Image

കെ.എസ്‌ രാജന്‍ പുരസ്‌കാരം കെ.യു ഇഖ്‌ബാലിന്‌

ഷക്കീബ്‌ കൊളക്കാടന്‍ Published on 10 February, 2012
കെ.എസ്‌ രാജന്‍ പുരസ്‌കാരം കെ.യു ഇഖ്‌ബാലിന്‌
റിയാദ:്‌ സൗദി അറേബ്യയിലെ മുതിര്‍ന്ന പ്രവാസികളിലൊരാളും സൗദി കാറ്ററിംഗ്‌ കമ്പനിയില്‍ മാനേജരുമായിരുന്ന കണ്ണൂര്‍ സ്വദേശി കെ.എസ്‌ രാജന്‍െറ സ്‌മരണാര്‍ഥം റിയാദ്‌ പയ്യന്നൂര്‍ സൗഹൃദവേദി മാധ്യമ, ജീവകാരുണ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക്‌ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന്‌ റിയാദിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ.യു ഇഖ്‌ബാല്‍ അര്‍ഹനായി.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകരില്‍ നിന്നും അഞ്ചംഗ ജൂറിയാണ്‌ കെ.യു ഇഖ്‌ബാലിനെ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തത്‌. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ റിയാദിലേയും പരിസരങ്ങളിലേയും വിവിധ സാമൂഹ്യ വിഷയങ്ങള്‍ തേടിപ്പിടിച്ച്‌ വാര്‍ത്തയാക്കുകയും അത്‌ പരിഹരിക്കപ്പെടുന്നതുവരെ കൃത്യമായ തുടര്‍ച്ച നല്‍കുകയും പരിഹാരത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌ത സാമൂഹ്യ പ്രതിബദ്ധതയുള്ള പൊതുപ്രവര്‍ത്തകനാണ്‌ കെ.യു ഇഖ്‌ബാലെന്ന്‌ പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംഘടനയുടെ മുഖ്യരക്ഷാധികാരി ഡോ. ഭരതന്‍ പറഞ്ഞു.

പതിനൊന്നു വര്‍ഷമായി മലയാളം ന്യൂസിന്‍െറ റിയാദ്‌ ലേഖകനായ കെ.യു ഇഖ്‌ബാല്‍ നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കാലിക പ്രാധാന്യമുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്‌ട്‌. പ്രേക്ഷകഹൃദയം കീഴടക്കിയ ഗദ്ദാമ എന്ന കമല്‍ സിനിമയുടെ കഥയും മലയാളത്തിലെ പ്രമുഖ സംവിധായകനും നിര്‍മാതാവുമായ ശശി പരവൂരിന്‍െറ പുതിയ ചിത്രത്തിന്‍െറ തിരക്കഥയും ഇഖ്‌ബാലിന്‍േറതാണ്‌. റിയാദ്‌ ഇന്ത്യന്‍ മീഡിയ ഫോറത്തിന്‍െറ മുന്‍ പ്രസിഡണ്‌ടു കൂടിയായ ഇഖ്‌ബാല്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്‌.

ഫെബ്രവരി 16 ന്‌ നടക്കുന്ന പയ്യന്നൂര്‍ സൗഹൃദ വേദിയുടെ കെ.എസ്‌ രാജന്‍ അനുസ്‌മരണ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന്‌ പ്രസിഡണ്‌ട്‌ സനൂപ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും നോര്‍ക്ക റൂട്ട്‌സ്‌ സൗദി കണ്‍സള്‍ട്ടന്റുമായ ശിഹാബ്‌ കൊട്ടുകാടിനേയും അക്ഷയ ഗ്‌ളോബല്‍ പുരസ്‌കാരം നേടിയ ഡോക്‌ടര്‍ ഭരതനേയും ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ രാജ്‌മോഹന്‍, അഡ്വ. എം.പി സുരേഷ്‌, അബ്‌ദുള്‍ മജീദ്‌ എന്നിവരും പങ്കെടുത്തു.
കെ.എസ്‌ രാജന്‍ പുരസ്‌കാരം കെ.യു ഇഖ്‌ബാലിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക