Image

ഫാഷിസ്റ്റ് പൂക്കളം (നിര്‍മ്മല)

Published on 09 September, 2016
ഫാഷിസ്റ്റ് പൂക്കളം (നിര്‍മ്മല)
എല്‍സക്ക് വേമ്പനാട് മലയാളി സംഘടനയുടെ ഓണാഘോഷത്തിനു പോവണം. കസുവു മുണ്ടുടുത്ത് പച്ച സില്‍ക്കിന്റെ ബ്ലൌസിട്ട് പാലയ്ക്കാ മാലയിട്ട് എല്‍സ ഹരിയെ ഒളിഞ്ഞു നോക്കി.

ഓണം സെപ്റ്റംബര്‍ പതിനാലിനല്ലേ? അത് മൂന്നാദ്യേം, പത്താദ്യേം പതിനേഴാന്ത്യേം ഒക്കെയായി കപടാഘോഷം നടത്തിയിട്ടെന്തിനാണു? 

ഹരിയുടെ ചോദ്യത്തില്‍ യുക്തിയുണ്ട്. 

എല്‍സേ, ഓണം ഒരു സവര്‍ണ ഫാഷിസ്റ്റ് ആഘോഷം മാത്രമാണ്. ഫ്യൂഡലിസത്തിന്റെ വളക്കൂറില്‍ പന്തലിച്ച ആചാരങ്ങളാണ് കാഴ്ചയും കോടിയുമെല്ലാം. അതൊക്കെ ഈ വടക്കേ അമേരിക്കയിലേക്ക് കെട്ടിയെടുക്കേണ്ട. 

എല്‍സയുടെ മുടിയിലെ കടലാസു മുല്ലപ്പൂക്കളില്‍ വിരല്‍ച്ചുറ്റി അയാള്‍ പറഞ്ഞു.
നീയെന്റെ സുന്ദരിയല്ലേ, ഈ കെട്ടുകാഴ്ചളൊന്നും നിനക്കാവശ്യമില്ല. 

എല്‍സ പല നിറത്തിലുള്ള കടലാസുകള്‍ ചെറുതായി നുറുക്കി സ്വീകരണമുറിയുടെ അരികിലിട്ട പൂക്കളത്തെ ഹരി കളിയാക്കി. 

ഇതെന്തു കോലാമാണ്. ഉമ്മറത്താണ് അത്തമിടുന്നത്. ല്ലാതെ, ഒരു മുറീടെ മൂലയ്ക്കല്ല.
ചില്ലിന്റെ ഭിത്തിയിലൂടെ വെയില്‍ കടലാസു കഷണങ്ങളെ പൊന്നാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
ചോറെടുക്ക് എല്‍സേ, എനിക്ക് കുറച്ചേറെ എഴുതി തീര്‍ക്കാനുണ്ട്. 

മഞ്ഞയും വയലറ്റും നിറങ്ങളുള്ള ചുരിദാറുചുറ്റി ചോറു വിളമ്പുമ്പോള്‍ എല്‍സ പറഞ്ഞു.
തുമ്പപ്പൂവാണ് ഈ വര്ഷം എല്ലാരും വാട്ട്‌സാപ്പില്‍ അയച്ചിരിക്കുന്നത്. 

തുമ്പപ്പൂ തിരച്ചു പിടിച്ചാല്‍ ശ്രീപാര്‍വ്വതിയുടെ പാദന്ന്! ഒരു കഥ ഇ ഹരികുമാര്‍ എഴുതിയിട്ടുണ്ട്.
ശ്ശോ, ഹരിയേട്ടന്റെ കഥയാണോ? ഞാന്‍ വായിച്ചിട്ടില്ലല്ലോ! 

അയ്യയ്യോ അല്ലല്ല, ഇടശ്ശേരിയുടെ മകന്‍ ഇ. ഹരികുമാര്‍. കുറെ നേരം കൂടി നീ സീരിയല് കാണ്, അപ്പൊ നിനക്ക് എല്ലാം അറിയും. 

ഞങ്ങള് തുമ്പപ്പൂവു പറിച്ച് അതില് പുല്ലിന്റെ പൂവു തലയാക്കി കുത്തി വെള്ളത്തില് വിടും. അപ്പൊ ശരിക്കും അരയന്നം പോലെ തോന്നിക്കും.

കുടിക്കാന്‍ സംഭാരം എടുത്തു വെച്ച് എല്‍സ പറഞ്ഞു. ഹരി അവിയലിലെ ക്യാരറ്റ് കഷണങ്ങള്‍ നീക്കി വെച്ചു.
ഞങ്ങള്‍ടെ നാട്ടില് ഹരിയേട്ടാ, ഓണക്കാലത്ത് വലിയ തുമ്പികള്‍ വരും. ചുവപ്പു നിറമുള്ള ഓണത്തുമ്പികള്.
ഊണു കഴിഞ്ഞപ്പോഴേക്കും സൂര്യനെ മഴക്കാറ് മറച്ചുകളഞ്ഞു. മുപ്പത്തിരണ്ടാം നിലയിയുടെ ഭിത്തിക്ക് തൊട്ടടുത്താണ് മഴക്കാറ്. എല്‍സ ചില്ലുഭിത്തിയില്‍ തൊട്ടുനിന്ന് നഗരത്തെച്ചുറ്റിപ്പോകുന്ന നാനൂറ്റിമൂന്നാം ഹൈവേയിലേക്ക് നോക്കി. എനിക്ക് െ്രെഡവിംഗ് പഠിക്കേണ്ട എന്ന് പറഞ്ഞു എല്‍സ കരഞ്ഞു കാറില്‍ നിന്നിറങ്ങിയത് അവിടെയാണ്. 

എല്‍സ, നക്ഷത്രമണ്ഡലം നിലത്തു വീണപോലെ കണ്ടില്ലേ!
നഗരവെളിച്ചങ്ങളെക്കുറിച്ച് ബാലന്‍ പറഞ്ഞതാണത്. ഇരുട്ടില്‍ മുപ്പത്തിരണ്ടാം നിലയില്‍ നിന്നു കാണുമ്പോള്‍ രാജപാത രത്‌നമാല പോലെ തോന്നും ബാലന്. 

മഴ വരുന്നുണ്ട്, നമുക്ക് ലേക്ക്‌ഷോറില് നടക്കാന്‍ പോവാം ഹരിയേട്ടാ.
നിനക്ക് വേറെ പണിയില്ലേ എല്‍സേ, ഈ പഴഞ്ചന്‍ നൊസ്റ്റാള്‍ജിയ കൊണ്ടോയി കളയ്. നല്ല കടുപ്പത്തില്‍ ചായ എടുത്തോളൂ. 

ചായ ഫ്‌ലാസ്‌ക്കുമെടുത്ത് ഹരി എഴുത്തുമുറിയുടെ വാതിലടച്ചു. മൊട്ടുസൂചികള്‍ നിലത്തുവീണു കാതടപ്പിക്കുന്ന നിശബ്ദതയിലേക്ക് എല്‍സ നിരങ്ങിയിറങ്ങി.
സ്വീകരണമുറിയിലെ ഭിത്തിയിലേക്ക് അവള്‍ തുറിച്ചുനോക്കി. നിറമുള്ള ഒരു പല്ലി വെളുത്ത ക്യാന്‍വാസില്‍ ഇരിക്കുന്നു. മൊണെയുടെ പെയിന്റിംഗ് ക്യാന്‍വാസായി മാറിപ്പോയത് എപ്പോഴാണ്? തോട്ടക്കാരന്റെ വീട് എങ്ങോട്ടു പോയി?
ഹരിയേട്ടന്‍ കാണേണ്ട!

എല്‍സ ചൂലുമായി വന്നപ്പോഴേക്കും പല്ലി പോയിക്കഴിഞ്ഞിരുന്നു. മരങ്ങള്‍ക്കിടയിലെ ആ വീടിന്റെ പടിയില്ലെങ്കില്‍ എല്‍സ എവിടെയിരിക്കും? 

പല്ലിയെ കൊല്ലാന്‍ വന്ന ചൂലുകൊണ്ട് എല്‍സ കടലാസു പൂക്കളം അടിച്ചുവാരി. കടലാസ്സു ചിന്തുകള്‍ പൂക്കളായി നീണ്ടു നീണ്ട് നാനൂറ്റിമൂന്നാം രാജപാതയിലേക്ക് ഒഴുകാന്‍ തുടങ്ങി. പൂക്കളില്‍ ടയറു പായിച്ച് ഒരായിരം വണ്ടികള്‍ എട്ടുവരിപ്പാതയിലൂടെ പാഞ്ഞുപോകുന്നത് എല്‍സ കണ്ടു. പല്ലിയാവുമോ മൊണെയുടെ തോട്ടക്കാരന്റെ വീടു മോഷ്ടിച്ചത്? ഒഴിഞ്ഞു പോകാതെ പല്ലി എല്‍സയുടെ തൊണ്ടയില്‍ ഒട്ടിനിന്നു.
എല്‍സ വാതില്‍ തുറന്ന് ബാല്‍ക്കണിയില്‍ ഇറങ്ങി നിന്നു നോക്കി. ഹൈവേയിലെ രത്‌നങ്ങളില്‍ മഴ കണ്ണീരു പോലെ പറ്റിനില്‍ക്കുന്നു. എല്‍സ ഓണത്തുമ്പിയായി പറന്നു. മഞ്ഞയും വയലറ്റും ചുവപ്പും കലര്‍ന്നൊരു പൂക്കളം ഉമ്മറത്തെ കോണ്ക്രീറ്റില്‍ വിടര്‍ന്നു.

See also in പി.ഡി.എഫ് 
Join WhatsApp News
E. Harikumar 2016-09-15 17:55:21
നിര്‍മ്മല, റീനിയാണ് ഈ കഥയെപ്പറ്റി എന്നോട് പറഞ്ഞത്. ഒരു കഥയില്‍ എന്നെയും ശ്രീപാര്‍വ്വതിയുടെ പാദം എന്ന കഥയെയും സുന്ദരമായി അവതരിപ്പിച്ചതിന് നന്ദി.
ഹരിയേട്ടന്‍
നിര്‍മ്മല 2016-09-17 16:37:29

നന്ദി  ഹരിയേട്ടാ,  ശ്രീ പാര്‍വ്വതിയും  കഥാകൃത്തും  അപ്രതീക്ഷിതമായി കഥയിലേക്ക്  നടന്നു  കയറിയതാണ്.  
നന്ദി  റീനി,  ഞാന്‍  ഫിലിം ഫെസ്റ്റിവലില്‍ ചുറ്റിക്കളിക്കേരുന്നു  :)  
Variath Kutty 2016-09-17 19:27:55
നല്ല കഥ.  വേദനിപ്പിക്കുന്ന കഥ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക