Image

മാലിന്യ സംസ്‌കരണത്തിനായി വിദേശസംവിധാനം ഏര്‍പ്പെടുത്തും : മുഖ്യമന്ത്രി

Published on 15 February, 2012
മാലിന്യ സംസ്‌കരണത്തിനായി വിദേശസംവിധാനം ഏര്‍പ്പെടുത്തും : മുഖ്യമന്ത്രി
തിരുവനന്തപുരം: മാലിന്യപ്രശ്‌നം സംസ്ഥാനത്ത് പലയിടങ്ങളിലും വന്‍ ജനകീയപ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ മാലിന്യം സംസ്‌കരിക്കുന്നതിന് വിദേശമാതൃകയിലുള്ള നൂതന സാങ്കേതികവിദ്യ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സംഭരിക്കുന്ന മാലിന്യം അതാത് വാഹനങ്ങളില്‍ തന്നെ സംസ്‌കരിക്കുന്ന രീതിയാകും നടപ്പാക്കുക. ഇത്തരം രണ്ട് വാഹനങ്ങള്‍ വാങ്ങാന്‍ സിഡ്‌കോയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.

പെന്‍ഷന്‍ പ്രായം 56 ആയി വര്‍ധിപ്പിക്കുന്ന വിഷയം മന്ത്രിസഭ ചര്‍ച്ചചെയ്‌തെങ്കിലും തീരുമാനമെടുത്തില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ ഏകീകരണത്തോടെ ഫലത്തില്‍ ജീവനക്കാര്‍ 56 വയസ്സില്‍ വിരമിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഇത് പ്രായോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് പിന്‍വലിക്കും. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന വികാരമുണ്ട്. ഇത് ചെയ്യുമ്പോള്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രശ്‌നങ്ങള്‍ കൂടി സര്‍ക്കാരിന് കണക്കിലെടുത്തേ മതിയാകൂ. അതിനാല്‍ ഒരു പാക്കേജായിട്ടായിരിക്കും ചെയ്യുക.


നെല്ലിന്റെ സംഭരണ വില 15 രൂപയാക്കാനും മന്ത്രിസഭ തീരുമാനിച്ചു. നെല്ല് സംഭരണം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. സുകുമാര്‍ അഴീക്കോടിന്റെ തൃശൂരിലെ വസതി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് സ്മാരകമാക്കും. സംസ്ഥാനത്ത് പുതുതായി ഒരു ആയുര്‍വേദ ആസ്പത്രിയും 26 ആയുര്‍വേദ ഡിസ്‌പെന്‍സറികളും തുടങ്ങും.


കോട്ടയം ജില്ലയിലെ മൂലേടം, കുമാരനല്ലൂര്‍ എന്നിവടങ്ങളില്‍ റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം ഫാസ്റ്റ് ട്രാക്കായി ഏറ്റെടുക്കും. ആശ വര്‍ക്കേഴ്‌സിന്റെ വേതനം 300 രൂപയില്‍ നിന്ന് 500 രൂപയാക്കും. എം.എല്‍.എമാര്‍ തൊഴില്‍ക്കരം നല്‍കേണ്ടവരല്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.


ജില്ലാ സഹകരണ ബാങ്കുകള്‍ പിടിച്ചെടുത്തതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സഹകരണ ബാങ്കുകളില്‍ ജനാധിപത്യം പുന:സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. 2007 ല്‍ അംഗത്വമുണ്ടായിരുന്ന സഹകരണ സംഘങ്ങളുടെ അംഗത്വം പോലും എടുത്തുകളഞ്ഞാണ് അന്നത്തെ സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ പിടിച്ചെടുത്തതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കെ.എസ്.യു തിരഞ്ഞെടുപ്പിനിടെയുണ്ടായ അടിയെക്കുറിച്ചുള്ള ചോദ്യത്തിന് നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നായിരുന്നു മറുപടി.


ബജറ്റ് സമ്മേളനത്തിന്റെ കാര്യവും ജനസമ്പര്‍ക്ക പരിപാടിയില്‍ ഉയര്‍ന്ന ചില അഭിപ്രായങ്ങളും വ്യാഴാഴ്ച രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക