Image

ഗണേഷ് കുമാറിനെതിരായ പാര്‍ട്ടി വികാരം യുഡിഎഫിനെ അറിയിക്കുമെന്ന് പിള്ള

Published on 10 February, 2012
ഗണേഷ് കുമാറിനെതിരായ പാര്‍ട്ടി വികാരം യുഡിഎഫിനെ  അറിയിക്കുമെന്ന് പിള്ള
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരായ പാര്‍ട്ടി അനുയായികളുടെ വികാരം യു.ഡി.എഫ് മുന്നണിയെ അറിയിക്കുമെന്ന് ആര്‍.ബാലകൃഷ്ണ പിള്ള വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി സംസ്ഥാന കമ്മറ്റിയിലെ രണ്ടുപേരെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ അനാവശ്യമായി ഗണേഷിനെ പിന്തുണയ്ക്കുകയാണെന്നും പിള്ള കുറ്റപ്പെടുത്തി.

കേരള കോണ്‍ഗ്രസില്‍ ആര്‍.ബാലകൃഷ്ണ പിള്ളയും മന്ത്രി കെ.ബി.ഗണേഷ് കുമാറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍, യു.ഡി.എഫിന്റെ ഘടകകക്ഷിയെന്ന നിലയില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ബാലകൃഷ്ണ പിള്ള സീനിയര്‍ നേതാവാണ്. അദ്ദേഹം നേതൃത്വം നല്‍കുന്ന പാര്‍ട്ടി യു.ഡി.എഫിന്റെ ഘടക കക്ഷിയാണ്. പിള്ളയും ഗണേഷും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ല. എന്നാല്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍, ഘടക കക്ഷിയെന്ന നിലയില്‍ ഇടപെടും- മുഖ്യമന്ത്രി പറഞ്ഞു.


അച്ഛനും മകനും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് പിളര്‍ന്നാല്‍ കോണ്‍ഗ്രസ്, മന്ത്രി കെ.ബി. ഗണേഷ് കുമാറിനൊപ്പം നില്‍ക്കുമെന്നും സൂചനയുണ്ട്. രണ്ട് എം.എല്‍.എ.മാരുടെ മാത്രം ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന സര്‍ക്കാരായതിനാല്‍ കോണ്‍ഗ്രസിനു മുമ്പില്‍ മറ്റ് വഴികളില്ല. ഈ സന്ദേശം കോണ്‍ഗ്രസ് നേതാക്കള്‍ ബാലകൃഷ്ണപിള്ളക്ക് നല്‍കിയിട്ടുമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക