Image

പ്രിയപ്പെട്ടവര്‍: പ്രൊഫ. ദീപ നിഷാന്ത്‌

Published on 24 October, 2016
പ്രിയപ്പെട്ടവര്‍: പ്രൊഫ. ദീപ നിഷാന്ത്‌
രാവിലെ കോളേജില്‍ പോകുന്ന സമയത്ത് ബസ്സില്‍ നല്ല തിരക്കായിരിക്കും. പര്‍വ്വതാരോഹകരെപ്പോലെ ബാഗ് ചുമലിലേറ്റിയുള്ള കുട്ടികള്‍ക്കും ജോലിക്കാര്‍ക്കുമിടയില്‍ തിങ്ങി ഞെരുങ്ങിയാണ് രാവിലത്തെ യാത്ര.

പുറകിലോട്ട് നീങ്ങി നില്‍ക്കാനുള്ള കണ്ടക്ടറുടെ ആഹ്വാനമുയര്‍ന്നപ്പോള്‍ ഞാന്‍ പുറകിലോട്ടു മാറി കമ്പിയില്‍പ്പിടിച്ചു നിന്നു.തൊട്ടടുത്ത് ഒരു പുരുഷന്‍ നില്‍പ്പുണ്ട്. ചുറ്റും സ്ത്രീകള്‍ക്കിടയിലുള്ള അയാളുടെ നില്‍പ്പിലൊരു പന്തികേട് മണത്തു.അതിര്‍ത്തിയില്‍ തോക്കുമായി കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ മനസ്സുമായാണ് പലപ്പോഴും ബസ്സില്‍ സ്ത്രീകള്‍ യാത്ര ചെയ്യാറുള്ളത്. ഏതു നിമിഷവും ശരീരത്തില്‍ വന്നു വീഴാവുന്ന കൈകളെക്കുറിച്ച് അവര്‍ നിതാന്തജാഗ്രതയിലായിരിക്കും.

മധ്യവയസ്‌കനായ അയാള്‍ ഇടയ്ക്കിടയ്ക്ക് അസ്വസ്ഥതയോടെ അങ്ങോട്ടുമിങ്ങോട്ടും തിരിയുന്നുണ്ട്. അയാളാരെയോ അന്വേഷിക്കുന്നതായി തോന്നി. സീറ്റിനു പുറകിലെ കമ്പിയില്‍ പിടിച്ചാണ് അയാള്‍ നില്‍ക്കുന്നത്. അയാളുടെ തിരിയലിലൊക്കെ ചുറ്റുമുള്ള സ്ത്രീകള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്.
'ഇയാള്‍ക്ക് പുറകിലോട്ടിറങ്ങി നിന്നൂടേ ?' എന്ന ചോദ്യം എന്റെയുള്ളില്‍ കിടന്ന് തിളയ്ക്കുന്നുണ്ട്. ചുറ്റും സ്ത്രീകളാണ്. അതിനിടയില്‍ ഇയാളെന്തിനു നില്‍ക്കണം എന്ന സോകോള്‍ഡ് സദാചാരചിന്തയില്‍ ഞാന്‍ വിറച്ചു. എന്റെ ശരീരത്തെ അയാളില്‍ നിന്നും പരമാവധി അകറ്റിനിര്‍ത്തി ഞാന്‍ നിന്നു. ..

' താനെങ്ങട്ടാ ഈ തിരിഞ്ഞ് കളിക്കണേ' തൊട്ടടുത്തു നിന്ന തടിച്ച സ്ത്രീ പരുഷമായി അയാളോടു ചോദിച്ചു. അയാളാ ചോദ്യം പൂര്‍ണ്ണമായും അവഗണിച്ച് ചുറ്റും വേവലാതി നിറഞ്ഞ കണ്ണുകളോടെ പരതി.
'മ്മ്ച്ചീ ' എന്ന് അവ്യക്തമായ സ്വരത്തില്‍ പരിഭ്രാന്തിയോടെ അയാള്‍ വിളിച്ചു. ഒരപരിചിതലോകത്ത് തീര്‍ത്തും തനിച്ചായവനെപ്പോലെ അയാള്‍ നിസ്സഹായനായി നിന്നു. അതു കേട്ടപ്പോള്‍, ' അതിന് സുഖല്യാന്ന് തോന്ന്ണ്ട് ' എന്ന് എന്റെ പുറകിലുള്ള സ്ത്രീ ശബ്ദം താഴ്ത്തി പറഞ്ഞു.

'ഞാനിവിടേണ്ട് ' എന്ന തീരെ മയമില്ലാത്ത ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. എഴുപത്തഞ്ചോളം വയസ്സ് പ്രായം വരുന്ന ഒരു സ്ത്രീയാണ്. അയാളുടെ അമ്മയായിരിക്കണം. കനത്ത മുഖവുമായി അവര്‍ ഇരിക്കുകയാണ്. അവരെ കാണാതായപ്പോഴാവാം അയാളുടെ പരിഭ്രമക്കണ്ണുകള്‍ ജോലി തുടങ്ങിയത്.
വികൃതമായി ഒന്നുറക്കെ ചിരിച്ച് അന്വേഷിച്ച ആളെ കണ്ടെത്തിയ സന്തോഷത്തില്‍ അയാള്‍ ആ സീറ്റിനടുത്തേക്ക് ഞെരുങ്ങി നീങ്ങാന്‍ ശ്രമിച്ചു. അടുത്തുള്ള സ്ത്രീകള്‍ അയാള്‍ക്ക് വഴിയൊരുക്കി.

'അവടെ നിന്നാ മതി.... എറങ്ങാറായി '
പരുപരുത്ത ഒച്ചയില്‍ ഇരുന്നിരുന്ന സ്ത്രീ പറഞ്ഞു.
അതുകേട്ട് നിസ്സഹായനായി നിന്ന അയാളോട് സഹതാപം തോന്നിയിട്ടാവണം ആ സ്ത്രീയുടെ അടുത്തിരുന്ന പെണ്‍കുട്ടി എഴുന്നേറ്റ് മാറി നിന്നു. അമ്മയ്ക്കരികില്‍ ഇടം കിട്ടിയ ആഹ്ലാദത്തില്‍ തിടുക്കപ്പെട്ട് തന്റെ ശരീരത്തെ അയാളാ സീറ്റിലേക്ക് ഇറക്കി വെച്ചു. ഇരുന്ന പാടെ പ്രായമായ സ്ത്രീയുടെ കൈ പിടിച്ച് തന്റെ മടിയിലേക്ക് വെച്ചു. ആ പ്രവൃത്തിയില്‍ ഒട്ടും ഭാവമാറ്റം കാണിക്കാതെ സ്ത്രീ പുറത്തോട്ടു നോക്കിയിരുന്നു.

പ്രത്യക്ഷത്തില്‍ അയാള്‍ ആരോഗ്യവാനായിരുന്നു. പത്തു നാല്‍പ്പത്തഞ്ച് വയസ്സു വരും.. മുടി അവിടവിടെയായി നരച്ചിട്ടുണ്ട്. നരച്ച പാന്റും ഷര്‍ട്ടുമാണ് വേഷം. ആ ഷര്‍ട്ട് അയാള്‍ക്ക് വലുതായിരുന്നു. ആ അയഞ്ഞ ഷര്‍ട്ട് ബസ്സിലെ കാറ്റേറ്റ് വീര്‍ത്തു നിന്നു.

' അമലാസ്പത്രി എത്താറായാ?'
വൃദ്ധയായ സ്ത്രീ ചോദിച്ചത് എന്റെ മുഖത്ത് നോക്കിക്കൊണ്ടാണ്.
' ഇപ്പോ എത്തും... എണീറ്റോളൂ...' എന്ന് പറയുമ്പോഴേക്കും അവര്‍ തിടുക്കപ്പെട്ട് എണീറ്റു. അയാളും ചാടിയെണീറ്റു..
ഞെരുങ്ങി പുറത്തേക്കിറങ്ങാന്‍ നോക്കിയ മകനെ അവര്‍ നിസ്സംഗമായി തടഞ്ഞു.
'നിക്ക്.... വണ്ടി നിര്‍ത്തട്ടെ...'

സ്ത്രീ മുന്നില്‍ കയറി നിന്നു. അനുസരണയുള്ള ഒരു കൊച്ചു കുട്ടിയായി അയാള്‍ പിന്നില്‍ നിന്നു. ചുറ്റും അയാള്‍ പകച്ചു നോക്കുന്നുണ്ടായിരുന്നു. അമ്മയുടെ സാരിത്തുമ്പിനു നേരെ അയാള്‍ കൈ നീട്ടി. അവരുടെ കൈത്തണ്ടയില്‍ അഭയം പ്രാപിച്ചു.
'മോനാലേ?''
നേരത്തെ അയാളെ ശകാരിച്ച സ്ത്രീ കണ്ണില്‍ ആവോളം സഹതാപം നിറച്ച് വൃദ്ധയോട് ചോദിച്ചു.
' ആ... 'അവര്‍ അലക്ഷ്യമായി പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
'എങ്ങട്ടാ.... ഇദിനീം കൊണ്ട് ?'

തീര്‍ത്തും സ്വാഭാവികമെന്നോണം അവര്‍ ചോദിച്ച ആ ചോദ്യം കേട്ട് വൃദ്ധ രൂക്ഷമായി അവരെയൊന്ന് നോക്കി.' ഇത് ' എന്ന പ്രയോഗമാവണം അവരെ ചൊടിപ്പിച്ചിട്ടുണ്ടാവുകയെന്ന് ഞാന്‍ കണക്കുകൂട്ടി. തന്റെ ചോദ്യത്തിലെ അപകടം മനസ്സിലാക്കിയാവണം ചോദിച്ച സ്ത്രീ തന്റെ ചോദ്യം മടക്കി വെച്ച് പെട്ടെന്ന് തിരുകി മുന്നില്‍ക്കയറാന്‍ അനാവശ്യമായി തിരക്കുകൂട്ടി..

അമല സ്റ്റോപ്പിലെത്തിയപ്പോള്‍ വൃദ്ധ ആദ്യമിറങ്ങി. വികാരരഹിതമായ കണ്ണുകളോടെ തിരിഞ്ഞു മകനെ നോക്കി. അയാള്‍ പരിഭ്രമത്തോടെ ചാടിയിറങ്ങാന്‍ നോക്കുകയായിരുന്നു. അയാളുടെ ലോകം മുഴുവന്‍, മുന്‍പേ ഇറങ്ങിപ്പോയ വൃദ്ധയായ സ്ത്രീയാണെന്ന് ആ പരിഭ്രമപ്പാച്ചില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. തന്റെ ജീവിതത്തില്‍ നിന്നും അവരെങ്ങാനും പെട്ടെന്ന് ഇറങ്ങി നടന്നാലോ എന്ന വെപ്രാളം അയാളുടെ ഓരോ ചലനങ്ങളിലുമുണ്ടായിരുന്നു. ഇറങ്ങിയ പാടേ അയാളാ സ്ത്രീയുടെ കൈ പിടിച്ചു. അവര്‍ തന്റെ വിരലില്‍ തൂങ്ങിയ ആ മുതിര്‍ന്ന പുരുഷനെ ഒരു കൊച്ചുകുഞ്ഞിനെ എന്നോണം റോഡരികിലേക്ക് നീക്കി നിര്‍ത്തി. അയാള്‍ പകച്ച കണ്ണുകളോടെ ചുറ്റും നോക്കിക്കൊണ്ട് നിന്നു. ആശുപത്രി അപ്പുറത്താണ്. റോഡ് മുറിച്ചുകടക്കാന്‍ ബസ്സ് മുന്നോട്ടെടുക്കുന്നതും കാത്ത് അവര്‍ നിന്നു. അവരുടെ മുന്നിലൂടെ ബസ്സ് കടന്നു പോകുമ്പോള്‍ ഞാന്‍ കണ്ണില്‍ നിന്ന് മറയുവോളം അവരെ തിരിഞ്ഞു നോക്കി. എനിക്ക് പെട്ടെന്ന് ടെന്‍സിയെയാണ് ഓര്‍മ്മ വന്നത്.

മോന്റെ പിറന്നാള്‍ ദിവസം ഞാന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട് ടെന്‍സി അയച്ച ആ മെസേജ് എന്നെ ഇടയ്ക്കിടെ ലജ്ജിപ്പിക്കാറുണ്ടായിരുന്നു.
ധ്യാനൂന്റെ പിറന്നാള്‍ ഭാനുമതി ടീച്ചര്‍ക്കും കുട്ടികള്‍ക്കുമൊപ്പം അരണാട്ടുകരയിലെ 'അംഹ 'യില്‍ ആഘോഷിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ വരാമെന്ന് കുറേപ്പേര്‍ ഏറ്റു. മാനസികമായും ശാരീരികമായും വെല്ലുവിളികള്‍ നേരിടുന്ന കുറേപ്പേര്‍ അംഹയിലുണ്ട്. ഞങ്ങള്‍ എല്ലാവരുമായി അവിടേക്കു പോയി. മധുര പലഹാരങ്ങളും സമ്മാനങ്ങളുമായാണ് പലരും വന്നത്.. കേക്ക് വാങ്ങിയിരുന്നില്ല. പകരം ഞങ്ങള്‍ ധ്യാനുവിനെക്കൊണ്ട് കോഴിക്കോടന്‍ ഹല്‍വ മുറിപ്പിച്ചു. തലയില്‍ പിറന്നാള്‍ത്തൊപ്പി വെച്ച് ധ്യാനു നിന്നപ്പോള്‍ ചുറ്റും ആരവമുയര്‍ന്നു. പകച്ച കണ്ണുകളോടെ കുറേ കുട്ടികളും മുതിര്‍ന്നവരും നിന്നു. ഹല്‍വ മുറിക്കുന്നതിനു മുമ്പേ അവര്‍ കൈനീട്ടി.
'ഷുഗറൊക്കെ ഉള്ളോരാട്ടാ ദീപേ.... ശ്രദ്ധിച്ചോണം... പിന്നേം ചോദിച്ചാ കൊടുക്കണ്ടാട്ടോ...' എന്ന് ഭാനു ടീച്ചര്‍ നിര്‍ദ്ദേശം തന്നിരുന്നതു കൊണ്ട് രണ്ടാമതും നീട്ടുന്ന കൈകളെ ഞാന്‍ മനഃപൂര്‍വ്വം അവഗണിച്ചു. ലാല്‍ ക്യാമറയില്‍ ചിത്രങ്ങളെടുത്തു. ഉച്ചഭക്ഷണം കഴിഞ്ഞ് കുറേ സമയം പാട്ടും കളിയുമായി അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങള്‍ തിരിച്ചിറങ്ങി. 

വണ്ടിയില്‍ കയറിയപ്പോള്‍ ധ്യാനു എന്നോടു ചോദിച്ചു.
'അമ്മേ...അവര്‍ക്കൊന്നും ബുദ്ധില്യേ ?'
അതിബുദ്ധിമാന്‍മാരെ മാത്രമേ അവന്‍ അതുവരെ കണ്ടിരുന്നുള്ളൂ.. സ്വാര്‍ത്ഥതാലേശമില്ലാതെ നിഷ്‌കളങ്കമായി ചിരിക്കുകയും കൈകൊട്ടുകയും ബഹളം വെക്കുകയും ചെയ്യുന്ന അവര്‍ക്ക് 'ബുദ്ധിയില്ല' എന്ന നിഗമനത്തില്‍ ചുരുങ്ങിയ സമയം കൊണ്ടു തന്നെ അവന്‍ എത്തിച്ചേര്‍ന്നിരുന്നു.

'അവര്‍ക്ക് നമ്മളേക്കാള്‍ ബുദ്ധിണ്ട് മോനേ..... ' ഞാന്‍ പറഞ്ഞു.
ഞാന്‍ വെറുതെ പറഞ്ഞതല്ലായിരുന്നു. ഓര്‍മ്മകളുടെ കാര്യത്തില്‍ അവരെന്നെ അത്ഭുതപ്പെടുത്താറുണ്ടായിരുന്നു. ഭാനുമതി ടീച്ചറുടെ സ്ഥാപനം സന്ദര്‍ശിക്കണമെന്ന് പറഞ്ഞപ്പോള്‍ എന്റെ പുസ്തകപ്രകാശനദിവസം ഐസക്‌ സാറുമായാണ് കഴിഞ്ഞ തവണ അവിടെ പോയത്. പിന്നെ ചെല്ലുന്നത് ഇപ്പോഴാണ്. എന്നെ കണ്ടപ്പോഴേക്കും, മഞ്ഞ ,സാരി, ടീച്ചറ്, മാഷ്, താടി, ജുബാ, മുണ്ട് എന്നൊക്കെ ഉറക്കെപ്പറഞ്ഞ് അവര്‍ മുന്‍പരിചയം വിളിച്ചോതിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. 

എത്ര ശക്തമായാണ് അവര്‍ ഓര്‍മ്മയുടെ ഭൂപടത്തില്‍ നമ്മെ അടയാളപ്പെടുത്തുന്നത്! ' ഓര്‍മ്മയുണ്ടോ?' എന്ന ചിലരുടെ ചോദ്യത്തിനു മുന്നില്‍ ബുദ്ധിമാന്മാരായ നമ്മള്‍ എത്ര തവണയാണ് ചൂളി നില്‍ക്കേണ്ടി വന്നിട്ടുള്ളത് ! പഠിച്ചിറങ്ങിയ കുട്ടികളെ പിന്നീടു കാണുമ്പോള്‍ പേരറിയാത്ത നിസ്സഹായാവസ്ഥയില്‍പ്പിടഞ്ഞ് എത്രയെത്ര സന്ദര്‍ഭങ്ങള്‍.... ഓര്‍മ്മയുടെ ബലത്തെക്കുറിച്ചുള്ള നമ്മുടെ അഭിമാനങ്ങളൊക്കെ പൊള്ളയാണെന്ന് ബോധ്യപ്പെടുന്നത് അത്തരം സന്ദര്‍ഭങ്ങളിലാണ്.
' അവരെന്താമ്മേ അങ്ങനൊക്കെ സംസാരിക്കണേ?'' അച്ചടി ഭാഷയിലല്ലാതെ അവ്യക്തമായി ഉച്ചരിക്കപ്പെട്ട അവരുടെ വാക്കുകള്‍ ധ്യാനുവിന് അത്ഭുതമായിരുന്നു.
ഞാന്‍ ഒന്നും പറഞ്ഞില്ല.

' ഒരു ചേട്ടനെന്റെ കൈ പിടിച്ച് തിരിച്ചു ' ധ്യാനു പരാതി പറഞ്ഞു. ഞാനതിന് മറുപടി പറയുന്നതിനു മുമ്പേ തന്നെ അവന്‍ പറഞ്ഞു.
'സ്‌നേഹം വന്ന്ട്ടാവും ലേ ?'

വീട്ടില്‍ സോനുവോ സൂര്യയോ ഒന്നു പതുക്കെ തട്ടിയാല്‍പ്പോലും വിപ്ലവവീര്യമുണരുന്നോനാണ്.. ഒന്നു കിട്ടിയാല്‍ നാലെണ്ണം തിരിച്ചു കൊടുക്കുന്നവനാണ്... ശരീരം നൊന്താല്‍ അലറിക്കരയുന്നവനാണ്... ഈ കൈ പിടിച്ചു തിരിക്കല്‍ സ്‌നേഹം കൊണ്ടാണെന്ന തിരിച്ചറിവ് അവനുണ്ടായെങ്കില്‍ ഈ വരവിന്റെ ലക്ഷ്യം പൂര്‍ണ്ണമായെന്ന് ഞാന്‍ ആഹ്ലാദത്തോടെ ചിന്തിച്ചു...

' അടുത്ത പിറന്നാളും ഇങ്ങനെ മതീട്ടാ ' എന്നവന്‍ പറഞ്ഞപ്പോള്‍ എന്റെ ആഹ്ലാദം പൂര്‍ണ്ണമായി.
വീട്ടിലെത്തിയപ്പോഴേക്കും ലാല്‍ ഫോട്ടോസൊക്കെ അയച്ചു തന്നു. ഞാനത് ഫേസ്ബുക്കിലിട്ടു. ആളുകള്‍ ആശംസകളും അഭിനന്ദനങ്ങളുമായെത്തി.'ദീപ ടീച്ചര്‍ടെ നല്ല മനസ്സിനെ' വാഴ്ത്തി. യു.ജി.സി. സ്‌കെയിലില്‍ ശമ്പളം വാങ്ങുന്ന ഒരാളുടെ ഒരു നേരത്തെ അന്നദാനത്തെ ഒരു മഹത്കര്‍മ്മമായി ആളുകള്‍ വാഴ്ത്തുന്നതു കേട്ട് ഒരു ലജ്ജയുമില്ലാതെ ഞാനഭിമാനിച്ചു. ആത്മരതിയുടെ തീര്‍ത്ഥക്കുളത്തില്‍ ഞാന്‍ മുങ്ങി നിവര്‍ന്നു. അഭിമാനഗര്‍വ്വത്തിലേറി അങ്ങനെ നില്‍ക്കുമ്പോഴാണ് ടെന്‍സിയുടെ ഇന്‍ബോക്‌സ് മെസേജ്... നെറുകയില്‍ കൂടം കൊണ്ടടിയേറ്റതു പോലെ ഞാന്‍ പിടഞ്ഞത് അപ്പോഴാണ്.

'ദീപ ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ?'' എന്ന ടെന്‍സിയുടെ ചോദ്യം എന്നില്‍ അലോസരമുണ്ടാക്കി. അത്രയൊന്നും ഹൃദയവിശാലത എനിക്കില്ലായിരുന്നു. ചില വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ അസഹിഷ്ണുതയോടെ നില്‍ക്കുന്ന ഞാനാണ് പലപ്പോഴും അസഹിഷ്ണുതയെക്കുറിച്ച് പലയിടത്തും ഘോരഘോരം സംസാരിക്കുകയും എഴുതുകയും ചെയ്യുന്നതെന്നോര്‍ത്ത് ആത്മനിന്ദ തോന്നാറുണ്ട്...

 പിന്നീടോര്‍ക്കുമ്പോള്‍ ലജ്ജ കൊണ്ട് തല കുനിഞ്ഞു പോകാറുണ്ട്. ടെന്‍സിയുടെ വാക്കുകളും ആദ്യം എന്നില്‍ നീരസമാണുണര്‍ത്തിയത്.
ഞാനെന്തപരാധമാണ് ചെയ്തത്? ഭാനുമതി ടീച്ചറെക്കുറിച്ചും, അവര്‍ നടത്തുന്ന സ്ഥാപനത്തെക്കുറിച്ചും ലോകത്തെ അറിയിക്കാനുള്ള ഏത് സന്ദര്‍ഭവും പാഴാക്കിക്കൂടാ എന്നായിരുന്നു എന്റെ ഉദ്ദേശം. അറിയട്ടെ... ഇങ്ങനൊരാളുണ്ടെന്ന്... ഞാനിത്തരം പോസ്റ്റിടുമ്പോള്‍ പലരും അവരെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും എന്നോട് ചോദിക്കുമായിരുന്നു. അവിടേക്ക് സാമ്പത്തിക സഹായം ചെയ്യുമായിരുന്നു. അത്തരം ലക്ഷ്യങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ് ഞാന്‍ ഇതൊക്കെ വിളിച്ചു പറയുന്നത്... അത് നല്ല കാര്യമല്ലേ? അതിന് ടെന്‍സിക്കെന്താണ്? എനിക്ക് ടെന്‍സിയോട് ദേഷ്യം തോന്നി. ഞാന്‍ എന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചു..

'ദീപ ചെയ്യുന്നതൊക്കെ നല്ല കാര്യമാണ്.. അത് കണ്ട് ചിലര്‍ക്ക് അങ്ങനെ ചെയ്യാനുളള പ്രേരണയുമുണ്ടാകും. അതൊക്കെ ശരിയാണ് ദീപാ.. പക്ഷേ ഇങ്ങനെ പിറന്നാളാഘോഷങ്ങള്‍ അവിടെ നടത്തല്ലേ.. അവര്‍ക്ക് ചോറുവാരിക്കൊടുക്കുന്ന ചിത്രങ്ങള്‍ ഇടല്ലേ... അത് കണ്ട് ചിലര്‍ അഭിനന്ദിക്കും... ചിലര്‍ സഹതപിക്കും... ചിലര്‍ കരയും.... ചിലരാശ്വസിക്കും... നമ്മുടെ മക്കള്‍ക്ക് ഈ ഗതി വന്നില്ലല്ലോ എന്നോര്‍ത്ത്... പക്ഷേ അത് കണ്ട് നെഞ്ചു പൊട്ടുന്ന എന്നെപ്പോലെ ചിലരുണ്ട് ദീപാ... അവര്‍ക്കാ ചിത്രം ഒരിക്കലും ആഹ്ലാദം നല്‍കില്ല. നമ്മുടെ മക്കള്‍ അന്യന്റെ ഔദാര്യത്തിനു വേണ്ടി പാത്രം നീട്ടുന്നത്...വികൃതമായി വാ പൊളിക്കുന്നത്... അത് കണ്ട് കുറേപ്പേര്‍ സഹതപിക്കുന്നത്... ദീപയ്ക്ക് കഴിയുമോ? മക്കളെ ആ അവസ്ഥയില്‍ കാണാന്‍?'

ആ ചോദ്യത്തിനു മുമ്പേ തന്നെ എന്റെ ഗര്‍വ് പത്തി മടക്കിയിരുന്നു. ഞാന്‍ തോല്‍ക്കാന്‍ തയ്യാറായിക്കഴിഞ്ഞിരുന്നു. എനിക്കറിയില്ലായിരുന്നു, എപ്പോഴും ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ടെന്‍സിയുടെ ഉള്ളിലൊരു സമുദ്രഹൃദയമുണ്ടെന്ന്. അതിടയ്ക്കിടെ ആര്‍ത്തലച്ച് കരയിലേക്ക് കയറുമെന്ന് എനിക്കറിയില്ലായിരുന്നു.

ഞാന്‍ നിശ്ശബ്ദയായി...
'ഞാന്‍ ടെന്‍സിയെ വിളിച്ചോട്ടെ?'എന്റെ ചോദ്യം ദയനീയമായിരുന്നു. എനിക്ക് ഒന്നു മുങ്ങിനിവരണമായിരുന്നു. എല്ലാ ഈഗോയും മാറ്റി വെച്ച് ടെന്‍സിയോട് ക്ഷമ ചോദിക്കണമായിരുന്നു.
ടെന്‍സി തന്ന നമ്പറില്‍ ഞാന്‍ വിളിച്ചു. ടെന്‍സി , ടെന്‍സിയുടെ തോമസിനെക്കുറിച്ച് പറഞ്ഞു.. ഒരമ്മയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞു. കാത്തിരുന്ന് കിട്ടിയ മോന് ബുദ്ധിവളര്‍ച്ചയില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അലറി വിളിച്ച് ഡോക്ടറുടെ മുറിയില്‍ നിന്ന് ഇറങ്ങിയോടിയ ടെന്‍സിയെ എനിക്ക് കണ്‍മുന്നില്‍ കാണാം... ടെന്‍സി സ്റ്റെപ്പിറങ്ങി ഓടി എങ്ങോട്ടെന്നില്ലാതെ പരക്കം പായുന്നത് കാണാം... ആ സ്റ്റെപ്പില്‍ തട്ടി വീണ് ഉരുണ്ടുരുണ്ട് താഴോട്ടു വരുന്നത് കാണാം... നിസ്സഹായനായ ഒരാള്‍ അവളുടെ പിറകെ ഓടുന്നതു കാണാം.. അടക്കിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതു കാണാം.. പിന്നീടാ വേദനയില്‍ നിന്നും വര്‍ദ്ധിത വീര്യത്തോടെ അവര്‍ ചാടിയെഴുന്നേല്‍ക്കുന്നത് കാണാം... ജീവിതം തിരികെ പിടിക്കുന്നതു കാണാം..അവര്‍ക്കു മാത്രം തിരിച്ചറിയുന്ന ആത്മദുഃഖത്തിന്റെ അഗാധ സമുദ്രത്തിന്റെ അലകള്‍ ആരുടെ നേര്‍ക്കും ഇരച്ചു കയറ്റാതെ അവര്‍ ജീവിക്കുന്നത് കാണാം..

ആത്മസംഘര്‍ഷത്തിന്റെ അഗാധഗര്‍ത്തത്തില്‍ ഇപ്പോള്‍ വീണു കിടക്കുന്നത് ഞാനാണ്. എഴുന്നേല്‍ക്കാനാവാത്ത നിസ്സഹായതയില്‍ പിടയുന്നത് ഞാനാണ്.. ടെന്‍സി ഉള്ളില്‍ പേറുന്ന തീക്കാറ്റ് വാക്കുകളായി എന്റെ കാതില്‍ ആഞ്ഞു പതിക്കുന്നുണ്ട്. ഇടയ്ക്കിടെ ഉയരുന്ന ആ ദീര്‍ഘനിശ്വാസത്തില്‍ ഞാന്‍ പൊള്ളിയടര്‍ന്നു പോയേക്കുമോ എന്ന് സത്യമായും ഞാന്‍ ഭയന്നു..
ഞാന്‍ തിരിച്ചറിയുന്നുണ്ട്... പിറന്നാളില്ലാത്തവരുടെ മുന്നില്‍ ചെന്നു നിന്ന് അത്തരം ആഘോഷങ്ങള്‍ നടത്തുന്നതിന്റെ അനൗചിത്യം.. നമ്മുടെ പിറന്നാള്‍ അവരുടെ മുന്നില്‍പ്പോയി ആഘോഷിക്കുന്നതിലും നല്ലത് അവരുടെ പിറന്നാള്‍ നമ്മളാഘോഷിക്കുന്നതാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്... എന്റെ മോന്റെ കവിളില്‍ ഉമ്മ വെച്ചു കൊണ്ട് പിറന്നാളാശംസകള്‍ പറയുമ്പോഴും കൈയടിക്കുമ്പോഴും ചുറ്റും നിന്നിരുന്ന മുഖങ്ങളുടെ ഓര്‍മ്മകള്‍ എന്നെ ആത്മനിന്ദയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്നുണ്ട്. തങ്ങളുടെ നഷ്ടങ്ങളെക്കുറിച്ച് അവരോര്‍ത്തു കാണുമോ? തങ്ങള്‍ക്കു നഷ്ടപ്പെട്ട ഉമ്മകളെക്കുറിച്ചോര്‍ത്ത് ഉള്ളു പിടഞ്ഞിരിക്കുമോ? തങ്ങള്‍ക്കന്യമായ വീടിനെക്കുറിച്ച്.... ബന്ധങ്ങളെക്കുറിച്ച്.... തങ്ങളെ അകറ്റി നിര്‍ത്തിയ ആഘോഷങ്ങളെക്കുറിച്ച് അവര്‍ അവ്യക്തമായെങ്കിലും ഓര്‍ത്തു കാണുമോ?

എന്റെ ആത്മാഭിമാനം ആത്മനിന്ദയിലേക്ക് തലകുത്തി വീണു.
ഞാന്‍ ഭൂമിയോളം താണു.
എല്ലാ ഗര്‍വ്വും പത്തി മടക്കി.
ടെന്‍സി പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. .. ഒരു മൂളലിന്റെ പോലും പിന്തുണ കൊടുക്കാതെ ഞാന്‍ കേട്ടുകൊണ്ടേയിരിക്കുകയാണ്...
'മോന്‍ സ്‌കൂളീന്ന് വന്നാ പറയും ദീപേ, ഞാന്‍ മേരീനെ കല്യാണം കഴിക്കും, സാറേനെ കല്യാണം കഴിക്കും.. എന്നൊക്കെ.. എനിക്ക് പേടിയാണ് അത് കേള്‍ക്കുമ്പോള്‍... അവര് വികാരമില്ലാത്തവരല്ല. അവര്‍ക്കൊക്കെ എല്ലാ വികാരങ്ങളുമുണ്ട് ദീപേ... അത് പ്രകടിപ്പിക്കുന്ന രീതിയും അളവും മാത്രേ വ്യത്യാസമുള്ളൂ... ഞാന്‍ തോമസിനോടു പറയും... ' 

അമ്മ പിണങ്ങുംട്ടാ.. നീയമ്മേനെ കല്യാണം കഴിച്ചാ മതീ ' ന്ന്.. പേടിയായിട്ടാ ദീപേ... അവനെന്തേലും തോന്നിയാ, അത് പ്രകടിപ്പിച്ചാ മറ്റുള്ളോര്‍ക്കത് മനസ്സിലാവോ? എന്നോട് കാട്ടിക്കോട്ടെ അവനെന്തു വേണേലും... ഞാനങ്ങനെയാ ദീപേ പ്രാര്‍ത്ഥിക്കാ.... എനിക്ക്...എനിക്കല്ലേ എന്റെ കുഞ്ഞിനെ അറിയൂ... എനിക്കല്ലേ എന്റെ കുഞ്ഞിനോട് ക്ഷമിക്കാന്‍ പറ്റൂ... '

ടെന്‍സീടെ ശബ്ദം ഇടറുന്നുണ്ട്.. പക്ഷേ ടെന്‍സി കരയുന്നില്ല. ഉള്ളില്‍ ആര്‍ത്തലച്ചു കരയുന്നത് ഞാനാണ്..
'താനവിടില്ലേ?' ടെന്‍സി ചോദിക്കുന്നുണ്ട്.
'ഉണ്ടെ' ന്നു പറയണമെന്നുണ്ട് എനിക്ക്...
ഞാനെങ്ങനെ പറയാനാണ്?
ഒരു നശിച്ച കല്ല് തൊണ്ടയില്‍ക്കിടന്ന് ശബ്ദത്തെ പുറത്തേക്കു വിടാതെ തടഞ്ഞു നിര്‍ത്തുമ്പോള്‍ ഞാനെന്ത് പറയാനാണ്?

ടെന്‍സിക്കൊന്ന് ഫോണ്‍ വെച്ചൂടേ എന്ന് ചിന്തിച്ച് ഞാന്‍ നിന്ന ആ വൈകുന്നേരം ഓര്‍മ്മ വന്നപ്പോള്‍ എന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു..

ബസ്സാണ്.... ആളുകളുണ്ട്... കരഞ്ഞു കൂടാ...
ബസ്സില്‍ നിന്നിറങ്ങിപ്പോയ ആ അമ്മയേയും മകനേയും ഓര്‍മ്മയില്‍ നിന്നും ഇറക്കിവിടാനാവാത്ത നിസ്സഹായതയില്‍ ഞാന്‍ നിന്നു...

ആ അമ്മ എപ്പോഴെങ്കിലും എല്ലാം മറന്ന് ഒന്നുറങ്ങിയിട്ടുണ്ടാവുമോ?
കല്ലു പോലെ മരവിച്ച ആ മുഖം എപ്പോഴെങ്കിലും ചിരിക്കാറുണ്ടായിരിക്കുമോ?
ജീവിതത്തിന്റെ ഈ അവസാനസമയങ്ങളില്‍ സൗമ്യ സ്‌നേഹിതനായ മരണത്തെ കാത്ത് സ്വസ്ഥമായിരിക്കാന്‍ അവര്‍ക്കാവുമോ?
ടെന്‍സി ആത്മവിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തിയ വാക്കുകളോര്‍ത്തു.

'ദൈവത്തിന് ചിലരെ വലിയ വിശ്വാസമാണ് ദീപേ.... അവരുടെ കൈയിലാണ് ദൈവം ഏറ്റവും പ്രിയപ്പെട്ടവരെ ഏല്‍പ്പിക്കുക.... തോമസിനെ എനിക്കു തന്നത് അതുകൊണ്ടാണ്.. അവനെ വേറാരു നോക്കിയാലും ശരിയാവില്ലാ... അതാ...'
പ്രിയപ്പെട്ടവര്‍: പ്രൊഫ. ദീപ നിഷാന്ത്‌ പ്രിയപ്പെട്ടവര്‍: പ്രൊഫ. ദീപ നിഷാന്ത്‌
Join WhatsApp News
Keraleeyan 2016-10-24 07:06:40
ശശികലയുള്ള നാട്ടില്‍ തന്നെയാണ് ദീപ ടീച്ചറും. മനുഷ്യത്വമൊന്നും പാടെ നശിച്ചിട്ടില്ല 
Sudhir Panikkaveetil 2016-10-25 07:11:13

Empathy is defined as having the ability to share in the way a person feels. When someone feels empathy toward another human being they are, in effect, letting them know that they have walked in their shoe.  Literary fiction enhances the ability to know other people’s emotions and feelings. Literature gives us a broad spectrum of human possibilities. Well written story which touch the human heart.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക