Image

നെഹ്‌റു ട്രോഫി വള്ളംകളി, ആലപ്പുഴക്കാരുടെ ഓണം: ലീലാ മാരേട്ട്

അനില്‍ പെണ്ണുക്കര Published on 04 September, 2016
നെഹ്‌റു ട്രോഫി വള്ളംകളി, ആലപ്പുഴക്കാരുടെ ഓണം: ലീലാ മാരേട്ട്
ആലപ്പുഴക്കാരുടെ ഓണം സാധാരണ ഓണമല്ല. അതിനു ദേശീയ ശ്രദ്ധയുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി വരെ ബന്ധമുണ്ട്. ആലപ്പുഴക്കാര്‍ക്ക് നെഹ്‌റു ട്രോഫി വള്ളംകളി ഒരു ആവേശമാണ്. ഓണത്തിന് നാളുകള്‍ക്കു മുന്‍പേ ഈ വള്ളം കളി നടക്കുമെങ്കിലും ഞങ്ങളുടെ ഓണം തുടങ്ങുന്നത് തന്നെ നെഹ്‌റു ട്രോഫി വള്ളംകളിയോടെയാണ്. ഫൊക്കാന വനിതാ നേതാവും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയും അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തകയുമായ ലീലാ മാരേട്ട് തന്റെ ഓണാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

'പലതവണ ഈ ജലമേളയുടെ ഭാഗമാകാന്‍ സാധിച്ചിട്ടുണ്ട് എന്നതാണ് എന്നെ സംബന്ധിച്ചുള്ള ഒരു സന്തോഷം. പിതാവ് ആലപ്പുഴയിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയിരുന്നതിനാല്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പ് കമ്മിറ്റിയില്‍ അദ്ദേഹവും ഉണ്ടാകുമായിരുന്നു. അതുകൊണ്ടു പലതവണ എനിക്കും ഇതിന്റെ ഭാഗമായിരിക്കാന്‍ സാധിച്ചിട്ടുണ്ട്.

ജലമേള കാണുവാനായി നിരവധി വിദേശികള്‍ എത്തിച്ചേരുക മൂലം നെഹ്‌റു ട്രോഫി വള്ളംകളി കടല്‍കടന്ന് ലോകത്തിനു തന്നെ ആകര്‍ഷക വിനോദമായി.

പുന്നമടക്കായലില്‍ വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ജലോത്സവം ഒട്ടനവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് കാരണം അത് ജലമേള ആയതുകൊണ്ടാണ്. ഇത്തരത്തിലൊരു മത്സരവള്ളം കളി ലോകത്തെവിടെയും ഉണ്ടാകുമെന്നു തോന്നുന്നില്ല. അതാണ് ഈ വള്ളം കളിയുടെ കൗതുകവും.

ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു.

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് 1952 ല്‍ കേരള സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന്‍ വള്ളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം തുടങ്ങിയത്. തുഴയെറിഞ്ഞുള്ള പോരാട്ടം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു വള്ളംകളിയില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറിയ സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വള്ളംകളി പ്രേമികള്‍ അദ്ദേഹത്തെ ചുണ്ടന്‍ വള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കിയതാണ് ചരിത്രം.

ഡല്‍ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നെഹ്‌റു അയച്ചുകൊടുത്തു. നെഹ്‌റൂ ട്രോഫി അങ്ങനെ ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. പിന്നീട് വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര് നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കി.

ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമാണ് പ്രധാനമായും നടക്കുന്നത് ഓരോ വിഭാഗത്തിലെയും ജേതാക്കള്‍ക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്. 1952 ല്‍ ചാക്കോ മാപ്പിള നയിച്ച നടുഭാഗം നടുഭാഗം ബോട്ട് ക്ലബ് ഒന്നാമതെത്തിയപ്പോള്‍ 2016 ജെയിംസ് കുട്ടി ജേക്കബ് നയിച്ച കാരിച്ചാല്‍ കോട്ടയം വേമ്പനാട് ബോട്ട് ക്ലബ്ബ് ഒന്നാമതെത്തി നില്‍ക്കുന്ന ഈ ജലമേള ഇനിയും എത്രയോ ജേതാക്കളെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു.

'പക്ഷെ ഈ സന്തോഷത്തിലും ആലപ്പുഴയുടെ സൗന്ദര്യം നഷ്ടപ്പെടുന്നു എന്ന അഭിപ്രായവും എനിക്കുണ്ട്. വേമ്പനാട്ടുകായലില്‍ ഇന്ന് വര്‍ധിച്ചു വരുന്ന ഹൌസ് ബോട്ടുകളുടെ പ്രവര്‍ത്തനം മൂലം കായലിന്റെ പരിസ്ഥിതിക്ക് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. കുട്ടനാടിന്റെ പ്രത്യേക കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഉണ്ടാകുന്നത്. ഇവയൊക്കെ ഒരു പരിധിവരെ ഈ ജലമേളയെയും ബാധിച്ചിട്ടുണ്ട്.

മാറി വരുന്ന സര്‍ക്കാരുകള്‍ വേണ്ട തരത്തില്‍ കായലിന്റെ സംരക്ഷണം നടത്തുന്നില്ല. കുട്ടനാട് പാക്കേജ് പോലും ഭംഗിയായി നടപ്പിലാക്കിയില്ല. ഇവയൊക്കെ വലിയ പ്രശ്‌നങ്ങള്‍ ആയി തുടരുന്നു എങ്കിലും ഓണമാകുമ്പോള്‍ ആലപ്പുഴക്കാര്‍ ഇതെല്ലം മറക്കുന്നു. നല്ല നാളുകള്‍ വീണ്ടും കടന്നു വരുമെന്ന പ്രതീക്ഷ. .വീണ്ടും ഒരോണം കൂടി കടന്നു വരുമ്പോള്‍ ഞങ്ങള്‍ ആ ലഹരിയില്‍ ആകുന്നു. അതാണ് ഓണത്തിന്റെ പ്രത്യേകത .

അമേരിക്കയില്‍ വന്നപ്പോളും ഓണാഘോഷത്തിന്റെ മട്ടും ഭാവവും മാറി. പല ഓണാഘോഷവും ഭംഗിയായി സംഘടിപ്പിച്ചു .പലതിലും പങ്കെടുത്തു. അതെല്ലാം മലയാളി നല്‍കിയ സന്തോഷമാണ്. എവിടെ ചെന്നാലും ഒന്നാണ് എന്ന് തോന്നിപ്പിക്കുന്ന സന്തോഷം. ഓണം അങ്ങനെ ആണ് ...എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ .. 
നെഹ്‌റു ട്രോഫി വള്ളംകളി, ആലപ്പുഴക്കാരുടെ ഓണം: ലീലാ മാരേട്ട് നെഹ്‌റു ട്രോഫി വള്ളംകളി, ആലപ്പുഴക്കാരുടെ ഓണം: ലീലാ മാരേട്ട്
Join WhatsApp News
mallu kumar 2016-09-04 04:57:24
ഓണം ഹിന്ദുക്കളുടെ ഉത്സവമാണെന്നും മറ്റുള്ളവര്‍ ആഘൊഷിക്കണ്ടന്നുമാണു ആരാധ്യയായ ശശികല ടീച്ചര്‍ പറഞ്ഞത്.
Indian 2016-09-04 23:13:35
മല്ലു കുമാർ ആഘോഷിക്കണ്ട .ആരും അറിയില്ല ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക