Image

സ്ത്രീ....സ്വാതന്ത്ര്യം (തോമസ് കുളത്തൂര്‍)

Published on 07 November, 2016
സ്ത്രീ....സ്വാതന്ത്ര്യം (തോമസ് കുളത്തൂര്‍)
സമൂഹത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയമാണല്ലോ ""സ്ത്രീ സ്വാതന്ത്ര്യം''. പുരുഷനൊപ്പമുള്ള ഒരവസര സമത്വമാണ് നേടേണ്ടതായുള്ളത്. ഇതെങ്ങനെ നഷ്ടപ്പെട്ടു എന്ന് തിരയുമ്പോള്‍ ചരിത്രങ്ങളിലൂടെ സഹസ്രാബ്ദങ്ങള്‍ പിന്നിലേക്ക് പോകേണ്ടിയിരിക്കുന്നു. അതോടൊപ്പം സ്വാതന്ത്ര്യത്തെപ്പറ്റിയും അന്വേഷിക്കാം.

സ്വാതന്ത്ര്യം വളര്‍ച്ചയുടെ ഒരു ഭാഗമാണ്. സ്വാതന്ത്ര്യം എന്നും വളര്‍ന്നുകൊണ്ടിരിക്കുകയാണ്, പരിണാമത്തിന് സമാന്തരമായി. പരിണാമം വളരെ സാവധാനം പ്രകൃതിയിലെ വ്യതിയാനങ്ങള്‍ക്കനുസരണമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അതിലും വേഗത്തില്‍ സമൂഹത്തിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച്, ""സ്വാതന്ത്ര്യം'' സംഭവിച്ചുകൊണ്ടിരിക്കുന്നു. പരിണാമവും സ്വാതന്ത്ര്യവും വികാസം പ്രാപിച്ച് കൊണ്ട്, പൂര്‍ണ്ണതയെ ലക്ഷ്യമാക്കി നീങ്ങുകയാണ്, എന്നാല്‍ ഒരിക്കലും പൂര്‍ണ്ണത ഉണ്ടാവുകയുമില്ല. ""സ്വാതന്ത്ര്യം'' ഒരു വ്യക്തിക്കോ സമൂഹത്തിനോ മറ്റൊരിടത്തുനിന്നും വാങ്ങാനോ കൈമാറാനോ ഉള്ളതല്ല. ആവശ്യപ്പെടുന്നതും പൂര്‍ണ്ണസ്വാതന്ത്ര്യത്തെ പ്രാപിക്കാനുള്ള സാഹചര്യം അഥവാ അവസരമാണ്. ഈ സാഹചര്യം പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി ഒരുക്കുന്നു. അങ്ങനെ സ്വാതന്ത്ര്യം എന്ന അനുഭവം കൈവരിക്കുന്നു. സ്വതന്ത്രമാകണമെന്ന ആശയം മനസ്സിലുദിക്കുന്നത് തന്നെ സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യപടിയാണ്. സ്വാതന്ത്ര്യം വളര്‍ച്ചയ്ക്ക് ആവശ്യമാണ്. ജ്ഞാനം മനസ്സിനെ സ്വതന്ത്രമാക്കുന്നു. ചിന്തയും, അനുഭവങ്ങളും, ജ്ഞാനവും, പ്രജ്ഞയും (കോണ്‍ഷ്യസ്‌നസ്) പ്രദാനം ചെയ്യുന്നു. എല്ലാ പ്രവൃത്തിക്കും മുമ്പേ ഒരു ചിന്തയുണ്ടായിരിക്കും. ചിന്തയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. മനുഷ്യന്‍ ചിന്തകളിലൂടെ ജീവിക്കുന്നു. നാം പണിതുയര്‍ത്തിയതും വിശ്വസിച്ചാരാധിക്കുന്നതും, പരസ്പര സ്‌നേഹാദരങ്ങളും എല്ലാം ചിന്തയുടെ സൃഷ്ടിയാണ്. അതുപോലെ നശിപ്പിക്കുന്നതും എതിര്‍ക്കുന്നതും വെറുക്കുന്നതുമെല്ലാം ചിന്തയാല്‍ തന്നെ.

സമൂഹജീവിയായ മനുഷ്യന്‍ പല തരത്തിലുള്ള കെട്ടുപാടുകളെ പരിഗണിക്കേണ്ടതായുണ്ട്. അവന്റെ മുമ്പില്‍, ഭൂതകാലത്തില്‍ നിന്നു ഭാവികാലത്തിലേക്ക് നീണ്ടു കിടക്കുന്ന വിശാലമായ ലോകവും തന്റേതായ അസ്ഥിത്വവും അഥവാ ബോധമണ്ഡലവും ഉണ്ട്. അവിടെ അവന്‍ സ്വാതന്ത്ര്യവും ബന്ധനവും ഒരുമിച്ചനുഭവിച്ചുകൊണ്ട് കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്നു. പ്രകൃതിയുടെ ഒരു ഭാഗമായ മനുഷ്യന്‍, പ്രകൃതിയില്‍ നിന്ന് ആദ്യമായി അന്യനാകുന്നു. ഈ അന്യമാകല്‍ ജീവിതമാണ്, സ്വാതന്ത്ര്യമാണ് നല്‍കുന്നത്. ഈ അന്യമാകല്‍ ജീവിതത്തില്‍ ഉടനീളം സംഭവിക്കുന്നു. അതോടൊപ്പം ബന്ധനങ്ങളും. വീണ്ടും പ്രകൃതിയിലേക്ക് തിരികെ എത്തുന്നു; അപ്പോഴും അവന്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. അതാണ് ജീവിതത്തിന്റെ വേദനയും ലഹരിയും. സ്വാഭാവിക പ്രവണതയില്‍, പ്രകൃതിയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ആദിമമനുഷ്യന്‍ സ്ഥിരതാമസം ഉറപ്പിക്കാന്‍ തുടങ്ങിയതോടെ, ""സംസ്കാരം'' രൂപം കൊണ്ടു. എന്നാല്‍ വീണ്ടും മനുഷ്യന്‍ വ്യാപാരത്തിന്റേയും ജോലിയുടേയും ആവശ്യങ്ങള്‍ക്കായി അലയാന്‍ തുടങ്ങിയതോടെ പുതിയ സംസ്ക്കാരങ്ങളും സങ്കര സംസ്ക്കാരങ്ങളും രൂപം കൊണ്ടു. സംസ്ക്കാരം ജീവിതത്തെ

നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ, മനുഷ്യന്‍ വീണ്ടും സംസ്കാരത്തിന്റെ അടിമയായി.

സ്വാതന്ത്ര്യത്തോടൊപ്പം ചുമതലകളും വന്നുചേരുന്നു. കൂടുതല്‍ സ്വാതന്ത്ര്യത്തിന് കൂടുതല്‍ ""ക്രീയയും ചിന്തയും'' ആവശ്യമായി വരുന്നു. ഇവയോടൊന്നും താല്‍പ്പര്യമില്ലാത്തവര്‍ ""തേനീച്ചകള്‍ക്കിടയിലെ തൊഴിലാളി ഈച്ചകളെ''പ്പോലെ, വെറും ജീവികളായി ജീവിച്ചുപോന്നു. സമൂഹത്തിലെ ബുദ്ധിജീവികളും കര്‍മ്മോത്സുകരും അടങ്ങുന്ന "ചെറിയകൂട്ടം', ഭയവും മടിയുമായി കഴിഞ്ഞ "വലിയകൂട്ടത്തെ' തങ്ങളുടെ ഉദ്യമങ്ങളില്‍ ഉപയോഗിച്ചു. അങ്ങനെ ചൂഷകരുടെ ചെറിയകൂട്ടം ചൂഷിതരുടെ വലിയകൂട്ടത്തെ ചൂഷണം ചെയ്തു തുടങ്ങി. ""ചൂഷണം'' സാമ്പത്തിക മേഖലയില്‍ നിന്നും സമൂഹത്തിലെ മറ്റു മേഖലകളിലേക്കും കൂടി വ്യാപിച്ചു. പ്രകൃതിശക്തികളുമായി നേരിടേണ്ടിവന്ന മനുഷ്യവര്‍ഗ്ഗം ഒരു പരാശക്തിയെ മനസ്സില്‍ കണ്ട്, ആശ്വാസം നേടി. എന്നാല്‍ അവരുടെ ഭയത്തെ ചൂഷണം ചെയ്തുകൊണ്ട് ""മതങ്ങള്‍'' രൂപം പ്രാപിച്ചു. മനുഷ്യന്‍ സന്തോഷിക്കാനും ആഹ്ലാദിക്കാനുമുള്ള സാദ്ധ്യതകളെ പലതിനേയും പാപമെന്ന് വിധിച്ചുകൊണ്ട് അവനെ ദുരിതപൂര്‍ണ്ണനാക്കുകയും, ""സമാധാനവും ശാന്തിയും മതത്തിലൂടെ മാത്രമേ ലഭ്യമാകുകയുള്ളൂ'' എന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ഭൗതികവും, ശാരീരികവുമായ സുഖങ്ങളെയൊക്കെ വര്‍ജ്ജിക്കുവാനും, സംഗീതതാളകലാസ്വാദനങ്ങള്‍ പവിത്രയ്ക്ക് കളങ്കമേല്‍പ്പിക്കുമെന്നും ഉപദേശിച്ചു. മുടിവെട്ടുന്നതും, താടി വടിയ്ക്കുന്നതുംവരെ ദൈവനിഷേധമാണെന്ന് വാദിച്ചു. വിശ്വാസാചാരങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തിക്കൊണ്ട് പുതിയ മതങ്ങള്‍ ഉയര്‍ന്നുവന്നു. മതങ്ങള്‍ക്കുള്ളില്‍ തന്നെ ഉച്ചനീചത്വങ്ങള്‍ സൃഷ്ടിച്ച് വിശ്വാസികളെ വിഭജിക്കാനും തുടങ്ങി. പുരുഷമേധാവിത്വവും സ്ത്രീപ്രാന്തവല്‍ക്കരണവും ശക്തമായി വളര്‍ന്നു. മതം സമൂഹത്തെ വിഭജിച്ചു എന്നു മാത്രമല്ലാ, ഓരോ മനുഷ്യനേയും വിഭജിച്ചു, അവനില്‍ തന്നെ ഒരു പിളര്‍പ്പുണ്ടാക്കി. പാപ ആഗ്രഹങ്ങള്‍ നിറഞ്ഞ ശരീരത്തെ കീഴടക്കി (പീഡിപ്പിച്ച്) ആത്മാവിനെ നേടാന്‍ പ്രേരിപ്പിച്ചു. മനുഷ്യന്റെ ഒരുഭാഗം അധമവും, മറ്റേഭാഗം ഉത്തമവുമായി പ്രഖ്യാപിച്ചു. അങ്ങനെ പടിഞ്ഞാറന്‍ ദിക്കിലുള്ളവര്‍ പലരും ""മനുഷ്യന്‍ ശരീരം മാത്രമാകുന്നു എന്നും ആത്മാവില്ലെന്നും'' വിശ്വസിച്ചു. "കിഴക്ക്' തിരഞ്ഞെടുത്തത്, ""ശരീരം മിഥ്യയാണെന്നും, നാം ആത്മാവാണെന്നുമാണ്.'' ഈ ചിന്താധാരകള്‍ മനുഷ്യമനസ്സുകളില്‍ എന്നും ഒരു യുദ്ധമായി അവശേഷിക്കുന്നു. അതുപോലെ, "ലൈംഗികത'' യെപ്പറ്റിയുള്ള അപര്യാപ്തമായ അറിവുകളും, പാപമാണെന്ന ധാരണയും പല ദമ്പതികളിലും ""മൈഗ്രേയ്ന്‍'' ഉണ്ടാക്കുന്നതായി പറയപ്പെടുന്നു. പല കുടുംബ പ്രശ്‌നങ്ങളിലേക്കും ഈ പാപത്തിന്റെ ഭയം, കൊണ്ടു ചെന്നെത്തിക്കുന്നു. മനുഷ്യശരീരത്തിന്റെ ബാഹ്യവും ആന്തരീകവുമായ അവയവങ്ങള്‍ക്ക് ഉത്തേജനം ആവശ്യമാണ്. അവ ലഭിക്കാതെ മാരക രോഗങ്ങളിലേക്ക് വരെ എത്തിപ്പെടാം. അതിനാല്‍ മനസ്സ് ആവശ്യപ്പെടുന്നതും, ശരീരം ആവശ്യപ്പെടുന്നതുമായ സ്വാതന്ത്ര്യത്തെ എടുത്തുകളയുന്ന എന്തിനേയും, ചിന്തയെ ശിഥിലീകരിക്കുന്ന ഏതിനേയും സൂക്ഷ്മതയോടെ അപഗ്രഥിക്കണം.

മനുഷ്യമനസ്സിനെ ഒരു വികൃതിക്കുരങ്ങിനോട് ഉപമിക്കാം. കുരങ്ങ് പൊതുവേ അസ്വസ്ഥസ്വഭാവക്കാരനാണല്ലോ. അതിനെ ഒരു തേളുകുത്തിയാല്‍ അല്ലെങ്കില്‍ വിശന്നുപോയാല്‍ അസ്വാസ്ഥ്യം ഇരട്ടിക്കുന്നു. അതുപോലെ മനുഷ്യമനസ്സിലേക്ക് അനേക ചിന്തകള്‍ വന്നു നിറഞ്ഞുകൊണ്ടിരിക്കുന്നു. അതോടൊപ്പം ഭയവും തെറ്റിധാരണകളും കൂടെ കടത്തിവിട്ടാല്‍, മനുഷ്യന്‍ എത്രമാത്രം അസ്വസ്ഥനാകുമെന്ന് പറയേണ്ടതില്ലല്ലോ. അതിനാല്‍ മനസ്സിനെ സ്വതന്ത്രമാക്കണം. മനസ്സ് സ്വതന്ത്രമായി ""പീലിവിടര്‍ത്തി ആടുമ്പോള്‍'' സ്വസ്ഥത അനുഭവപ്പെടും. സ്വസ്ഥതയില്‍ ചിന്തകളെ ക്രമാകൃതമാക്കാം. ധ്യാനവും പ്രാണായാമം മുതലായ യോഗാചര്യകളും ഇതിന് സഹായിക്കും.

സ്ത്രീ: എബ്രായരും ക്രിസ്തുമതവും ഹിന്ദുമതവും കൂടാതെ മുഹമ്മദു മതവും സ്ത്രീയെ പാര്‍ശ്വവല്‍ക്കരിക്കുന്നതു വ്യക്തമായി കാണാന്‍ സാധിക്കുന്നു. പുരുഷമേധാവിത്വത്തിലൂടെ കടന്നുപോന്ന സമൂഹം, ""സ്ത്രീയെ'', പുരുഷന്റെ സുഖോല്‍പ്പാദന ഉപകരണം മാത്രമായി താഴ്ത്തി മെതിക്കുകയായിരുന്നു. മേല്‍പ്പറഞ്ഞ മതനേതാക്കളായ പുരുഷന്മാര്‍ നിര്‍മ്മിച്ചെടുത്ത ദൈവശാസ്ത്രവും പരിമിതമാണ്. മനുഷ്യന്റെ പരിമിതമായ കാഴ്ചയില്‍ നിന്ന് ഉടലെടുത്തതു തന്നെ, കാരണം. പുരുഷനുണ്ടാക്കുന്ന കഥയില്‍ തീര്‍ച്ചയായും പുരുഷനായിരിക്കും "കേന്ദ്രം'. ദൈവത്തേയും അവര്‍ പുരുഷനാക്കി അവതരിപ്പിച്ചു. ""എബ്രായര്‍'' ദൈവത്തിന്‍റ സ്വന്തജനം എന്ന അവകാശവാദത്തോടൊപ്പം മനുഷ്യനും സ്ത്രീയും എന്ന് പുരുഷനേയും സ്ത്രീയേയും ഇനം തിരിച്ചു. ദൈവം മനുഷ്യന്‍ എന്ന പുരുഷനെ തന്നോളം ഉയര്‍ത്തുന്നതായും, സ്ത്രീയെ അവഗണിച്ച് താഴ്ത്തുന്നതായും ഉള്ള ഒരു ചിത്രീകരണമാണ് നല്‍കിയത്. ക്രിസ്തു, മനുഷ്യന്റെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചതിനാല്‍ അടുത്തകാലം വരെ ""മനുഷ്യന്‍'' ക്രിസ്ത്യാനി മാത്രമായി കണക്കാക്കി. മുഹമ്മദീയ മതത്തിലും ഹിന്ദുമതത്തിലും പുതിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും കടന്നുവന്ന് സ്ത്രീ പാര്‍ശ്വവല്‍ക്കരണവും അധിക്ഷേപവും, വ്യക്തിഹത്യയും തുടര്‍ന്നു. ഈ മതങ്ങളിലെല്ലാം ""മനുഷ്യന്‍'' പുരുഷന്‍ മാത്രമായിരുന്നു. എന്നാല്‍ മനുഷ്യന്‍ ചിന്തിക്കേണ്ടത്, പുരുഷന്‍ ചിന്തിക്കേണ്ടത്, ഞാനും സൃഷ്ടാവിന്റെ സൃഷ്ടികളില്‍ ഒന്നു മാത്രമാണ് എന്നാണ്. ദൈവത്തിന്, പക്ഷപാതമോ, മുഖപക്ഷമോ ഇല്ല. മനുഷ്യകേന്ദ്രീകൃതമായ ജീവിത കാഴ്ചപ്പാടില്‍ നിന്നും സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും സസ്യങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഭൂമിക്കും തുല്യസ്ഥാനം നല്‍കുന്ന, ഭൂമി കേന്ദ്രീകൃതമായ ഒരു ജീവിത ദര്‍ശനം സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നു. അതോടെ സ്ത്രീക്കും, പുരുഷനൊപ്പം അവസര സമത്വവും തുല്യതയും ലഭ്യമാകും. പക്ഷിമൃഗാദികളോടുള്ള ക്രൂരതയും പരിസ്ഥിതി നശീകരണവും, തെറ്റും കുറ്റവുമായി മാറും.

സ്ത്രീയായി ജന്മം നല്‍കാഞ്ഞതിനായി ദൈവത്തെ സ്തുതിക്കുന്ന എബ്രായരും, പ്രസവിക്കാനിരിക്കുന്ന അഥവാ പ്രസവിച്ച കുഞ്ഞ് ""പെണ്‍'' ആണെങ്കില്‍ നശിപ്പിച്ചു കളയാന്‍ ശ്രമിക്കുന്ന മാതാപിതാക്കളും ഉള്ള ലോകം മാറേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ അനുഭവിച്ചുവന്ന കഠിന പീഡനങ്ങള്‍ ഇന്നും കേരളത്തിലും ഭാരതത്തിലും നടമാടുകയാണ്. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തുകൊള്ളണമെന്ന ""സതി'' സമ്പ്രദായം വടക്കേ ഇന്ത്യയില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടുവെങ്കിലും ""സ്ത്രീധന ആചാരം'', പീഢനങ്ങളും മരണവും വിതറിക്കൊണ്ട് ഇന്നും ഗോപ്യമായി തുടരുന്നുണ്ട്. വര്‍ണ്ണ വിവേചനവും പുരുഷമേധാവിത്വവും സാമ്പത്തിക അസമത്വങ്ങളും എല്ലാം. ഏറ്റവും കൂടുതലായി തിക്താനുഭവങ്ങള്‍ നല്‍കിയത് സ്ത്രീകള്‍ക്കാണ്. സതി, ബാലശൈശവ വിവാഹം, തലമുണ്ഡനം ചെയ്യല്‍, കന്യകകളായ വിധവകള്‍, ദേവദാസികള്‍ ഇവയൊക്കെ സ്ത്രീത്വത്തിന്റെ മേല്‍ ഏല്‍പ്പിച്ച ആഘാതങ്ങളായി സമൂഹത്തില്‍ നിലനിന്നു. നാട്ടിലെ ചില ഹൈന്ദവകുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ആദ്യമായി ആര്‍ത്തവമുണ്ടാകുമ്പോള്‍ സ്ഥലത്തെ ബ്രാഹ്മണകാരണവന്മാരുടെ കിടക്കറയിലേക്ക് അവരെ ആഘോഷമായി ആനയിക്കുന്നു. അതില്‍ പെണ്‍കുട്ടികള്‍ ജനിച്ചാല്‍, ആ പെണ്‍കുട്ടികളെ ദേവദാസികളായി അമ്പലത്തില്‍ സമര്‍പ്പിക്കാറുണ്ട്. കാലാന്തരത്തില്‍ അവരില്‍ പലരും വേശ്യകളായി അധ:പതിക്കാറുണ്ട്. മറ്റൊന്ന്, താഴ്ന്ന ജാതിയിലുള്ള സ്ത്രീകള്‍ മാറുമറയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് രാജശാസന നിലവിലിരുന്നു. കൂടാതെ ""മുലക്കരവും'' നടപ്പിലാക്കിയിരുന്നു. അഉ 1803-ല്‍ ചേര്‍ത്തലയില്‍ ""നങ്ങേലി'' എന്ന സ്ത്രീ കരം അടയ്ക്കാന്‍ കഴിയാതെ, സ്വന്തം മുല മുറിച്ച് കരംപിരിവുകാരന്റെ കയ്യില്‍ ഏല്‍പ്പിച്ചു. രക്തം വാര്‍ന്ന് അവിടെത്തന്നെ വീണു മരിച്ചു. ശക്തമായ ഈ പ്രതിഷേധം, മുലക്കരം പിന്‍വലിക്കാന്‍ ഇടയാക്കി. മുസ്ലീം സമുദായത്തിലും നമ്പൂതിരി സമൂഹത്തിലും സ്ത്രീകള്‍ക്ക് അനേക വിലക്കുകള്‍ കല്‍പ്പിച്ചിരുന്നു. സ്മാര്‍ത്തവിചാരവും, ബഹുഭാര്യാത്വവും പുരുഷ ഫ്യൂഢലിസ്റ്റുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കി. സ്ത്രീകള്‍ കൂടുതല്‍ അടിമത്വത്തിലേക്കും വ്യക്തിഹത്യയിലേക്കും നിപതിച്ചു.

അരക്ഷിതമായ സമൂഹപശ്ചാത്തലത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍, അസഹിഷ്ണുതയിലാണ് വളര്‍ന്നുവരുന്നത്. ചുറ്റുപാടുകളില്‍ നിന്ന്, മതവും, രാഷ്ട്രീയവും ലിംഗവിഭജനവും ഒക്കെ അവരുടെ വളര്‍ച്ചയെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. വെറുപ്പും, വിദ്വേഷവും സ്വാര്‍ത്ഥതയും സംശയബുദ്ധിയും ഒക്കെ അവര്‍ക്ക് കൈമുതലായി കിട്ടാം. അതോടൊപ്പം ആര്‍ത്തിയും അക്രമവും അസൂയയും അക്ഷമയും സ്വഭാവത്തില്‍ കടന്നുകൂടാം. വിവേകം, വികാരത്തിനു വഴിമാറികൊടുക്കും. ഈ സാഹചര്യത്തില്‍ സമൂഹത്തിലെ വ്യക്തിസ്വാതന്ത്ര്യം മാത്രമല്ല, സ്വന്തം മാനസിക സ്വാതന്ത്ര്യം - മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്നും - കൂടി നേടേണ്ടതായുണ്ട്. സ്വഭാവത്തിലും കാഴ്ചപ്പാടിലും ഉണ്ടാകുന്ന വൈകല്യങ്ങളെ, ശരീരത്തിലെ ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമാണെന്ന് ന്യായീകരിക്കാമെങ്കിലും മറികടക്കേണ്ടതാണ്. സംഭാഷണങ്ങളിലൂടെയും മറ്റും നമുക്ക് ലഭിക്കുന്ന വിവരങ്ങളോട് പ്രതികരിക്കുന്ന രീതി, നമ്മുടെ മനസ്സിനെ തുറന്നുകാണിക്കുന്നു. അതുപോലെ മുഖഭാവം, ശബ്ദം അടക്കമുള്ള ""ശരീരഭാഷയും''. ഉദാഹരണമായി, ഒരാള്‍ ഒരു വലിയ വീടിനുടമയായി എന്നറിയുമ്പോള്‍, ""വല്ല നിധിയും കിട്ടിയതായിരിക്കും,'' അല്ലെങ്കില്‍ വിറ്റവര്‍ക്കു കളിപ്പു പറ്റിയതാവാം.'' എന്നിങ്ങനെയുള്ള പ്രത്യുത്തരങ്ങള്‍ അസൂയയില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും മാത്സര്യത്തില്‍ നിന്നും ആര്‍ത്തിയില്‍ നിന്നുമൊക്കെ ഉണ്ടാകുന്നതാണ്. ഈ ആര്‍ത്തി ഭക്ഷണത്തിനോടും ഉണ്ടാകാം. കൈവശമുള്ളതൊക്കെ തീര്‍ന്നുപോകുമെന്ന ഭയം അഥവാ സംശയം വളര്‍ന്നുവരും, മറ്റു പല തലങ്ങളിലേക്കും വ്യാപിക്കും. അതിനൊപ്പം അക്ഷമയും ഉയര്‍ന്നുവരും. മനസ്സ് അസ്വസ്ഥമാകും. വെറുപ്പിലേക്കും, അക്രമത്തിലേക്കും വരെ ഇതു നീണ്ടു പോകുന്നു. ""എങ്ങനെയും എനിക്ക് ജയിക്കണം'' എന്ന വാശി ആവിര്‍ഭവിക്കുകയായി. ജയിച്ചേക്കാം. പക്ഷേ തോല്‍ക്കുന്നത്, കുടുംബമായിരിക്കും. തല്‍ഫലമായി കുട്ടികള്‍ കൈവിട്ടുപോയേക്കാം. ഭര്‍ത്താവ് മദ്യപനോ, ദുര്‍മാര്‍ഗ്ഗിയോ ആയിത്തീര്‍ന്നേക്കാം. ഒരു ""ഡോമിനോ ഇഫക്ട്'' പോലെ നന്മയുടെ തുടര്‍ച്ചയായി നന്മയും, തെറ്റുകളുടെ തുടര്‍ച്ചയായി വലിയ തെറ്റുകളുമായിരിക്കും ഫലം. ഒരു നെഗറ്റീവ് ചിന്ത, അഥവാ നിഷേധാത്മക കാഴ്ചപ്പാട് വരുത്തിവയ്ക്കുന്ന ദോഷങ്ങള്‍ പലതാണ്. അതിനാല്‍ എപ്പോഴും ക്രിയാത്മകമായ, വ്യക്തതയുള്ള നല്ല കാഴ്ചപ്പാടുണ്ടായിരിക്കണം. നമുക്കറിയില്ലാത്ത നമ്മുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്നു, യുധിഷ്ഠിരന്റെ മോക്ഷയാത്രയുടെ കഥ. സ്വര്‍ഗ്ഗത്തെത്തും മുമ്പ് യുധിഷ്ഠിരനൊപ്പം സഞ്ചരിച്ചിരുന്ന, പാണ്ഡവാചാരപ്രകാരമുള്ള ഭാര്യ ""ദ്രൗപതിയും, പാണ്ഡവ സഹോദരന്മാരും മരണപ്പെട്ടു. ഓരോരുത്തരുടെയും മോക്ഷത്തിന് വിഘാതമായത് എന്താണെന്ന് പരിശോധിക്കാം. ഭര്‍ത്താക്കന്മാരായി ലഭിച്ച അഞ്ചുപേരെയും ഒരുപോലെ സ്‌നേഹിച്ചു കരുതേണ്ട ദ്രൗപതിക്ക് അര്‍ജ്ജുനനോടായിരുന്നു കൂടുതലടുപ്പം. സഹദേവനാകട്ടെ സ്വന്തം ബുദ്ധിയില്‍ അഹങ്കരിച്ചു. തന്റെ സൗന്ദര്യം സ്വയം ആസ്വദിച്ചു, ഭ്രമിച്ചവനാണ് നകുലന്‍, അര്‍ജ്ജുനന്‍ അമിതമായ ആത്മവിശ്വാസത്തിന്റെ ഉടമയായിരുന്നു. ഭീമന്‍ അമിത ഭക്ഷണപ്രിയനായിരുന്നു. എന്നാല്‍, സ്വര്‍ഗ്ഗലാഭത്തിനുവേണ്ടിപ്പോലും, സഹയാത്രികനായിരുന്ന ""ശ്വാനനെ'' വെടിഞ്ഞുകളയാന്‍ തയ്യാറായില്ല എന്ന മറ്റൊരു നന്മകൂടെ യുധിഷ്ഠിരനെ മോക്ഷത്തിന് യോഗ്യനാക്കി. പുരാണങ്ങളും ഐതീഹ്യങ്ങളും പ്രസംഗങ്ങളുമെല്ലാം നമുക്കൊരു മുഖക്കണ്ണാടിയായി, നമ്മുടെ മുമ്പില്‍, നമ്മെത്തന്നെ കാട്ടിത്തരികയാണ്. പുസ്തകങ്ങളോ, പ്രാസംഗികരോ അല്ലാ പ്രധാനം. ഈ കണ്ണാടിയില്‍ നമ്മുടെ രൂപം നാം എങ്ങനെ തെളിഞ്ഞു കാണുന്നു എന്നതാണ്. എങ്കിലേ തിരുത്തേണ്ടതിനെ തിരുത്താനാകൂ. അങ്ങനെ മനസ്സിനെ ദൗര്‍ബല്യങ്ങളില്‍ നിന്ന് സ്വതന്ത്രമാക്കാം.

പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും ഉടമകളാണ്. സ്ത്രീ സ്വാതന്ത്ര്യ ധ്വംസനം തന്നെ അതിനുദാഹരണമാണ്. ദൈവത്തിന്റെ രൂപത്തില്‍ നടത്തിയ ആള്‍മാറാട്ടം മറ്റൊന്ന്. വിശ്വാസങ്ങളേയും മതങ്ങളേയും, തെറ്റായ നിര്‍വ്വചനങ്ങള്‍ നല്‍കി, ഉച്ച നീചത്വങ്ങളും, ചൂഷണങ്ങളും നടത്തിയത് പുരുഷന്മാരാണ്. ഭൂമിയ്ക്കും സ്ത്രീയ്ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഉടമകളാണ് ""പുരുഷന്‍'' എന്ന തെറ്റിധാരണയ്ക്ക് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണമാണ് ""ശബരിമലയിലെ സ്ത്രീപ്രവേശനവും'' കത്തോലിക്കാ സഭയില്‍ ""സ്ത്രീകളുടെ പാദം കഴുകല്‍ ശുശ്രൂഷയെപ്പറ്റി'' ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച ഉത്തരവും. 2016 ജൂണ്‍ മാസത്തില്‍ വിശുദ്ധ മഗ്ദലന മറിയത്തെ അപ്പോസ്തലന്മാരുടെ അപ്പോസ്തലയായി'' പ്രഖ്യാപിച്ചത്, ലിംഗവിവേചനത്തിന്റെ വക്ഷസ്സിലേറ്റ അശനിപാതമായി കണക്കാക്കാം. പൂര്‍വ്വ സഭാപിതാക്കന്മാരായ തെര്‍ത്തുല്യന്‍, അലക്‌സാഡ്രിയായിലെ ക്ലെമന്റ് മുതലായവര്‍ സ്ത്രീകളെ താഴ്ന്ന നിലയില്‍ വിമര്‍ശിച്ചിരുന്നുവത്രേ. അതിനാല്‍ സ്ത്രീയുടെ ഭാഗത്തുനിന്നും, തങ്ങളെ തരംതാഴ്ത്തിയുള്ള പാരമ്പര്യങ്ങളേയും പഠിപ്പീരുകളേയും വിമര്‍ശിക്കേണ്ടതാണ്. സമൂഹത്തിലും സഭയിലും മതങ്ങളിലും സ്ത്രീകളുടെ, പ്രാധാന്യത്തേയും സ്ത്രീകള്‍ക്കുള്ള സ്ഥാനത്തേയും പുനര്‍നിര്‍ണ്ണയം ചെയ്യേണ്ടതാണ്. തിരുത്തേണ്ടതിനു വേണ്ടി വാദിക്കാനും നിഷേധിക്കേണ്ടതിനെ ഉറക്കെ നിഷേധിക്കാനും സ്ത്രീകള്‍ തയ്യാറാവണം. പുരുഷന്മാരുടെ ഇടയിലെ വെറും ""തൊഴിലാളി തേനീച്ച''കളായി, സ്വത്വം നഷ്ടപ്പെട്ടവരായി, ജീവിതം എങ്ങനെയെങ്കിലും ജീവിച്ച് തീര്‍ക്കരുത്. ധ്യാനാത്മകമായ ഒരു അവബോധത്തോടെ മനസ്സിനെ സ്വതന്ത്രമാക്കി, ജീവിതത്തെ സ്വാതന്ത്ര്യത്തിലൂടെ നയിക്കണം.

തലമുറകള്‍ക്ക് ജന്മം കൊടുക്കുന്ന, പോറ്റിവളര്‍ത്തുന്ന, മനുഷ്യരാശിയെ നിലനിര്‍ത്തുന്ന, മഹനീയ സ്ഥാനമാണ് ""സ്ത്രീയ്ക്കു''ള്ളത്. ചിന്തിക്കുക, വായിക്കുക, ഭയത്തെ വെടിയുക, അങ്ങനെ ജ്ഞാനം സമ്പാദിക്കുക. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമായ ഭൂമീദേവിയോടാണ് സ്ത്രീയെ ഉപമിക്കാറ്. പൂജിക്കപ്പെടേണ്ട ""മാതൃദേവ സിംഹാസനത്തിലേക്ക് സ്ത്രീ'' ഉയര്‍ന്നുവരണം. ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെപ്പോലെ, മദര്‍തെരേസയെപ്പോലെ, ദയാബായിയെപ്പോലെ ലോകത്തിന് വെളിച്ചം നല്‍കാന്‍, സ്ത്രീകളേ! സ്വാതന്ത്ര്യം നിങ്ങളെ മാടിവിളിക്കുന്നു. ഉണര്‍ന്നെഴുന്നേല്‍ക്കൂ...
സ്ത്രീ....സ്വാതന്ത്ര്യം (തോമസ് കുളത്തൂര്‍)
Join WhatsApp News
Eapen Daniel 2016-11-10 08:44:47
well written...!! Congrats Thomas...!!
Eapen 2016-11-10 08:46:45
നന്നായി എഴുതിയതിനു നന്ദി .....!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക