Image

ഗായകന്‍ കെ.ജി മാര്‍ക്കോസ് നാട്ടില്‍ തിരിച്ചെത്തി

Published on 15 February, 2012
 ഗായകന്‍ കെ.ജി മാര്‍ക്കോസ് നാട്ടില്‍ തിരിച്ചെത്തി
തിരുവനന്തപുരം: സൗദിയില്‍ രണ്ട് ദിവസം ജയിലില്‍ കഴിയേണ്ടി വന്ന പ്രശസ്ത ഗായകന്‍ കെ.ജി.മാര്‍ക്കോസ് ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തി. മലയാളി സംഘടനകളുടെ കിടമത്സരം കാരണമാണ് കസ്റ്റഡിയിലാകാന്‍ കാരണമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മദ്യവും നൃത്തവും പരിപാടിയില്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ഇതിന് മതിയായ അനുമതി സംഘാടകര്‍ നേടിയിരുന്നുമില്ല.


മതിയായ അനുമതി ഇല്ലാതെയും പ്രവേശന ഫീസ് വെച്ചും ചില മലയാളികള്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പങ്കെടുത്തതിനാണ് ഫിബ്രവരി പത്തിന് മാര്‍ക്കോസിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തത്. ആവശ്യമായ അനുമതി സംഘാടകര്‍ മുന്‍കൂട്ടി എടുത്തിരുന്നില്ല എന്നതിന് പുറമെ ടിക്കറ്റ് വെച്ച് പരിപാടി സംഘടിപ്പിച്ചു എന്ന കുറ്റവുമുണ്ടായിരുന്നു. രണ്ട് ദിവസം മാര്‍ക്കോസ് ജയിലിലും രണ്ട് ദിവസം ജയിലിന് പുറത്ത് ദമാമില്‍ ജാമ്യത്തിലും കഴിഞ്ഞു.


ജയിലില്‍ സൗദി പോലീസ് വളരെ മാന്യമായാണ് തന്നോട് പെരുമാറിയതെന്ന് മാര്‍ക്കോസ്  പറഞ്ഞു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി ഇ അഹമ്മദും ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. ഇനി വിദേശരാജ്യങ്ങളില്‍ പരിപാടിക്ക് പോകുമ്പോള്‍ അനുമതി രേഖ ആദ്യമേ ചോദിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക