Image

വിദ്വാന്‍ കുട്ടിയും യൂയോ മതവും: നവോത്ഥാനങ്ങള്‍ തുടരുന്നു.....(തോമസ് കളത്തൂര്‍)

തോമസ് കളത്തൂര്‍ Published on 12 September, 2016
വിദ്വാന്‍ കുട്ടിയും യൂയോ മതവും: നവോത്ഥാനങ്ങള്‍ തുടരുന്നു.....(തോമസ് കളത്തൂര്‍)
കഴിഞ്ഞ ഒരു പംക്തിയില്‍ പ്രസിദ്ധീകരിച്ചിരുന്ന നവോത്ഥാന നേതാക്കളുടെ ചിത്രങ്ങളില്‍ വിദ്വാന്‍കുട്ടി എന്ന യുസ്‌തോസ് യോസഫിന്റെ കൂടെ ചിത്രം ഉള്‍പ്പെടുത്താന്‍ നടത്തിയ അന്വേഷണത്തില്‍ പുതിയതായ ചില അറിവുകളും നേടാന്‍ കഴിഞ്ഞു. 

ഒന്നാമതായി പറയട്ടെ, ആ ചിത്രം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. കാരണം, യാതൊരു മതചിഹ്നങ്ങളും സ്മാരകങ്ങളും യൂയോ മതക്കാര്‍ക്കില്ല.  വിദ്വാന്‍കുട്ടിയുടെ സമാധിസ്ഥാനം പോലും പരിരക്ഷിച്ചിട്ടില്ല. വ്യക്തികളേയും സ്മാരകങ്ങളേയും ക്രമേണ അതിശയപ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായും പുതിയ ആരാധനാ ഭണ്ഡാരങ്ങളായും മാറ്റി എടുക്കാറുണ്ടല്ലോ. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുത്ത യൂയോമതം അഭിനന്ദനം അര്‍ഹിക്കുന്നു. 

എന്നാല്‍, ഭാവിതലമുറയ്ക്കുവേണ്ടി, സദുദ്ദേശത്തോടെ, ചരിത്രത്തിന് കൈമാറാന്‍ ഇതാവശ്യമാണ്. ഈ മതനിയമത്തെ കര്‍ക്കശമായി യൂയോമതക്കാര്‍ പിന്തുടരുന്നു. ആരാധനാലയങ്ങളോ സ്ഥാപനങ്ങളോ യൂയോമതത്തിനില്ല. അതുപോലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവര്‍ പിന്തുടരുന്നില്ല. ഭാരതീയ പാശ്ചാത്യദര്‍ശനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരുള്‍ക്കാഴ്ച വിദ്വാന്‍കുട്ടിയ്ക്കുണ്ടായിരുന്നു. ഒരുപുതിയ സമൂഹത്തെ, സ്‌നേഹത്തിലൂടെയും സൗഹാര്‍ദ്ദത്തിലൂടെയും സ്ഥാപിച്ചെടുക്കാനുള്ള ദീര്‍ഘവീക്ഷണം അദ്ദേഹത്തിന്റെ ഉദ്യമങ്ങളില്‍ കാണാം. 

ലോകത്തെല്ലാവര്‍ക്കുമായി ഒരു ഭാഷ അദ്ദേഹം സ്ഥാപിച്ചത്, ആശയവിനിമയത്തിന്റെ പ്രാധാന്യത്തെ മനസ്സിലാക്കികൊണ്ടാണ്. അതുപോലെ, സ്ത്രീപുരുഷഭേദമെന്യെ വിദ്യാഭ്യാസം ചെയ്യണമെന്നും, മലയാളം, സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ് ഭാഷകളും സംഗീതവും വശമാക്കണമെന്നും, സ്ത്രീകളും ഏതെങ്കിലും തൊഴിലില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിയ്ക്കുകയും ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു. പഴയ - പുതിയനിയമബൈബിള്‍ ആശയങ്ങളെ സ്വീകരിച്ചുകൊണ്ട്, ഉപനിഷത് സംസ്‌കാരത്തിന്റെ സ്വാധീനത്തോടെയുള്ള ഒരു മതസങ്കല്പമായിരുന്നു, വിദ്വാന്‍കുട്ടിയ്ക്കുണ്ടായിരുന്നത്. 

സവര്‍ണ്ണ-അവര്‍ണ്ണ വ്യത്യാസങ്ങളെ അതിജീവിച്ചുകൊണ്ടുള്ള ഒരു സാമൂഹ്യപദ്ധതിയ്ക്കാണ്, യൂയോമതത്തിലൂടെ അദ്ദേഹം ശ്രമിച്ചത്, അതും ജാതീയത ഭ്രാന്തുപിടിച്ച ഒരു കാലഘട്ടത്തില്‍. അവര്‍ 'ഹാലേലൂയ്യാ'' ഗാനത്തോടൊപ്പം ''പുരുഷസൂക്തവും'' ചൊല്ലിക്കൊണ്ടാണ് ആരാധന നടത്തുന്നത്. നാമകരണം ചെയ്യുന്നതിലും ഈ യോഗം കാണാവുന്നതാണ്. യൂയോ രാലിസന്‍ എന്ന വിദ്വാന്‍കുട്ടിയുടെ ഭാര്യയുടെ പേര് ''സീതാമേരി,'' മക്കള്‍ ദാനിയേല്‍ മനു, ഏലിസബേത്ത് കൃപാവല്ലി, മറിയ വത്സ യോഹന്നാന്‍, ക്രിസ്തുവര്‍ണ്ണന്‍ എന്നിവര്‍.

സഭാംഗങ്ങള്‍ പാലിക്കേണ്ടതായ ജീവിതക്രമത്തിലും നിഷ്‌കര്‍ഷയുണ്ടായിരുന്നു. മത്സ്യം, മാംസം, മദ്യം എന്നിവ ഉപയോഗിക്കുകയോ ആഭരണങ്ങള്‍ അണിയുകയോ ചെയ്യാന്‍ പാടില്ല. ക്രിസ്തുവിനെ പരിശുദ്ധത്മാവായി കാണുന്നു എങ്കിലും ഛായാചിത്രങ്ങളോ പ്രതിമകളോ യൂയോമതം അംഗീകരിക്കുന്നില്ല. പ്രത്യേക പ്രാര്‍ത്ഥനാലയങ്ങള്‍ ഇല്ലാതെ ഇവര്‍ വീടുകളില്‍ പ്രാര്‍ത്ഥന നടത്തുന്നു.

മതം സ്ഥാപനവത്കരിക്കുമ്പോള്‍ നഷ്ടപ്പെടുന്ന സ്വാതന്ത്ര്യവും സത്യസന്ധതയും ഇവര്‍ മനസ്സിലാക്കുന്നു എന്നുവേണം കരുതാന്‍. ദൈവത്തിന്റെ ഒരേ ഒരു ദേവാലയം, ആകാശവും ഭൂമിയും ഉള്‍ക്കൊണ്ട മഹാദേവാലയമാണെന്നും, അവിടെ ആര്‍ക്കും സ്വന്തരീതിയില്‍ പ്രാര്‍ത്ഥന നടത്താമെന്നും യൂയോമതം വിശ്വസിക്കുന്നു. യൂസ്തസ് യോസഫാകുന്ന പരിശുദ്ധാത്മാവിന് വേറെ ഏഴു പേരുകള്‍ കൂടി ഉള്ളതായി പറയപ്പെടുന്നു. ഒരു സര്‍വ്വമതദേശീയസമ്മേളനം അദ്ദേഹം സ്വപ്നം കണ്ടിരുന്നു. അതിനുദാഹരണമാണ് സര്‍വ്വലോകഭാഷകള്‍ക്കും ഉപരിയായ ഒരു ഭാഷയും വ്യാകരണവും അദ്ദേഹം സ്വന്തമായി രൂപപ്പെടുത്തിയത്. 1882 ല്‍ ''ഇരിഞ്ചിക്ക്വാ നൊവൊ'' അഥവാ ''ഇരുവായ്ത്തലവാളിന്‍ നാവ്'' എന്ന ഭാഷ നടപ്പില്‍ വന്നു. 1896 ല്‍ മനോരമ പ്രസ്സിലാണ് ഇത് പുസ്തകമായി അച്ചടിച്ചത്. 

''നിത്യാക്ഷരങ്ങള്‍'' എന്ന പുസ്തകം യൂയോ മതത്തിന്റെ വേദപുസ്തകമാണ്. ചക്രത്തിന്റെ ചിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ട ''ചിത്രബന്ധശ്ലോകം'' മറ്റൊരു പ്രത്യേകതയാണ്. മറ്റു ക്രിസ്തു സഭകളെപ്പോലെ, ''യൂയോമതം'' ക്രിസ്തു സഭയുടെ ഒരു ശാഖയല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പലനാടുകളില്‍ നിന്നായി അവര്‍ണ്ണ-സവര്‍ണ്ണഭാഷാഭേദമെന്യെ ഇരുപത്തിനാലു മൂപ്പന്മാരെ ഉള്‍പ്പെടുത്തികൊണ്ട് ഒരു നവസമൂഹപദ്ധതിക്ക് അദ്ദേഹം രൂപം നല്കി. ബോധമാണ് ദൈവമെന്നും മനുഷ്യന്റെ ബോധത്തിലാണ് കര്‍ത്താവ് ഉയിര്‍ത്തെഴുന്നേല്ക്കുന്നതെന്നും പിന്നീട് വിദ്വാന്‍കുട്ടി വ്യക്തമാക്കുകയുണ്ടായി. ഹൈന്ദവ ചിന്തയിലെ അവതാരസങ്കല്പവും ക്രിസ്തുവിന്റെ പുനരുത്ഥാനവും സമന്വയിപ്പിച്ചതാണ് വിദ്വാന്‍കുട്ടിയുടെ ഉണര്‍വ്വുസഭ.

20-ാം നൂറ്റാണ്ടില്‍, ഭൂമിയുടെ മറ്റൊരു ഭാഗത്ത്, ക്രിസ്തു വീണ്ടും വന്ന് തങ്ങളെ രക്ഷിയ്ക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു ജനതവിഭാഗമുണ്ടായിരുന്നു, ജെമെയ്ക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍. എത്യോപ്പിയയില്‍ നിന്നും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും അടിമകളായി കൊണ്ടുവരപ്പെട്ടവരായിരുന്നു ഇവരുടെ പൂര്‍വ്വികര്‍. ജോര്‍ജ് ലെയ്‌ലി എന്ന വെള്ളക്കാരനായ ഒരു ബാപ്റ്റിസ്റ്റ് ഉപദേശി, ജെമെയ്ക്കയില്‍ ഒരു ''എത്യോപ്യന്‍ ബാപ്റ്റിസ്റ്റ് സഭ'' ആരംഭിച്ചു. 

അവരുടെ പ്രവാചകനായി അറിയപ്പെട്ട 'മാര്‍ക്കസ് ഗ്രേവി' എത്യോപ്യയില്‍ നിന്ന് ''ജഹോവാ'' അഥവാ 'ജോ'' പുറപ്പെട്ടു വന്ന് നീഗ്രാകളായ നമ്മെ എല്ലാം രക്ഷിയ്ക്കും എന്ന് പ്രവചിച്ചു. അദ്ദേഹത്തിന്റെ അനുയായികള്‍ ''ഗ്രേവിക്കാര്‍'' എന്നറിയപ്പെട്ടു. അന്ന് എത്യോപ്യയുടെ രാജാവായിരുന്ന ''മെനലിക് മൂന്നാമന്റെ ചാര്‍ച്ചക്കാരനും പ്രധാന ഉപദേശകനുമായിരുന്നു ''തഫാരി മക്കേണന്‍ വോല്‍ഡേ മിഖായേലിന്റെ'' പിതാവ്. 1916 മുതല്‍ 1930 വരെ ''റീജന്റ്'' ആയി ''തഫാരി മക്കേണന്‍'' ഭരണം നടത്തി, 1930 ല്‍  ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ടു. ത്രിത്വമായ ''പിതാവ് - പുത്രന്‍ - പരിശുദ്ധാത്മാവ്'' എന്നര്‍ത്ഥമുള്ള ''ഹെയ്‌ലി സലാസി'' എന്ന നാമം അദ്ദേഹം സ്വീകരിച്ചു. 

ഹെയ്‌ലി സലാസിയുടെ കിരീടധാരണത്തോടെ തന്റെ പ്രവചനം സാക്ഷാത്കരിക്കാന്‍ പോകുന്നു എന്ന് ജെമെയ്ക്കന്‍ പ്രവാചകനായ ''മാര്‍ക്കസ് ഗ്രേവി'' ഉദ്‌ഘോഷിച്ചു. നൂറ്റാണ്ടുകളായി അടിമത്വത്തിലും പ്രവാസത്തിലും കഴിയുന്ന കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വിടുതല്‍ അഥവാ രക്ഷ നല്കാനെത്തിയ 'മശിഹാ'' ആയി ഹെയ്‌ലി സലാസിയെ അവര്‍ കണ്ടു. ചിലര്‍ ദൈവമായിതന്നെ അദ്ദേഹത്തെ കണക്കാക്കി. ജെമെയ്ക്കയില്‍ രസ്തഫാരി മൂവ്‌മെന്റ് ആരംഭിച്ച്, അത് ഒരു മതമായി വളര്‍ന്നു. ഹെയ്‌ലി സലാസിയുടെ യഥാര്‍ത്ഥപേരായ ''രസ്തഫാരി മക്കോനന്‍'' ല്‍ നിന്നാണ് പുതിയമതത്തിന് ''രസ്തഫാരി'' എന്ന പേരു നല്‍കിയത്. തങ്ങളുടെ ഉറവിടമായ ''എത്യോപ്യാ'' ഭൂമിയിലെ സ്വര്‍ഗ്ഗമാണെന്നും, ജ്ഞാനിയായ ശലോമോന്‍ രാജാവും ബൈബിളിലെ പിതാക്കന്മാരും ഒക്കെ എത്യോപ്യയില്‍ നിന്ന് വന്നവരാണെന്നും നമ്മുടെ ദൈവം എത്യോപ്യക്കാരുടെ ദൈവമാണെന്നും ഗ്രേവിക്കാര്‍ പഠിപ്പിച്ചു. അതിനാല്‍ വെളുത്ത ദൈവത്തെ അവര്‍ നിരാകരിച്ചു. ജെമെയെയ്ക്കയില്‍ കൂട്ടമായി കറുത്ത വര്‍ഗ്ഗക്കാര്‍ ''രസ്തഫാരി'' മതം സ്വീകരിച്ചു. 1976 ആയപ്പോഴേക്കും എല്ലാ ബ്രിട്ടീഷ് നഗരങ്ങളിലും നോര്‍ത്ത് സൗത്ത് അമേരിക്കകളിലും ആസ്‌ട്രേലിയവരെയും ഈ മതം വ്യാപിച്ചു.

ഹെയ്‌ലി സലാസി ചക്രവര്‍ത്തി 1966 ല്‍ ജെമെയ്ക്കാ സന്ദര്‍ശിച്ചു. അദ്ദേഹം അര്‍മ്മേനിയാ സന്ദര്‍ശിക്കുകയും ''ഓട്ടമന്‍ കൂട്ടക്കൊലയില്‍'' മാതാപിതാക്കള്‍ നഷ്ടപ്പെട്ട 40 കുഞ്ഞുങ്ങളെ ദത്തെടുക്കുകയും വളര്‍ത്തുകയും ചെയ്തു. (1915 മുതല്‍ ഓട്ടമന്‍ ഗവണ്‍മെന്റ് അവരുടെ മാതൃരാജ്യത്തുനിന്ന് അസീറിയ, അര്‍മ്മനിയാ, ഗ്രീക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്നരകോടിയിലധികം ജനങ്ങളെ പലവിധത്തിലായി കൂട്ടക്കൊല ചെയ്യുകയുണ്ടായി). 1950 കളില്‍ ഹെയ്‌ലി സലാസി ചക്രവര്‍ത്തി ഇന്‍ഡ്യാ സന്ദര്‍ശിച്ചു. 

കേരളം സന്ദര്‍ശിച്ച അവസരത്തില്‍ കോട്ടയത്തും അദ്ദേഹം വരികയുണ്ടായി. അദ്ദേഹത്തെ ഒരുനോക്കു കാണുവാനായി, എന്റെ പിതാവിനോടൊപ്പം ബാലനായിരുന്ന ഞാനും കെ.കെ.റോഡരികില്‍ കാത്തുനിന്നു. ഒരുവലിയ ജനക്കൂട്ടം വഴിയുടെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചിരുന്നു. ഒരു തുറന്ന കാറില്‍, പോലീസ് അകമ്പടിയോടെ, സ്ഥാനവസ്ത്രങ്ങളുമണിഞ്ഞ്, ഹെയ്‌ലി സലാസി ചക്രവര്‍ത്തി കടന്നുപോയത് ഇന്നും ഒര്‍ക്കുന്നു. അദ്ദേഹം കേരളത്തിലെത്താനുള്ള കാരണങ്ങളില്‍ ഒന്ന്, ഒരു മലയാളി യുവാവ് അദ്ദേഹത്തിന്റെ സെക്രട്ടറി ആയി ജോലി ചെയ്തിരുന്നു. ആ യുവാവു ശ്രദ്ധേയമായ സാമര്‍ത്ഥ്യം പ്രകടിപ്പിയ്ക്കുകയും ചക്രവര്‍ത്തിയുടെ പ്രശംസയും ഉത്തമവിശ്വാസവും നേടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രാജി സമര്‍പ്പിച്ച് കേരളത്തില്‍ തിരികെ എത്തിയിരുന്നു. പട്ടത്വം സ്വീകരിച്ച് പ്രഗത്ഭനായ ഒരു വൈദീകനായിത്തീര്‍ന്ന ''പോള്‍വറുഗീസച്ചനായിരുന്നു, ആ യുവാവ്. പിന്നീട് പൗലൂസ് മാര്‍ഗ്രിഗോറിയോസ് എന്ന പേരു സ്വീകരിച്ച് മെത്രാനായി അഭിഷിക്തനായി. തത്വചിന്തയിലും ദൈവശാസ്ത്രത്തിലും പേരുകേട്ട പണ്ഡിതനും വാഗ്മിയുമായിരുന്നു, അദ്ദേഹം.

ഹെയ്‌ലി സലാസി ചക്രവര്‍ത്തി 1942 ല്‍ അടിമക്കച്ചവടം നിറുത്തലാക്കി. ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളെയും ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ അദ്ദേഹം പരിശ്രമിച്ചു. 1936 ല്‍ ഇറ്റലി എത്യോപ്യയെ ഉപരോധിക്കുകയും ചക്രവര്‍ത്തി നാടുവിടേണ്ടതായി വരികയും ചെയ്തു. എന്നാല്‍ ജനീവയിലെത്തി ''ലീഗ് ഓഫ് നേഷന്‍സില്‍'' അദ്ദേഹം നടത്തിയ ശ്രമഫലമായി, ഇംഗ്ലണ്ടിന്റെ സഹായത്തോടെ 1941 ല്‍ എത്യോപ്യയെ മോചിപ്പിക്കുകയും അധികാരം പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ 1975 ല്‍ അദ്ദേഹത്തിന്റെ മരണത്തിനു മുമ്പ്, അദ്ദേഹത്തെ സ്വസ്ഥാനത്തു നിന്നു നീക്കി, വീട്ടുതടങ്കലിലാക്കിയിരുന്നു. 

എന്നാല്‍ ''രസ്തഫാരി മതം'' അനുദിനം വളര്‍ച്ച പ്രാപിച്ചു. അതിന്റെ വളര്‍ച്ചയ്ക്ക് ജമെയ്ക്കയില്‍ ജനിച്ച ''ബോബ് മാര്‍ലിയും'' അദ്ദേഹത്തിന്റെ ''രേഗേ'' സംഗീതവും ഗണനീയമായ പങ്കുവഹിച്ചു. ആത്മീയനിഷേധി, കരയരുത് പെണ്ണേ, തീപിടിക്കട്ടെ, എരിയുന്നു മുതലായ ഗാനങ്ങള്‍ ബോബു മാര്‍ലിയെ ലോകപ്രസിദ്ധനാക്കി. ഇസ്രയേലിന്റെ ഈജിപ്തില്‍ നിന്നുള്ള വിടുതല്‍പോലെ, ജെമെയ്ക്കര്‍ എത്യോപ്യയിലേക്കുള്ള തിരിച്ചുപോക്ക് സ്വപ്നം കണ്ടു.

ജൂഢയിസവും ക്രിസ്തുമതവും സമ്മേളിച്ച മതമാണ് തങ്ങളുടേതെന്നും എന്നാല്‍ അവയേക്കാള്‍ കുറ്റമറ്റതാണെന്നും രസ്തഫാരികള്‍ അവകാശപ്പെടുന്നു. രസ്തഫാരികള്‍ക്ക് മദ്യവും പുകയിലയും ചുരുട്ടും നിഷിദ്ധമാണ്. ഭക്ഷണക്രമത്തില്‍ എബ്രായരെപ്പോലെ തന്നെ അനുശാസനങ്ങള്‍ ഉണ്ട്. മുടിവെട്ടാനോ, ചീകാനോ, ശരീരത്തില്‍ ശസ്ത്രക്രിയ നടത്താനോ പാടില്ല. കാരണമായി പറയുന്ന ബൈബിള്‍ ഉദ്ധരണി ലേവ്യപുസ്തകം 21:5 ആണ്. എന്നാല്‍ ''കഞ്ചാവ് അഥവാ മാര്‍വാന'' പ്രാര്‍ത്ഥനയിലും ആരാധനയിലും ധൂപമായി ഉപയോഗിക്കുന്നു. (യഹൂദരും ക്രിസ്ത്യാനികളും കുന്തിരിക്കവും, ഹിന്ദുക്കള്‍ കര്‍പ്പൂരവും തങ്ങളുടെ ആരാധനകളില്‍ ഉപയോഗിക്കുംപോലെ) കഞ്ചാവുചെടിയുടെ ഉത്ഭവം, ശലോമോന്‍ രാജാവിന്റെ ശവക്കല്ലറയുടെ മുകളില്‍ നിന്നുമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഈ ''ജ്ഞാനച്ചെടിയും'' ആയി ബന്ധപ്പെടുത്തി അവര്‍ ഉദ്ധരിക്കുന്ന ബൈബിള്‍ ഭാഗം സങ്കീര്‍ത്തനം 104:14 ആണ്. 

വിശ്വാസങ്ങളും ആചാരങ്ങളും സ്ഥാപിച്ചെടുക്കാന്‍ വേദഗ്രന്ഥങ്ങളിലെ വാക്യങ്ങളെയോ ഉപദേശങ്ങളെയോ വളച്ചൊടിക്കാന്‍, സാധാരണക്കാരനെ കഴുതയാക്കാന്‍ എന്നും ശ്രമം നടക്കുന്നു, നടന്നുകൊണ്ടേയിരിക്കുന്നു. കറുത്തവര്‍ഗ്ഗക്കാര്‍ കൂട്ടമായി രസ്തഫാരിയില്‍ ചേര്‍ന്നു. അവരുടെയും ആരോപണം, ക്രിസ്തുമതം  തങ്ങളെ അടിമകളായി മാത്രമെ കണ്ടിട്ടുള്ളൂ എന്നായിരുന്നു. കേരളത്തിലും ഇന്ത്യയിലും മതപരിവര്‍ത്തനം ചെയ്യപ്പെട്ട അവര്‍ണ്ണര്‍ക്ക് അഥവാ ദളിതര്‍ക്കുണ്ടായ അനുഭവം മറിച്ചായിരുന്നില്ലല്ലോ.

ബോബ് മാര്‍ലിയും ''വെയിലേഴ്‌സ്'' എന്ന സംഘവും ലോകം മുഴുവന്‍ അറിയപ്പെട്ടു. വര്‍ണ്ണവിവേചനത്തിനും, പാര്‍ശ്വവല്‍ക്കരണത്തിനും യുദ്ധങ്ങള്‍ക്കും ഒക്കെ എതിരായി അവര്‍ പാടി. ലോകസമാധാനത്തിനു വേണ്ടിയുള്ള ആഹ്വാനമായിരുന്നു ബോബ് മാര്‍ലിയും സംഘവും പ്രചരിപ്പിച്ചത്. കാല്‍ വിരലില്‍ അര്‍ബുദം ബാധിച്ച ബോബ് മാര്‍ലി, മതം അനുവദിക്കാത്തതിനാല്‍, ശസ്ത്രക്രിയ നടത്തിയില്ല. രോഗം കാലില്‍ നിന്നും മറ്റു ശരീരഭാഗങ്ങളിലേക്കും കടന്നുകയറി. പിന്നീട് ക്രിസ്തീയസഭയിലേക്ക് അദ്ദേഹം മതംമാറിയത്. 

രോഗശാന്തി പ്രതീക്ഷിച്ചായിരുന്നുവത്രേ. 1981 മെയ് 11 ന് അമേരിക്കയിലെ ഒരു ആശുപത്രിയില്‍ വെച്ച് 36-ാം വയസ്സില്‍ ബോബ് മാര്‍ലി ഈ ലോകത്തോടു യാത്രപറഞ്ഞു. കഞ്ചാവുപുക തന്റെ ആത്മാവിനെ ശുദ്ധീകരിക്കുന്നു എന്നു പറഞ്ഞ ബോബ് മാര്‍ലി, തന്റെ രോഗശമനത്തിനും അത് കാരണമാകുമെന്ന് പ്രതീക്ഷിച്ചിരിക്കാം. എത്യോപ്യയിലും ജെമെയ്ക്കയിലും കാട്ടുചെടിയായി ധാരാളം വളര്‍ന്നു വരാറുള്ള കഞ്ചാവിനെ വിശുദ്ധവസ്തുവാക്കി ആചാരാനുഷ്ഠാനങ്ങളില്‍ ഉള്‍പ്പെടുത്തിയത്, പലപ്പോഴും ചുറ്റുപാടുകളുടെ സ്വാധീനം പുതിയ വിശ്വാസങ്ങളെ സൃഷ്ടിക്കും എന്നതിനുദാഹരണമാണ്. 

എല്ലാ മതങ്ങളിലും പല അര്‍ത്ഥശൂന്യവും ഉപദ്രവകരങ്ങളുമായ വിശ്വാസങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. അതിനാല്‍ വിശ്വാസങ്ങളെ കാലാകാലം പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. അന്ധവിശ്വാസങ്ങളേയും, മതവിദ്വേഷങ്ങളേയും, സ്ഥാപിത താല്പര്യങ്ങളേയും ഒഴിവാക്കിക്കൊണ്ട്, മനസ്സു ശുദ്ധീകരണത്തോടെ ''ഈശ്വര സാക്ഷാത്കാരം പ്രാപ്യമാക്കുന്ന മതം'' നിലവില്‍ വരണം. അല്ലെങ്കില്‍ ''ഓപ്പിയം എന്ന കറുപ്പോ, കഞ്ചാവെന്ന മാര്‍വാനയോ'' ഒക്കെയായി, മതം നിര്‍വ്വചിക്കപ്പെടും. നവോത്ഥാനം എല്ലാക്കാലത്തും, പൂര്‍ണ്ണതയിലെത്തുംവരെ ...... അതു പൂര്‍ണ്ണത സാക്ഷാത്കരിക്കപ്പെടട്ടെ.

വിദ്വാന്‍ കുട്ടിയും യൂയോ മതവും: നവോത്ഥാനങ്ങള്‍ തുടരുന്നു.....(തോമസ് കളത്തൂര്‍)
Join WhatsApp News
Ponmelil Abraham 2016-09-12 07:42:04
Interesting and detailed information.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക