Image

മഹാരാജകീയം സംഗമം

Published on 12 February, 2012
 മഹാരാജകീയം സംഗമം

കൊച്ചി: മധുരസ്മരണകള്‍ കോര്‍ത്തൊരു വലിയ പൂമാല പ്രിയ ശിഷ്യഗണങ്ങള്‍ ചേര്‍ന്ന് മഹാരാജാസിന്റെ കഴുത്തിലണിയിക്കുമ്പോള്‍ തണല്‍ മരങ്ങളുടെ ചില്ലകളില്‍ മഞ്ഞ വെയില്‍ കിരണങ്ങള്‍ മെല്ലെ പരന്ന് തുടങ്ങിയിരുന്നു. പിരിയന്‍ ഗോവണി കടന്ന് ഓര്‍മകള്‍ കഥ പറയാനൊരുങ്ങുമ്പോള്‍ കാലഘട്ടങ്ങള്‍ മഹാരാജാസിന്റെ മുറ്റത്തായിരുന്നു. ഓരോരുത്തരും പൊട്ടും പൊടിയും ഓര്‍മിച്ച് പങ്ക് വയ്ക്കുമ്പോള്‍ രാജകലാലയത്തിന്റെ ഇടനാഴികള്‍ ഇനിയെന്താണ് തങ്ങളുടെ പ്രിയ ചങ്ങാതിമാര്‍ക്ക് പറയാനുള്ളതെന്ന കാത്തിരിപ്പില്‍ കാത് കൂര്‍പ്പിച്ചു വച്ചു. 


സാഗരത്തില്‍ മഴ പെയ്യും പോലെ ആദ്യം ഒരു തുള്ളി, പിന്നെ പല തുള്ളി...മഹാരാജാസിനെ നെഞ്ചോടു ചേര്‍ത്ത് വച്ച ഓര്‍മത്തുള്ളികള്‍ പലതായപ്പോള്‍ അതൊരു മഹാസാഗരമായി മാറുകയായിരുന്നു... മഹാരാജകീയം എന്ന മഹാസാഗരം.....ശനിയാഴ്ച മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ഥി സംഗമം അങ്ങിനെ ചരിത്രത്തിന്റെ ഭാഗമായി.


മഹാസംഗമത്തിന് മുന്നോടിയായി മഹാരാജാസിന്റെ കവാടങ്ങള്‍ രാവിലെ തന്നെ തുറന്നു. ഗ്രൂപ്പുകളായി തിരിഞ്ഞ് തണല്‍ മരങ്ങളുടെ ചുവട്ടിലും ക്ലാസ് മുറികളുടെ വരാന്തയിലുമൊക്കെയായി പ്രിയ ചങ്ങാതിമാര്‍ വിശേഷങ്ങള്‍ പങ്ക് വയ്ക്കുമ്പോള്‍ മഹാരാജാസിന്റെ പടിഞ്ഞാറെ മുറ്റത്തൊരുക്കിയ വേദിയില്‍ മഹാരാജകീയത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങി. ഓര്‍മ്മപ്പൂക്കളത്തിലേക്ക് ആദ്യത്തെ പൂവിട്ടത് കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറും ഒ.എസ്.എയുടെ പ്രസിഡന്റുമായ ഡോ. കെ. ആര്‍. വിശ്വംഭരനാണ്. 


സെന്റ് തെരേസാസിലെ സുന്ദരിമാരെ കാണാന്‍ മഹാരാജാസിലെ വിദ്യാര്‍ഥികള്‍ ആ പരിസരത്ത് കറങ്ങാറുണ്ടായിരുന്നുവെന്നും കറങ്ങി നടന്നവരില്‍ താന്‍ മാത്രമേ അവിടുന്ന് കല്ല്യാണം കഴിച്ചിട്ടുള്ളൂവെന്നും വിശ്വംഭരന്‍ പറഞ്ഞപ്പോള്‍ വേദിയിലും സദസിലും ഒരുപോലെ ചിരിപൊട്ടി. സംഗമം ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി വയലാര്‍ രവി ഒരു പ്രണയകാലത്തിലേക്കാണ് സദസിനെ കൊണ്ടുപോയത്. ആലപ്പുഴക്കാരന്‍ രവീന്ദ്രന്‍ കൊച്ചിക്കാരി മരിയ ഫ്രാന്‍സിസിനെ ജീവിത സഖിയാക്കിയ കഥ. 


വല്ലപ്പോഴും ക്ലാസിലെത്തുന്ന തന്നെ സഹപാഠിയായ കല്ല്യാണിക്കുട്ടിയാണ് മേഴ്‌സിയെ പരിചയപ്പെടുത്തിയത്...വയലാര്‍ രവി പറഞ്ഞുതുടങ്ങിയപ്പോള്‍ സദസ് ആ പ്രണയകഥയ്ക്ക് കാതോര്‍ത്തു. ഒരാള്‍ രവിയെ എപ്പോഴും തിരക്കാറുണ്ട്, വലിയ ഇഷ്ടമാണെന്നൊക്കെയാണ് കല്ല്യാണിക്കുട്ടി അന്ന് മേഴ്‌സിയെപ്പറ്റി പറഞ്ഞത്. പിന്നീട് കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചുപോയി, ഞാന്‍ എന്നും രാവിലെ ഒമ്പതേ മുക്കാലിന് ഹിസ്റ്ററി ബ്‌ളോക്കിന്റെ മുകളില്‍ നിന്നും നോക്കാറുള്ള വലിയ കണ്ണുകളും നിറയെ മുടിയുമുള്ള പെണ്‍കുട്ടി. രണ്ട് കന്യാസ്ത്രീകളുടെ അകമ്പടിയോടെയാണ് അന്ന് മേഴ്‌സി, കോളേജില്‍ വന്നിരുന്നത്. 


വളരെ പെട്ടെന്നാണ് ഞങ്ങളുടെ പ്രണയം വളര്‍ന്നത്. അവധിക്ക് വീട്ടില്‍ പോകുമ്പോള്‍ കൂട്ടുകാരി വല്‍സലയുടെ പേരിലായിരുന്നു കത്തുകളയച്ചിരുന്നത്. അത്ര സ്ട്രിക്ടായിരുന്നു മേഴ്‌സിയുടെ വീട്ടുകാര്‍. ബോട്ടണി ക്ലാസിന്റെ ഇടനാഴിയില്‍ വച്ചായിരുന്നു ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്. നമുക്ക് വിവാഹം കഴിച്ചാലോ എന്ന് ചോദിച്ചപ്പോള്‍ മേഴ്‌സി സമ്മതത്തോടെ ഒന്ന് മൂളി. ഇത്രയും ആനന്ദകരമായ ഒരു നിമിഷം തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്നാണ് വയലാര്‍ രവി ആ നിമിഷത്തെ വിശേഷിപ്പിച്ചത്. 


നാല്‍പത് വര്‍ഷം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നവള്‍ ഇന്നില്ല. അതിന്റെ ദു:ഖത്തിനിടയിലും മഹാരാജാസ് തനിക്ക് സമ്മാനിച്ച ഏറ്റവും വലിയ നിധിയാണ് മേഴ്‌സിയെന്ന് അദ്ദേഹം ഓര്‍മ്മിച്ചു.


 മഹാരാജകീയം സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക