Image

നഴ്‌സുമാരുടെ സമരം: ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു

വിന്‍സെന്റ് ഇമ്മാനുവല്‍ Published on 12 February, 2012
നഴ്‌സുമാരുടെ സമരം: ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു

ആലുവ: കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ ന്യയമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. മുന്‍ നിലപാടുകളില്‍ മാനേജ്‌മെന്റ് ഉറച്ചുനിന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. ഒരു വര്‍ഷം സര്‍വീസുള്ള നഴ്‌സുമാര്‍ക്ക് 10,000 രൂപ ശമ്പളം നല്‍കണമെന്ന നിര്‍ദേശം മാനേജ്‌മെന്റ് അംഗീകരിച്ചില്ല. 10 വര്‍ഷം സര്‍വീസുള്ള നഴ്‌സുമാര്‍ക്ക് 14,900 രൂപ ശമ്പളമായി നല്‍കണമെന്നും നഴ്‌സുമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയാറായില്ല. കൂലിത്തൊഴില്‍ എടുക്കുന്നവര്‍ക്കുപോലും ദിവസം 450 രൂപ ലഭിക്കുമ്പോള്‍ 10000 രൂപ ശമ്പളമെന്ന നഴ്‌സുമാരുടെ ആവശ്യം ന്യായമാണെന്ന നിലപാടാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്ത തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ സ്വീകരിച്ചത്. ധാരണയിലെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഇരുവിഭാഗത്തിനും 24 മണിക്കൂര്‍ സമയം നല്‍കി മന്ത്രി ചര്‍ച്ച അവസാനിപ്പിച്ചു. 

ഷിബു ബേബി ജോണിനു പുറമെ ലേബര്‍ കമ്മീഷണര്‍ വിന്‍സെന്റ് അലക്‌സ്, മാനേജ്‌മെന്റിനുവേണ്ടി ജേക്കബ് ജോയ്, ബിജു പോള്‍, എ.ഡി.ജോര്‍ജ്, കെ.ബിജോയ്, അലക്‌സി ജോര്‍ജ്, ബാബു പോള്‍ എന്നിവരും സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കുവേണ്ടി മുന്‍ കേന്ദ്രമന്ത്രി കൃഷ്ണകുമാറിന്റെ പത്‌നി ഉഷാ കൃഷ്ണകുമാറും അമേരിക്കന്‍ വ്യവസായി വിന്‍സെന്റ് ഇമ്മാനുവലും നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി സുധീഷ് രാജന്‍, റീന റെജി, ശിവപ്രസാദ്, ഉണ്ണി, ഗീത, ജോര്‍ജ്, ടി.എം.ഷൈമി, എം.ഷെല്‍ട്ടണ്‍, അബ്രഹാം, എം.ജിതേഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കോലഞ്ചേരിയിലും ലേക്‌ഷോറിലും സമരം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ അമൃത ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് മിനിമം വേതനം നല്‍കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു.

നഴ്‌സുമാരുടെ സമരം: ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക