Image

മെയിന്‍ കോക്കസില്‍ റോംനിയ്ക്ക് നേരിയ ജയം; ബജറ്റ് നയം തിങ്കളാഴ്ച; ധനികര്‍ക്ക് അധികനികുതിക്ക് നിര്‍ദേശം

Published on 12 February, 2012
മെയിന്‍  കോക്കസില്‍ റോംനിയ്ക്ക് നേരിയ ജയം; ബജറ്റ് നയം തിങ്കളാഴ്ച; ധനികര്‍ക്ക് അധികനികുതിക്ക് നിര്‍ദേശം
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള പ്രൈമറി തെരഞ്ഞെടുപ്പുകളിലെ കഴിഞ്ഞ ആഴ്ച തുടര്‍ച്ചയായ മൂന്നു തോല്‍വി നേരിട്ട മിറ്റ് റോംനി മെയിന്‍ സംസ്ഥാനത്തെ കോക്കസില്‍ നേരിയ ജയം നേടി തിരിച്ചുവന്നു. 39 ശതമാനം വോട്ടോടെയാണ് റോംനി വിജയവഴിയില്‍ തിരിച്ചെത്തിയത്. 36 ശതമാനം വോട്ടുകള്‍ നേടിയ റോണ്‍ പോള്‍ രണ്ടാമതായി ഫിനിഷ് ചെയ്തു.

സംസ്ഥാനത്തെ പ്രചാരണത്തിനിറങ്ങാതിരുന്ന റിക് സാന്റോറം 18 ശതമാനം വോട്ടര്‍മാരുടെ പിന്തുണ നേടിയപ്പോള്‍ ന്യൂട്ട് ഗിന്‍ഗ്രിച്ചിന് ആറുശതമാനം പിന്തുണ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കുറച്ചു വോട്ടര്‍മാര്‍ മാത്രം വോട്ടു രേഖപ്പെടുത്തിയ
മെയിന്‍ കോക്കസില്‍ റോംനിയ്ക്ക് 2190 വോട്ടര്‍മാരുടെ പിന്തുണ ലഭിച്ചപ്പോള്‍ റോണ്‍ പോളിന് 1996 പേരുടെ പിന്തുണ ലഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കൊളറാഡോ, മിനസോട്ട, മിസൗറി പ്രൈമറികളില്‍ റോണ്‍ പോളിനോട് തോല്‍വി ഏറ്റുവാങ്ങിയ റോംനിയ്ക്ക് മെയ്‌നെയിലെ വിജയം നേരിയ ആശ്വാസമാണ്.

വിജയിച്ചെങ്കിലും 2008ലെ പ്രൈമറിയില്‍ കാഴ്ചവെച്ച പ്രകടനം ആവര്‍ത്തിക്കാന്‍ റോംനിയ്ക്കായില്ല. അന്ന്
മെയിന്‍ കോക്കസില്‍ 52 ശതമാനം വോട്ടര്‍മാരുടെ പിന്തുണ റോംനി നേടിയിരുന്നു. റോണ്‍ പോളിനാകട്ടെ 18 ശതമാനം പിന്തുണയാണ് അന്ന് ലഭിച്ചത്.

ബജറ്റ് നയം തിങ്കളാഴ്ച; ധനികര്‍ക്ക് അധികനികുതിക്ക് നിര്‍ദേശം

വാഷിംഗ്ടണ്‍: ചെലവു ചുരുക്കല്‍ ലക്ഷ്യമിട്ട് പ്രസിഡന്റ് ബറാക് ഒബാമ പുതുക്കിയ ബജറ്റ് നയം തിങ്കളാഴ്ച പ്രഖ്യാപിക്കും. ധനികര്‍ക്കുമേല്‍ അധികനികുതി ചുമത്താനുള്ള നിര്‍ദേശമാണ് ബജറ്റ് നയത്തിലെ കാതലായ നിര്‍ദേശം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഈ നിര്‍ദേശത്തിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇത്തരമൊരു നിര്‍ദേശം നടപ്പാക്കാന്‍ ഒബാമ സര്‍ക്കാര്‍ തയാറാവുമോ എന്നാണ് കണ്ടറിയേണ്ടത്. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കമ്മി 1.33 ട്രില്യണ്‍ ഡോളറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പ്രവചിച്ച 1.3 ട്രില്യണ്‍ ഡോളറിലും കൂടുതലാണിത്. 2013 ഓടെ ബജറ്റ് കമ്മി 901 ബില്യണ്‍ ഡോളറായി കുറയ്ക്കുമെന്നായിരുന്നു ഒബാമയുടെ വാഗ്ദാനം. ഇതിനായുള്ള ചില കടുത്ത നടപടികളും ബജറ്റ് നയത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.

പോപ് ഗായിക വിറ്റ്‌നി ഹൂസ്റ്റന്‍ അന്തരിച്ചു

ലോസ്ആഞ്ചല്‍സ്: പ്രശസ്ത അമേരിക്കന്‍ പോപ് ഗായിക വിറ്റ്‌നി ഹൂസ്റ്റന്‍ അന്തരിച്ചു. 48 വയസായിരുന്നു. കാലിഫോര്‍ണിയയിലെ ബിവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലിലായിരുന്നു അന്ത്യം. അതേസമയം, മരണകാരണം അറിവായിട്ടില്ലെന്ന് ഹൂസ്റ്റനിന്റെ പിആര്‍ഒ ക്രിസ്റ്റന്‍ ഫോസ്റ്റര്‍ പറഞ്ഞു.

1963 ഓഗസ്റ്റ് ഒന്‍പതിനു ന്യൂജേഴ്‌സിയില്‍ ജനിച്ച വിറ്റ്‌നി എലിസബത്ത് ഹൂസ്റ്റന്‍ 1985ല്‍ സ്വന്തം പേരിലുള്ള ആല്‍ബം പുറത്തിറക്കി. വിറ്റ്‌നി ഹൂസ്റ്റന്‍ എന്നു തന്നെയായിരുന്നു ആല്‍ബത്തിന്റെ പേര്. ഫെബ്രുവരിയില്‍ പുറത്തിറക്കിയ ആല്‍ബം തുടക്കത്തില്‍ വലിയ ചലനങ്ങളൊന്നുമുണ്ടാക്കിയില്ല. എന്നാല്‍ മാസങ്ങള്‍ക്കകം ഹൂസ്റ്റന്റെ ആദ്യ ആല്‍ബം ആരാധകരുടെ പ്രിയപ്പെട്ടതായി. രണ്ടര കോടിയിലധികം കോപ്പികളാണ് ഈ ആല്‍ബം ലോകമെമ്പാടും വിറ്റഴിഞ്ഞത്. 1987ല്‍ വിറ്റ്‌നി എന്ന പേരില്‍ രണ്ടാമത്തെ ആല്‍ബം പുറത്തിറക്കിയതോടെ ലോക പോപ് ആരാധകരുടെ പ്രിയ ഗായികയായി മാറുകയായിരുന്നു വിറ്റ്‌നി.

പള്ളിയിലെ ഗായകസംഘത്തോടൊപ്പമാണ് ഹൂസ്റ്റന്‍ പാടി തുടങ്ങിയത്. ലോകത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കലാകരിയാണ് വിറ്റ്‌നി. ഗിന്നസ് റിക്കാര്‍ഡ് പ്രകാരം ഒരു എമ്മി അവാര്‍ഡ്, ആറു ഗ്രാമി അവാര്‍ഡുകള്‍, 30 ബില്‍ബോഡ് മ്യൂസിക് അവാര്‍ഡ്, 22 അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ് എന്നിങ്ങനെ മൊത്തം 415 പുരസ്കാരങ്ങള്‍ വിറ്റ്‌നിക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ള ആല്‍ബങ്ങളുടെ ഉടമകളിലൊരാളുംകൂടിയാണ് വിറ്റ്‌നി ഹൂസ്റ്റണ്‍. ഗ്രാമി അവാര്‍ഡിനു 26 തവണ വിറ്റ്‌നി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. വിറ്റ്‌നിയുടെ 17 കോടി ആല്‍ബങ്ങള്‍ വിറ്റുപോയതായി കണക്കാക്കപ്പെടുന്നു.

ഗായിക മാത്രമായിരുന്നില്ല വിറ്റ്‌നി. ഗാനരചയിതാവ്, സംഗീത സംവിധായിക, നടി, മോഡല്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ കഴിവുതെളിയിച്ചിട്ടുണ്ട്. 1992ല്‍ ദ ബോഡിഗാര്‍ഡ് എന്ന ചിത്രത്തില്‍ നായികയായി വിറ്റ്‌നി തിളങ്ങി. നിരവധി പുരസ്കാരങ്ങള്‍ ബോര്‍ഗാര്‍ഡിലെ അഭിനയത്തിനു വിറ്റ്‌നിയെ തേടിയെത്തി. വെയിറ്റിംഗ് ടു എക്‌സ്‌ഹേല്‍(1995), ദ പ്രീച്ചേഴ്‌സ് വൈഫ്(1996) തുടങ്ങിയ ചിത്രങ്ങള്‍ വിറ്റ്‌നിയ്ക്കു മികച്ച നടിയെന്ന പേര് നേടിക്കൊടുത്തു. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സ്പാര്‍ക്കിളാണ് അവസാനചിത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക