Image

എയര്‍ ഇന്ത്യയുടെ വിദേശ റൂട്ടുകളിലെ ആദ്യ അവകാശം ഒഴിവാക്കാന്‍ തീരുമാനം

Published on 15 February, 2012
എയര്‍ ഇന്ത്യയുടെ വിദേശ റൂട്ടുകളിലെ ആദ്യ അവകാശം ഒഴിവാക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രമുഖ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ വിദേശ റൂട്ടുകളിലെ ആദ്യ അവകാശം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ എയര്‍ ഇന്ത്യക്ക്‌ സര്‍വീസ്‌ നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ മാത്രമേ വിദേശ റൂട്ടുകള്‍ സ്വകാര്യ വിമാന കമ്പനികള്‍ക്ക്‌ അനുവദിക്കാറുള്ളൂ. വിദേശ റൂട്ടുകളിലെ എയര്‍ ഇന്ത്യയുടെ കുത്തക ഒഴിവാക്കിയെങ്കിലും സര്‍വീസ്‌ നടത്താന്‍ എയര്‍ ഇന്ത്യ തയാറാണെങ്കില്‍ എയര്‍ ഇന്ത്യക്കാവും അനുമതി നല്‍കുകയെന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

എയര്‍ ഇന്ത്യക്ക്‌ സാമ്പത്തിക പ്രതിസന്ധി മൂലം പല വിദേശ റൂട്ടുകളിലും സര്‍വീസ്‌ നടത്താന്‍ കഴിയുന്നില്ലെന്നും ഇതു കാരണം ഇന്ത്യക്ക്‌ ലഭിച്ചിട്ടുള്ള പല രാജ്യാന്തര റൂട്ടുകളിലും ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇല്ലാത്ത സാഹചര്യം ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ വിവാദ തീരുമാനം. ഇതുമൂലം സ്വകാര്യ വിമാന കമ്പനികളായ ജെറ്റ്‌, കിങ്‌ ഫിഷര്‍ എയര്‍ലൈന്‍സ്‌, ഇന്‍റിഗോ, സ്‌പൈസ്‌ ജെറ്റ്‌ തുടങ്ങിയവര്‍ക്ക്‌ വിദേശ റൂട്ടുകളില്‍ സര്‍വീസ്‌ നടത്താന്‍ അനുമതി ലഭിക്കും. ഫലത്തില്‍ ഇത്‌ സ്വകാര്യ വിമാന കമ്പനികള്‍ക്ക്‌ അനുകൂലമായ ഉത്തരവായി കണക്കാക്കപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക