Image

ആറന്മുളയില്‍ നെല്‍കൃഷി: എല്‍ഡിഎഫിന്റെ കാര്‍ഷിക മേഖലയോടുള്ള പ്രതിബദ്ധത

എ പി ജയന്‍ Published on 01 November, 2016
ആറന്മുളയില്‍ നെല്‍കൃഷി: എല്‍ഡിഎഫിന്റെ കാര്‍ഷിക മേഖലയോടുള്ള പ്രതിബദ്ധത
തരിശുകിടന്ന ആറന്മുള പാടശേഖരത്തില്‍ നെല്‍കൃഷി പുനരാരംഭിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം കാര്‍ഷികമേഖലയോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് തെളിയിക്കുന്നത്. ആറന്മുളയിലെ പുഞ്ചപ്പാടങ്ങളില്‍ നെല്‍കൃഷി നിലച്ചിട്ട് രണ്ടുപതിറ്റാണ്ടിലധികമായി. വിശാലമായ ആറന്മുള പുഞ്ചപ്പാടം ഭൂമാഫിയയുടെ ഇഷ്ടഭൂമിയായി മാറി. ഒരു പതിറ്റാണ്ട് മുമ്പാണ് ആറന്മുളയിലെ കണ്ണായ പാടശേഖരം നികത്താന്‍ ഭൂമാഫിയ തയാറെടുത്തത്. സ്വകാര്യ എന്‍ജിനീയറിങ് കോളജ് ഉടമയായ കലമ്മണ്ണില്‍ തങ്കച്ചനാണ് ഇവിടുത്തെ തരിശുകിടന്ന പാടശേഖരങ്ങള്‍ വാങ്ങിക്കൂട്ടിയത്. എന്‍ജിനീയറിങ് കോളജിലെ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ചെറുവിമാനം ഇറക്കുന്നതിന് എയര്‍സ്സ്ട്രിപ്പ് മാത്രം പണിയുന്നു എന്ന പേരിലായിരുന്നു നിലം നികത്തല്‍ ആരംഭിച്ചത്. പിന്നീട് ഈ ഭൂമി കെജിഎസ് എന്ന കോര്‍പ്പറേറ്റ് കമ്പനിക്ക് മറിച്ചുവിറ്റു. ആറന്മുളയിലെ ജനങ്ങളെ കുടിയിറക്കി വിമാനത്താവളം നിര്‍മ്മിക്കുന്നതിനായിരുന്നു ഇവര്‍ പദ്ധതി തയാറാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി വിമാനത്താവള നിര്‍മ്മാണത്തിന് വേണ്ടുന്ന എല്ലാ അനുമതികളും നേടിയെടുത്തു.

വിമാനത്താവള പദ്ധതിയുമായി കെജിഎസ് ഏറെ മുന്നോട്ട് പോയപ്പോഴാണ് ആറന്മുളയിലെ ജനങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടാവാന്‍ പോകുന്ന വിപത്തിനെക്കുറിച്ച് ബോധവാന്മാരായത്. മാസങ്ങളോളം നീണ്ടുനിന്ന ജനകീയ പ്രക്ഷോഭത്തിലൂടെ ആറന്മുള ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അതുല്‍കുമാര്‍ അഞ്ജാന്‍ ആറന്മുളയിലെത്തി കര്‍ഷക കണ്‍വന്‍ഷന്‍ നടത്തി. നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരും ആറന്മുളയിലെത്തി സമരത്തില്‍ പങ്കാളികളായി. പന്ന്യന്‍ രവീന്ദ്രനും കാനം രാജേന്ദ്രനും ഉള്‍പ്പെടെ സിപിഐയുടെ മുന്‍നിര നേതാക്കളെല്ലാവരും തന്നെ ആറന്മുളയിലെത്തി ബഹുജനപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും ബഹുജനസംഘടനകളായ എഐവൈഎഫ്, കിസാന്‍സഭ, ബികെഎംയു, കേരള മഹിളാസംഘം, ഇസ്‌കഫ്, യുവകലാസാഹിതി എന്നീ സംഘടനകളുടെ പ്രവര്‍ത്തകരും നേതാക്കളും മാസങ്ങള്‍ നീണ്ടുനിന്ന സമരത്തില്‍ ആറന്മുള ജനതയ്‌ക്കൊപ്പം അണിനിരന്നു. നഗ്‌നമായ നിയമലംഘനം നടത്തി വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങിയ കെജിഎസിനെതിരായി നിരവധി കേസുകള്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ മുന്നില്‍ വരെയെത്തി. സിപിഐയും കെജിഎസിനെതിരായി കേസ് നടത്തി. പാര്‍ട്ടി തീരുമാനപ്രകാരം സിപിഐ മുന്‍ ജില്ലാ സെക്രട്ടറി പി പ്രസാദ് കേരള ഹൈക്കോടതിയിലും, ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണമേഖലാ ബെഞ്ചിലും, സുപ്രിം കോടതിയിലും കേസ് നടത്തി. കോടതികളും പദ്ധതിക്കെതിരായി വിധി എഴുതി.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വിമാനത്താവള നിര്‍മ്മാണമല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മറിച്ച് പരിസ്ഥിതി സംരക്ഷണമാണ് പ്രധാനമെന്നും തെളിയിക്കുകയായിരുന്നു ഈ തീരുമാനത്തിലൂടെ. ആറന്മുളയില്‍ കൃഷിയിറക്കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രികയിലും സൂചിപ്പിച്ചിരുന്നു. ഇച്ഛാശക്തിയുള്ള ഈ തീരുമാനം എടുത്ത എല്‍ഡിഎഫ് സര്‍ക്കാരിനെയും പ്രത്യേകിച്ച് ധീരമായ തീരുമാനം എടുത്ത കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിനെയും അഭിനന്ദിക്കുന്നു. തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി മന്ത്രി തന്നെ നിരവധി തവണ ജില്ലയിലെത്തി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. ഇതുകൂടാതെ തിരുവനന്തപരുത്തും നിരവധി തവണ യോഗം വിളിച്ചുചേര്‍ത്തു. കേരളത്തിലെ പാടശേഖരങ്ങള്‍ തരിശിട്ട് ഭാവിയില്‍ മറ്റാവശ്യങ്ങള്‍ക്കായി നികത്തിയെടുക്കാമെന്ന് വ്യാമോഹിക്കുന്ന ഭൂമാഫിയകള്‍ക്കുള്ള താക്കീതാണ് ഈ നടപടി.

ആഗസ്റ്റ് 1ന് മന്ത്രി വി എസ് സുനില്‍കുമാര്‍ ആറന്മുളയിലെത്തി ജനപ്രതിനിധികളെയും രാഷ്ട്രീയകക്ഷി നേതാക്കളെയും കര്‍ഷകരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് നെല്‍കൃഷി ആരംഭിക്കുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. പിന്നീട് സെപ്റ്റംബര്‍ 22ന് ആറന്മുളയിലെത്തി നിലമൊരുക്കല്‍ ഉദ്ഘാടനം ചെയ്തു. ആറന്മുളയിലെ നെല്‍കൃഷി പുനരാരംഭിക്കുന്ന പ്രക്രിയയ്ക്ക് സര്‍ക്കാരും കൃഷിവകുപ്പ് മന്ത്രിയും എത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്നതിന്റെ തെളിവായിരുന്നു ഇത്.

നെല്‍വിത്ത് വിതയ്ക്കാനായി ഇന്ന് മുഖ്യമന്ത്രി തന്നെ ആറന്മുളയിലെത്തുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എത്രമാത്രം പ്രാധാന്യം ഇതിന് നല്‍കുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. ആറന്മുളയിലെ വ്യവസായമേഖലാ പ്രഖ്യാപനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കെജിഎസ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കാന്‍ നടപടി ആരംഭിച്ചു കഴിഞ്ഞു. ജനങ്ങളുടെ എല്ലാ ആശങ്കകളും ദൂരീകരിച്ച് നെല്‍കൃഷി പുനഃസ്ഥാപനത്തിലൂടെ ആറന്മുളയുടെ പൈതൃകം വീണ്ടെടുക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഠിനമായ പ്രയത്‌നത്തിലൂടെ മാത്രമെ ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ കഴിയൂ. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആറന്മുള പദ്ധതി പ്രദേശത്തെ തരിശുകിടക്കുന്ന മുഴവന്‍ പാടശേഖരങ്ങളിലും നെല്‍കൃഷി ആരംഭിക്കണമെന്നാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.
...........................................................................................
ലേഖകന്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയാണ്‌ 
ആറന്മുളയില്‍ നെല്‍കൃഷി: എല്‍ഡിഎഫിന്റെ കാര്‍ഷിക മേഖലയോടുള്ള പ്രതിബദ്ധതആറന്മുളയില്‍ നെല്‍കൃഷി: എല്‍ഡിഎഫിന്റെ കാര്‍ഷിക മേഖലയോടുള്ള പ്രതിബദ്ധത
Join WhatsApp News
texan2 2016-11-01 10:17:48
ധീരമായ തീരുമാനം. കേരളത്തിന്റെ മണ്ണിനെ സ്നേഹിക്കുന്ന ഒരു ഗവണ്മെന്റ് ഭരണം നടത്തുന്നു എന്നത് തന്നെ അഭിമാനത്തിന് വക നൽകുന്നു. 
കേരളത്തിന്റെ നെൽകൃഷിയും പൈതൃകവും എന്നും നിലനിന്നു പോവട്ടെ എന്ന് ഈ അറുപതാം വാർഷികത്തിൽ നമ്മൾക്ക് പ്രത്യാശിക്കാം. 
( ട്രൂമ്പിന്റെയും ഹിലാരിയുടെയും പുറകെ ഓടുമ്പോഴും സ്വന്തം വേരുകൾ മറക്കാതിരിക്കുക )
പന്തളം ബിജു തോമസ്‌ 2016-11-01 22:36:32
കേരളത്തില്‍ തരിശുകിടക്കുന്ന പാടശേഖരങ്ങള്‍ ഒരുലക്ഷം ഹെക്ടറില്‍ കൂടുതലാണ്, അവിടെയൊക്കെ ഈ സര്‍ക്കാരിന്‍റെ കാര്‍ഷികമേഖലയോടുള്ള പ്രതിബദ്ധത തെളിയിക്കുന്നത് കൂടുതല്‍ വിള കിട്ടുവാന്‍ സഹായിച്ചേനെ.... അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പുഴുത്ത അരി വര്‍ജ്ജിക്കുവാനും സാധിച്ചേനെ. എലിയെ പേടിച്ചു ഇല്ലം ചുടുന്നവര്‍....അതല്ലേ സത്യം. 
Pandippada 2016-11-01 19:09:01
Aranmulayil nellu vilanju koyyarakumpam sunil kumarinekkudi vikkane! Keralam ottukku unnan kittumm! Athra vilavayirikkumm.
   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക