Image

ബംഗാള്‍ സി.പി.എം.സമ്മേളനം: നേതൃത്വത്തിന് വിമര്‍ശം

Published on 15 February, 2012
ബംഗാള്‍ സി.പി.എം.സമ്മേളനം: നേതൃത്വത്തിന് വിമര്‍ശം
കൊല്‍ക്കത്ത: സി.പി.എം. പശ്ചിമബംഗാള്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിമര്‍ശം. ബുദ്ധദേവ് സര്‍ക്കാര്‍ നടപ്പാക്കിയ വ്യവസായനയവും സ്വകാര്യ കമ്പനികള്‍ക്കായി കര്‍ഷകരില്‍ നിന്ന് ഭൂമി പിടിച്ചെടുത്തതും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റിയെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇന്ന് തുടങ്ങിയ സംസ്ഥാന സമ്മേളനം ജ്യോതിബസു നഗറില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. 

ഭരണതലത്തിലും സംഘടനാ തലത്തിലും വലിയ പിഴവുകളുണ്ടായെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ പലയിടത്തും ബ്രാഞ്ച് തല കമ്മിറ്റികള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നിര്‍ജ്ജീവമായിരുന്നുവെന്ന് സമ്മതിക്കുന്നുണ്ട്. നന്ദിഗ്രാം, സിംഗൂര്‍ എന്നിവിടങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കംവരുത്തിയെന്നും വന്‍തോതില്‍ കൃഷിക്കാര്‍ പാര്‍ട്ടി വിടുന്നതിന് ഇത് കാരണമായെന്നും നേതാക്കളുടെ ജനങ്ങളോടുള്ള ധാര്‍ഷ്ട്യം നിറഞ്ഞ സമീപനം തിരുത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 

1996ലെ തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കുന്ന കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം വീഴ്ച്ച വരുത്തിയെന്നും അഴിമതിക്കാരും സ്വജനപക്ഷപാതികളും പാര്‍ട്ടിയില്‍ വര്‍ധിച്ചുവെന്നും സ്വയംവിമര്‍ശനം നടത്തുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേല്‍ രണ്ടുദിവസം ചര്‍ച്ച നടക്കും. സമ്മേളനത്തില്‍ പ്രകാശ് കാരാട്ടിനെ കൂടാതെ സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട് എന്നിവര്‍ കേന്ദ്രനിരീക്ഷകരായും പങ്കെടുക്കുന്നുണ്ട്. ഇടതുസഖ്യം ദേശീയ തലത്തില്‍ വീണ്ടും ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവണമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക