Image

കോടതിയുത്തരവ് അനുസരിച്ചാല്‍ നടപടികള്‍ അവസാനിപ്പിക്കാമെന്ന് ഗീലാനിയോട് പാക് സുപ്രീംകോടതി

Published on 09 February, 2012
കോടതിയുത്തരവ് അനുസരിച്ചാല്‍ നടപടികള്‍ അവസാനിപ്പിക്കാമെന്ന് ഗീലാനിയോട് പാക് സുപ്രീംകോടതി
ഇസ്‌ലാമാബാദ്: പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് അന്വേഷിക്കാന്‍ സ്വിസ് അധികൃതര്‍ക്ക് കത്തെഴുതണമെന്ന കോടതിയുത്തരവ് അനുസരിച്ചാല്‍ പ്രധാനമന്ത്രി ഗീലാനിക്കെതിരേയുള്ള കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കാമെന്ന് പാക് സുപ്രീംകോടതി. 

ഈ മാസം 13 ന് കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദേശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗീലാനി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റീസ് ഇഫ്തിഖര്‍ ചൗധരി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തി ഗീലാനിയുടെ പാര്‍ട്ടി നേതാവാണെങ്കിലും ആരും നിയമത്തിന് അതീതരല്ലെന്ന് ഇഫ്തിഖര്‍ ചൗധരി ചൂണ്ടിക്കാട്ടി. 

അഴിമതിയിലൂടെ നഷ്ടമായ 60 മില്യന്‍ ഡോളര്‍ പാക്കിസ്ഥാനിലേക്ക് തിരികെയെത്തണമെങ്കില്‍ പ്രധാനമന്ത്രി കത്തയച്ചെങ്കില്‍ മാത്രമേ സാധിക്കുവെന്നും കോടതി നിരീക്ഷിച്ചു. ഗീലാനി സമര്‍പ്പിച്ച അപ്പീലിലെ കോടതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നീക്കാനും കോടതി ഗീലാനിയുടെ അഭിഭാഷകനോട് നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക