Image

വ്യാപക പ്രതിഷേധം: വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഫാ. പീറ്റര്‍ കാവുമ്പ്രം

Published on 13 February, 2012
വ്യാപക പ്രതിഷേധം: വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഫാ. പീറ്റര്‍ കാവുമ്പ്രം
മെല്‍ബണ്‍: അന്ത്യ അത്താഴത്തിന്റെ ചിത്രം വികലമാക്കിയ സിപിഎമ്മിന്റെ നടപടിക്കെതിരേ ഓസ്‌ട്രേലിയയിലും പ്രതിഷേധം രൂക്ഷമാകുന്നു. മതമേലധ്യക്ഷന്‍മാരും വിവിധ സംഘടനകളും സിപിഎമ്മിനെതിരേ രംഗത്തുവന്നു. സിപിഎമ്മിന്റെ നടപടി വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് സീറോ മലബാര്‍ മെല്‍ബണ്‍ ചാപ്ലയിന്‍ ഫാ. പീറ്റര്‍ കാവുമ്പ്രം പറഞ്ഞു. 
സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തൃക്കണ്ണാപ്പുരത്തു സ്ഥാപിച്ച പോസ്റ്ററാണ് വിവാദമായത്. യേശു ക്രിസ്തുവിനെ ഒബായാക്കിയും ശിഷ്യന്‍മാരെ നരേന്ദ്രമോഡിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അദ്വാനിയുമൊക്കെയായി ചിത്രീകരിച്ചായിരുന്നു പോസ്റ്റര്‍. 

അന്ത്യഅത്താഴചിത്രം വികലമാക്കിയ സിപിഎമ്മിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാക്കുന്നത്. മതമേലധ്യക്ഷന്‍മാരെ അവഹേളിച്ചിരുന്ന സിപിഎം ഇപ്പോള്‍ യേശുക്രിസ്തുവിനെ വിപ്ലവകാരിയാക്കി ചിത്രീകരിക്കുന്നത് ഗുഢലക്ഷ്യത്തോടെയാണെന്നും ഫാ. പീറ്റര്‍ കാവുമ്പ്രം ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ നീക്കങ്ങള്‍ വിശ്വാസികള്‍ തിരിച്ചറിയണമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
തിരുവത്താഴ ചിത്രം വികലമായി ചിത്രീകരിച്ച സിപിഎം ക്രൈസ്തവരോടു മാപ്പു പറയണമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം ആവശ്യപ്പെട്ടു. പ്രസിഡന്റ് സെബാസ്റ്റിയന്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി തോമസ് വാതപ്പള്ളിയും ഭാരവാഹികളായ അലക്‌സ് കുനാരത്ത്, സേവ്യര്‍ എടത്വ എന്നിവര്‍ പ്രസംഗിച്ചു. 
തിരുവത്താഴ ചിത്രം മോര്‍ഫ് ചെയ്തു രൂപം മാറ്റിയ സിപിഎമ്മിന്റെ നടപടി കിരാതവും സംസ്‌കാരശൂന്യവുമാണെന്ന് ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ആഗോള ചെയര്‍മാന്‍ വര്‍ഗീസ് മൂലന്‍, സെക്രട്ടറി റെജി പാറയ്ക്കന്‍, ഭാരവാഹികളായ സിറിള്‍ കൈതവേലി, പോള്‍ ഗോപുരത്തിങ്കല്‍, സോജന്‍ ചാമക്കാല എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക