Image

ഓര്‍മ്മകളില്‍ നിത്യ യൗവനവുമായി ഡോ. സ്‌നേഹ ആന്‍ ഫിലിപ്പ്

Published on 11 September, 2016
ഓര്‍മ്മകളില്‍ നിത്യ യൗവനവുമായി ഡോ. സ്‌നേഹ ആന്‍ ഫിലിപ്പ്
പതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഡോ. സ്‌നേഹ ആന്‍ ഫിലിപ്പിന്റെ പിക്കപ്‌സിയിലുള്ള  (ന്യൂയോര്‍ക്ക്) വീട്ടിലെ മുറി അന്നത്തെപ്പോലെ സൂക്ഷിച്ചിക്കുന്നു. ഡോ. സ്‌നേഹയുടെ ഏതാനും ചിത്രങ്ങളും ബിരുദങ്ങളും ചുമരില്‍ തൂക്കിയിരിക്കുന്നു എന്നതാണ് ഏക വ്യത്യാസം- അമ്മ അന്‍സു ഫിലിപ്പ് പറഞ്ഞു.

ഡോ. സ്‌നേഹ (31) ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മധ്യവയസിലെത്തിയേനെ. പക്ഷെ മുപ്പത്തൊന്നാം വയസ്സില്‍ കാലം സ്‌നേഹയ്ക്കു മുന്നില്‍ നിശ്ചലമായി. 'ഫോര്‍ എവര്‍ 31' ആയി സ്‌നേഹ മനസ്സില്‍ ജീവിക്കുന്നു.

9/11 -ന്റെ പത്താം വാര്‍ഷികത്തിന് അമ്മയും ഫ്‌ളോറിഡയിലുള്ള മൂത്ത സഹോദരന്‍ അശ്വിന്‍ ഫിലിപ്പും, ഇളയ സഹോദരന്‍ കെവിന്‍ ഫിലിപ്പും പഴയ വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്ന സ്ഥലത്തുയര്‍ന്ന സ്മാരകവും റിഫ്‌ളക്ടിംഗ് പൂള്‍സും സന്ദര്‍ശിച്ചിരുന്നു. അവിടെ 2750-മത്തെ പേരായി ഡോ. സ്‌നേഹയുടെ ഓര്‍മ്മ കൊത്തിവെച്ചിരിക്കുന്നു.

ഇപ്പോൾ  പക്ഷെ അവിടെ പോകുക വിഷമകരമാണെന്ന് 
ഡച്ചസ്  കമ്യൂണിറ്റി കോളജില്‍ ഉദ്യോഗസ്ഥയായ അവർ  പറഞ്ഞു. വാര്‍ഷിക ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്ത് എത്താന്‍ ഒരുപാട് നടക്കണം. തനിക്കും ഭര്‍ത്താവ് ഡോ. കൊച്ചിയില്‍ ഫിലിപ്പിനും അതത്ര എളുപ്പമല്ല. കെവിനും പുത്രന്‍ നിഖിലും പോകുന്നുണ്ട്. സ്‌നേഹയുടെ ജന്മദിനത്തിലോ മറ്റോ തിരക്കില്ലാത്ത ദിവസം പോകാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് അവർ പറഞ്ഞു.

സ്‌നേഹയുടെ പേരില്‍ കുടുംബം ഏര്‍പ്പെടുത്തിയ ഫണ്ട് ആലുവയ്ക്കടുത്തുള്ള ശാന്തിഗിരി ക്ലിനിക്കില്‍ സഹായമെത്തിക്കുന്നു. സ്‌നേഹയുടെ ഭര്‍ത്താവ് ഡോ. റോണ്‍ ലീബര്‍മാന്‍ ഒരു ദശാബ്ദത്തോളം കഴിഞ്ഞ് വിവാഹിതനായി. സ്‌നേഹയുടെ വീട്ടുകാരുടെ നിര്‍ബന്ധമായിരുന്നു പ്രധാന കാരണം. എല്‍സാല്‍വഡോര്‍കാരിയാണ് ഭാര്യ. മൂന്നു വയസ്സുള്ള കുട്ടിയുമായി അവര്‍ അടുത്തയിടയ്ക്ക് വന്നിരുന്നു. എപ്പോഴും ബന്ധപ്പെടുകയും ചെയ്യുന്നു. ഡോ. റോണ്‍ എന്നും കുടുംബാംഗം തന്നെയായിരിക്കുമെന്നവര്‍ പറഞ്ഞു.

ദുരന്തത്തിനിരയായ എല്ലാവര്‍ക്കും നഷ്ടപരിഹാരം കിട്ടിയെങ്കിലും സ്‌നേഹയുടെ കുടുംബത്തിന് അതു നിഷേധിക്കപ്പെട്ടു. ഇനി കിട്ടാനുള്ള സാധ്യതയും വിരളം.

വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തമുണ്ടാകുന്ന സെപ്റ്റംബര്‍ 11 -നു തലേന്ന്  
അമ്മ സ്‌നേഹയുമായി ബന്ധപ്പെട്ടിരുന്നു. മൂന്നു ദിവസത്തെ അവധിയുടെ തുടക്കമാണ്. വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഏതാനും ബ്ലോക്ക് അകലെ ബാറ്ററി പാര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സ്‌നേഹയും റോണും താമസിച്ചിരുന്നത്. അന്ന് (സെപ്റ്റംബര്‍ 10) വൈകിട്ട് വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുന്നിലെ സെന്‍ച്വറി 21- കടയില്‍ നിന്ന് സ്‌നേഹ ഏതാനും സാധനങ്ങള്‍ വാങ്ങി ക്രെഡിറ്റ് കാര്‍ഡ് കൊടുത്തു. പിന്നീട് സ്‌നേഹയെപ്പറ്റി ഒരു വിവരവുമില്ല. 

രാത്രി വൈകി വന്ന റോണ്‍ വീട്ടില്‍ സ്‌നേഹയെ കണ്ടില്ല. രണ്ടു ബ്ലോക്ക് അകലെ താമസിക്കുന്ന സഹോദരന്‍ കെവിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ പോയിരിക്കുമെന്നു കരുതി. പലപ്പോഴും അങ്ങനെ ചെയ്യാറുണ്ട്. പിറ്റേന്ന് റോണ്‍ ജോലിക്കു പോയി.

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നപ്പോഴും സ്‌നേഹ അവിടെ പോയിരിക്കുമെന്ന് ആദ്യമൊന്നും കരുതിയില്ല. അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗിലെ കാമറയില്‍ സ്‌നേഹയെപ്പോലെ തോന്നിക്കുന്ന ഒരു രൂപം 9/11 രാവിലെ പ്രവേശിക്കുന്നതും മടങ്ങുന്നതും കാണുന്നുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ വിവരം അറിഞ്ഞ് ഡോക്ടറായ സ്‌നേഹ വീട്ടില്‍ കയറാതെ രക്ഷാപ്രവര്‍ത്തനത്തിനു പോയതാണെന്നാണ് പിന്നീടുള്ള സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. ബില്‍ഡിംഗിലേക്ക് കയറിയ നൂറുണക്കിന് പോലീസ് ഉദ്യോഗസ്ഥരേയും ഫയര്‍ ഫൈറ്റര്‍മാരേയും പോലെ സ്‌നേഹയും അവിടെ അന്ത്യം കണ്ടു.

പക്ഷെ അതു വിശ്വസിക്കാന്‍ കുടുംബം ആദ്യമൊന്നും
തയാറായില്ല. അവര്‍ അന്വേഷണം തുടര്‍ന്നു. ഒടുവില്‍ യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടിവന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സ്‌നേഹയ്ക്കുവേണ്ടി സംസ്കാര ശുശ്രൂഷ നടത്തി. 

സ്‌നേഹയുടെ പേര് മരിച്ചവരുടെ ലിസ്റ്റില്‍ ചേര്‍ത്ത് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ലിസ്റ്റില്‍ നിന്നു പേര് നീക്കി. കാരണം സ്‌നേഹ അവിടെയാണ് മരിച്ചതെന്നതിന് തെളിവില്ല!  സ്‌നേഹ അവിടെ  മരിച്ചുവെന്ന്   പറഞ്ഞു
പോലീസ് അന്വേഷിക്കുക പോലും ചെയ്തില്ല. പിന്നീട് മരിച്ചതിനു തെളിവില്ലെന്ന് ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍! 

സ്‌നേഹയുടെ കുടുംബം കോടതിയെ സമീപിച്ചു. സിംഗിള്‍ ജഡ്ജി മെഡിക്കല്‍ എക്‌സാമിനറുടെ നിലപാട് ശരിവെച്ചു. അപ്പീലില്‍ അതു റദ്ദാക്കി. സാഹചര്യ തെളിവുകളെല്ലാം വ്യക്തമാക്കുന്നത് സ്‌നേഹ അവിടെ മരിച്ചുവെന്നാണെന്നു 
കോടതി വിധിക്കുകയും മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. അപ്പോഴേയ്ക്കും സെപ്റ്റംബര്‍ 11 ഫണ്ട് ക്ലോസ് ചെയ്തിരുന്നു. നഷ്ടപരിഹാരം നല്‍കിയതുമില്ല. 

വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തില്‍ മരിച്ച മറ്റൊരു മലയാളിയായ വത്സാ രാജുവിന്റെ ഭര്‍ത്താവ് രാജു തങ്കച്ചന്‍ പത്താം വാര്‍ഷികം കഴിഞ്ഞപ്പോള്‍ നിര്യാതനായി. മക്കളായ സോണിയ, സഞ്ജയ് എന്നിവരോടൊപ്പം ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്ററില്‍ നിന്നു ടെക്‌സസിലെ ഷുഗര്‍ലാന്റിലേക്ക് കുടുംബം താമസം മാറ്റിയിരുന്നു.

9/11-ല്‍ മരിച്ച ബോസ്റ്റണിലുള്ള ജോസഫ്  മത്തായിയുടെ പുത്രന്‍ ഗ്വാണ്ടനാമോയില്‍ നിന്നുള്ള ഒരു തടവുകാരന് വിമാനത്തില്‍ വച്ച് പ്രഥമശുശ്രൂഷ നല്‍കിയത് ഏതാനും വര്‍ഷംമുമ്പ് വാര്‍ത്തയായിരുന്നു.

കണക്കിലെ നോബല്‍ പ്രൈസ് എന്നു പറയുന്ന ഏബല്‍ പ്രൈസ് നേടിയ ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ വരദരാജന്റെ പുത്രനും ട്രേഡ് സെന്ററില്‍ കൊല്ലപ്പെട്ടിരുന്നു. പതിനഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അതേപ്പറ്റി പറയാന്‍ ആവില്ലെന്നദ്ദേഹം പറഞ്ഞു.

മരിച്ച ചെറുപ്പക്കാരുടെ ഭാര്യമാര്‍/ഭർത്താക്കന്മാ
ര്‍  മിക്കവരും പുനര്‍വിവാഹിതരായി. മക്കളും കുടുംബവുമായി. മിക്കവരും അമേരിക്കയില്‍ തന്നെ തുടരുന്നു. പഴയ ഓര്‍മ്മകള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാന്‍ മിക്കവരും വിസമ്മതിക്കുന്നു. 

ന്യൂജേഴ്‌സിയിലുള്ള നരസിംഹകുമാര്‍ സട്ടല്ലൂരി ഭാര്യ ദീപികയുടെ  മരണശേഷം പുനര്‍വിവാഹിതനായില്ല. ഏക പുത്രന്‍ അമിഷിന് 9/11 നടക്കുമ്പോള്‍ ഏഴു വയസ്സ്. കാര്യങ്ങള്‍ അത്യാവശ്യം ബോധ്യമാകുന്ന പ്രായം. പഠനത്തില്‍ സമര്‍ത്ഥനായിരുന്ന അമിഷ് അമ്മയുടെ മരണത്തിനുശേഷം പഠനത്തില്‍ പിന്നോക്കംപോയി. എങ്കിലും ഗ്രാജ്വേറ്റ് ചെയ്ത് അമിഷ് ഇപ്പോള്‍ ആമസോണില്‍ ജോലി ചെയ്യുന്നു.

ഏഴുമാസം ഗര്‍ഭിണിയായിരിക്കെ എഴുപത്തൊമ്പതാം നിലയില്‍ നിന്നു താഴേയ്ക്ക് ഇറങ്ങിവന്ന ജ്യോതി വ്യാസിന്റെ  കഥ പ്രചോദനകരമാണ്. എണ്‍പതാം നിലയില്‍ ജോലിയിലായിരുന്ന ജ്യോതി ഭര്‍ത്താവിനെ വിളിക്കാന്‍ താഴത്തെ നിലയില്‍ വന്നതാണ്. കാരണം മുകളിലത്തെ ടെലിഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയില്ല. അപ്പോഴേയ്ക്കും എണ്‍പതാം നിലയില്‍ വിമാനം വന്നിടിച്ചു. അവിടെയുണ്ടായിരുന്ന നാലു സഹപ്രവര്‍ത്തകര്‍ മരിച്ചു. താഴത്തെ നിലയില്‍ വന്നതുകൊണ്ടാണ് ജ്യോതി രക്ഷപെട്ടത്. 79­-മത്തെ നിലയില്‍നിന്ന് വലിയ വയറുമായി താഴെയ്ക്കിറങ്ങാന്‍ ജ്യോതിയെ സഹപ്രവര്‍ത്തകരും പോലീസും സഹായിച്ചു.

സഹായിച്ച പോലീസ് ഓഫീസര്‍ തിരിച്ചുപോയി അവിടെ വച്ചു മരിച്ചു.

പുത്രി ജനിച്ചപ്പോള്‍ ശൈലജ എന്നു പേരിട്ടു. പാര്‍വ്വതിയുടെ പര്യായം. ആദ്യമൊക്കെ ഇരുട്ടും ഉയരവുമൊക്കെ ഭയമയിരുന്നുവെന്ന് ജ്യോതി പറഞ്ഞു. ഇപ്പോള്‍ അതു മാറി.

തൃശൂര്‍ സ്വദേശിയായ വിനോദ് ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടറെ കാണിക്കാന്‍ നേരത്തെ വരാമെന്നു പറഞ്ഞാണ് അന്നു പോയത്. പക്ഷെ പിന്നീട് വിനോദ് മടങ്ങിവന്നില്ല.

ഇതൊക്കെ 2750 കഥകള്‍...അതില്‍ 1100 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അവ സെപ്റ്റംബര്‍ 11 മ്യൂസിയത്തിനടുത്ത് സൂക്ഷിച്ചിരിക്കു­ന്നു. 
ഓര്‍മ്മകളില്‍ നിത്യ യൗവനവുമായി ഡോ. സ്‌നേഹ ആന്‍ ഫിലിപ്പ്
Dr Sneha
ഓര്‍മ്മകളില്‍ നിത്യ യൗവനവുമായി ഡോ. സ്‌നേഹ ആന്‍ ഫിലിപ്പ്
Jyoti Vyas, Shailaja
Join WhatsApp News
Ponmelil Abraham 2016-09-12 07:53:12
Thanks for sharing.
Joseph George 2016-09-12 09:51:59
May the Almighty God console the family members of all who lost their life in 9/11 attack. 
Let the whole world come together and fight the Terrorism. No religion on Earth will embrace these 
actions. 
വിദ്യാധരൻ 2016-09-12 12:18:47
ക്രൂരമാം തീവ്രവാദത്തിനഗ്നിയിൽ
ചാരമായെത്രയോ ജീവിതം കഷ്ടമേ!
നല്ലൊരു ദീപമായി നിന്ന് വിളങ്ങേണ്ട
വെള്ളിവെളിച്ചത്തെ തല്ലികെടുത്തി കശ്മലർ
vishnu 2016-09-12 16:28:01
How could it is possible to conclude Dr. Sneha died on Sep.11? No one didn't hear anything from her from Sept.10/2001
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക