Image

സൗമ്യയും ഗോവിന്ദച്ചാമിയും പിന്നെ ആകാശപ്പറവകളും (എ.എസ് ശ്രീകുമാര്‍)

Published on 03 October, 2016
സൗമ്യയും ഗോവിന്ദച്ചാമിയും പിന്നെ ആകാശപ്പറവകളും (എ.എസ് ശ്രീകുമാര്‍)
ഏറെ മോഹിച്ച മെച്ചപ്പെട്ട ജീവിതം കൈയെത്തിപ്പിടിക്കുംമുമ്പ് ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ ഹതഭാഗ്യമോര്‍ത്ത് മനസാ വിലപിക്കാത്തവരില്ല. കരയാത്തവരുണ്ടെങ്കില്‍ അവര്‍ ഹീന ജന്തുക്കള്‍ക്ക് പിറന്നവരായിരിക്കും. ബലാല്‍സംഗ കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചുള്ള ഏറ്റവും വലിയ ശിക്ഷയായ ജീവപര്യന്തം കഠിന തടവ് നല്‍കി നരാധമനായ കുറ്റവാളി ഗോവിന്ദച്ചാമിയെ ജയിലിലടയ്ക്കാന്‍ സെപ്റ്റംബര്‍ 15നാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് ഉത്തരവിടുന്നത്. ഇത് ജനങ്ങള്‍ക്ക് നീതി പ്രദാനം ചെയ്യുന്ന സ്ഥാപനമെന്ന് നാം ഇന്നോളം വിശ്വസിക്കുന്ന കോടതിയുടെ ഉത്തരവാദിത്വമായി മനസിലാക്കാം. എന്നാല്‍ കൊലക്കുറ്റത്തിന് മതിയായ തെളിവില്ലെന്ന് സ്ഥാപിച്ച് ആ കുറ്റത്തില്‍ നിന്ന് നിയമത്തിന്റെ പഴുതിലൂടെ പ്രതിയെ ഒഴിവാക്കിയതിന് നീതീകരണമില്ല. ഈ അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമായ  നടപടി സുപ്രീം കോടതിയുടെ, നീതിപീഠനിഷ്‌ക്രിയത്വത്തിലേയ്ക്കും അശാസ്ത്രീയതയിലേയ്ക്കും അതിലുപരി കഴിവുകേടിലേയ്ക്കുമാണ് വിരല്‍ ചൂണ്ടുന്നത്. ഒരാളുടെ ജീവിക്കാനുള്ള അവകാശത്തിനതീതമല്ല നീതിപീഠങ്ങളുടെ സ്വകാര്യ താത്പര്യവും തെളിവുകളുടെ സാങ്കേതികത്വവും.

സുപ്രീംകോടതി വിധി അത്ര നിസാരമായി തള്ളിക്കളയാനാവില്ല. ഈ ഉത്തരവിന്റെ വെളിച്ചത്തില്‍ പൊതുജനങ്ങളുടെ രോഷം എന്നും കനല്‍മൂടിക്കിടക്കുകയും ചെയ്യും. ഇവിടെ മറ്റൊരു സുപ്രധാന വിഷയമാണ് വിശകലനം ചെയ്യപ്പെടുന്നത്. ഗോവിന്ദച്ചാമിക്കുവേണ്ടി കോടതികളായ കോടതികളിലെല്ലാം കോട്ടണിഞ്ഞെത്തുന്ന പൂനെ ബാറിലെ അഭിഭാഷകന്‍ ബി.എ ആളൂര്‍ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളാണ് ഇഴകീറി പരിശോധിക്കേണ്ടത്. മുബൈയിലെ പനവേല്‍ മേഖലയില്‍ കവര്‍ച്ചയും മയക്കുമരുന്ന് വില്‍പ്പനയും നടത്തുന്ന സംഘമാണ് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകാന്‍ തന്നെ ഏല്‍പ്പിച്ചതെന്നാണ് ആളൂരിന്റെ തീയാളുന്ന വെളിപ്പെടുത്തല്‍. 

ഗോവിന്ദച്ചാമി മയക്കുമരുന്ന് മാഫിയയിലെ കണ്ണിയാണത്രേ. മയക്കുമരുന്ന് വില്‍പന ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായവര്‍ താവളമടിക്കുന്ന സംഘത്തില്‍ തമിഴ്‌നാട്, കേരളം, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരുണ്ടെന്നും ഇവര്‍ക്കുവേണ്ടി നിരവധി കേസുകളില്‍ വിവിധ കോടതികളില്‍ ഹാജരായിട്ടുണ്ടെന്നും ആളൂര്‍ മനസ്ഥാപമില്ലാതെ പറഞ്ഞു. തന്റെ ഫീസ് കൃത്യമായി സംഘം നല്‍കിയിരുന്നുവെന്നും, പണക്കൊതിയനെന്ന് മാത്രം വിശേഷിപ്പിക്കാവുന്ന മനസാക്ഷിയില്ലാത്ത ഈ മഹാന്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ഗോവിന്ദച്ചാമിയെയും മയക്കുമരുന്നു സംഘത്തെയും വാനോളം വാഴ്ത്തുന്ന ആളൂര്‍, ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായതില്‍ തനിക്ക് യാതൊരു വിധ കുറ്റബോധവുമില്ലെന്നും സൗമ്യ ബലാത്സംഗം ചെയ്യപ്പെട്ടു എന്നു തെളിയിക്കാന്‍ പോലീസ് സമര്‍പ്പിച്ച രോഖകള്‍ കെട്ടിച്ചമച്ചതാണെന്നും ഉളുപ്പില്ലാതെ പറയുന്നു. അറിഞ്ഞിടത്തോളം ആളൂര്‍ ലക്ഷങ്ങള്‍ ഫീസു വാങ്ങുന്ന വക്കീലാണ്. അതവിടെ നില്‍ക്കട്ടെ.

എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച് 2011 ഫെബ്രുവരി ഒന്നാം തീയതിയാണ് വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനു സമീപം സൗമ്യ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആറാം തീയതി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൗമ്യയുടെ ജീവന്‍ പൊലിഞ്ഞു. ഫെബ്രുവരി രണ്ടാം തീയതി ഗോവിന്ദ ചാമിയെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറസ്റ്റു ചെയ്തു. മൂന്നാം തീയതി ഇയാളെ ചേലക്കര പോലീസ് സ്റ്റേഷനില്‍ കൊണ്ടു വന്നപ്പോള്‍ പോലീസുകാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ പേര് ചാര്‍ളി തോമസ് എന്നായിരുന്നു.

ഇതേക്കുറിച്ച് സംഭവം റിപ്പോര്‍ട്ട് ചെയ്ത തേജസ് പത്രത്തിന്റെ ലേഖകന്‍ റഹ്മത്തുള്ള കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയതിങ്ങനെ... ''തമിഴ്‌നാട്ടില്‍ ഗോവിന്ദച്ചാമിയുടെ പേരിലുള്ള നിരവധി കേസുകളില്‍ ഇയാളുടെ പേര് ഇന്നുമുള്ളത് ചാര്‍ളി തോമസ് എന്നാണ്. മാത്രമല്ല, സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോള്‍ സൗമ്യയുടെ വീട്ടില്‍ ആകാശപ്പറവകള്‍ എന്ന ക്രിസ്റ്റ്യന്‍ മിഷനറി സംഘടനയുടെ ആളുകള്‍ വരുകയും സൗമ്യയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന മിഷനറി പ്രവര്‍ത്തകരുമായും അവരുടെ വികാരിയുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വാര്‍ത്ത പേരു വച്ച് 2011 ഫെബ്രുവരി 17ലെ പത്രത്തില്‍ ഞാനെഴുതിയത്...''

ആകാശപ്പറവകളാണ് ഇവിടുത്തെ താരങ്ങള്‍. തങ്ങളുടെ വീട്ടില്‍ ഒരു സംഘം എത്തി പ്രാര്‍ത്ഥിച്ചുവെന്നും 'ആകാശപ്പറവകള്‍' എന്നൊരു പുസ്തകം തന്നുവെന്നും എന്റെ കുട്ടി പോയ വിഷയത്തില്‍ മനസ്സ് തകര്‍ന്ന് കിടക്കുകയായിരുന്നതിനാല്‍ ഇവരെ പറ്റി കൂടുതല്‍ ഒന്നും അറിയില്ലെന്നും സൗമ്യയുടെ അമ്മ സുമതിയും സമ്മതിക്കുന്നു. ആകാശപ്പറവകളുടെ സാന്നിദ്ധ്യം മാധ്യമങ്ങള്‍ അന്നേ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ഇവരാണത്രേ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗോവിന്ദച്ചാമിയെ ചാര്‍ളി തോമസ് എന്ന പേരില്‍ മതം മാറ്റിയത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തില്‍ എത്തിയതോടെ, തങ്ങളും കുടുങ്ങും എന്ന് ബോധ്യം വന്നതിനാല്‍ ആകാശപ്പറവക്കാര്‍ പോലീസിനെ സ്വാധീനിക്കുകയും പ്രതിയുടെ യഥാര്‍ത്ഥ പേരായ ഗോവിന്ദ ചാമി എന്നാക്കി മാറ്റുകയും ചെയ്തു എന്നാണ് ആക്ഷേപം. അങ്ങനെ ആകാശപ്പറവകള്‍ കൈകഴുകി.

ഗോവിന്ദച്ചാമിയുടെ ഫണ്ടിങ്ങിന് പിന്നില്‍ ആകാശപ്പറവകളാണെന്ന സംശയം ബലപ്പെടുകയും സൗമ്യ വധക്കേസിലെ സുപ്രീം  കോടതി വിധി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആളൂര്‍ വക്കീലിന്റെ മയക്കുമരുന്ന് മാഫിയാ വെളിപ്പെടുത്തലുകളെന്നത് ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയയുടെ വൈറലുകള്‍ക്ക് പിന്നാലെ ഈ വിഷയമിപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ അന്തിച്ചര്‍ച്ചാ മേശപ്പുറത്തുമെത്തി. സമൂഹത്തില്‍ ദുഖമനുഭവിക്കുന്നവരെ സാന്ത്വനിപ്പിച്ച് കണ്ണീര്‍ തുടയ്ക്കാനും പ്രാര്‍ത്ഥിച്ച് വേദനയകറ്റാനും അഗതികളെ ദത്തെടുത്ത് പോറ്റി സംരക്ഷിക്കാനുമാണ് തങ്ങളെത്തുകയെന്ന് ആകാശപ്പറവകള്‍ ആണയിട്ടു പറയുന്നു. എന്നാല്‍ സൗമ്യയുടെ വീട്ടിലൊഴിച്ച് മറ്റ് സമാന ദുഖിതരുടെ വീടുകളിലൊന്നും ഇന്നുവരെ ഈ പറവകള്‍ എത്തിയതായോ അഗതികളെ പുനരധിവസിപ്പിച്ചതായോ നാട്ടുകാര്‍ക്ക് യാതൊരു വിവരവുമില്ല. അഥവാ ആരെയെങ്കിലും ആശ്വസിപ്പിക്കുകയോ സംരക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ ഉദ്ദേശ്യം മതം മാറ്റലല്ലേ എന്നതും ചിന്തനീയം. മതം മാറ്റലല്ല, എല്ലാവരെയും ഒരുമിച്ചുകൂട്ടി പ്രാര്‍ത്ഥിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് എങ്ങും തൊടാടെ ഇവര്‍ പ്രഘോഷിക്കുന്നു.

ഗോവിന്ദച്ചാമി ട്രെയിനുകളില്‍ ഒറ്റക്കൈ കൊണ്ട് ഭിക്ഷയെടുക്കുന്ന ആളാണെന്നാണ് നേരത്തെ പറയപ്പെട്ടിരുന്നത്. ഇങ്ങനെയുള്ള അന്തവും കുന്തവുമില്ലാതെ തെണ്ടി നടക്കുന്നവര്‍ ഏതെങ്കിലും കേസില്‍ പെട്ടാല്‍ അവര്‍ക്കുവേണ്ടി വാദിക്കാന്‍ സര്‍ക്കാര്‍ വക്കീല്‍ ഉണ്ടാവും. എന്നാല്‍ ഇയാള്‍ക്കുവേണ്ടി വാദിക്കാനെത്തുന്നത് പൂനെയില്‍ നിന്നുള്ള, ലക്ഷങ്ങള്‍ സിറ്റിങ് ഫീസ് വാങ്ങുന്ന ആളൂര്‍ വക്കീലാണ്. എന്നിട്ടൊരു മാഫിയാക്കഥയും വിളമ്പിയിരിക്കുന്നു. കേരളത്തില്‍ ഭിക്ഷാടന-മയക്കുമരുന്ന് മാഫിയ ഉണ്ടോ...? ഉണ്ടെങ്കില്‍ ഗോവിന്ദച്ചാമി അതിലെ കണ്ണിയാണോ...? ഇയാള്‍ യഥാര്‍ത്ഥത്തില്‍ ചാര്‍ളി തോമസ് ആണോ...? അല്ലെങ്കില്‍ ശരിയായ പേരെന്താണ്...? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല. കാരണം പൊതു സമൂഹം നിശ്ചയമായും അറിയേണ്ട ഇക്കാര്യങ്ങളൊന്നും അന്വേഷിച്ച് കണ്ടെത്തിയിട്ടില്ല.

ഏതായാലും ആളൂര്‍ വക്കീലിന്റെ വെളിപ്പെടുത്തലോടെ ആകാശപ്പറവകള്‍ ഫ്രീയായി ആകാശത്തേയ്ക്ക് പറന്നുപോയി. അഞ്ചുവര്‍ഷം മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടത് ചാര്‍ളി തോമസ് എന്നായിരുന്നു ആദ്യ വാദം. ഇപ്പോള്‍ പ്രതിയാക്കി ശിക്ഷിക്കപ്പെട്ടിരിക്കുന്നത് ഗോവിന്ദച്ചാമിയും. ആ നിലയ്ക്ക് ഗോവിന്ദച്ചാമി കുറ്റക്കാരനല്ല. ''നിങ്ങള്‍ പോയി ചാര്‍ളി തോമസിനെ കണ്ടുപിടിക്ക്. ഞങ്ങളുടെ കക്ഷിയെ ഇങ്ങ് വിട്ടുതരൂ...'' എന്ന് ആളൂരാന്‍മാര്‍ക്ക് കോടതിയില്‍ ഡിഫന്‍സ് എടുക്കാവുന്നതേയുള്ളൂ. പണ്ടത്തെ ഉണ്ടവിഴുങ്ങി വക്കീല്‍ മള്ളൂരിനെക്കുറിച്ച് നമ്മില്‍ പലരും കേട്ടിട്ടുണ്ട്. മണ്‍മറഞ്ഞ ആ മള്ളൂരിന്റെ സ്ഥാനത്ത് ഇപ്പോള്‍ ആളൂര്‍ വക്കീലുണ്ട്. മള്ളൂരും ആളൂരും നുണയുടെ കാലഘട്ട പ്രതിനിധികളാണ്. അവര്‍ വരും കാലങ്ങളിലും പുനരവതരിക്കും...ന്യൂ ജനറേഷന്‍ ഗോവിന്ദച്ചാമിമാരുടെ രക്ഷകരായി.

സൗമ്യയും ഗോവിന്ദച്ചാമിയും പിന്നെ ആകാശപ്പറവകളും (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
charlie kutty 2016-10-04 08:32:58
എന്തൊന്നാ സാറെ ഇത്? അയാള്‍ ചാര്‍ലി തോമസ് ആണോ ഗോവിന്ദച്ചാമി ആണോ എന്നതാണൊ പ്രശ്‌നം? ആര്‍.എസ്.എസുകാര്‍ക്ക് വര്‍ഗീയത പറയാന്‍ കോള്ളാം. ഇത്തരക്കാര്‍ക്ക് പല പേരും കാണും. തക്കം പോലെ ഉപയോഗിക്കും.
ഇവനെയൊക്കെ മതം മാറ്റിയിട്ട് ക്രിസ്ത്യാനിക്ക് ഏതാണ്ട് കിട്ടാന്‍ പൊകുന്നോ?
ഒറ്റക്കയ്യന്‍ ആണ് ഇയാള്‍. കേസ് അന്വേഷിച്ച പോലീസും കേരളത്തില്‍ ശിക്ഷിാച്ച കോടതികളും എല്ലാ കാര്യങ്ങളും പഠിച്ചില്ലെന്നു വ്യക്തം. സുപ്രീം കോടതിയേയോ ആകാശ പറവയെയൊ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം? തെളിവില്ലാതെ ഒരാളെ തൂക്കിക്കൊല്ലണോ?
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കെസിനാണു വധ ശിക്ഷ. ഇത് അതാണോ? അല്ല. അയാല്‍ കൊല്ലാന്‍ പോയതല്ല. അല്ല. ബലാല്‍ക്കാരം ചെയ്യാന്‍ അവസരം കിട്ടിയപ്പോല്‍ മുതലെടുത്തു എന്നു മാത്രം. മുങ്കൂട്ടി ആലോച്കിച്ചുറപ്പിച്ച് ചെയ്തതല്ല.
ഇനി ഇതൊന്നുമല്ല. ലോകമെങ്ങും വധശിക്ഷ നിര്‍ത്തിക്കൊണ്ടിരിക്കുന്നു.ജീവിതാന്ത്യം വരെ ജയിലില്‍ കിടക്കുന്ന ജീവപര്യന്തമാണു ശരിയായ ശിക്ഷ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക