Image

പാര്‍ലമെന്റില്‍ സിനിമാ താരങ്ങള്‍ നോക്കുകുത്തികളാകുന്നു; അവരെക്കൊണ്ട്‌ ആര്‍ക്ക്, എന്ത് പ്രയോജനം? (ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 12 September, 2016
പാര്‍ലമെന്റില്‍ സിനിമാ താരങ്ങള്‍ നോക്കുകുത്തികളാകുന്നു; അവരെക്കൊണ്ട്‌  ആര്‍ക്ക്, എന്ത് പ്രയോജനം? (ഡല്‍ഹികത്ത്: പി.വി.തോമസ്)
സിനിമ താരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനോടും നിയമ നിര്‍മ്മാണ സഭകളില്‍ അംഗങ്ങള്‍ ആകുന്നതിനോടും മന്ത്രിമാര്‍വരെ ആകുന്നതിനോടും ചിലര്‍ക്കൊക്കെ എതിരഭിപ്രായം ഉണ്ട്. ഞാന്‍ അവരോട് യോജിക്കുന്നില്ല. കാരണം സിനിമ താരങ്ങളും ഇന്‍ഡ്യന്‍ പൗരന്മാരും പൗരകളും ആണ്. അവര്‍ക്ക് മറ്റ് ഏതൊരു പൗരനെപ്പോലെയും ജനാധിപത്യ പ്രക്രിയയില്‍ ഭാഗവാക്ക് ആകുവാനും പാര്‍ലിമെന്റിലും നിയമസഭയിലും അംഗമാകുവാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും ഉള്ള അവകാശം ഉണ്ട്. ഇത് ഭരണഘടന അനുവദിക്കുന്നതാണ്. പക്ഷേ, ഇവര്‍ ഇവരുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ പരാജയപ്പെട്ടാല്‍, വിമുഖത, കാണിച്ചാല്‍ അത് മറ്റുള്ളവരെപ്പോലെ തന്നെ വിമര്‍ശവിധേയം ആണ്. 

കോണ്‍ഗ്രസും ബി.ജെ.പി.യും ഇടതുപക്ഷവും മറ്റ് പ്രാദേശിക പാര്‍ട്ടികളും സിനിമാ താരങ്ങളെയും കായികതാരങ്ങളെയും എഴുത്തുകാരെയും പാര്‍ലിമെന്റിലും നിയമ സഭകളിലും അംഗങ്ങള്‍ ആക്കുന്നതിലും ക്യാബിനറ്റ് അംഗങ്ങള്‍ ആക്കുന്നതിലും മത്സരിച്ച് വ്യഗ്രത കാണിച്ചിട്ടുണ്ട്, ഇപ്പോഴും കാണിക്കുന്നുമുണ്ട് പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. രാമായണവും മഹാഭാരതവും സിറിയന്‍ ടെലിവിഷന്‍ ചാനലില്‍ കഴിഞ്ഞപ്പോള്‍ ബി.ജെ.പി. ഒരു താരപ്രവാഹത്തെയാണ് പാര്‍ലിമെന്റിലേക്ക് സ്വാഗതം ചെയ്തത്. അതു കൊണ്ടാണ് ആര്‍.കെ.ലക്ഷ്മണ്‍ ഒരു കാര്‍ട്ടൂണില്‍ ഗദയും മഴുവും ശൂലവും അഴിച്ചിട്ട മുടിയുമായി പാര്‍ലിമെന്റില്‍ പ്രവേശിക്കുന്ന ചില അംഗങ്ങളെ കഥാപാത്രങ്ങളാക്കി കാര്‍ട്ടൂണ്‍ ഒരു ഇംഗ്ലീഷ് ദേശീയ ദിനപത്രത്തില്‍ വരച്ചത്!

വെള്ളിത്തിരയില്‍ നിന്നും പാര്‍ലിമെന്റിലേക്കും നിയമസഭകളിലേക്കും എത്തിയ ഈ താരം രാജാക്കന്മാരുടെയും റാണിമാരുടെയും സംഭാവന എന്താണ്? മൂന്ന് പതിറ്റാണ്ടിലേറെ ഇന്‍ഡ്യന്‍ പാര്‍ലിമെന്റ് പ്രത്യക്ഷമായും സംസ്ഥാന നിയമസഭകള്‍ പരോക്ഷമായും, വീക്ഷിച്ച് വിശകലനം ചെയ്യുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് ചിലത് പറയുവാനുണ്ട്. എന്നെ പ്രകോപിപ്പിച്ചത് ചില ഗവേഷണങ്ങള്‍ ആണ്. അതിലേക്ക് വിശദമായി വരുമ്പോള്‍ ഇനിവരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിവരും.
ഇവര്‍ എന്താണ് പാര്‍ലിമെന്റില്‍ ചെയ്യുന്നത്? എന്താണ് നിയമ നിര്‍മ്മാണത്തില്‍ ഇവരുടെ പങ്കാളിത്തം, സംഭാവന? ഇരുവേദികളിലും(രാജ്യസഭ, ലോകസഭ) ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതില്‍ ഇവര്‍ കര്‍ത്തവ്യനിരതര്‍ ആണോ? അത് പോകട്ടെ ഇവര്‍ സഭകൡ ഹാജര്‍ ആകുവാറുണ്ടോ?

ഇങ്ങനെ ഒരു കണക്കെടുപ്പ് വളരെ ആവശ്യം ആണ്. പപ്പു യാദവിനെപ്പോലുള്ള അധോലോക രാജാക്കന്മാരുടെയും, പണം കൊടുത്ത് രാജയസഭ അംഗത്വം വാങ്ങിയ വിജയമല്യമാരുടെയും മറ്റും കഥ മനസിലാക്കാം. പക്ഷേ, കലാകാരന്മാരും കായികതാരങ്ങളും എങ്ങനെയാണ് അവരുടെ ഈ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്തുന്നത്? അല്ലെങ്കില്‍ ഉപയോഗപ്പെടുത്താതിരിക്കുന്നത്? ഇവരെക്കൊണ്ട് പാര്‍ലിമെന്റിന്, ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്, എന്തെങ്കിലും പ്രയോജനം ഉണ്ടോ? ഇത് പരിശോധിക്കേണ്ടതായിട്ടുണ്ട്. കാരണം ഇവര്‍ ജനങ്ങളുടെ പണം ആണ് കൈപ്പറ്റുന്നത്. ഇതുപോലുള്ള നിഷ്‌ക്രിയത്വമായിട്ടുള്ള ഒരു ആര്‍ഭാടം, ആഭരണം നമുക്ക് ആവശ്യം ഉണ്ടോ?

നോക്കുക. സിനിമനടന്‍ മിഥുന്‍ ചക്രവര്‍ത്തി(രാജ്യസഭ)യുടെ കാര്യം. ത്രിണമൂല്‍ കോണ്‍ഗ്രസ് ആണ് 1980 കളിലെയും തൊണ്ണൂറുകളിലെയും ഹിന്ദി സിനിമയിലെ ഈ സൂപ്പര്‍ താരത്തെ രാജ്യസഭയില്‍ എത്തിച്ചത്. ത്രിണമൂല്‍ കോണ്‍ഗ്രസ് ബംഗാളിലെ പ്രാദേശികക്ഷിയും ഭരണകക്ഷിയും മമതബാനര്‍ജിയുടെ സ്വന്തം പാര്‍ട്ടിയും ആണ്. മിഥുന്‍ ബംഗാളി ആണ്. ബംഗാളിന്റെ സ്വന്തം ഹിന്ദി സൂപ്പര്‍താരം. മിഥുന് മമത നല്‍കിയ അംഗീകാരം ബംഗാളിന്റെ പ്രതിഭക്ക് നല്‍കിയ അംഗീകാരമായി കരുതുന്നതില്‍ തെറ്റില്ല. ആലങ്കാരിക ഭാഷയില്‍ പറഞ്ഞാല്‍ മിഥുന്‍ ബംഗാളികളുടെ സ്വകാര്യ അഹങ്കാരമാണ്; അവര്‍ നെഞ്ചിലേറ്റി നടക്കുന്ന താരരാജാവാണ്. പക്ഷേ, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്ക് ഈ താരരാജാവ് മൂന്നേമൂന്നു പ്രാവശ്യം ആണ് സഭയില്‍ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ ഹാജര്‍ വെറും 10 ശതമാനം ആണ്. അദ്ദേഹം സഭയില്‍ ഉരിയാടിയിട്ടില്ല. ചോദിച്ച ചോദ്യം സീറോയാണ്.

 അടുത്തത് നടി രേഖയാണ്. രേഖ നോമിനേറ്റഡ് വിഭാഗത്തിലാണ് രാജ്യസഭയിലെത്തുന്നത്. മുന്‍ യു.പി.എ. ഗവണ്‍മെന്റിന്റെയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെയും സൗജന്യം. രേഖയുടെ ഹാജര്‍ 5 ശതമാനം ആണ്. ഒറ്റ ചോദ്യം പോലും സഭയില്‍ ചോദിച്ചിട്ടില്ല. ഒരു ഡിബേറ്റിലും നിയമനിര്‍മ്മാണത്തിലും പങ്കെടുത്തിട്ടില്ല. ഒരിക്കല്‍ ഒരു ബില്ലിന്റെ വോട്ടെടുപ്പില്‍ ഹാജരാകുവാന്‍ ഭരണകക്ഷി ആവശ്യപ്പെട്ടപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയും മറ്റ് സംവിധാനങ്ങളും ഉണ്ടെങ്കിലേ വരുകയുള്ളൂ എന്നായിരുന്നു നിബന്ധന. എം.പി. എന്ന നിലയില്‍ ഗവണ്‍മെന്റ് വക താമസസ്ഥലം ഡല്‍ഹിയുടെ ഹൃദയഭാഗത്ത് സ്വന്തമായുണ്ടെങ്കിലും അവിടെ നടിക്ക് വേണ്ടത്ര പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഇല്ലത്രെ! രേഖ രാജ്യസഭ അംഗമായി എത്തിയപ്പോള്‍ ദേശീയ മാധ്യമങ്ങളിലെ പ്രധാന ഗോസിപ്പ് വിഷയം രേഖയും മുന്‍ ബോളിവുഡ് നടിയുമായ ജയാ ബച്ചനും ആയിരുന്നു. വിഷയം ഇവരുടെ പാര്‍ലിമെന്ററി പ്രാഗല്‍ഭ്യമൊന്നും അല്ല. 

ഇവര്‍ രണ്ടുപേരും സഭയ്ക്കുള്ളില്‍ പോര് കൂട്ടുമോ എന്നതായിരുന്നു മാധ്യമ  ഉല്‍കണ്ഠ. കാരണം ജയയുടെ ഭര്‍ത്താവും നടനുമായി അമിതാബ് ബച്ചന്‍ രേഖയുടെ ഒരു മുന്‍ കാമുകന്‍ ആയിരുന്നുവെന്നാണ് ശ്രുതി. ഈ വക മാധ്യമ കോലാഹലത്തിനിടക്ക് ആണ് ജയ തന്റെ സീറ്റ് രേഖയുടെ ഇരിപ്പിടത്തില്‍ നിന്നും ദൂരെ ഒരിടത്ത് ആയിരിക്കണമെന്ന് ആവശ്യപ്പെട്ടതായി വാര്‍ത്ത അടിച്ചുവന്നത്. ഏതായാലും അനിഷ്ട സംഭവം ഒന്നും ഉണ്ടായില്ല. കാരണം സഭയിലേക്ക് തന്നെ വരാറേയില്ല. ഒന്നും ഉരിയാടാറുമില്ല സഭയില്‍. പിന്നെയല്ലേ ഇണക്കവും പിണക്കവും! സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും വളരെ മോശമാണ് ഒരു രാജ്യസഭ അംഗം എന്ന നിലയില്‍. ഹാജര്‍ വെറും ഏഴ് ശതമാനം ആണ്. പക്ഷേ, അദ്ദേഹം ഏഴ് ചോദ്യങ്ങള്‍ ചോദിച്ചതായി രേഖ സാക്ഷ്യപ്പെടുത്തുന്നു. സച്ചിനൊക്കെ വളരെ ഭേദമായി പ്രയോജനപ്പെടുത്താവുന്ന ഒരു വേദിയാണ് പാര്‍ലിമെന്റ്.  ബോക്‌സിംങ്ങ് താരം മേരികോമിന്റെ പാര്‍ലിമെന്റ്(രാജ്യസഭ) ഹാജര്‍ 27 ശതമാനം മാത്രം ആണെങ്കിലും വര്‍ഷകാല സമ്മേളനം തൊട്ട് പുരോഗമനം കാണുന്നുണ്ട്. ഇന്‍ഡ്യന്‍ കായികതാരങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെകുറിച്ചും മേരി സംസാരിക്കുകയുണ്ടായി. ഇതാണ് ഇവരില്‍ നിന്നൊക്കെ പ്രതീക്ഷിക്കുന്നത്. ഇതിനാണ് ഇവര്‍ക്കൊക്കെ ഇങ്ങനെ ഒരു വേദി ഒരുക്കിയിരിക്കുന്നതും.

ഹേമമാലിനിയുടെ പ്രകടനവും ആവറേജ് മാത്രം ആണ്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നുമുള്ള ബി.ജെ.പി.യുടെ ലോകസഭ അംഗമായ ഹേമമാലിനിയുടെ ഹാജര്‍ 36 ശതമാനം മാത്രം ആണ്. ഇവരൊക്കെ പാര്‍ലിമെന്റ് ജോലി കൂറെക്കൂടെ ഗൗരവമായി കാണേണ്ടതാണ്. സിനിമ സെറ്റിലെ ഷൂട്ടിംങ്ങ് ഫ്‌ളോറിനെക്കാള്‍ ഒരു പടികൂടുതലായി. ഹേമമാലിനി 117 ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിച്ചിട്ടുണ്ട്. അത് അത്രമോശവുമല്ല.
അനുപംഖേറിന്റെ ഭാര്യ കിരണ്‍ ഖേറും ജയബച്ചനും ആണ് താരനിരയില്‍ മുമ്പന്തിയില്‍. കിരണ്‍ ബി.ജെ.പി.യും(ലോകസഭ-ചണ്ഡിഘട്ട്) ജയ സമാജ് വാദി പാര്‍ട്ടിയും(രാജ്യസഭ) ആണ്. കിരണ്‍ന്റെ ഹാജര്‍ 84 ശതമാനം ആണ്. ചോദ്യങ്ങള്‍ ചോദിച്ചതാകട്ടെ 109-0. ജയയുടെ ഹാജര്‍ 36 ശതമാനം മാത്രമെയുള്ളൂവെങ്കിലും 117 ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം ഇവര്‍ രണ്ടുപേരും ഇവരുടെ പാര്‍ലിമെന്ററി ജോലിയെ ഒരു മാതിരി ഗൗരവമായി എടുക്കുന്നുണ്ട് എന്നാണ്. നല്ലത്. ഒരു ലോകസഭ അംഗത്തിന്റെ ദേശീയ ആവറേജ് ഹാജര്‍ നില അനുസരിച്ച് 82 ശതമാനവും രാജ്യസഭ അംഗത്തിന്റേത് 79 ശതമാനവും ആണെന്ന് മനസിലാക്കണം.

താരങ്ങളുടെ ഒരു വന്‍ നിരതന്നെയുണ്ട് ലോകസഭയിലും(12) രാജ്യസഭയിലും(നാല്). ഇവരില്‍ കിരണ്‍ഖേര്‍ ഒഴിച്ച് എല്ലാവരുടെയും ഹാജര്‍നില ദേശീയ ആവറേജില്‍ താഴെയാണ്. അത് ഇപ്രകാരം ആണ്: ശത്രുഘ്‌നന്‍ സിന്‍ഹ(ബി.ജെ.പി-ലോകസഭ, പാറ്റ്‌ന സാഹിബ്) 68 ശതമാനം, മൂണ്‍ മൂണ്‍ സെന്‍ (ത്രിണമൂല്‍ കോണ്‍ഗ്രസ്, ലോകസഭ, ബങ്കുര) 70 ശതമാനം, മനോജ് തീവാരി(ബി.ജെ.പി., നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, ലോകസഭ) 76 ശതമാനം, സതബ്ദി റോയി(ത്രിണമൂല്‍ കോണ്‍ഗ്രസ്സ്, ലോകസഭ, ബീര്‍ഭും), 76 ശതമാനം, പരേഷ് റാവല്‍(ബി.ജെ.പി., ലോകസഭ, അഹമ്മദബാദ് ഈസ്റ്റ്), വിനോദ് ഖന്ന(ബി.ജെ.പി. ലോകസഭ, ഗുരുദാസ്പൂര്‍)59 ശതമാനം. വേറെയും ഉണ്ട് ഇപ്പോള്‍ ഇവിടെ പേരെടുത്ത് പറഞ്ഞ് വിവരിക്കുന്നില്ല. ധര്‍മ്മേന്ദ്രയും ലതാമങ്കേഷ്‌ക്കറും ഗോവിന്ദയും ഈ ലിസ്റ്റിപ്പെടും. 

ധര്‍മ്മേന്ദ്ര 2004-ല്‍ ആണ് ബിക്കാനിറില്‍ നിന്നും ബി.ജെ.പി. ടിക്കറ്റില്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ആദ്യമായി. അദ്ദേഹത്തിന്റെ ലോകസഭ പ്രവര്‍ത്തനം ദയനീയം ആയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം വിവാദവിഷയവും ആയി. വിഷയം ഹേമമാലിനിയുമായിട്ടുള്ള രണ്ടാം വിവാഹം. സിക്കുകാരനായ ധര്‍മ്മേന്ദ്ര മുസ്ലീമായി മതം മാറിയാണ് നിയമത്തിന്റെ ഊരാക്കുടുക്കില്‍ നിന്നും രക്ഷപ്പെട്ടതെന്നായിരുന്നു ആരോപണം. തമിഴ് അയ്യങ്കാരായ ഹേമമാലിനിയും മതം മാറി മുസ്ലീം ആയി എന്നും ആരോപണം ഉണ്ടായിരുന്നു. ഒരു കേസും ഉണ്ടായിരുന്നു ഇവര്‍ക്കെതിരായി. രണ്ടുപേരുടെയും മുസ്ലീം വേരുകളും ഇതില്‍ പരാമര്‍ശിച്ചിരുന്നു. ഇങ്ങനെയുള്ളവര്‍ ജനപ്രതിനിധികള്‍ ആകാമോ എന്നായിരുന്നു പരാതിക്കാരന്റെ ചോദ്യം. 

ഏതായാലും ജനങ്ങള്‍ അത് ചെവിക്കൊണ്ടില്ല. ധര്‍മ്മേന്ദ്രയും ഹേമമാലിനിയും തെരഞ്ഞെടുപ്പില്‍ വിജയിച്ചു. പക്ഷേ പാര്‍ലിമെന്റ് അംഗങ്ങള്‍ എന്ന നിലയില്‍ ഉള്ള അവരുടെ പ്രവര്‍ത്തനം, പ്രത്യേകിച്ചും ധര്‍മ്മേന്ദ്രയുടേത്, തൃപ്തികരം ആയിരുന്നില്ല. ധര്‍മ്മേന്ദ്രയുടെ അഭാവത്തില്‍ കോപം കൊണ്ട ബാക്കാനിര്‍കാര്‍ ഒരു പ്രദേശികപത്രത്തില്‍ പരസ്യവും കൊടുത്തു: കണ്ടവരുണ്ടോ എന്ന ശീര്‍ഷകത്തില്‍. ഇതേ അനുഭവം തന്നെയാണ് മലയാളി നടനും എം.എല്‍.എ.യുമായ മുകേഷിനും നേരിടേണ്ടിവന്നത്. അദ്ദേഹത്തിനെതിരെ പോലീസ് സ്‌റ്റേഷനില്‍ കൊടുത്ത പരാതിയില്‍ അദ്ദേഹത്തെ കാണ്‍മാനില്ല എന്നതായിരുന്നു രേഖപ്പെടുത്തിയിരുന്നത്!

ലതാമങ്കേഷ്‌ക്കരെ രാജ്യസഭ അംഗം ആക്കിയെങ്കിലും അവര്‍ തികഞ്ഞ പരാജയം ആയിരുന്നു. അവര്‍ തന്നെ ഇതിനെക്കുറിച്ച് പറഞ്ഞത് അവര്‍ കൈകൂപ്പി തൊഴുത് പറഞ്ഞതാണ് എം.പി, ആക്കരുതെന്ന്. പക്ഷേ, സമ്മതിച്ചില്ല! ഗോവിന്ദയും ക്ഷമാപൂര്‍വ്വം പറഞ്ഞിട്ടുണ്ട് തനിക്ക് എം.പി. ആകുവാന്‍ താല്പര്യം ഇല്ലെന്ന്. കാരണം രാഷ്ട്രീയം അദ്ദേഹത്തിന്റെ രക്തത്തില്‍ ഇല്ല. പക്ഷേ, കോണ്‍ഗ്രസുകാര്‍ സമ്മതിച്ചില്ല. അദ്ദേഹത്തെ മുംബൈയില്‍ നിന്നും ബി.ജെ.പി.യുടെ രാംനായിക്കിനെതിരായി 2004-ല്‍ മത്സരിപ്പിച്ചു. 

ജയിക്കുകയും ചെയ്തു. പക്ഷേ, ആദ്യ ടേമിനുശേഷം അദ്ദേഹം സുല്ലിട്ടു. അമിതാബച്ചന്റെ കഥയാണ് മറ്റൊന്ന്. രാജീവ് ഗാന്ധിക്ക് ഹേമവതിനന്ദന്‍ ബഹുഗുണയെന്ന അതികായനെ തോല്പിക്കുവാന്‍ സമശീര്‍ഷനായ ഒരാളെവേണം. അങ്ങനെ അദ്ദേഹം അലഹബാദുകാരനായ ബച്ചനെ അവിടെ സ്ഥാനാര്‍ത്ഥിയാക്കി. ബച്ചന്റെ പിതാവ് ഹരിവംഷറായി ബച്ചന്‍ പ്രസിദ്ധനായ കവിയും നെഹ്‌റു കുടുംബസുഹൃത്തും ആയിരുന്നു. ബച്ചന്‍ ജയിച്ചു ബഹുഗുണയെ നടുക്കികൊണ്ട്. പക്ഷേ, ബോഫേഴ്‌സ് പീരങ്കി കോഴക്കേസില്‍പ്പെട്ടതിനുശേഷം അദ്ദേഹം രാഷ്ട്രീയത്തെ ശപിച്ചുകൊണ്ട് വിട പറഞ്ഞു. രാഷ്ട്രീയത്തെ ഒരു ചെളിക്കുളം ആയി അദ്ദേഹം ചിത്രീകരിച്ചു. നര്‍ഗീസ് ദത്തും, ജയപ്രദയും വൈജയന്തിമാലയും ശബാന ആസ്മിയും, പാര്‍ലിമെന്റ് അംഗങ്ങള്‍ ആയിരുന്നു. ശബാന ആസ്മിയും ഭര്‍ത്താവ് ജാവേദ് അക്തറും സ്തുത്യര്‍ഹമായ സേവനം ചെയ്തു. പക്ഷേ, മറ്റുള്ളവര്‍ പലരും പാര്‍ലിമെന്റ് അംഗം എന്ന സ്ഥാനത്തെ ഗൗരവമായി എടുത്തില്ല. അതിനെ വെറും ഒരു പദവിയായി, ആര്‍ഭാടമായി, ആ ഭരണം ആയി കണക്കാക്കി തരം താഴ്ത്തി.

എന്തിനാണ് ഈ പ്രഹസനം. ആഗ്രഹമില്ലാത്തവര്‍ പ്രവര്‍ത്തിക്കുവാന്‍ സന്മനസില്ലാത്തവര്‍ ഇതിനിറങ്ങി തിരിക്കരുത്. അവരെ അതിലേക്ക് വലിച്ചിഴക്കുകയും ചെയ്യരുത് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇന്നസെന്റും സുരേഷ് ഗോപിയും എന്ത് ചെയ്യുമെന്ന് നമുക്ക് നോക്കി കാണാം.

പാര്‍ലിമെന്റ് അംഗത്വം എന്നത് ഒരു ഭാരിച്ച ഉത്തരവാദിത്വം ആണ്. ഒരു വന്‍ അവസരം ആണ്. വളരെയേറെ പഠിക്കേണ്ടിയിരിക്കുന്ന ഒരു നല്ല പാര്‍ലിമെന്റേറിയന്‍ ആകുവാന്‍. രാജേഷ് ഖന്ന ലോകസഭ അംഗം ആയിരുന്നപ്പോള്‍ അദ്ദേഹം രാപ്പകല്‍ പാര്‍ലിമെന്റ് ഫയലുകള്‍ പഠിക്കുമായിരുന്നുവെന്ന് ഒരു കഥ കേട്ടിട്ടുണ്ട് ദല്‍ഹിയിലെ രാഷ്ട്രീയ-മാധ്യമവൃത്തങ്ങളില്‍. രാജീവ് ഗാന്ധിയുടെ മരണത്തോടെയും നരസിംഹറാവുവിന്റെ വരവോടെയും രാജേഷ്ഖന്നയുടെ രാഷ്ട്രീയഭാവി അടഞ്ഞു. അത് മറ്റൊരു കഥ.
പാര്‍ലിമെന്റ് അംഗങ്ങള്‍ ആകുന്ന താരങ്ങള്‍ അവരുടെ കടമ നിര്‍വ്വഹിക്കണം. വെറുതെ മെനക്കെടുത്തരുത്. ഒരു സീറ്റ് ബ്ലോക്ക് ചെയ്തിടരുത്. ഇത് ഷോ ബിസിനസ് അല്ല.

പാര്‍ലമെന്റില്‍ സിനിമാ താരങ്ങള്‍ നോക്കുകുത്തികളാകുന്നു; അവരെക്കൊണ്ട്‌  ആര്‍ക്ക്, എന്ത് പ്രയോജനം? (ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
Vayanakkaran 2016-09-12 11:00:01
You are right Mr. P V Thomas. I agree with you. Mostly this cinema people they are waste and unfit for MLA and MPS. They do not do the job. Their knowlwdge and understanding of the common public are below avarage. They are a kind of egoists without principles. Our people carry them on our shoulders and worship them. That has to be stopped. Elect the able common people for the positions. Stop the cine star worship. Most of them are parasites.
American Malayaalee 2016-09-12 11:17:28

ഡൽഹി കാത്തുകൊണ്ട് അമേരിക്കൻ മലയാളികൾക്ക് എന്ത് പ്രയോചനം? വായനക്കാരൻ നല്ലത് എന്ന് പറയും ഇവന്മാര് ഇങ്ങനെ പടച്ചു വിട്ടോണ്ടിരിക്കും.  നിങ്ങളക്കൊക്കെ നാട്ടിൽ പോയി താമസിച്ചു കൂടെ? എന്തിന് ഇങ്ങനെ ശ്വാസം മുട്ടി കഴിയുന്നു? നിങ്ങൾ ഭീരുക്കളും കൂടിയാണ്.  സുരക്ഷിതമായ സ്ഥലത്തു കേറിയിരുന്നു എഴുതാൻ ആർക്കാ കഴിയാത്തത്? നാട്ടിലായിരുന്നെകിൽ മോഡി കുണ്ടടിക്കടിച്ചേനെ ?


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക