Image

മാര്‍ ജോര്‍ജ് ആലഞ്ചേരി വത്തിക്കാനിലേക്കു പുറപ്പെട്ടു

Published on 15 February, 2012
മാര്‍ ജോര്‍ജ് ആലഞ്ചേരി വത്തിക്കാനിലേക്കു പുറപ്പെട്ടു
കൊച്ചി: ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയില്‍ നിന്നു കര്‍ദിനാള്‍ പദവി സ്വീകരിക്കുന്നതിനു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നു വത്തിക്കാനിലേക്കു പുറപ്പെട്ടു. രാവിലെ 8.45-നു കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മാര്‍ ആലഞ്ചേരി യാത്ര തിരിച്ചത്. ദുബായ് വഴിയാണ് യാത്ര. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, സീറോ മലബാര്‍ സഭാ കൂരിയ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, കൂരിയ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍, മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ പൊട്ടോളി, സിഎംഐ സഭ പ്രിയോര്‍ ജനറാള്‍ റവ.ഡോ. ജോസ് പന്തപ്ലാംതൊട്ടിയില്‍, ഫാ. ജോണ്‍ പുതുവ എന്നിവരും ഒപ്പമുണ്ടായിരുന്നു.

തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ നാളെയും മറ്റന്നാളുമായി വത്തിക്കാനിലെത്തും. ഇന്നു രാത്രി റോമിലെ ലെയെനാര്‍ഡോ ഡാവിഞ്ചി വിമാനത്താവളത്തില്‍ എത്തുന്ന മാര്‍ ആലഞ്ചേരിയെ റോമിലെ സീറോ മലബാര്‍ സഭാ പ്രൊക്യുറേറ്റര്‍ റവ. ഡോ. സ്റ്റീഫന്‍ ചിറപ്പണത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സ്വീകരിക്കും. ശനിയാഴ്ച രാവിലെ 10.30-നു (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടിന്) സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാണു മാര്‍ ആലഞ്ചേരി മാര്‍പാപ്പയില്‍ നിന്നു കര്‍ദിനാള്‍പദവി സ്വീകരിക്കുന്നത്. ഞായറാഴ്ച രാവിലെ 9.30-നു മാര്‍പാപ്പ പുതിയ കര്‍ദിനാള്‍മാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ആഘോഷപൂര്‍വമായ സമൂഹബലി അര്‍പ്പിക്കും. ഇസ്രയേല്‍ ടൂറിസം മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം എക്യുമെനിക്കല്‍ സന്ദര്‍ശനത്തിനായി മാര്‍ ആലഞ്ചേരി 22-ന് അവിടേക്കു പുറപ്പെടും. ഫാ. ആന്റണി കൊള്ളന്നൂരും അദ്ദേഹത്തെ അനുഗമിക്കും. മാര്‍ച്ച് അഞ്ചിന് കേരളത്തില്‍ മടങ്ങിയെത്തും. ഫാ. ജോണ്‍ പുതുവയുടെ നേതൃത്വത്തില്‍ അല്മായര്‍ ഉള്‍പ്പെടെ നൂറോളം പേരടങ്ങുന്ന സംഘം വത്തിക്കാനിലെ കണ്‍സിസ്റ്ററിക്കും തിരുക്കര്‍മങ്ങള്‍ക്കും സാക്ഷ്യംവഹിക്കാന്‍ റോമിലെത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക