Image

തെളിയുന്ന വെള്ളിരേഖകള്‍- (യോങ്കേഴ്‌സില്‍ പള്ളികളുടെ സംയോജനം: -ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 03 September, 2016
തെളിയുന്ന വെള്ളിരേഖകള്‍- (യോങ്കേഴ്‌സില്‍ പള്ളികളുടെ സംയോജനം: -ബാബു പാറയ്ക്കല്‍)
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ രണ്ട് ഇടവകകള്‍ ലയിച്ച് ഒരു ദേവാലയത്തില്‍ ഒരു കുടുംബമായി ആരാധന നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതില്‍ എന്താണ് ഇത്ര വലിയ വാര്‍ത്താപ്രാധാന്യം? ഫലത്തില്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ എണ്ണത്തില്‍ ഒന്നുകുറയുകയും മറ്റൊന്ന് പുഷ്ടിപ്പെടുകയും ചെയ്തു. 

ഈ ലയനത്തിന്റെ പ്രാധാന്യം അറിയണമെങ്കില്‍ അല്പം ചരിത്രം പുറകോട്ടു വായിക്കണം. 1970 കളുടെ ആദ്യമാണ് പ്രവാസി മലയാളികള്‍ അമേരിക്കയിലേക്കു കാര്യമായി കുടിയേറുവാന്‍ തുടങ്ങിയത്. അതില്‍ നല്ലൊരു പങ്ക് സുറിയാനി ക്രിസ്ത്യാനികളായിരുന്നു. ബഹുഭൂരിപക്ഷവും നേഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളും അപരിചിതമായ നാട്ടില്‍ പ്രതികൂല സാഹചര്യങ്ങള്‍ അനവധി തണുത്തഞ്ഞ കാലാവസ്ഥ, മഞ്ഞുമൂടിയ തെരുവീഥികള്‍, എഴുതാനും വായിക്കാനും അറിയാമെങ്കിലും സുഗമമായി സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഷാ, കുടുംബാംഗങ്ങളെ പിരിഞ്ഞുപോരുന്നതിന്റെ മാനസിക വ്യഥ, എല്ലാംകൂടി ഞെരുക്കിയപ്പോള്‍ 'തിരിച്ചു പോയാലോ' എന്നു പോലും ചിന്തിച്ച അവസ്ഥയില്‍ ആകെയുള്ള ശരണം ഈശ്വരന്‍ മാത്രമായിരുന്നു. 

അദ്ദേഹത്തോടു പ്രാര്‍ത്ഥിക്കാന്‍ ഒരു ദേവാലയവും ആരാധനയ്ക്കു നേതൃത്വം കൊടുക്കാന്‍ ഒരു പുരോഹിതനും വേണമല്ലോ. ദൈവവിളികേട്ട് കുപ്പായവും തൊപ്പിയും ധരിച്ച് ആത്മീയ ശുശ്രൂഷക്കായി ഇറങ്ങിയിട്ടും ഭൗമികതയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ ദാമ്പത്യത്തിലേക്കു കയറുകയും ചെയ്ത് ചില പുരോഹിതന്മാരും ഈ കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ നേതൃത്വത്തില്‍ ഒരു ആരാധനാ കൂട്ടായ്മ ഉണ്ടായി. പിന്നീട് മറ്റുള്ള കുടുംബാംഗങ്ങളെകൂടി കൊണ്ടുവരാന്‍ അനുമതി ഉണ്ടായപ്പോള്‍ മലയാളികളുടെ ജനസംഖ്യ വര്‍ദ്ധിച്ചു. പുരോഹിതന്മാരുടെ എണ്ണവും കൂടി. 

സഭയോട് അതീവ കൂറുള്ള വിശ്വാസികളായ നേഴ്‌സുമാര്‍ രാത്രിയും പകലും ആവുന്നത്ര പണി ചെയ്ത് സംഭാവനകൊടുത്ത് ഈ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ ആരാധനാലയങ്ങള്‍ പണിതുയര്‍ത്തി. മിക്കവാറും എല്ലാ ദേവാലയങ്ങളും ഈ വൈദികര്‍ പ്രസിഡന്റായി ഇന്‍കോര്‍പ്പറേഷനുകളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സഭയുടെ പേരിലുള്ള ദേവാലയങ്ങളാണെങ്കില്‍പോലും അതിന്റെ പൂര്‍ണ്ണ നിയന്ത്രണവും ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവും ഇവര്‍ കയ്യടക്കി. ജനങ്ങളുടെ എണ്ണം കൂടി വന്നതനുസരിച്ച് ദേവാലയങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു. 

ഭദ്രാസനം ഉണ്ടാകുകയും ഭദ്രാസന മെത്രാപ്പോലീത്തമാര്‍ മാറിമാറി വരുകയും ചെയ്തിട്ടും ഈ ദേവാലയത്തിലെ പുരോഹിതന്മാര്‍ക്കു മാറ്റമുണ്ടായില്ല. വിരസതയുടെ നീര്‍ചുഴിയിലകപ്പെട്ട വിശ്വാസികള്‍ തങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ നിശ്വാസങ്ങളില്‍ പണിതുയര്‍ത്തിയിരിക്കുന്ന ദേവാലയങ്ങളില്‍ നോക്കുകുത്തികളായിമാറി. 

നാട്ടിലെ പോലെ ഇവിടെ സ്ഥലംമാറ്റം എന്ന ചട്ടം ഇല്ലാത്തതുകൊണ്ട് അഥവാ ആ വ്യവസ്ഥിതി ഇവിടെ നടപ്പിലാക്കിയിട്ടില്ലാത്തതിനാല്‍ സ്വന്തം കമ്പനികള്‍ പോലെയാണ് പല ദേവാലയങ്ങളും ഈ പുരോഹിതന്മാരാല്‍ നിയന്ത്രിക്കപ്പെടുന്നത്. ഭാര്യയുടെയോ മറ്റു കുടുംബാംഗങ്ങളുടെയോ ആശ്രയത്തില്‍ ഇവിടെ എത്തിപ്പെടുന്ന വൈദികന്‍ ഏതാനും പേരെകൂടി ഒരു ആരാധനാകൂട്ടായ്മ ഏതെങ്കിലും ബേസ്‌മെന്റ് വാടകയ്‌ക്കെടുത്ത് ആരംഭിക്കുകയും പിന്നീട് അത് വളര്‍ന്ന് സ്വന്തമായി ദേവാലയം ഉണ്ടാക്കുകയും ജീവിതകാലം മുഴുവന്‍ അതിന്റെ പ്രസിഡന്റായി തുടരുകയുമാണ് സാധാരണ കാണുന്നത്. 

എന്നാല്‍ ആത്മീയ ശുശ്രൂഷ അന്തരംഗങ്ങളില്‍ ഉത്ഭവിക്കുന്ന പ്രാര്‍ത്ഥനാനിരതരായ ചില വൈദീകരെങ്കിലും സ്ഥലം മാറ്റം വേണമെന്നാവശ്യപ്പെടുകയും തങ്ങള്‍ക്കു ലഭിച്ച വരദാനങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി അനുഗ്രഹപ്രദമാകണമെന്നാത്മാര്‍ത്ഥമായി അനുഗ്രഹിച്ച് ശുശ്രൂഷനടത്തുന്നവരാണ്.

ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഈ ലയനം ദൈവനിയോഗമായി കാണുന്നത്. യോങ്കേഴ്‌സിലെ അണ്ടര്‍ഹില്ലിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വികാരിയായി ഫാദര്‍ ദിലീപ് ചെറിയാന്‍ നിയമിതനായിട്ട് 5 വര്‍ഷങ്ങളായി. ഏതാനും മൈലുകള്‍ മാത്രം അകലെ മറ്റൊരു ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയവും സ്ഥിതിചെയ്യുന്നു. 

അവിടെ ഫാദര്‍ നൈനാന്‍ ടി. ഈശോ വികാരിയായി സേവനം അനുഷ്ഠിക്കുന്നു. അണ്ടര്‍ ഹില്ലിലുള്ള ദേവാലയം വാടകകെട്ടിത്തില്‍ നടക്കുമ്പോള്‍ പാര്‍ക്ക് പ്ലെയ്‌സിലുള്ള ദേവാലയം സ്വന്തം കെട്ടിടത്തില്‍ ആരാധന നടത്തുന്നു. ഐക്യമത്യംമഹാബലം എന്നു വിശ്വസിക്കുന്ന രണ്ടു വൈദികരും ഒരു ലയനത്തില്‍ തല്‍പ്പരരായി. ചെറിയ ദേവാലയങ്ങള്‍ കൂണുപോലെ മുളയ്ക്കുകയും തളിരിടുമ്പോള്‍ തന്നെ ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയും പിളര്‍ന്ന് മറ്റൊരു വൈദികന്റെ ചുമതലയില്‍ വേറിട്ടു വളരുകയും ചെയ്യുന്ന പ്രതിഭാസം പച്ചപിടിച്ചിട്ടുള്ള ന്യൂയോര്‍ക്കില്‍ രണ്ടിടവകകള്‍ ലയിച്ച് ഒന്നായി ദൈവിക ശുശ്രൂഷ നടത്തുവാനുള്ള തീരുമാനം അഭികാമ്യമാണ്. 

'സഹോദരങ്ങള്‍ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവുമാണ്' എന്ന ബൈബിള്‍ വാക്യം അന്വര്‍ത്ഥമാക്കിയ ഈ രണ്ടു വൈദികരും അഭിന്ദനമര്‍ഹിക്കുന്നു. ലയനത്തിന് വിട്ടുവീഴ്ചാമനോഭാവവും സഹനശക്തിയും ആവശ്യമാണ്. ഇതിന്റെ പേരിലുള്ള നഷ്ടങ്ങളില്‍ ദുഃഖിക്കാതെയും നേട്ടങ്ങളില്‍ പുകഴാതെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സുവിശേഷം പ്രകീര്‍ത്തിക്കുവാന്‍ ഇതു തുടക്കമാകട്ടെ. സെപ്റ്റംബര്‍ നാലാം തീയതി അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്താ ഈ ലയനത്തെ ആശീര്‍വദിക്കുന്നതോടെ ഈ ചരിത്രമുഹൂര്‍ത്തം മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്നു പ്രതീക്ഷിക്കാം. ഇവ തെളിയുന്ന വെള്ളിരേഖകളായി വിരാജിക്കട്ടെ.

തെളിയുന്ന വെള്ളിരേഖകള്‍- (യോങ്കേഴ്‌സില്‍ പള്ളികളുടെ സംയോജനം: -ബാബു പാറയ്ക്കല്‍)
Join WhatsApp News
Jacob Mathew 2016-09-03 10:29:28
I am pretty sure that you were not here when the orthodox churches and diocese started here and you do not know the history of the diocese. Majority of the churches in the US are just social clubs. Only problem is that the President never changes. If there are no transfers at least within the areas they are not churches. The achens and their families are acting like they are the household of the churches. GOD's presence is NOT there.
Mathew V Zacharia 2016-09-03 12:27:30
As a Pioneer keralite of New York, I would like to point out the contribution and the genesis of the first Malayalee Apostolic church in New York by SIMON ACHEN at the Riverside church in Manhattan. I had the privilege of attending several worship church services before we started our first Mar Thoma Prayer group and fellowship under the leadership of Joseph Mattackal in Queens.
Mathew V. Zacharia of St.Thomas Mar Thoma church, Yonkers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക