Image

ആയിരം പൂര്‍ണ ചന്ദ്രന്‍ പ്രകാശം പരത്തിയ ധന്യതയോടെ എം.എസ്.ടി. (മീനു എലിസബത്ത്)

Published on 17 September, 2016
ആയിരം പൂര്‍ണ ചന്ദ്രന്‍ പ്രകാശം പരത്തിയ ധന്യതയോടെ എം.എസ്.ടി. (മീനു എലിസബത്ത്)
കേരളത്തിന്റെ സമൂഹിക സാംസ്‌കാരിക പരിവര്‍ത്തനങ്ങള്‍ക്കു തിരിതെളിച്ചു തന്ന യശശരീരനായ ഇഎംഎസ് നമ്പൂതിരിപ്പാട്, വി.ടി.ഭട്ടതിരിപ്പാട്, ലളിതാംബിക അന്തര്‍ജനം എന്നിവര്‍ക്കൊപ്പം വിദേശമലയാളികള്‍ക്കുമുണ്ട് അഭിമാനപൂര്‍വം പറയാനൊരു നമ്പൂതിരി.അത് അമേരിക്കന്‍ മലയാളികള്‍ ഗുരുസ്ഥാനീയനായി കാണുന്ന ഡോ. എം.എസ്.ടി.നമ്പൂതിരി ആണ്. അമേരിക്കന്‍ മലയാളികള്‍ സാര്‍ പദവി നല്‍കി സംബോധന ചെയ്യുന്ന ചുരുക്കം ചിലരിലൊരാള്‍.

ഡാലസിലാണു താമസമെങ്കിലും വിദേശ മലയാളികള്‍ക്ക് അദ്ദേഹം സുപരിചിതനാണ്. ഡാലസ് ഫോര്‍ട്ട്
ര്‍ത്തു ഭാഗങ്ങളിലുളള മിക്ക മലയാളി സംഘടനകള്‍ക്കും ഉപദേശകനും വഴികാട്ടിയും മാര്‍ഗനിര്‍ദേശിയുമാണ് അദ്ദേഹം. ആ നിറസാന്നിധ്യം എല്ലാവര്‍ക്കും ഒരനുഗ്രഹം തന്നെ. ഒരു നല്ല കാര്യം നടക്കുമ്പോളെല്ലാം കാരണവ സ്ഥാനത്തു ബഹുമാനിക്കുന്ന മുത്തേടത്തില്ലത്തു ശങ്കരന്‍ ത്രിവിക്രമന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യം അവര്‍ ആഗ്രഹിക്കുന്നു.

അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ നമ്പൂതിരി സാര്‍ ഒരു പയനിയര്‍ തന്നെ. അറുപതുകളില്‍ അമേരിക്കയിലേക്ക്  കുടിയേറിയ മലയാളികളില്‍ അഗ്രഗണ്യന്‍.

1932-ല്‍ കോട്ടയം ജില്ലയിലേ മരങ്ങാട്ടുപള്ളിക്കടുത്തുള്ള പാലാക്കാട്ടുമല കരയിലെ മുത്തേടത്തില്ലത്തിലാണു ജനനം. തികഞ്ഞ ഒരു യാഥാസ്ഥിക നമ്പൂതിരി കുടുംബം. ചെറുപ്പം മുതലേ നമ്പൂതിരി സമുദായങ്ങളിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നു. അതിനെല്ലാം എതിരെ പോരാടാനുള്ള വാഞ്ഛ അന്നുമുതലുണ്ടായിരുന്നു . അച്ഛന്റെ കയ്യി
ല്‍ നിന്നും സംസ്‌കൃത വിദ്യാഭ്യാസവും അടുത്തുള്ള പ്രൈമറി സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ശേഷം പാലാ സെന്റ് തോമസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് ഇവിടെയായിരുന്നു പിന്നീടുള്ള പഠനങ്ങള്‍. കാലടി ശ്രീ ശങ്കരാചാര്യ കോളജിലും കോഴിക്കോട് ഫറൂക്ക് കോളജിലും അധ്യാപകനായി. ചെറുപ്പം മുതല്‍ കവിതകളും ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ നല്ലൊരു ശതമാനം യുവാക്കളെയും പോലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനാകുകയും പാര്‍ട്ടി അനുഭാവിയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

''വി.ടിയും ലളിതാംബികയുമൊക്കെ എന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നു. ഇ.എം.എസ് ഒളിവിലായിരുന്ന കാലത്തൊക്കെ അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. തന്നെ വല്ലാതെ ആകര്‍ഷിച്ച വ്യക്തിയായിരുന്നു ഇ.എം.എസ് --അദ്ദേഹം ഓര്‍മകള്‍ പങ്കുവച്ചു. പിന്നീട് പാര്‍ട്ടിയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്ന സമയത്താണ് വിവാഹം നടക്കുന്നതും ഉപരിപഠനത്തിനായി അമേരിക്കയിലേക്കു പോരുന്നതും. പോരുമ്പോള്‍ അച്ഛന് എതിര്‍പ്പായിരുന്നു. അന്നൊക്കെ ഞാനൊരു റിബലായിരുന്നു-അദ്ദേഹം ചിരിച്ചു.

ഏകദേശം 53 വര്‍ഷം മുമ്പ്. 1963-ല്‍ ബോസ്റ്റണിലേക്കു കപ്പല്‍ കയറി. തന്റെ ആദ്യത്തെ കപ്പല്‍ യാത്രയെ കുറിച്ച് അദ്ദേഹത്തിനിപ്പോഴും മങ്ങാത്ത ഓര്‍മകളാണ്.

''ഒരു ചരക്കു കപ്പലായിരുന്നു അത്. കപ്പല്‍ച്ചൊരുക്കൊക്കെ ഉണ്ടായിരുന്നെങ്കിലും രസകരമായിരുന്നു ആ യാത്ര. അമേരിക്കക്കാരനായി ഒരു ഭരതനാട്യം നര്‍ത്തകനും അമേരിക്കയില്‍ കണ്‍സേര്‍ട്ടു നടത്താനായി വരുന്ന ഒരു വീണാ വിദഗ്ധയും ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു. ഇടയ്‌ക്കൊക്കെ അവര്‍ രണ്ടു പേരും പെര്‍ഫോം ചെയ്യും. അതു പോലെ മറ്റു പലരെയും പരിചയപ്പെട്ടിരുന്നു. ഒരു മാസമുണ്ടല്ലോ, ഒരു കുടുംബം പോലെയായിരുന്നു ഞങ്ങള്‍ ഇടപെട്ടിരുന്നത്. ഒന്നര മാസമെടുത്തു കപ്പല്‍ ന്യൂയോര്‍ക്കിലെത്തിച്ചേരാന്‍. നേരത്തെ പറഞ്ഞതിലും ഒരാഴ്ച കൂടുതല്‍. കപ്പല്‍ പറഞ്ഞ സമയത്ത് എത്താതിരുന്നതിനാല്‍, കൂട്ടിക്കൊണ്ടുവരാന്‍ ബോസ്റ്റണില്‍ നിന്നു വന്ന സുഹൃത്തുക്കള്‍ തിരിച്ചു പോയിരുന്നു. ഇന്നത്തെപ്പോലെ വിനിമയം എളുപ്പമല്ലല്ലോ. ഞാന്‍ ഒരു തകരപ്പെട്ടിയുമായി പോര്‍ട്ടില്‍ ഇറങ്ങുമ്പാള്‍ പോക്കറ്റിലുള്ളത് വെറും മൂന്നു ഡോളര്‍. പോരുമ്പോള്‍ വഴിച്ചെലവിനു കയ്യിലുള്ളത് എട്ടു ഡോളര്‍. കപ്പല്‍ ഗ്രീക്ക് ദ്വീപുകളില്‍ നിര്‍ത്തിയപ്പോള്‍ എന്തൊക്കെയോ സുവനീറുകളും സാധനങ്ങളും വാങ്ങി അഞ്ചു ഡോളര്‍ ചെലവായി. ബോസ്റ്റണിലേക്കു ടാക്‌സി പിടിക്കാനിതൊന്നും പോരാ.  അങ്ങനെ സങ്കടപ്പെട്ടു നില്‍ക്കുമ്പോള്‍ കപ്പലില്‍ വച്ചു പരിചയപ്പെട്ട ഒരു സായിപ്പ് വന്നു കാര്യങ്ങള്‍ അന്വേഷിച്ചു. എന്റെ അവസ്ഥ മനസിലാക്കിയ അദ്ദേഹം 50 ഡോളര്‍ എടുത്തു നീട്ടി. വഴിച്ചെലവും കാര്യങ്ങളും നടക്കട്ടെ. ജോലിയൊക്കെ ചെയ്തു ശമ്പളം കിട്ടിത്തുടങ്ങുമ്പോള്‍ പറ്റുകയാണെങ്കില്‍ തന്റെ കടംവീട്ടുക. ഇല്ലെങ്കിലും സാരമില്ലെന്നു പറഞ്ഞ് അഡ്രസ് എഴുതിയ ഒരു കാര്‍ഡും എടുത്തു നീട്ടി.

അമേരിക്കന്‍ മണ്ണില്‍ കാലുകുത്തി കഴിഞ്ഞ് ആദ്യമുണ്ടായ ഈ അനുഭവം ഞാന്‍ ഇന്നും നന്ദിയോടെ ഓര്‍ക്കുന്നു. അങ്ങനെ എത്ര, എത്ര പേര്‍, എന്നെ ഇന്നു വരെ പല രീതിയില്‍ സഹായിച്ചിരിക്കുന്നു.'' 

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റി, ഇല്ലിനോയി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും പിഎച്ച്ഡി, കംപ്യൂട്ടര്‍ സയന്‍സ് ബിരുദങ്ങള്‍ നേടുകയും അവിടെയെല്ലാം അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. 1974-ല്‍ ആണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്  റ്റയിലര്‍ ക്യാംപസിലേക്കു വരുന്നതും അവിടെ താമസിക്കുന്നതും.

അമേരിക്കയിലെ തന്റെ തിരക്കുകള്‍ക്കിടയിലും ജനിച്ചു വളര്‍ന്ന മണ്ണിനെയും അമ്മ മലയാളത്തെയും മറക്കാതെ നെഞ്ചോടു ചേര്‍ത്തു പിടിച്ചാണ് അന്നും ഇന്നും നമ്പൂതിരി സാറിന്റെ ജീവിതം. എഴുപതു മുതല്‍ തൊണ്ണൂറു വരെയുള്ള കാലഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ ശാസ്ത്ര ലേഖനങ്ങളും കവിതകളും മനോരമയിലും മാതൃഭൂമിയിലും കലാകൗമുദിയിലും പ്രസിദ്ധീകരിച്ചിരുന്നു. യശശരീരനായ കെ. എം. മാത്യുവുമായി നല്ല സുഹൃത്ത് ബന്ധമായിരുന്നുണ്ടായിരുന്നത്.

''നാട്ടില്‍ വരുമ്പോളെല്ലാം ഞാന്‍ മാത്യുവിനെ പോയി കാണുമായിരുന്നു. അദ്ദേഹത്തിന്റെ പാചകവിദഗ്ധയായ ഭാര്യ മിസിസ് കെ. എം. മാത്യുവും സന്തോഷത്തോടെയാണ് ഞങ്ങളെ സ്വീകരിച്ചിരുന്നത്'' 

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിലെ മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റിന്റെ തലവനായി റിട്ടയര്‍ ചെയ്ത ഇദ്ദേഹം ഇപ്പോള്‍ മെക്കിനിയില്‍ താമസിക്കുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ നിന്നു തന്നെ അസിസ്റ്റന്റ് പ്രഫസറായി റിട്ടയര്‍ ചെയ്ത സരസ്വതി നമ്പൂതിരിയാണു ഭാര്യ. മക്കള്‍ ഡോക്ടര്‍ മായ, ഇന്ദു (കെമിക്കല്‍ എന്‍ജിനിയര്‍). മക്കളും കൊച്ചുമക്കളും മറ്റു സാമൂഹിക സംഘടനകളുമൊക്കെയായി ബന്ധപ്പെട്ടു പോകുന്നതിനിടയിലും അദ്ദേഹം വായനയും എഴുത്തും വിടാതെ കൊണ്ടുപോകുന്നു.

ഡാലസ് മോര്‍ണിങ് ന്യൂസില്‍ ഇടയ്‌ക്കൊക്കെ ലേഖനങ്ങള്‍ എഴുതുന്നത് ഇന്നും തുടരുന്നു. മലയാളത്തില്‍ കംപ്യൂട്ടറുകളുടെ കഥയും പ്രവാസിയുടെ തേങ്ങല്‍ എന്ന കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടയ്‌ക്കൊക്കെ  ശാസ്ത്രലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. അസാധാരണ തൃഷ്ണയുള്ള ഒരു വ്യക്തിക്കേ കണക്കും കംപ്യൂട്ടര്‍ സയന്‍സും കവിതയും ഒരേ നൈപുണ്യത്തോടെ അമ്മാനമാടാന്‍ കഴിയൂ.

അമേരിക്കയില്‍ വന്ന് 53 വര്‍ഷം കഴിഞ്ഞിട്ടും മലയാള ഭാഷയെയും സംസ്‌കാരത്തെയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നമ്പൂതിരി സാര്‍ വാരാന്ത്യങ്ങളില്‍ സാഹിത്യക്കൂട്ടായ്മകളും സംഗീതസദസുകളും ആസ്വദിക്കുന്നു. എപ്പോഴും പ്രസന്നവദനനായി വരുന്ന നമ്പൂതിരി സാറിനെയും കൂടെ അദ്ദേഹത്തിന്റെ കൈപിടിച്ചു നടക്കുന്ന സരസ്വതി ടീച്ചറെയും കാണുന്നത് എല്ലാവര്‍ക്കും സന്തോഷം. ലാന എന്ന ഓമനപ്പേരിലറിയപ്പെടുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപക നേതാക്കളിലൊരാളാണ് അദ്ദേഹം. വന്ന കാലം മുതല്‍ ബോസ്റ്റണ്‍, ഷിക്കാഗോ, റ്റയിലര്‍ എന്നിവിടങ്ങളിലെ മലയാളി അസോസിയേഷനുകളിലും സജീവം. ഇന്നും കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ പരിപാടികളില്‍ നിവൃത്തിയുണ്ടെങ്കില്‍ അദ്ദേഹം സന്നിഹിതനായിരിക്കും. അമേരിക്കയിലേക്കു കുടിയേറിപ്പാര്‍ക്കുന്ന പുതുതലമുറയിലെ മലയാളികളോട് അദ്ദേഹത്തിന് പറയാനുളളതിതാണ്. 

'' നിങ്ങള്‍ അമേരിക്കയില്‍ താമസിക്കുമ്പോഴും ജനിച്ച നാടിനോടും ഭാഷയോടും സ്‌നേഹം വച്ചു പുലര്‍ത്തുന്നത് നല്ല കാര്യം. എന്നാല്‍ അമേരിക്കയിലെന്താണ് നടക്കുന്നതെന്നു കൂടി ശ്രദ്ധിക്കുക, നിങ്ങളുടെ അയല്‍വക്കത്ത് നിങ്ങളുള്‍പ്പെടുന്ന കൗണ്ടിയില്‍, കുട്ടികളുടെ സ്‌കൂളില്‍ ഇവയില്‍ എല്ലാം കൂടി ആക്ടീവാകുക. അമേരിക്ക എന്താണെന്നു കൂടി അറിഞ്ഞിരിക്കാം. ഇന്നിപ്പോള്‍ കണ്ടുവരുന്നത്, മലയാളികള്‍ അമേരിക്കയില്‍ താമസിക്കുകയും ഇന്ത്യയിലേക്കു മാത്രം കണ്ണു നട്ടിരിക്കുകയും ചെയ്യുന്ന പ്രവണതയാണ്''.

വിദേശത്തു വന്നു ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടയില്‍ സ്വന്തം അസ്തിത്വത്തിന്റെ വേരറുക്കുകയും ഇന്ത്യയെയും അതുവഴി മാതൃഭാഷയെയും തള്ളിപ്പറയുകയും ചെയ്യുന്ന ചില മലയാളി കുടിയേറ്റക്കാര്‍ക്കെങ്കിലും എളിമയുടെ നിറകുടമായ ഈ എണ്‍പത്തിനാലുകാരന്‍ വെറും ഒരു മാതൃക മാത്രമല്ല, ഒരു ചരിത്രപുസ്തകം തന്നെയാണ്, അമേരിക്കന്‍ മലയാളികളുടെ വലിയ ഒരു അഭിമാനവും.
ആയിരം പൂര്‍ണ ചന്ദ്രന്‍ പ്രകാശം പരത്തിയ ധന്യതയോടെ എം.എസ്.ടി. (മീനു എലിസബത്ത്)
ആയിരം പൂര്‍ണ ചന്ദ്രന്‍ പ്രകാശം പരത്തിയ ധന്യതയോടെ എം.എസ്.ടി. (മീനു എലിസബത്ത്)
ആയിരം പൂര്‍ണ ചന്ദ്രന്‍ പ്രകാശം പരത്തിയ ധന്യതയോടെ എം.എസ്.ടി. (മീനു എലിസബത്ത്)
(മീനു എലിസബത്ത്)
Join WhatsApp News
Joseph Padannamakkel 2016-09-18 05:59:35
അമേരിക്കൻ മലയാളികളുടെ പ്രഭവ ചരിത്രത്തിലേക്ക് പേനാ ചലിപ്പിക്കുന്ന മീനുവിന് ആദ്യം എന്റെ അഭിവാദനങ്ങൾ. ആദ്യ തലമുറകൾ നാമാവിശേഷമായിക്കൊണ്ടിരിക്കുകയാണ്. കുറച്ചുകാലം കൂടി കഴിഞ്ഞാൽ ഇവിടെ വന്ന മലയാളി സമൂഹത്തിന്റെ കുടിയേറ്റ ചരിത്രം വെറും കെട്ടുകഥകൾ പോലെയാകും. പ്രൊഫ. എം.ടി.എസിനെ ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. എങ്കിലും ബൗദ്ധിക ലോകത്തിൽ വെട്ടിത്തിളങ്ങിയ ഒരു മലയാളിയെ 'ഈ മലയാളി' വഴി വായിച്ചറിയാൻ സാധിച്ചതിലും സന്തോഷമുണ്ട്.അദ്ദേഹത്തിൻറെ സാഹസിക കഥകളും അമ്പരപ്പിക്കുന്നതാണ്. 

അമേരിക്കയിലെ ആദ്യകാല ആഫ്രോ അമേരിക്കരുടെയും യൂറോപ്യരുടെയും കുടിയേറ്റക്കാരുടെ ചരിത്രങ്ങൾ ചികഞ്ഞെടുക്കാൻ മില്യൺ കണക്കിന് ഡോളറാണ് ചരിത്രകുതുകികളായ അമേരിക്കൻ ജനത ചെലവാക്കുന്നത്. ഒരു പട്ടേൽ സ്ത്രീയെ വിവാഹം കഴിക്കാൻ സാധിക്കാത്തതിനാൽ ഉഗാണ്ടൻ ഏകാധിപതിയായ ഈദിയാമിൻ പുറത്താക്കിയ പട്ടേൽമാരും അവരുടെ പിന്തലമുറകളും  അമേരിക്കയുടെ സാമ്പത്തിക രാഷ്ട്രീയ മേഖലകൾ വരെ പിടിച്ചെടുത്തു.   

അമേരിക്കൻ മലയാളികളിലെ ആദ്യതലമുറകൾ ഇവിടെ അധികം താമസിയാതെ അപ്രത്യക്ഷമാകും.  ഇന്നാട്ടിലെ  ആദ്യകാല നേഴ്സ് സമൂഹത്തിനെ എത്ര പൂവിട്ടു പൂജിച്ചാലും മതിയാവില്ല. അവരിൽ പലരും സ്വന്തം കുടുംബങ്ങളെയും ഭർത്താവിന്റെ കുടുംബങ്ങളെയും കരകയറ്റാൻ രാത്രിയും പകലും കഠിനാധ്വാനം ചെയ്‌തെങ്കിലും സ്വന്തമായി ജീവിക്കാൻ മറന്നുപോയിയെന്നതാണ് സത്യം. അതുമൂലം പലരുടെയും കുടുംബ ബന്ധങ്ങൾ ശിഥിലമായിട്ടുണ്ട്. എഴുപത്തിയഞ്ചു കാലഘട്ടത്തിൽ സ്പോൺസർ ചെയ്തയാൾ മുങ്ങിയ കാരണം ന്യൂയോർക്കിലുള്ള ക്വീൻസിൽ അഭയകേന്ദ്രത്തിൽ കഴിഞ്ഞ ഒരു യുവതിയായ മലയാളി നേഴ്‌സിനെയും അറിയാം. അവരുടെ കുടുംബങ്ങൾ വന്നപ്പോൾ കാറുമായി പൂമാലയിട്ടു സ്വീകരിക്കാൻ അനേകരുമുണ്ടായിരുന്നു.

ആദ്യം വന്ന മലയാളി കുടുംബങ്ങളിൽ പരസ്പരം സ്നേഹവും ആത്മീയ ബന്ധങ്ങളുമുണ്ടായിരുന്നു. പിന്നീട് ബന്ധുക്കളുടെ വരവും വിഭാഗിക മതസംഘടനകളും പള്ളികളും വന്നതിൽപ്പിന്നീടാണ് ബന്ധങ്ങൾക്കു വിടവുകളുണ്ടായത്. വർഗീയ വിഷം കുത്തിക്കേറ്റാനും തമ്മിലടിപ്പിക്കാനും മതാചാര്യന്മാരും വന്നെത്തി. പരസ്പരം മൈത്രിയിലായിരുന്ന മലയാളീ കുടുംബങ്ങൾ സ്ഥിരം ശത്രുക്കളായ കഥകളുമുണ്ട്. അങ്ങനെ മലയാളി ചരിത്രത്തിന്റെ വഴികൾ വളവുകളും  തിരിവുകളുമായി പ്രവഹിക്കുന്നതും കാണാം. 

അറുപതുകളിൽ ഈ പുതിയ ആകാശം ഈ പുതിയ ഭൂമിയായ അമേരിക്കയിലെത്തി പുതിയൊരു ജനസമൂഹത്തിൽ ജീവിച്ചുകൊണ്ട് ഉയരങ്ങളുടെ കൊടുമുടികൾ കയറുകയും പുതിയ തലമുറകൾക്കു മാതൃകയുമായി തീർന്ന ശ്രീ എം.ടി.എസിനെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാവില്ല. ദിർഘായു രാരോഗ്യ മസ്തു, ദീർഘായസോടെ ആരോഗ്യവാനായി ഇരുന്നാലും.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക