Image

ശാരദാംബരത്തിനു പിന്നിലെ അമേരിക്കന്‍ മലയാളി ഗായിക

Published on 24 August, 2016
ശാരദാംബരത്തിനു പിന്നിലെ അമേരിക്കന്‍ മലയാളി ഗായിക
'ആത്മവിദ്യാലയമേ....' പോലെയോ, 'അല്ലിയാമ്പല്‍ കടവില്‍....' പോലെയോ മലയാളിയുടെ മനംകവര്‍ന്ന ഗാനമാണ് 'എന്നുനിന്റെ മൊയ്തീനി'ലെ 'ശാരദാംബരം....'. 

ചങ്ങമ്പുഴ എഴുതിയ ഈ ഗാനം പാടാനുള്ള നിയോഗം കിട്ടിയത് അമേരിക്കന്‍ മലയാളി ശില്പാ രാജിനാണ്. മലയാളം പാട്ട് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതി ഇരുപത്തിരണ്ടുകാരിയായശില്പ ഗായകന്‍ പി. ജയചന്ദ്രനോടൊപ്പം ആലപിച്ചപ്പോള്‍ ക്ലാസിക്കല്‍ ടച്ചുള്ള വേറിട്ടൊരു സ്വരമാധുരിയാണ് മലയാളിക്ക് ലഭിച്ചത്.

ശാരദാംബരത്തിനു സ്റ്റേറ്റ് ഗവണ്മെന്റിന്റെ മികച്ച ഗായകനുള്ള അവാര്‍ഡ് പി. ജയചന്ദ്രനും മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് രമേശ് നാരായണനും ലഭിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ജയചന്ദ്രനായിരുന്നു. ഫിലിം ക്രിട്ടിക്‌സിന്റെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ശില്പക്കും  ലഭിച്ചു.  അടുത്ത മാസമാണ് അവാര്‍ഡ് സമ്മാനിക്കുക. 

ചിത്രത്തിന്റെ നിര്‍മ്മാതാവും വാഷിംഗ്ടണ്‍ മലയാളിയുമായ സുരേഷ് രാജിന്റെ പുത്രിയായ ശില്പ ചിത്രത്തില്‍ ചെറിയൊരു റോള്‍ അഭിനയിക്കുന്നുമുണ്ട്. നായിക കാഞ്ചനയുടെ സുഹൃത്ത് മെറീന ആണ് ആ കഥാപാത്രം. ഇളയ പുത്രി സ്‌നേഹ രാജ് കാഞ്ചനയുടെ ഇളയ സഹോദരി രമാദേവി ആയും വേഷമിട്ടു. 

പുത്രിമാര്‍ക്ക് സിനിമയോടുള്ള താത്പര്യമാണ് തന്നെ സിനിമാ രംഗത്തേക്ക് വരാന്‍ പ്രേരിപ്പിച്ചതിന്റെ ഒരു കാരണമെന്നു സുരേഷ് രാജ് പറയുന്നു. 

യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റില്‍ കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ് ശില്പ. ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ് ചെയ്ത സ്‌നേഹയും കമ്യൂണിക്കേഷനും ആക്ടിംഗും പഠിക്കാനൊരുങ്ങുന്നു. 

മലയാളത്തില്‍ വന്‍ വിജയമായ 'എന്നു നിന്റെ മൊയ്തീനു'മായിബന്ധപ്പെടാന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷമുണ്ടെന്നു ശില്പ പറഞ്ഞു. ശാരദാംബരവും ജനം സഹര്‍ഷം എതിരേറ്റു. ദീര്‍ഘമായ ഒരു യാത്രയുടെ തുടക്കമായി അതിനെ താന്‍ കാണുന്നു.

പത്താം വയസു മുതല്‍ കര്‍ണ്ണാടക സംഗീതം പഠിക്കാന്‍ ആരംഭിച്ചുവെന്നു ശില്പ പറഞ്ഞു. ഏഴെട്ടു വര്‍ഷം അതു തുടര്‍ന്നു. പതിമൂന്നാം വയസുമുതല്‍ ഹിന്ദുസ്ഥാനിയും പഠിക്കുന്നു. ഇപ്പോഴും അതു തുടരുന്നു. ഉസ്താദ് ഹമീദ് ഹുസൈനാണ് ഗുരു. പാശ്ചാത്യസംഗീതവും പഠിച്ചു. പിയാനോയും വായിക്കും. 

ഏഴാം വയസുമുതല്‍ നൃത്തം പഠിക്കുന്നു. ഭരതനാട്യം, ബോളിവുഡ് ഫ്യൂഷന്‍ തുടങ്ങിയവ അവതരിപ്പിക്കുന്നു. 

മലയാളം നന്നായി സംസാരിക്കുമെങ്കിലും 'ശാരദാംബരം' തുടങ്ങി പല വരികളും ഉച്ഛരിക്കുക വിഷമമായിരുന്നുവെന്ന് ശില്പ. വീട്ടില്‍ മലയാളമേ സംസാരിക്കാറുള്ളൂ എന്നു സുരേഷ് രാജ്. കുട്ടികള്‍ മലയാളം വായിക്കാനും പഠിച്ചതാണ്. പക്ഷെ അതത്ര അനായാസമല്ല. ഒട്ടേറെ പ്രാക്ടീസിംഗിനു ശേഷമാണ് ശാരദാംബരം ഇപ്പോഴത്തെ രീതിയില്‍ അവതിപ്പിക്കാനായത്. 

പലപ്പോഴും നൃത്തം അവതരിപ്പിക്കാറുണ്ടെങ്കിലും പാട്ടിലാണ് താന്‍ കൂടുതലായി ശ്രദ്ധിക്കുന്നതെന്നു ശില്പ പറയുന്നു. സ്‌നേഹയാകട്ടെ അഭിനയത്തിലാണ് കൂടുതല്‍ താത്പര്യം കാട്ടുന്നത് സുരേഷ് രാജ് പറഞ്ഞു. 

അച്ഛന്‍ നിര്‍മ്മിച്ച സിനിമയായതുകൊണ്ടാണ് തനിക്കു പാടാന്‍ കഴിഞ്ഞതെന്നു തോന്നാം. എന്നാല്‍ അത് ശരിയല്ലെന്ന് ശില്പ. അച്ഛന്‍ നിര്‍മ്മിച്ചതുകൊണ്ട് തനിക്ക് അവസരം ലഭിച്ചു. പക്ഷെ തന്റെ പാട്ട് നല്ലതല്ലായിരുന്നുവെങ്കില്‍ ഇത്രയും വലിയ ഒരു പ്രൊജക്ടില്‍ ഉള്‍പ്പെടുത്തുകയില്ലായിരുന്നുവെന്നു ഉറപ്പ്. അഭിനയത്തിന്റെ കാര്യത്തിലാണെങ്കില്‍ താന്‍ എല്ലാവരേയും പോലെ ഓഡീഷന്‍ പാസായാണ് വേഷമിട്ടത്. ചുരുക്കത്തില്‍ ബന്ധമൊന്നുമല്ല, കലാവാസന തന്നെ പ്രധാനം.

പാട്ട്, അഭിനയം എന്നീ രംഗങ്ങളില്‍ ഭാവിയില്‍ പ്രവര്‍ത്തിക്കണമെന്നതാണ് തന്റെ കരിയര്‍ സ്വപ്നമെന്നു ശില്പ പരയുന്നു. മലയാള സിനിമാ രംഗത്തുനിന്നും വലിയ അനുഭവസമ്പത്താണ് ലഭിച്ചത്. അതില്‍ നിന്നു പ്രചോദനവുമായി ബോളിവുഡ് തുടങ്ങി മറ്റു രംഗങ്ങളിലും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. വ്യത്യസ്തമായ താത്പര്യങ്ങളാണ് തന്റെയുള്ളില്‍. എന്തെങ്കിലുമൊന്നില്‍ മാത്രം ഒതുങ്ങിക്കൂടുകവിഷമകരമാണ്. പാട്ട്, നൃത്തം എന്നിവയില്‍ മികവ് നേടണം എന്നതില്‍ മാത്രം തനിക്ക് സംശയമൊന്നുമില്ല-ശില്പ പറഞ്ഞു.

മകളുടെ പാട്ടിനോടും അഭിനയത്തോടുമുള്ള താത്പര്യം കണ്ട് ചെറുപ്പത്തിലേ ഈ രംഗങ്ങളില്‍ പരിശീലനം നല്‍കുകയായിരുന്നുവെന്നു സുരേഷ് രാജും പത്‌നി അനിതയും പറയുന്നു. 

ചെറുപ്പത്തിന്റെ തന്റെ പാട്ടിനോടുള്ള താത്പര്യം കണ്ടാണ് പാട്ട് പഠിപ്പിക്കാന്‍ ഏര്‍പ്പെടുത്തിയതെന്നുശില്പയും പറഞ്ഞു. സ്‌നേഹ ചെറുപ്പംമുതലേ അഭിനയത്തോടാണ് താത്പര്യം കാട്ടിയത്. താന്‍ അഭിനയത്തോട് താത്പര്യം കാണിക്കാന്‍ തുടങ്ങിയത് പതിനേഴു വയസ്സുള്ളപ്പോഴാണെന്നു ശില്പ ഓര്‍ക്കുന്നു. പിന്നീട് വലിയ നടീനടന്മാരുടെ അഭിനയം കണ്ടുപഠിക്കാന്‍ തുടങ്ങി. ബോളിവുഡാണ് വലിയസ്വാധീനമായി വന്നത്. ബോളിവുഡിന്റെ സുന്ദര ലോകത്ത് പങ്കാളിയാകണമെന്നതാണ് ഇപ്പോഴത്തെ താത്പര്യം-ശില്പ പറഞ്ഞു.

മൊയ്തീന്‍ തീരാന്‍ മൂന്നു വര്‍ഷമെടുത്തു. സിനിമയ്ക്കുവേണ്ടി ശില്പ ഒരു സെമസ്റ്റര്‍ പൂര്‍ണ്ണമായി ഒഴിവാക്കി. ഇപ്പോള്‍ പഠനത്തില്‍ തന്നെ ശ്രദ്ധ. പഠനം കഴിഞ്ഞാല്‍ പിന്നെ ഇഷപ്പെട്ട രംഗങ്ങളിലേക്കു ചുവടുമാറ്റന്‍ എളുപ്പമാണല്ലോ എന്നു സുരേഷ് രാജും ചുണ്ടിക്കാട്ടി.

നാളെ: മൊയ്തീന്‍ പഠിപ്പിച്ചത്. 

see also: making of saradaambaram song: https://m.youtube.com/watch?v=chz5RH30Tog
ശാരദാംബരത്തിനു പിന്നിലെ അമേരിക്കന്‍ മലയാളി ഗായിക
Join WhatsApp News
JONNY CHAKUPURAKAL 2016-08-27 09:32:19
Best of Luck Shilpa !!! God Bless !!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക