Image

ജര്‍മന്‍ കയറ്റുമതി ഒരു ട്രില്യന്‍ കടന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 10 February, 2012
ജര്‍മന്‍ കയറ്റുമതി ഒരു ട്രില്യന്‍ കടന്നു
ബര്‍ലിന്‍: യൂറോ സോണ്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്‌ടിരിക്കുന്ന കാലഘട്ടത്തിലും ജര്‍മനിയില്‍ നിന്നുള്ള കയറ്റുമതി ഒരു ട്രില്യന്‍ യൂറോ കടന്നു. എന്നാല്‍, യൂറോസോണ്‍ പ്രതിസന്ധി രൂക്ഷമായതോടെ വര്‍ഷാവസാനം ജര്‍മനിയില്‍ നിന്നുള്ള ഉത്‌പന്നങ്ങള്‍ക്കു വിദേശ വിപണികളില്‍ ഡിമാന്‍ഡ്‌ കുറഞ്ഞിട്ടുണ്‌ടെന്നും ചൂണ്‌ടിക്കാണിക്കപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ജര്‍മനിയുടെ ആകെ കയറ്റുമതി 1.06 ട്രില്യന്‍ യൂറോയാണ്‌ മതിക്കുന്നത്‌. ആദ്യമായാണ്‌ ഒരു ട്രില്യനു മേല്‍ കയറ്റുമതി നടത്തുന്നത്‌. എന്നാല്‍, ഡിസംബറിലെ കയറ്റുമതിയില്‍ 4.3 ശതമാനം ഇടിവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. 2011 ഏപ്രിലിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും സ്റ്റാറ്റിസ്റ്റിക്‌സ്‌ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ രണ്‌ടാമത്തെ കയറ്റുമതി രാഷ്‌ട്രമായ ജര്‍മനി ഈ വര്‍ഷം കയറ്റുമതിയില്‍ മുന്തിയ വളര്‍ച്ചയാണ്‌ പ്രതീക്ഷിക്കുന്നത്‌. ജര്‍മന്‍ ഉത്‌പന്നങ്ങള്‍ക്ക്‌ ഈ വര്‍ഷം വിദേശ വിപണികളില്‍ ഡിമാന്‍ഡ്‌ വര്‍ധിക്കുമെന്നാണ്‌ രാജ്യത്തെ കയറ്റുമതി സ്ഥാപനങ്ങള്‍ കണക്കുകൂട്ടുന്നത്‌.

യുഎസ്‌ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറുന്നതിന്റെ വേഗം വളരെ കുറവാണ്‌. ഈ സാഹചര്യം ജര്‍മന്‍ കയറ്റുമതിക്കാര്‍ക്കു ഗുണകരമാകുമെന്നാണ്‌ ചൂണ്‌ടിക്കാണിക്കപ്പെടുന്നത്‌.

ഈ വര്‍ഷം നാലു ശതമാനം വരെ കയറ്റുമതി വര്‍ധനയുണ്‌ടാകുമെന്നാണ്‌ കരുതുന്നത്‌. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌ വ്യവസ്ഥയായ ജര്‍മനിയുടെ നട്ടെല്ലായാണ്‌ കയറ്റുമതി മേഖല കരുതപ്പെടുന്നത്‌.
ജര്‍മന്‍ കയറ്റുമതി ഒരു ട്രില്യന്‍ കടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക