്ചവരാണ് അന്നാട്ടുകാര്‍. ഒടുവില്‍ പുലിങ്ങാട്ടില്‍ തിരുമേനിയുടെ പ്രത്യേകല്പന വേണ്ടിവന്നു അദ്ദേഹത്തെ കബറടക്കാന്‍. എന്നാല്‍ കോട്ടയം മുതല്‍ തെക്കോട്ട് അവസ്ഥ അതായിരുന്നില്ലല്ലോ. അതുകൊണ്ട് അവിടെയൊക്കെ അവര്‍ക്ക് മിഷനുകള്‍ ഉണ്ടായിരുന്നു. ഈ മിഷനുകളിലൊക്കെ റീഡര്‍മാര്‍ ഉണ്ടായിരുന്നു. ഒരു ചെറിയ പുര. ഇക്കാലത്തെ വായനശാല പോലെ തന്നെ, ഏതാണ്ട്. അവിടെ ഒരു ഉയര്‍ന്ന തറ കാണും. അതിന്‍മേല്‍
 കയറി നിന്ന് റീഡര്‍മാര്‍ ബൈബിള്‍ വായിക്കും. പിന്നെ സാരോപദേശങ്ങള്‍ അടങ്ങിയ ഇതരകൃതികളും. 'ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ത്ഥം ഇംഗ്ലീഷില്‍ നിന്ന് പരിഭാഷപ്പെടുത്തിയ കഥകള്‍', 'മദ്യനിരോധിനി', 'രണ്ട് ആട്ടുക്കുട്ടികള്‍', 'മിസ്ട്രസ് ഷര്‍വുണ്ടിന്റെ ഇന്‍ഡ്യന്‍ പില്‍ഗ്രിം' തുടങ്ങിയവ ഇങ്ങനെ വായിച്ചിരുന്നു. പള്ളിക്കൂടങ്ങളില്‍ പഠിച്ച് ആധുനിക വിദ്യാഭ്യാസം  നേടാന്‍ കഴിയാതിരുന്ന തലമുറയ്ക്ക്-ദ് മിസ്ഡ് ജനറേഷന്‍-ഈ റീഡര്‍പരിപാടി ഉപകാരപ്രദമായി.

ഭാഷ, ലിപി, വായനാശീലം, പൊതു വിദ്യാഭ്യാസം എന്നീ നാല് മേഖലകളിലെയും മിഷണറി ഇടപെടലുകള്‍ കേരളീയ നവോത്ഥാനത്തിലെയ്ക്ക് നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്. ഇതിനൊക്കെ അടിസ്ഥാനമായത് ബൈബിള്‍ തന്നെ. ഭാഷയുടെയും ലിപിയുടെയും കാര്യത്തില്‍ വിശേഷിച്ചു.

ബൈബിളിന്റെ നവോത്ഥാനോ•ുഖമായ സംഭാവനയുടെ ഒരു തലം കൂടെ ഹ്രസ്വമായി പരാമര്‍ശിച്ചുകൊണ്ട് ഈ പ്രബന്ധം ഉപസംഹരിക്കാം. മലയാളസാഹിത്യത്തിലെ ബൈബിള്‍ സ്വാധീനതയെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. മതസാഹിത്യത്തിലും മതനിരപേക്ഷ സാഹിത്യത്തിലും ബൈബിള്‍ സൂചനകള്‍ വ്യക്തമായി കാണാം.
മതസാഹിത്യത്തില്‍ ബൈബിള്‍ സ്വാധീനത ചെലുത്തിയത് അത്ര പ്രധാനമാണോ എന്ന് ചോദിക്കരുത്. ബൈബിള്‍ വ്യാപകമായി വായിക്കപ്പെടാതിരുന്ന കാലത്ത് ഉദയപേരൂര്‍ സുന്നഹദോസിന്റെ കാനോനാകളിലും 'സംക്ഷെപവേദാര്‍ത്ഥ'ത്തിലും കരിയാറ്റില്‍ മല്പാന്റെ 'വേദതര്‍ക്ക'ത്തിലും ബൈബിള്‍ അടിസ്ഥാനധാരയാവുന്നത് നവോത്ഥാന പ്രവണതകളുടെ ഭാഗമായി തന്നെ കാണണം. തീണ്ടല്‍ തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ തീരുമാനിക്കുമ്പോള്‍ അന്തിമന്യായവിധിയെക്കുറിച്ച് സൂചിപ്പിക്കുന്നത് ഓര്‍ക്കുക. 'തമ്പുരാന്റെ തിരുമുമ്പില്‍ നല്ല കൊലം തള്ള്യാകൊലം എന്നും അച്ചനും ചെറുക്കനും എനും എളിയവനും  പെരിയവനും എന്നും ഇല്ല. അതെ എന്തെ?' കാനോനാ തന്നെ  വിശദീകരിക്കുന്നുണ്ട്  അടുത്ത വാക്യത്തില്‍. അന്തിമന്യായവിധി വേളയിലും തിരുവത്താഴമേശയിലും വലിപ്പച്ചെറുപ്പമില്ല എന്നതാണ് കാരണം.

അര്‍ണോസ് പാതിരിയുടെ പുത്തന്‍പാറയും ചതുരന്ത്യവും മുതല്‍  ചെറിയാന്‍ മാപ്പിളയും കെ.വി.സൈമണും രചിച്ച മഹാകാവ്യങ്ങള്‍ വരെ കവിതയിലും കോളിന്‍സ് മദാമ്മ മുതല്‍ പോണനിക്കര റാഫി വരെ നോവലിലും കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള മുതല്‍ സി.ജെ.തോമസ് വരെ നാടകത്തിലും ബൈബിളിന്റെ സ്വാധീനത വ്യക്തമാണ്.
സത്യവേദപുസ്തകത്തിന്റെ മലയാളം കിങ്ങ് ജെയിംസ് വേര്‍ഷനിലെ ഇംഗ്ലീഷ് പോലെ മനോഹരമാണ് എന്നാണ് എനിക്ക് എന്നും തോന്നിയിട്ടുള്ളത്. ഭാഷ വളരുകയും ശൈലികള്‍ മാറുകയും ചെയ്തതിനൊപ്പം പുതിയ വിവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരുന്നതിനാലാണ് മറിച്ചൊരു ധാരണ ഉപരിതലത്തില്‍ മാത്രം ശ്രദ്ധിക്കുന്നവരില്‍ ഉരുത്തിരിഞ്ഞത് എന്നാണ് എന്റെ പക്ഷം. പാറപ്പുറത്തെ വിടുക സി.വി. ബാലകൃഷ്ണനും സതീഷ്ബാബു പയ്യന്നൂരും യഥാക്രമം 'ആയുസ്സിന്റെ പുസ്തകം', 'വിപാലവൃക്ഷത്തിലെ കാറ്റ്' എന്നീ കൃതികളില്‍ ഉപയോഗിക്കുന്ന ബൈബിള്‍ഭാഷ സത്യവേദപുസ്‌കരത്തെക്കുറിച്ചുള്ള ഈ നിരീക്ഷണവും പി.ഓ.സി.യും അതിലേറെ ഓശാനയും ഭാഷയിലെ വ്യതിയാനത്തെക്കുറിച്ചുള്ള നിരീഷണവും ശരിവയ്ക്കുന്നതാണ്.

ചുരുക്കിപ്പറഞ്ഞാല്‍ കേരളീയ നവോത്ഥാനത്തിലെ അതിപ്രധാനമായ-ഒരു പക്ഷേ ഏറ്റവും വലിയ- പ്രേരണ വേദപുസ്തകം തന്നെ ആണ്. ശ്രീനാരായണനെയും ചട്ടമ്പിസ്വാമികലെയും മന്നത്തുപത്മനാഭനെയും ഒന്നും ബൈബിള്‍ നേരിട്ട് സ്വാധീനിച്ചില്ല എന്ന് പറയാമായിരിക്കും എന്ന് ഞാനും സമ്മതിക്കുന്നു. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും അരങ്ങൊരുങ്ങിയത് ബൈബിള്‍ മലയാളിക്ക് ലഭ്യമായതിന്റെ തുടര്‍ച്ചയാണ്.

ബൈബിള്‍ വിശ്വാസികള്‍ക്ക് മതഗ്രന്ഥം ആണ്, സംശയം വേണ്ട. എന്നാല്‍ അത് വിശ്വാസികളുടെ മതഗ്രന്ഥം മാത്രമല്ല. മനുഷ്യരാശിയുടെ ചരിത്രത്തിലെ വഴിവിളക്കാണത്. അതുകൊണ്ടാണ് ഇന്നും ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായിരിക്കുന്ന കേരള സമൂഹത്തില്‍ ആദര്‍ശത്തിന്റെയും ദര്‍ശനത്തിന്റെയും തലത്തില്‍ ബൈബിള്‍ നിര്‍ണ്ണായകമായ ഒരു സ്വാധീനം ആയിരിക്കുന്നതും. 'അസ്തീത്യേവോപലബ്ധവ്യ' എന്ന് നാം ബൈബിളില്‍ വായിക്കുന്നില്ല. എന്നാല്‍ ആത്യന്തികമായി ബൈബിള്‍ പറഞ്ഞുതരുന്നത് അത് തന്നെ ആണ്: ഈശ്വരന്‍ സദാ സര്‍വ്വത്ര ഉണ്ട് എന്ന് ഓര്‍മ്മിച്ചുകൊണ്ട് ഈശ്വര സാക്ഷാല്‍ക്കാരത്തിനായി യത്‌നിക്കുക.

ഭാഗവത സപ്താഹങ്ങളിലും മാരാമണ്‍ കണ്‍വന്‍ഷനിലും പ്രസംഗിക്കുന്നയാളാണ് ഞാന്‍. ഭാഗവത പാഠങ്ങള്‍ ബൈബിള്‍ ഉപയോഗിച്ചും ബൈബിള്‍ ഭാഗവത-രാമായണത്തിലും പ്രയോജനപ്പെടുത്തിയും പറഞ്ഞുകൊടുക്കുമ്പോള്‍ മറ്റൊരു മതത്തിന്റെ ഗ്രന്ഥമാണ് ഞാന്‍ ഉപയോഗപ്പെടുത്തുന്നത് എന്ന് ശ്രോതാക്കളില്‍ ഭൂരിപക്ഷവും ഗ്രഹിക്കാറില്ല. അതാണ് വേദത്തിന്റെ സാര്‍വ്വത്രികതയെക്കുറിച്ച് എന്നെ ബോധവാനാക്കുന്നത്. അതുകൊണ്ടാണ് മലയാളത്തില്‍ വായിക്കുന്ന വേദപുസ്തകം മതഭേദമെന്യേ മലയാളിയുടെ മഹാപൈതൃകമാണ് എന്ന് ഞാന്‍ കരുതുന്നതും. ലഭ്യമായതിന്റെ തുടര്‍ച്ചയാണ്.
ബൈബിള്‍ വിശ്വാസികള്‍ക്ക് മതഗ്രന്ഥം ആണ്, സംശയം വേണ്ട. എന്നാല്‍ അത് വിശ്വാസികളുടെ മതഗ്രന്ഥം മാത്രമല്ല. മനുഷ്യരാശിയുടെ ചരിത്രത്തിലെ വഴിവിളക്കാണത്. അതുകൊണ്ടാണ് ഇന്നും ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായിരിക്കുന്ന കേരള സമൂഹത്തില്‍ ആദര്‍ശത്തിന്റെയും ദര്‍ശനത്തിന്റെയും തലത്തില്‍ ബൈബിള്‍ നിര്‍ണ്ണായകമായ ഒരു സ്വാധീനം ആയിരിക്കുന്നതും. 'അസ്തീത്യേവോപലബ്ധവ്യ' എന്ന് നാം ബൈബിളില്‍ വായിക്കുന്നില്ല. എന്നാല്‍ ആത്യന്തികമായി ബൈബിള്‍ പറഞ്ഞുതരുന്നത് അത് തന്നെ ആണ്: ഈശ്വരന്‍ സദാ സര്‍വ്വത്ര ഉണ്ട് എന്ന് ഓര്‍മ്മിച്ചുകൊണ്ട് ഈശ്വര സാക്ഷാല്‍ക്കാരത്തിനായി യത്‌നിക്കുക.

ഭാഗവത സപ്താഹങ്ങളിലും മാരാമണ്‍ കണ്‍വന്‍ഷനിലും പ്രസംഗിക്കുന്നയാളാണ് ഞാന്‍. ഭാഗവത പാഠങ്ങള്‍ ബൈബിള്‍ ഉപയോഗിച്ചും ബൈബിള്‍ ഭാഗവത-രാമായണത്തിലും പ്രയോജനപ്പെടുത്തിയും പറഞ്ഞുകൊടുക്കുമ്പോള്‍ മറ്റൊരു മതത്തിന്റെ ഗ്രന്ഥമാണ് ഞാന്‍ ഉപയോഗപ്പെടുത്തുന്നത് എന്ന് ശ്രോതാക്കളില്‍ ഭൂരിപക്ഷവും ഗ്രഹിക്കാറില്ല. അതാണ് വേദത്തിന്റെ സാര്‍വ്വത്രികതയെക്കുറിച്ച് എന്നെ ബോധവാനാക്കുന്നത്. അതുകൊണ്ടാണ് മലയാളത്തില്‍ വായിക്കുന്ന വേദപുസ്തകം മതഭേദമെന്യേ മലയാളിയുടെ മഹാപൈതൃകമാണ് എന്ന് ഞാന്‍ കരുതുന്നതും.

 വേദപുസ്തകവും കേരളനവോത്ഥാനവും(ഡി.ബാബു പോള്‍)
Join WhatsApp News
Tom abraham 2016-11-22 11:16:01
Author does not quote a single verse from bible to prove his views. He should read Daniel 2: 31-45 about the statue, the iron and clay mixture that a rock ( Jesus) will destroy. No communism and conservatism will co-exist. Think more, sir.
Narendran 2016-11-22 11:46:44
I like this; MY house is the house of prayer but you have made it the den of thieves
Thinktank 2016-11-22 17:47:14

The Christianity which Monroe sahib s British brothers brought , did not stop them from the massacre of those poor Hindu freedom fighters. Nor did the Bible stop the escape of pilgrim fathers to New England. We cannot forget the brutality of the British just because dr. Babu Paul s long thesis. Gandhi said he 'understood Christianity but not those British christians' . Without a Malayalam Bible, travancore renaissance ! Will some more intellectuals, priests, or bishops help ?


obbserver 2016-11-22 18:19:23
Why blame Christians? The British empire was supported by the upper castes., They were the clerks and soldiers of the British, who killed Indians. The lower caste had no role in sustaining the British empire in India. dont forget truth
കൃഷ്ണൻ നംമ്പൂതിരി 2016-11-23 12:25:24

ഹോയ് ഹോയ്
ട്രംപാണ്‌ പ്രസിഡണ്ട്. അധഃകൃതൻ സൂക്ഷിക്കണം.  തല വെളിയിലിടാൻ വരട്ടെ


SchCast 2016-11-23 11:50:15
I thought Indians died in the freedom struggle. That is how we learned in the history books. A number of british citizens supported the freedom struggle too. Remember 'Annie Besant'?. Thinktank thinks that only Hindus died in freedom struggle, not one Muslim or a Christian. Looks like 'Thinktank' does not have enough fuel in the upper chamber.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക